10:18am 01 July 2024
NEWS
ഫുട്ബാള്‍ മത്സരം കാണാന്‍ ഇറാന്‍ സ്ത്രീകളെ അനുവദിച്ചതിനു പിന്നില്‍
25/10/2019  11:25 AM IST
KERALASABDAM
ഫുട്ബാള്‍ മത്സരം കാണാന്‍ ഇറാന്‍ സ്ത്രീകളെ അനുവദിച്ചതിനു പിന്നില്‍
HIGHLIGHTS

അവളുടെ ആത്മാഹുതി ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യപ്പോരാട്ട ചരിത്രത്തിലെ ആവേശോജ്ജ്വലമായ ഒരു അദ്ധ്യായമായി മാറി. സ്ത്രീകള്‍ക്ക് കര്‍ശനമായ വിലക്ക് കല്‍പ്പിച്ചിരിക്കുന്ന സ്റ്റേഡിയത്തില്‍ തന്‍റെ ഇഷ്ടടീമിന്‍റെ ഫുട്ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി സഫര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ക്കഴിഞ്ഞ സെപ്തംബര്‍ 8-ാം തീയതി ദേഹത്ത് തീകൊളുത്തി മരിച്ച കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിണിയായ സഹര്‍ ഖൊദയാര്‍ എന്ന ഇരുപത്തിയൊന്‍പതുകാരിയുടെ അന്ത്യം ഒരു സാധാരണ വാര്‍ത്ത മാത്രമാകേണ്ടതായിരുന്നു. എന്നാല്‍ അവളുടെ ആത്മാഹുതി ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യപ്പോരാട്ട ചരിത്രത്തിലെ ആവേശോജ്ജ്വലമായ ഒരു അദ്ധ്യായമായി മാറി. സ്ത്രീകള്‍ക്ക് കര്‍ശനമായ വിലക്ക് കല്‍പ്പിച്ചിരിക്കുന്ന സ്റ്റേഡിയത്തില്‍ തന്‍റെ ഇഷ്ടടീമിന്‍റെ ഫുട്ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി സഫര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കര്‍ക്കശമായ മതനിയമങ്ങള്‍ പിന്തുടരുന്ന ഇസ്ലാമിക ഭരണകൂടത്തില്‍ നിന്ന് ദയ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നറിമായിരുന്ന സഹര്‍ കോടതിക്ക് പുറത്തുവച്ച് സ്വയം തീവച്ച് മരണത്തെ വരിക്കുകയായിരുന്നു. ആ മരണം ഇറാന്‍ ഭരണകൂടത്തിന്‍റെ ഏറെ വിമര്‍ശനവിധേയമായിരുന്ന ഒരു സ്ത്രീവിവേചനത്തിന് അന്ത്യം കുറിച്ചു.


സഹറിന്‍റെ ആത്മാഹുതിയെ ഗൗരവത്തിലെടുത്ത ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍(ഫിഫ) സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണാനുള്ള വിലക്ക് ഉടനടി പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ ഇറാന്‍ ഫുട്ബോള്‍ ടീമിന് 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ വിലക്കേര്‍പ്പെടുത്തുമെന്നും അന്ത്യശാസനം നല്‍കി. ഏഷ്യന്‍ ഫുട്ബോളില്‍ ഒരു ശക്തിയായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇറാനെസംബന്ധിച്ച് ഇത്  ലംഘിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം സ്ത്രീകളുടെ മേല്‍ ചാര്‍ത്തപ്പെട്ട പലവിലക്കുകളിലൊന്നായ ഫുട്ബോള്‍ സ്റ്റേഡിയപ്രവേശന നിരോധനം എടുത്തുകളയാന്‍ ഇറാന്‍ ഭരണകൂടം നിര്‍ബന്ധിതമായത്.


അങ്ങനെ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-ാം തീയതി ഇറാനും കംപോഡിയയും തമ്മില്‍ നടന്ന വേള്‍ഡ് കപ്പ് ക്വാളിഫൈയിംഗ് മത്സരം കാണാന്‍ നീണ്ട 40 വര്‍ഷത്തിനുശേഷം ഇറാന്‍ സ്ത്രീകള്‍ അനുവദിക്കപ്പെട്ടു. ആ ചരിത്രമുഹൂര്‍ത്തത്തിലുടനീളം സഹര്‍ ഖൊദയാറിയുടെ ഓര്‍മ്മകളും രക്തസാക്ഷിത്വവും തുടിച്ചുനിന്നു.
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 3500 വനിതകള്‍ക്കാണ് പ്രവേശനം അനുവദിച്ചത്. ടിക്കറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞു. ധാരാളം പേര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. പുരുഷ കാണികളുടെ നോട്ടമെത്താത്ത തരത്തില്‍ സ്ത്രീ കാണികള്‍ക്ക് പ്രത്യേക ബ്ലോക്കും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു. ഇരുന്നൂറോളം വനിതാ പട്ടാളക്കാരുടെ നിയന്ത്രണ വലയത്തിലായിരുന്നവര്‍.


ഇറാന്‍റെ ചരിത്രത്തിലെ ഈ സുവര്‍ണ്ണ നിമിഷത്തില്‍ ഇറാന്‍ ജനതയും, ലോകമെമ്പാടുമുള്ള പുരോഗമനചിന്താഗതിക്കാരും ഓര്‍ത്തത്, 13 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഒരു സിനിമയെക്കുറിച്ചായിരുന്നു. ജാഫര്‍ പനാഹി എന്ന വിഖ്യാത ഇറാന്‍ ചലച്ചിത്രകാരന്‍ സംവിധാനം ചെയ്ത 'ഓഫ് സൈഡ്' എന്ന സിനിമയായിരുന്നത്. 2005 ല്‍ ടെഹ്റാനില്‍ നടന്ന ഇറാന്‍-ബഹ്റൈന്‍ ലോകകപ്പ് യോഗ്യതാ മത്സരം കാണാന്‍ ദേശീയപതാകയിലെ മൂവര്‍ണ്ണം മുഖത്ത് തേച്ച് പുരുഷവേഷത്തില്‍ സ്റ്റേഡിയത്തില്‍ കടക്കാന്‍ ശ്രമിച്ച ആറുപെണ്‍കുട്ടികളുടെ സാഹസികശ്രമവും, പരാജയവുമാണ് 'ഓഫ് സൈഡി'ല്‍ പനാഹി ചിത്രീകരിച്ചത്. ഇറാനില്‍ നിരോധിക്കപ്പെട്ട ഈ സിനിമ ഒട്ടനവധി വിദേശ മേളകളില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.