07:52am 03 July 2024
NEWS
ഡോ. എം.വി. പിള്ളയുമായി
ഒരു
അഭിമുഖം

14/03/2020  04:21 PM IST
KERALASABDAM
ഡോ. എം.വി. പിള്ളയുമായി  ഒരു  അഭിമുഖം
HIGHLIGHTS

ഹോങ്കോംഗില്‍ ഒരു പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ഇന്‍റര്‍നാഷണല്‍ ട്രാവല്‍ വന്നതുകാരണം, അന്ന് രാത്രിയില്‍ അത് നെടുമ്പാശ്ശേരിയിലെത്തും. അതുപോലെ നൈജീരിയായില്‍ കാണപ്പെടുന്ന എബോള പോലുള്ള വൈറസ് രോഗം പിറ്റേദിവസം മലയാളി ഇവിടെ കൊണ്ടുവരാം.  ഏത് വൈറസ് രോഗം എപ്പോള്‍ എവിടെയുണ്ടായാലും അതേപ്പറ്റി കൃത്യമായി വിവരം ലഭിക്കാനും കേരളത്തിലോ ഇന്ത്യയിലോ പടര്‍ന്നുപിടിക്കാതിരിക്കുവാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അതിനുവേണ്ട വാക്സിന്‍ നിര്‍മ്മിക്കുവാനും, പരിശീലനം സിദ്ധിച്ച എം.ഡി. ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുവാനുമൊക്കെ നമുക്ക് കഴിയും. 

 

 


വൈറസ് രോഗങ്ങള്‍ വ്യാപകമായി പടരുന്നത് ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിയുന്ന പ്രഗത്ഭമതികളായ ഡോക്ടര്‍മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഡോ. എം.വി.പിള്ള അതിലൊരാളാണ്. അന്തര്‍ദേശീയ അംഗീകാരമുള്ള ഡോ. എം.വി.പിള്ള യുമായി കേരളശബ്ദം (21 ജനുവരി 2018)  നടത്തിയ അഭിമുഖമാണ് ഇവിടെ കൊടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഇന്‍റര്‍വ്യൂവിന് കൂടുതല്‍ പ്രസക്തിയുണ്ട്.

 

പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടാന്‍
 ഒരു ലോകോത്തരസ്ഥാപനം

 

 യു.എസ് ആസ്ഥാനമായുള്ള ഇന്‍റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്‍റ് ആന്‍റ് റിസര്‍ച്ചിന്‍റെ പ്രസിഡന്‍റും സി.ഇ.ഒയും തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി വിഭാഗത്തില്‍ ക്ലിനിക്കല്‍ പ്രൊഫസര്‍, ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കിന്‍റെ സീനിയര്‍ അഡ്വൈസര്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എം.വി. പിള്ള പതിറ്റാണ്ടുകളായി അമേരിക്കയിലാണെങ്കിലും എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തില്‍ നാട്ടിലെത്തും; ഈ മണ്ണിന്‍റെ മണം ആസ്വദിക്കുവാന്‍. എന്നാല്‍ ഇത്തവണത്തെ വരവിന് മറ്റുചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. തിരുവനന്തപുരത്ത് കവടിയാറിലെ ഫ്ളാറ്റില്‍ വച്ച് 'കേരളശബ്ദ'വുമായി അദ്ദേഹം സംസാരിച്ചതുമുഴുവന്‍ അതേക്കുറിച്ചായിരുന്നു. ആറ്റിങ്ങലിനടുത്ത് തോന്നയ്ക്കലില്‍ ആരംഭിക്കുവാന്‍ പോകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി യെക്കുറിച്ചും, അതുവഴി നാടിനുണ്ടാകാന്‍ പോകുന്ന വലിയ പ്രയോജനത്തെക്കുറിച്ചും, അത് പ്രാവര്‍ത്തികമാക്കുവാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കാട്ടുന്ന ആര്‍ജ്ജവത്തെക്കുറിച്ചുമായിരുന്നു.
ആ സംഭാഷണത്തില്‍ നിന്ന്...

? നമുക്ക് നിലവില്‍ ആലപ്പുഴയില്‍ ഒരു വൈറോളജി സെന്‍ററുണ്ടല്ലോ. അതില്‍നിന്നും വ്യത്യസ്തമായി എന്ത് ലക്ഷ്യമാണ് ഈ ഗവേഷണ കേന്ദ്രത്തിനുള്ളത്.

