06:59am 29 June 2024
NEWS
സൗദി അറേബ്യയിലും
പ്രതികൂല
സാഹചര്യം

14/12/2019  11:19 AM IST
KERALASABDAM
സൗദിവല്‍ക്കരണം
HIGHLIGHTS

നിതാഖാത്ത് പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതിനായി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ പുറത്താക്കപ്പെടുന്നത് മലയാളികള്‍ ഉള്‍പ്പെട്ട വിദേശികളാണ്.

 

യു.എ.ഇയില്‍പ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും, തൊഴില്‍ മേഖലയിലെ വന്‍ പ്രതിസന്ധിയും മൂലം ലക്ഷക്കണക്കിനു മലയാളികള്‍ ഇതിനകം നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മലയാളികളെ സംബന്ധിച്ച് ഒരു വലിയ തൊഴിലിടമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്ര ഭീകരമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ഈ അവസ്ഥയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ പണിയെടുക്കുന്ന സൗദി അറേബ്യയിലും പ്രതികൂല സാഹചര്യം സംജാതമായിരിക്കുന്നത്.


സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെ തൊഴില്‍- സാമൂഹിക വികസനമന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന നിതാഖാത്ത് പദ്ധതി കര്‍ശനമാക്കിയതാണ് മലയാളികളുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ 20 ലക്ഷത്തിലധികം വിദേശ തൊഴിലാളികള്‍, സൗദി വിട്ടതായിട്ടാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെളിപ്പെടുത്തല്‍. പ്രതിദിനം ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം 400 ല്‍ അധികമാണെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ ഒരു വര്‍ഷം എത്രപേര്‍ മടങ്ങിയെത്തുമെന്ന് ഊഹിക്കാനാവും.
സൗദിവല്‍ക്കരണ അനുപാതത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരം തിരിക്കുമെന്നതാണ് നിതാഖാത്ത് പദ്ധതി. സൗദി വല്‍ക്കരണത്തിന്‍റെ തോത്, അതായത് ഇത്ര ശതമാനം സൗദിക്കാരെ നിയമിക്കണം എന്ന നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ വിലക്ക് നേരിടും. നിതാഖാത്ത് പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതിനായി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ പുറത്താക്കപ്പെടുന്നത് മലയാളികള്‍ ഉള്‍പ്പെട്ട വിദേശികളാണ്.


വിദേശ തൊഴിലാളികള്‍ അടുത്ത മാസം (ജനുവരി) മുതല്‍ കൂടുതല്‍ ലെവി അടയ്ക്കണം. 50 ശതമാനത്തിലധികം സൗദി പൗരന്മാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ പ്രതിമാസം 700 റിയാല്‍ (ഏകദേശം 13373 രൂപ) അടയ്ക്കണം. 50 ശതമാനത്തില്‍ താഴെ സ്വദേശി തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ഇത് 800 റിയാല്‍ (ഏകദേശം 15283 രൂപ) ആയി ഉയരും. വിദേശ തൊഴിലാളികളുടെ ഇഖാമ (താമസാനുമതി രേഖ) പുതുക്കുന്നതിന് 650 റിയാല്‍ (ഏകദേശം 12417 രൂപ)  ആണ് ഇനി മുതല്‍ വിദേശകമ്പനികള്‍ അടയ്ക്കേണ്ടത്. ഇതിനു പുറമേ ആരോഗ്യ ഇന്‍ഷ്വറന്‍സും ലെവിയുമടക്കം രണ്ടുലക്ഷത്തിലധികം രൂപ പ്രതിവര്‍ഷം സൗദി സര്‍ക്കാരിനു നല്‍കണം. ഇതുതാങ്ങാനാവാത്തതിനാല്‍ നിരവധി വിദേശകമ്പനികള്‍ ഇതിനകം സൗദി വിട്ടുപോയിട്ടുണ്ട്. ഇതും മലയാളികളുള്‍പ്പെടെയുള്ള വിദേശികളുടെ തൊഴില്‍നഷ്ടത്തിന് കാരണമായിരിക്കുന്നു.


2020 ജനുവരി ആദ്യം മുതല്‍ 14 തൊഴില്‍ മേഖലകളില്‍ ഘട്ടം ഘട്ടമായി സ്വദേശികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും. മെഡിക്കല്‍, ഐ.ടി,  അക്കൗണ്ട്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം കര്‍ശനമായി നടപ്പിലാക്കപ്പെടുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതികൂലമാകാനാണ് സാദ്ധ്യത. ഇത് മലയാളികളെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.