09:26am 01 July 2024
NEWS
ഇരട്ടക്കൊലപാതകം:
പോലീസിന്‍റെ മൃഗീയമായ മൂന്നാമുറ

17/07/2020  10:33 AM IST
ഇരട്ടക്കൊലപാതകം:  പോലീസിന്‍റെ മൃഗീയമായ  മൂന്നാമുറ
HIGHLIGHTS

ഈ ഇരട്ടക്കൊലപാതകം വലിയ പ്രക്ഷോഭത്തിനിടയാക്കിയതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ശ്രീധര്‍, എസ്.ഐമാരായ ഗണേശ്, ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുരുകന്‍, മുത്തുരാജ് എന്നിവര്‍ക്കെതിരെ  കൊലക്കുറ്റത്തിന് കേസ് ചാര്‍ജ്ജ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി. 


മിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍പ്പെട്ട സാത്താന്‍കുളം പോലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മൃഗീയമായ മൂന്നാം മുറയെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ട സംഭവം രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നു. ലോക്ഡൗണ്‍ സമയപരിധി ലംഘിച്ചു മൊബൈല്‍ കട പ്രവര്‍ത്തിപ്പിച്ചു എന്നാരോപിച്ചാണ് ജയരാജ്, മകന്‍ ബെനിക്സ് എന്നിവരെ കഴിഞ്ഞ ജൂണ്‍ 22 ന് കസ്റ്റഡിയിലെടുത്തു അതിക്രൂരമായ പീഡനത്തിനിരയാക്കിയത്. അടുത്തദിവസം കോവില്‍പടിയിലെ ആശുപത്രിയില്‍ ഇരുവരും മരിക്കുകയായിരുന്നു.
ഈ ഇരട്ടക്കൊലപാതകം വലിയ പ്രക്ഷോഭത്തിനിടയാക്കിയതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ശ്രീധര്‍, എസ്.ഐമാരായ ഗണേശ്, ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുരുകന്‍, മുത്തുരാജ് എന്നിവര്‍ക്കെതിരെ  കൊലക്കുറ്റത്തിന് കേസ് ചാര്‍ജ്ജ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി. സാധാരണ സംഭവിക്കും പോലെ തേഞ്ഞുമാഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഈ കേസ് പുറത്തറിയാനും, ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായതും സാത്താന്‍ കുളം പോലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ രേവതിയുടെ നിര്‍ണ്ണായകമായ മൊഴികളും, സുധീരമായ നിലപാടുമായിരുന്നു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രേവതി നല്‍കിയ മൊഴിയാണ് കേസിന് വഴിത്തിരിവായത്. ഇതേത്തുടര്‍ന്ന് ജീവനുതന്നെ ഭീഷണി നേരിട്ട രേവതിക്ക് നീതിപീഠവും മാധ്യമങ്ങളും തുണയായി. മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബഞ്ചിലെ ജസ്റ്റിസ് പി.എന്‍. പ്രകാശ്, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവര്‍ ശക്തമായ നിലപാടുകളുമായി മുന്നോട്ടുവരികയും, രേവതിയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 24 മണിക്കൂറും വീടിന് സായുധ പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിന് പുറമെ ശമ്പളത്തോടുകൂടി ഒരു മാസത്തെ അവധി അനുവദിക്കുകയും, ജഡ്ജിമാര്‍ ഫോണില്‍ വിളിച്ചു രേവതിയെ അഭിനന്ദിക്കുകയും ചെയ്തു. 'എന്‍റെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് ഞാന്‍ മൊഴി നല്‍കിയത്. അതിലെനിക്ക് അഭിമാനമുണ്ട്. ജോലിയോട് നീതി പുലര്‍ത്തിയെന്ന വിശ്വാസവുമുണ്ട്. എവിടെ വേണമെങ്കിലും ഈ മൊഴി ആവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്.'- രേവതി മാധ്യമങ്ങളോട് ദൃഢസ്വരത്തില്‍ വെളിപ്പെടുത്തി.
നാഷണല്‍ ക്യാമ്പയിന്‍ എഗെന്‍സ്റ്റ് ടോര്‍ച്ചര്‍(എന്‍.സി.എ.റ്റി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പോയവര്‍ഷം(2019) ഇന്ത്യയില്‍ 1731 പേരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 1606 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും, 125 പേര്‍ പോലീസ് കസ്റ്റഡിയിലുമാണ് ജീവന്‍ വെടിഞ്ഞത്. പോലീസ് കസ്റ്റഡി മരണത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്(14), തമിഴ്നാടും, പഞ്ചാബുമാണ് രണ്ടാം സ്ഥാനത്ത്(11 വീതം), മൂന്നാം സ്ഥാനത്ത് ബീഹാര്‍(10). കേരളത്തില്‍ 3 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍.സി.എ.റ്റിയുടെ വിലയിരുത്തല്‍ പ്രകാരം കൊല്ലപ്പെട്ടവരില്‍ 75 പേര്‍(60 ശതമാനം) ദരിദ്രരും ദലിതരും പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍പ്പെട്ടവരുമാണ്. 4 വനിതകളാണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇവരും പിന്നോക്ക- ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.