ആലപ്പുഴയിലും പൂനെയിലുമൊക്കെയുള്ളത് ശരിക്കും പറഞ്ഞാല്‍ ലബോറട്ടറികളാണ്. സമഗ്ര ഗവേഷണകേന്ദ്രങ്ങളല്ല. ഉദാഹരണത്തിന് കേരളത്തില്‍ എവിടെങ്കിലും പെട്ടെന്ന് ഒരു  പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചാല്‍ അത് എച്ച്-വണ്‍ എന്‍-വണ്‍ ആണോ, ഡങ്കിയാണോ എന്നല്ലാതെ മറ്റൊരു പുതിയ വൈറസ് ആണോ എന്ന് കണ്ടുപിടിക്കാനുള്ള സംവിധാനം ആലപ്പുഴയിലില്ല. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യയിലെ വൈറസ് രോഗങ്ങള്‍ക്കുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. എന്നാല്‍ തോന്നയ്ക്കലില്‍ തുടങ്ങാന്‍ പോകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. കൃത്യമായ രോഗനിര്‍ണ്ണയം അതിലൊന്നേ ആകുന്നുള്ളു. രണ്ടാമത്തേത്, പകര്‍ച്ചവ്യാധിയെ എങ്ങനെതടഞ്ഞുനിര്‍ത്താം എന്നുള്ളപ്രവര്‍ത്തനമാണ്. ഉദാഹരണത്തിന് ആലപ്പുഴ മുല്ലയ്ക്കല്‍ ഭാഗത്ത് ഒരു  വൈറല്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു എന്നുകരുതുക; അത് സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിലേക്ക് പടരാതെ ഉടനടി അവിടെത്തന്നെ തടുത്തുനിര്‍ത്താന്‍ നമുക്ക് കഴിയണം. മൂന്നാമത്തെ ലക്ഷ്യം,   വൈറല്‍ രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേകപരിശീലനം സിദ്ധിച്ച വിദഗ്ദ്ധഡോക്ടര്‍ മാരുടെ സേവനം സജ്ജമാക്കുക എന്നതാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാര്‍ഡിയോളജിസ്റ്റിനെപ്പോലെ, സ്ട്രോക്കിന് ന്യൂറോളജിസ്റ്റിനെപ്പോലെ, വൈറസ് മൂലമുള്ള എല്ലാത്തരം രോഗങ്ങളേയും (ഡെങ്കി, ചിക്കന്‍ഗുനിയ, ഹെപ്പറ്റൈറ്റിസ് മുതലായവ)ചികിത്സിക്കുവാനും പ്രതിരോധിക്കുവാനും  പ്രത്യേകം പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെ ഒരു കേഡര്‍ ഉണ്ടാകണം. കേരളത്തിനും ഇന്ത്യയ്ക്കും മാത്രമല്ല, ശ്രീലങ്കയ്ക്കും നേപ്പാളിനും ബംഗ്ലാദേശിനുമൊക്കെ അവരുടെ സേവനം വിട്ടുകൊടുക്കാന്‍ നമുക്ക് കഴിയണം. കാരണം പുതുതായി ഒട്ടനവധി വൈറസ് രോഗങ്ങള്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയുടെ രോഗനിര്‍ണ്ണയവും പരിചരണവും അതീവ സങ്കീര്‍ണ്ണമായ വെല്ലുവിളികളുയര്‍ത്തുന്നവയാണ്. 


നാലാമത്തെ ലക്ഷ്യം വൈറസ് രോഗങ്ങളെ തടയുവാനുള്ള വാക്സിന്‍ ഡെവലപ്പ് ചെയ്യുക എന്നുള്ളതാണ്. ഹിന്ദുസ്ഥാന്‍ ലൈഫ് സയന്‍സ് എന്ന പേരില്‍ ഗവണ്‍മെന്‍റിന്‍റെ തന്നെ ഒരു വാക്സിന്‍ നിര്‍മ്മാണഫാക്ടറിയുണ്ട്. അവരുമായി ചേര്‍ന്ന്, സര്‍വ്വസാധാരണമായ വൈറസ് രോഗങ്ങള്‍ക്ക് തടയിടുവാനുള്ള വാക്സിന്‍ നിര്‍മ്മിച്ചെടുക്കണം.

ഇതിനൊക്കെപ്പുറമെ നമ്മളൊക്കെ മനസ്സിലാക്കേണ്ട ഒരു കൗതുകവാര്‍ത്തയുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ മാറാരോഗങ്ങള്‍ എന്നറിയപ്പെടുന്ന പല രോഗങ്ങളുടെയും അടിസ്ഥാനശിലകള്‍ പാകുന്നത് ചിലയിനം വൈറസുകളാണെന്ന്  സംശയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇവ ഭീകരപ്രവര്‍ത്തകരെപ്പോലെ നാശം വിതച്ചിട്ട് അപ്രത്യക്ഷരാകുന്നു. പ്രത്യക്ഷത്തില്‍ ഒരു തെളിവും അവര്‍ അവശേഷിപ്പിക്കില്ല. നടുവേദന, സന്ധിവേദന, ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ദുര്‍മേദസ്സ്... തുടങ്ങി ഒരുപാട് രോഗങ്ങള്‍ക്ക് അടിത്തറ പാകിയശേഷം വൈറസുകള്‍ സ്ഥലം കാലിയാക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് തിരിച്ചറിയുവാനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. ഭാവിയില്‍ ഇത്തരം വൈറസ് ഭീകരപ്രവര്‍ത്തകരെ തിരിച്ചറിഞ്ഞ് അവയ്ക്ക് വാക്സിന്‍ നിര്‍മ്മിച്ചാല്‍ ചികിത്സയില്ലാതിരിക്കുന്ന പല രോഗങ്ങളെയും തടയുവാന്‍ കഴിഞ്ഞേക്കും.

ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് എന്നുള്ളത് ഇപ്പോള്‍ 22 രാജ്യങ്ങളുടെ ഒരു സംയുക്ത സംരംഭമാണ്. നാല്‍പ്പത് സെന്‍ററുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലണ്ട് തുടങ്ങിയുള്ള 22 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന 40 സെന്‍ററുകള്‍. എന്നാല്‍ ഇന്ത്യയിലിതുവരെ ഇതിന്‍റെ സെന്‍റര്‍ വന്നിട്ടില്ല.

ഡോ. ഗാലോ എന്ന വിശ്വപ്രശസ്ത വൈറോളജിസ്റ്റാണ് ഇതുതുടങ്ങിയത്. തുടങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. അദ്ദേഹത്തിന് 12 വയസ്സുണ്ടായിരുന്നപ്പോഴാണ് 6 വയസ്സുണ്ടായിരുന്ന സഹോദരി ലുക്കീമിയ പിടിപെട്ടുമരിച്ചത്. അതേതുടര്‍ന്ന് കുടുംബത്തിലുണ്ടായ ദുഃഖവും കണ്ണുനീരുമൊക്കെ കണ്ട പന്ത്രണ്ടുവയസ്സുകാരന്‍ ഒരു തീരുമാനമെടുത്തു, താന്‍ വളര്‍ന്നുവലുതാകുമ്പോള്‍ ലുക്കീമിയയുടെ കാരണമെന്താണെന്ന് കണ്ടുപിടിക്കും.  അങ്ങനെവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആദ്യം ചെയ്തത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ വൈറോളജിയില്‍ ഗവേഷണം നടത്തി ഒരിനം ലുക്കീമിയയുടെ കാരണം അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് എച്ച്.ഐ.വിക്ക് കാരണമായ വൈറസിനെയും അദ്ദേഹം കണ്ടുപിടിച്ചു. നോബല്‍ പുരസ്ക്കാര  നിര്‍ണ്ണയവേളയില്‍ ഡോ. ഗാലോയ്ക്ക്, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാകാം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിക്കാതെ പോയത്.

കേരളത്തോട് ഗാലോയ്ക്ക് ഒരു പ്രത്യേക താല്‍പ്പര്യമുണ്ട്. അതിനൊരുകാരണം നമ്മുടെ മീന്‍കറിയാണ് സതേണ്‍ ഇറ്റലിക്കാരുടെ മീന്‍കറിയുടെ അതേ രുചിയാണ് നമ്മുടെ മീന്‍കറിക്കും  എന്ന് ഗാലോ പറയാറുണ്ട്. ഇവിടെ വന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും എറണാകുളത്തെയുമൊക്കെ റെസ്റ്റോറന്‍റുകളില്‍ നിന്ന് മീന്‍കറി കഴിച്ചിട്ട്, ഞാനിപ്പോള്‍ എന്‍റെ ജന്മനാട്ടിലെത്തിയ മട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു.  അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടെ കൂടെ അമേരിക്കയിലെ  സതേണ്‍ ഇറ്റാലിയന്‍ റെസ്റ്റോറന്‍റില്‍ എന്നെ കൊണ്ടുപോകാറുണ്ട്. അവിടത്തെ മീന്‍കറിക്ക് നമ്മുടെ മധ്യതിരുവിതാംകൂറിലെ മീന്‍കറിയുടെ അതേ രുചിയാണ്.

? ഇങ്ങനൊരു നെറ്റ്വര്‍ക്കുണ്ടാകുവാന്‍ കാരണമെന്താണ്.

ഹ്യൂമന്‍ ടി.സെല്‍ ലിംഫോമ വൈറസ്, ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്എന്നിവ കണ്ടുപിടിച്ചത് ഡോ. ഗാലോയാണ്. ഈ കണ്ടുപിടുത്തങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചപ്പോഴേക്കും കൂടുതല്‍ കൂടുതല്‍ വൈറസുകളെ കണ്ടുപിടിച്ചാല്‍ സ്മാള്‍പോക്സിനെപോലെ ഇനിയും ധാരാളം വൈറസ് രോഗങ്ങളെ ലോകത്തുനിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞേക്കാം എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി. ലോകം മുഴുവനും ഉള്ള പരമാവധി വൈറുകളെ തുരത്തി ഓടിക്കാമെന്ന് അദ്ദേഹത്തിനൊരു പ്രതീക്ഷ ഉണ്ടായിത്തുടങ്ങി.  അത് പിന്നെ ഡോ. ഗാലോയുടെ സ്വപ്നമായി. പക്ഷേ ഒരാള്‍ ഒറ്റയ്ക്ക് ഒരിടത്തിരുന്ന് ശ്രമിച്ചാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരുടെ ഒരു കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹത്തിന് ബോദ്ധ്യമായി. അങ്ങനെയാണ് 22 രാജ്യങ്ങളിലെ (ചില രാജ്യങ്ങളില്‍ രണ്ടും മൂന്നും സെന്‍ററുകളുണ്ട്.) 40 വൈറോളജി സെന്‍ററുകള്‍ ഈ നെറ്റ്വര്‍ക്കില്‍ പങ്കാളികളായത്.

എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു സെന്‍റര്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ അവരുടെ ഒരു സീനിയര്‍ അഡ്വൈസറാണ്. അതുകാരണം ഇന്ത്യയിലെ കാര്യം അദ്ദേഹം പലപ്പോഴും എന്നോട് ചോദിക്കുമായിരുന്നു.

ഇനി അത് കേരളത്തില്‍ വരാനുള്ള സാഹചര്യം പറയാം. അത് ഗാലോയുടെ കേരളത്തോടുള്ള പ്രത്യേക സ്നേഹംതന്നെയാണ്. അതിന് നിരവധി കാരണങ്ങളുണ്ട് എന്നുപറയേണ്ടിയിരിക്കുന്നു. എച്ച്.ടി.എല്‍.വി-1, എച്ച്.ഐ.വി വൈറസുകള്‍ കണ്ടുപിടിച്ചതിന് അദ്ദേഹത്തിന്‍റെ വലംകയ്യായി നിന്നത് ഡോ. മംഗലശ്ശേരില്‍ ഗോപാലന്‍ ശാര്‍ങ്ധരന്‍ എന്ന ഒരു പി.എച്ച്.ഡി ശാസ്ത്രജ്ഞനാണ്. മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുമായി കുടുംബബന്ധമുള്ള ശാര്‍ങ്ധരന്‍ കഴിഞ്ഞ നാല്‍പ്പതുകൊല്ലമായി ഗാലോയോടൊപ്പമുണ്ട്. അതുപോലെ, അഞ്ചുകൊല്ലം മുമ്പ് വൈറസ് രോഗങ്ങളുടെ ക്ലിനിക്കല്‍ ഗവേഷണത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നും ഒരു ഡോ. ശ്യാംസുന്ദരന്‍ ഗാലോയുടടുത്തെത്തി. രണ്ടും മലയാളികള്‍.  അദ്ദേഹം പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചവര്‍. അതൊക്കെ കാരണം മലയാളികള്‍ എന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ധാരണ വലിയ ബുദ്ധിജീവികളാണെന്നാണ്.

ഒരിക്കല്‍ ഞാനദ്ദേഹത്തോടു ചോദിച്ചു; ഇത്രയുമൊക്കെ സ്നേഹം മലയാളികളോടുണ്ടെങ്കില്‍ കേരളത്തിലേക്ക് ഒന്ന് വന്നുകൂടെ. അങ്ങനെരണ്ടുകൊല്ലം മുമ്പ് എന്നോടൊപ്പം ഡോ. ഗാലോ കേരളത്തില്‍ വന്നു.  തിരുവനന്തപുരം മെഡിക്കല്‍കോളേജ്, ഐ.എം.എ, എറണാകുളം 'ആസ്പെര്‍' മെഡിസിറ്റി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അദ്ദേഹം ശാസ്ത്രസെമിനാറുകള്‍ നടത്തി. അതിനുശേഷം അദ്ദേഹം എന്നോട് ഗൗരവമായി തന്നെ പറഞ്ഞു, താങ്കളുടെ നാട്ടിലെ യുവപ്രതിഭകള്‍ വളരെ മിടുക്കന്മാരും മിടുക്കികളുമാണെന്ന്. നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് സംസാരിച്ചുകഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അങ്ങനൊരു ധാരണ വന്നത്. സയന്‍സ് വിഷയങ്ങളില്‍ അവര്‍ കാണിക്കുന്ന താല്‍പ്പര്യം, ചോദിച്ച ചോദ്യങ്ങളുടെ ഗാംഭീര്യം ഒക്കെ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. അപ്പോള്‍ എന്നോടദ്ദേഹം പറഞ്ഞു,  എന്തുവന്നാലും ഇന്ത്യയിലെ സെന്‍റര്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ ഗവണ്‍മെന്‍റാണ് തീരുമാനമെടുക്കേണ്ടത് എന്നും ഞാന്‍ ശ്രമിക്കാമെന്നും അദ്ദേഹത്തിന് ഞാന്‍ വാക്കുകൊടുത്തു.

കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഞാനിക്കാര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചു. വി.എം. സുധീരനും, ഉമ്മന്‍ചാണ്ടിക്കും, കെ.സി. ജോസഫിനുമൊക്കെ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല. ഭഗവാന്‍ പ്രസാദിച്ചാലും പൂജാരികൂടി പ്രസാദിക്കണ്ടേ. അതുകൊണ്ടാകാം നടക്കാതെപോയത്.

? ഇപ്പോള്‍ പിന്നെങ്ങനെനടന്നു. മുഖ്യമന്ത്രി പിണറായിവിജയനുമായി ഡോക്ടര്‍ ബന്ധപ്പെട്ടോ.

ഇല്ല. അതാണതിശയം. കഴിഞ്ഞ ജനുവരിയില്‍ ഞാനിവിടെ വന്നപ്പോള്‍ ഒരു ദിവസം ഒരു ഫോണ്‍കോള്‍ വന്നു, മുഖ്യമന്ത്രിക്ക് എന്നെ ഒന്ന് കാണണമെന്ന്. ഒരു ഓങ്കോളജിസ്റ്റായതുകാരണം ഞാന്‍ കരുതി അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമുള്ള രോഗവിവരം ചര്‍ച്ച ചെയ്യാനായിരിക്കുമെന്ന്. മൂന്നുമണിക്കായിരുന്നു അപ്പോയിന്‍മെന്‍റ്. അതിന്‍പ്രകാരം രണ്ടേമുക്കാലായപ്പോള്‍ ഞാന്‍ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്‍റെ ഓഫീസിലെത്തി. അപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞു, മൂന്നുമണിയെന്ന് പറഞ്ഞെങ്കിലും പാര്‍ട്ടിപ്ലീനം നടക്കുന്നതിനാല്‍ എപ്പോള്‍ വരുമെന്ന് തീര്‍ത്തുപറയാനാകില്ല. ചിലപ്പോള്‍ ഏഴോ എട്ടോ മണിയായേക്കും.  എന്നെ അവിടെ പിടിച്ചിരുത്തി ചായ സല്‍ക്കാരവും തുടങ്ങി. 

എന്നാല്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. സൂക്ഷം മൂന്നുമണിയായപ്പോള്‍ മുഖ്യമന്ത്രിതന്നെ കതകുതുറന്നുവന്ന് എന്നെ അകത്തേക്ക് വിളിച്ചു. എനിക്കതിശയംതോന്നി. സാധാരണനിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല തിരക്കുണ്ടാകേണ്ടതല്ലെ. ഇവിടെയും ഞാനത് പ്രതീക്ഷിച്ചു. പക്ഷേ കയറിച്ചെന്നപ്പോള്‍ മുറിയില്‍ ഞാനും അദ്ദേഹവും മാത്രമുണ്ട്. പിന്നെ അദ്ദേഹത്തിന്‍റെ ഒരു അഡ്വൈസര്‍ സി.എസ്. രഞ്ജിത്തിനെയും വിളിപ്പിച്ചു. കൂടുതലെന്തെങ്കിലും സംസാരത്തിലേക്ക് കടക്കുന്നതിനുമുമ്പായിത്തന്നെ അദ്ദേഹം ചോദിച്ചു: വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരിച്ചുകൊണ്ടുവരാന്‍ പറ്റ്വോ?

ഞാന്‍ പറഞ്ഞു:  ഡോ. ഗാലോയുമായി സംസാരിച്ചിട്ട് എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ കൊണ്ടുവരാന്‍ ശ്രമിക്കാം.
പഴയ അനുഭവങ്ങള്‍ വെച്ചുകൊണ്ട് ഞാന്‍ സൂചിപ്പിച്ചു, സി.എമ്മിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു സംവിധാനമാകണം. പല വകുപ്പുകളിലേക്കുപോയിക്കഴിഞ്ഞാല്‍ ഒന്നും നടക്കില്ല. 

'ചെയ്യാം' എന്നായിരുന്നു മറുപടി.

വാസ്തവം പറഞ്ഞാല്‍ ഞാനത് വിശ്വസിച്ചില്ല. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അലൂമ്നി അസ്സോസിയേഷന്‍റെ മീറ്റിംഗില്‍ എനിക്കൊരു അവാര്‍ഡുണ്ടായിരുന്നു. അദ്ദേഹമാണ് അത് തന്നത്. അവാര്‍ഡും വാങ്ങി ഇറങ്ങാന്‍നേരം എന്‍റെ ഷര്‍ട്ടില്‍ പിടിച്ച് നിര്‍ത്തിയിട്ട് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, പോകുംമുമ്പ് ഒന്ന് കാണണം. ആ കാര്യം ഒന്നുകൂടി ചര്‍ച്ച ചെയ്യണമെന്ന്.

എനിക്കതിശയം തോന്നി, അദ്ദേഹത്തിന്‍റെ ആ ആത്മാര്‍ത്ഥതയില്‍. എപ്പോഴാണെന്ന് വച്ചാല്‍ സി.എം. വിളിച്ചാല്‍ മതി വരാം, എന്ന് പറഞ്ഞ് ഞാനിറങ്ങി.

പിന്നെ ഒരുവട്ടംകൂടി കണ്ടു. അപ്പോഴേയ്ക്കും അതിനുള്ള ആളുകളെയൊക്കെ എടുത്തിരുന്നു. എല്ലാം മിടുമിടുക്കന്മാര്‍. രഞ്ജിത്തിനെ കൂടാതെ വി.എസ്.എസ്.സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തന്‍, സ്റ്റെക്കിന്‍റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ. സുരേഷ്ദാസ്,  കേരള ബയോടെക്നോളജി അഡ്വൈസര്‍ ഡോ. ജി.എം. നായര്‍, മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാര്‍ എന്നിവര്‍. തുടര്‍ന്നുള്ള നാലഞ്ച് മാസംകൊണ്ട് അസാധാരണ പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവച്ചത്.

സ്ഥലം എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ കോഴിക്കോട് കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം എല്ലാം ആലോചനയില്‍ വന്നു. വേറെ ആരാണെങ്കിലും സ്വന്തംനാട്ടില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചേനെ. എന്നാല്‍, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തുതന്നെയാകണമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. വലിയ വലിയ ശാസ്ത്ര സ്ഥാപനങ്ങളെല്ലാം തിരുവനന്തപുരത്താണെന്നും, അവരൊക്കെയുമായി ചേര്‍ന്ന് പരസ്പരംഅറിഞ്ഞു പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമായതിനാല്‍ തിരുവനന്തപുരംതന്നെയാണ് നല്ലത് എന്നുള്ളതായിരുന്നു അതിന് അദ്ദേഹം കണ്ട ന്യായം. അപ്പോള്‍പിന്നെ തിരുവനന്തപുരത്ത് എവിടെ സ്ഥലം കിട്ടുമെന്നായി ആലോചന. ഉടനെയാണ് മുന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസ് ഐ.എ.എസ്, സ്ഥലം താന്‍ കണ്ടുപിടിക്കാമെന്നറിയിച്ചത്. മുഖ്യമന്ത്രി ഉടന്‍തന്നെ അദ്ദേഹത്തെ വിളിക്കുകയും, അദ്ദേഹം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍നിന്നും 20 ഏക്കര്‍ അനുവദിക്കുകയും ചെയ്തു. ഭാവിയില്‍ വളരാന്‍ സാദ്ധ്യതയുള്ള സ്ഥാപനമല്ലേ, കരുതലായി കുറച്ചുകൂടി വേണ്ടേ എന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ 5 ഏക്കര്‍ കൂടികിട്ടി. അതായത് ഇപ്പോള്‍ 20 ഏക്കര്‍, 5 ഏക്കര്‍ റിസര്‍വ്, ചിലപ്പോള്‍ 5 ഏക്കര്‍ കൂടി ഇനിയും കിട്ടും.

അടുത്ത പ്ലാനില്‍ 200 കോടി രൂപയും അനുവദിച്ചു. ഒക്കെ കഴിഞ്ഞ ഒമ്പതുമാസത്തിനുള്ളില്‍ നടന്ന കാര്യങ്ങളാണ്. അതിന്‍റെ മുഴുവന്‍ ക്രഡിറ്റും ഈ ടെക്നോക്രാറ്റ്സിന്‍റെ ടീമിന് കൊടുക്കണം. അവര്‍ ഓടി നടന്നാണ് ഇതെല്ലാം ചെയ്തത്.  കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വൈറോളജിസ്റ്റുകളെയെല്ലാം വിളിച്ചുവരുത്തി ഡിസംബര്‍ 4 ന് തിരുവനന്തപുരത്ത് ഒരു മീറ്റിംഗ് നടത്തി. അതില്‍ ഞാന്‍ കൂടി പങ്കെടുക്കണമെന്ന്

നിര്‍ബന്ധിച്ചതിനെതുടര്‍ന്ന് സാധാരണ ഡിസംബര്‍ 20-25 ന് വരുന്ന ഞാന്‍ ഇത്തവണ നേരത്തേവന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള എന്‍റെ സങ്കല്‍പ്പങ്ങള്‍ സംക്ഷിപ്തമായി ഞാനവിടെ അവതരിപ്പിച്ചു. പ്രാരംഭസമ്മേളനത്തില്‍ തന്നെ അദ്ദേഹം എന്നെ ക്ഷണിച്ചതില്‍ എനിക്ക് അതിയായ സന്തോഷം തോന്നി. 

പ്രോജക്റ്റ് നടപ്പാക്കുവാനുള്ള റിപ്പോര്‍ട്ട് അദ്ദേഹം വേദിയില്‍വച്ച് എനിക്കുതന്നു. കാരണം, എന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്സ് നമ്മുടെ സംസ്ഥാനത്തെ അംഗീകരിക്കാന്‍ പോകുന്നത് എന്നതിന്‍റെ സൂചനയായിട്ടായിരിക്കണം അദ്ദേഹം അങ്ങനെചെയ്തത്. ഇതുവന്നുകഴിയുമ്പോള്‍ ലോകത്തെമ്പാടും ഇപ്പോഴുള്ള 40 സെന്‍ററുകളില്‍ 41-ാമത്തേതായിട്ടായിരിക്കും കേരളം മാറുന്നത്. അതായത് തുടക്കത്തിലേ അന്തര്‍ദ്ദേശീയ ശൃംഖലയില്‍ അംഗമായിട്ടുള്ള ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് വരാന്‍പോകുന്നത്. ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളില്‍ ആദ്യസംഭവമാണിത്.  ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവയൊക്കെ വളര്‍ന്ന് ഒരു ഘട്ടം എത്തിക്കഴിഞ്ഞാണ് അമേരിക്കയും ജര്‍മ്മനിയും ഫ്രാന്‍സുമൊക്കെയായി ബന്ധം സ്ഥാപിക്കുന്നത്. ഇതാകട്ടെ തുടങ്ങുന്ന ദിവസംമുതലേ അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി തല്‍സമയ ബന്ധത്തിലായിരിക്കും.

? ശരിക്കും പറഞ്ഞാല്‍ ചിന്തിക്കാവുന്നതിനും അപ്പുറത്തേക്കാണോ കാര്യങ്ങളുടെ പോക്ക്.

സംശയം വേണ്ട. ഉദാഹരണത്തിന് ഇന്നോ നാളെയോ ഒരു വൈറസ് രോഗം ഉണ്ടായാല്‍ അത് എന്താണെന്ന് കണ്ടുപിടിക്കാന്‍ ഇത്രയും രാജ്യങ്ങളുടെ ബന്ധം നമ്മളെ സഹായിക്കും. ഇതെങ്ങനെതടയാം എന്ന് തുടങ്ങി എല്ലാ കാര്യത്തിലും ഇത്രയും രാജ്യങ്ങളുടെ സഹായവും നമുക്ക് ലഭിക്കും. ഹോങ്കോംഗില്‍ ഒരു പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ഇന്‍റര്‍നാഷണല്‍ ട്രാവല്‍ വന്നതുകാരണം, അന്ന് രാത്രിയില്‍ അത് നെടുമ്പാശ്ശേരിയിലെത്തും. അതുപോലെ നൈജീരിയായില്‍ കാണപ്പെടുന്ന എബോള പോലുള്ള വൈറസ് രോഗം പിറ്റേദിവസം മലയാളി ഇവിടെ കൊണ്ടുവരാം. അപ്പോള്‍ ഈ നാല്‍പ്പത് സെന്‍ററുകളും നമുക്കൊപ്പമുണ്ടാകും.  അതായത് ഇന്‍റര്‍പോളിന്‍റെ ഒരു വലിയ കേന്ദ്രം കേരളത്തില്‍ വരുന്നതിന് തുല്യം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് ഇന്‍റര്‍നാഷണല്‍ പോലീസ് പോലെ ഒരു സംവിധാനമായി കരുതാം. ഏത് വൈറസ് രോഗം എപ്പോള്‍ എവിടെയുണ്ടായാലും അതേപ്പറ്റി കൃത്യമായി വിവരം ലഭിക്കാനും കേരളത്തിലോ ഇന്ത്യയിലോ പടര്‍ന്നുപിടിക്കാതിരിക്കുവാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അതിനുവേണ്ട വാക്സിന്‍ നിര്‍മ്മിക്കുവാനും, പരിശീലനം സിദ്ധിച്ച എം.ഡി. ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുവാനുമൊക്കെ നമുക്ക് കഴിയും. അവരെ ഇന്ത്യയ്ക്കുമാത്രമല്ല ഗള്‍ഫ് രാജ്യങ്ങള്‍ക്കോ സിംഗപ്പൂരിനോ നേപ്പാളിനോ ഒക്കെ വിട്ടുകൊടുക്കാനും കഴിയുന്ന സംവിധാനമാണ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെ ലക്ഷ്യമിടുന്നത്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച താല്‍പ്പര്യം തീര്‍ച്ചയായും അംഗീകരിക്കണം. പതിറ്റാണ്ടുകളായി അമേരിക്കയിലായതുകൊണ്ടായിരിക്കാം, എനിക്കൊരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേകിച്ചൊരു മമതയോ എതിര്‍പ്പോ ഇല്ല. എങ്കിലും  ഞാനൊരു കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടല്ലെങ്കില്‍കൂടി ഒരു ഇടതുപക്ഷമുഖ്യമന്ത്രി ഇത്രയും ദീര്‍ഘവീക്ഷണം കാണിക്കുമെന്ന് ഞാന്‍ കരുതിയില്ല. അക്കാര്യത്തില്‍ എനിക്ക് വലിയ അതിശയമാണുള്ളത്. അത്ര വലിയ താല്‍പ്പര്യമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതില്‍ നമ്മള്‍ മലയാളികള്‍ അഭിമാനിക്കണം. കാഴ്ചയില്‍ ഗൗരവക്കാരനെന്ന് തോന്നുമെങ്കിലും അദ്ദേഹത്തില്‍ നല്ല ആര്‍ജ്ജവമുള്ള ഒരു ഭരണാധികാരി ഒളിഞ്ഞിരിപ്പുണ്ട്.

ഫിസിക്കല്‍ സയന്‍സില്‍ ഐ.എസ്.ആര്‍.ഒ എന്താണോ അതായിരിക്കും ബയോളജിക്കല്‍ സയന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിസെന്‍റര്‍.ഇത് നാം നിസ്സാരമായി കാണരുത്.  അതിവിപുലമായ സാദ്ധ്യതയാണ് ഇതിലൂടെ ഉരുത്തിരിയുന്നത്.

ഒരുപക്ഷേ നാളെ സ്വീഡനില്‍നിന്നുവരുന്ന ഒരാള്‍ ഒരു പ്രത്യേക പനിയുമായി വന്നാല്‍ നമ്മുടെ സെന്‍ററുകാര്‍ക്ക് സ്വീഡനിലെ സെന്‍ററുകാരോട്, അവിടെ ഇപ്പോഴുള്ള പനി ഏതാണെന്ന് ചോദിച്ചു മിനിറ്റുകള്‍ക്കകം വേണ്ടതുചെയ്യാം. വേണമെങ്കില്‍ നമ്മളെ സഹായിക്കുവാന്‍ അവര്‍ എത്തുകയും ചെയ്യും. ഇക്കഴിഞ്ഞ 4 ന് ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള വൈറോളജിസ്റ്റുകളുടെ ഒരു മീറ്റിംഗ് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തുവെന്നു പറഞ്ഞല്ലോ. അക്കൂട്ടത്തില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നുംവന്ന വൈറോളജിസ്റ്റ് പറഞ്ഞത് കേരളത്തില്‍നിന്ന് എച്ച്.റ്റി.എല്‍.വി ലുക്കീമയുമായി ധാരാളം പേര്‍ അവിടെ ചെല്ലുന്നുവെന്നാണ്. ഈ എച്ച്.ടി.എല്‍.വി ലുക്കീമിയ വൈറസ് ആദ്യമായി കണ്ടുപിടിച്ചത് ഡോ. ഗാലോ ആണെന്നോര്‍ക്കുക. ഭാവിയില്‍ ഈ വൈറസിനെതിരായി വാക്സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ ഒരിനം ലുക്കീമിയ പോലും നമുക്ക് തടയാന്‍ കഴിയും.  ഇന്നിപ്പോള്‍ നിരവധി കാന്‍സറുകള്‍ക്ക് കാരണം ചിലയിനം വൈറസുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയഗളത്തിലും അണ്ണാക്കിലും ഉണ്ടാകുന്ന കാന്‍സറിന് കാരണമായ പാപ്പിലോമാ വൈറസ്  കേരളത്തിലും  സര്‍വ്വസാധാരണമാണ്.

ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകളാണ് ലിവര്‍ ക്യാന്‍സറുണ്ടാക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. കേരളത്തിന്‍റെ പൊതുരംഗത്ത് തിളങ്ങിനിന്ന പലരും ഈ രോഗത്തിന് അടിപ്പെട്ടതായി നമുക്കറിയാം. അതിനും വാക്സിന്‍ വരികയാണ്. 

ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തത്തിനും അപ്പുറം ലോകത്തിന്‍റെ പലഭാഗത്തും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ നാട്ടറിവുകളുണ്ട്. ഉദാഹരണമായി ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ലാര്‍വാ ദശയില്‍ തന്നെ അവയെ തിന്നുതീര്‍ക്കുന്ന ഒരിനം മത്സ്യത്തെ വിയറ്റ്നാമിലെ കര്‍ഷകര്‍ കണ്ടെത്തി. കുട്ടനാട്ടിലും മറ്റും നമുക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ഇത്രയും സാധ്യതകളുള്ള ഒരു ലോകപ്രശസ്ത സ്ഥാപനമായി വളരാന്‍ സെന്‍ററിന് ഒരു വിദഗ്ദ്ധനായ ഡയറക്ടറെ കണ്ടെത്തേണ്ടിയിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെയൊക്കെ പ്രിന്‍സിപ്പല്‍മാരായി ആദ്യം സേവനമനുഷ്ഠിച്ചത് യൂറോപ്പില്‍ നിന്നെത്തിയ പ്രതിഭാശാലികളായിരുന്നു. അവര്‍ തുടക്കത്തില്‍ നല്‍കുന്ന ആദ്യത്തെ ആക്കത്തില്‍ പിന്നീട് കാര്യങ്ങള്‍ നന്നായി മുന്നോട്ടുപോയി. ഈ ഒരു രീതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കാര്യത്തിലും നമുക്ക് പരീക്ഷിക്കാവുന്നതാണ്.

? ഈയൊരു റോള്‍ ഡോക്ടര്‍ക്ക് ഏറ്റെടുക്കരുതോ.

ഒന്നാമതായി ഞാന്‍ ഒരു വൈറോളജിസ്റ്റല്ല. പിന്നെ ഒരു തമാശ, ഓടയില്‍ നിന്ന് എന്ന കേശവദേവിന്‍റെ നോവല്‍ ഓര്‍മ്മയില്ലേ. അതിലെ പപ്പു ലക്ഷ്മിയെ സംരക്ഷിച്ചുവളര്‍ത്തി ഒടുവില്‍ വിവാഹം കഴിച്ചാല്‍ എങ്ങനെയിരിക്കും. ബാല്യകൗമാര ദശകളില്‍ സ്നേഹവാത്സല്യത്തോടുകൂടി വളര്‍ത്തിയെടുത്ത ലക്ഷ്മിയെ കല്യാണം കഴിച്ചയയ്ക്കുമ്പോള്‍ പപ്പു അനുഭവിച്ച ആത്മനിവൃതി അയാള്‍ തന്നെ അവളെ കല്യാണം കഴിച്ചാല്‍ കിട്ടുകയില്ല.

വേണ്ട. ഒരുതരത്തിലുള്ള ഔദ്യോഗികസ്ഥാനവും എടുക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഒരു സ്ഥാനവും ഇല്ലാതെതന്നെ ചില  എളിയ പ്രവര്‍ത്തനങ്ങള്‍ ഈ സെന്‍ററിനുവേണ്ടി എനിക്ക് ചെയ്യാനാകും. അത് ഞാന്‍ ചെയ്യും. 

Photo Courtesy - keralasabdam

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW