09:49am 01 July 2024
NEWS
കൃത്യമായ ധാരണയോടെ മുന്നോട്ട്; പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം
23/06/2024  11:19 PM IST
അപ്പൂസ്
കൃത്യമായ ധാരണയോടെ മുന്നോട്ട്; പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം

തിരക്കേറിയ നടനാണ്. എങ്ങനെയാണ് ഇത്രയും സാധാരണക്കാരനായി അഭിനയിക്കാൻ സാധിക്കുന്നത്?

അത് അത്ര എളുപ്പമല്ല. സ്‌ക്രീനിൽ കുറച്ചധികം ബുദ്ധിമുട്ടാണത്. എത്ര വലിയ നടനാണെങ്കിലും ക്യാമറ കാണുമ്പോൾ ഒന്ന് കോൺഷ്യസ് ആകും. ഞാനും അങ്ങനെ തന്നെയാണ്. കോൺഷ്യസ് ആവാതെയിരിക്കുന്നതിലാണ് ഈ സാധാരണത്വം കൈവരുന്നത്.

സ്‌ക്രീനിൽ ബാലു ആകാൻ ചുറ്റുപാടുകളിൽ നിന്നും എന്തെങ്കിലും സ്വീകരിക്കാറുണ്ടോ?

കൃത്യമായി പ്ലാൻ ചെയ്തുതന്നെയാണ് അഭിനയിക്കുന്നത്. ചുറ്റുപാടുകൾ നിരീക്ഷിച്ചതിനുശേഷം അതിൽ നിന്നും നമ്മൾക്ക് വേണ്ടത് ഉൾക്കൊണ്ട് അതിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ജീവിതാനുഭവങ്ങളും കലർത്തി പുതിയത് ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരണം.

സിനിമാമോഹം ഉള്ളതുകൊണ്ടുതന്നെയാണോ കാവാലം നാരായണപ്പണിക്കർ സാറിന്റെ കളരിയിൽ തന്നെ പഠനം തുടങ്ങിയത്?

സിനിമയിൽ അഭിനയിക്കണമെങ്കിൽ എവിടെ ചേർന്ന് പഠിക്കണമെന്ന് കൃത്യമായ ധാരണ ആദ്യം മുതലേയുണ്ടായിരുന്നു. എനിക്ക് സിനിമയിൽ അഭിനയിക്കണം അതോടൊപ്പം നെടുമുടി വേണു ചേട്ടനെ കാണുകയും വേണം. എന്റെ വീടിനടുത്തുള്ള അരുൺ ചേട്ടൻ കാവാലം സാറിന്റെ കളരിയിൽ നടക്കുന്ന നാടകങ്ങൾക്ക് വീണ വായിച്ചിരുന്നു. ഞാനെന്റെ ആഗ്രഹം അരുൺ ചേട്ടനോട് പറഞ്ഞു. അത് കാവാലം സാറിന്റെ അടുത്ത് പറഞ്ഞു. അവിടെ പോയതിനുശേഷമാണ് മനസ്സിലാക്കുന്നത്, അവിടെ കലാബന്ധം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വന്നിരിക്കുന്നത് ഞാൻ മാത്രമാണെന്ന്. അവിടെ നാടകം ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ സിനിമ മറക്കുകയായിരുന്നു. 21 വയസ്സിനുശേഷമാണ് ഞാൻ അങ്ങോട്ട് പോകുന്നത്. 22 വർഷം ഞാനവിടെയുണ്ടായിരുന്നു.

നാടകത്തിൽ അഭിനയിക്കാൻ അനുവാദമില്ലാതിരുന്ന വീട്ടിൽ നിന്ന് എങ്ങനെയാണ് നാടകം തന്റെ ജീവിതം തന്നെയെന്ന് തെരഞ്ഞെടുക്കുന്നത്?

വീട്ടിലും നാട്ടിലും എല്ലാം എനിക്ക് നല്ല പ്രഷർ ഉണ്ടായിരുന്നു. നാട്ടിലെ എല്ലാ വിശേഷങ്ങൾക്കും ഞാൻ പോകും. മറ്റ് വഴികൾ നോക്കിക്കൂടെയെന്ന് പലരും പറഞ്ഞിട്ടുണ്ട്. കാരണം ഇത് വിജയിക്കാൻ വലിയ പാടാണല്ലോ. പക്ഷേ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നിരുന്നു. എനിക്ക് മറ്റ് സൗഭാഗ്യങ്ങൾ ഒന്നും തന്നെ വേണ്ടിയിരുന്നില്ല. നാടകം ചെയ്യണം, സിനിമയിലഭിനയിക്കണം. അത് മാത്രമായിരുന്നു.

ഉപ്പും മുളകിന്റെ ഷൂട്ടിംഗിന്റെ  രിതി എങ്ങനെയാണ്?

ചുറ്റുപാടും നിരീക്ഷിച്ച്, അത് പഠിച്ച്, പഠിച്ചതിനെ മറന്നാണ് ഇവിടെ അഭിനയിക്കേണ്ടത്. ക്യാമറയ്ക്ക് വേണ്ടി നമ്മൾ അഭിനയിക്കുകയല്ല, നമ്മൾക്ക് വേണ്ടി ക്യാമറ ചലിക്കും. അങ്ങനെയാണ് ഇതിനൊരു നാച്ചുറൽ സ്വഭാവം കൈവരുന്നത്.

ലാലേട്ടന്റെ മാനറിസം ഉണ്ടെന്ന് ചിലർ പറയാറുണ്ടല്ലോ...?

ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ എനിക്കൊരു സാമ്യവും തോന്നിയിട്ടില്ല.  ഞാൻ കാണിക്കുന്ന കുട്ടിക്കളി കണ്ടിട്ടായിരിക്കും അങ്ങനെ വിളിക്കുന്നത്.

മുടിയനെ മിസ്സ് ചെയ്യുന്നില്ലേ?

തീർച്ചയായും. അവനുണ്ടെങ്കിൽ കുറേയധികം കണ്ടന്റുകൾ കിട്ടിയേനെ.  അവൻ നല്ലൊരു അഭിനേതാവാണ്. പുറത്ത് കുറെ അവസരങ്ങൾ കിട്ടുമ്പോൾ പോകാതിരിക്കാൻ പറ്റില്ലല്ലോ.

നീലുവും ബാലുവും തമ്മിലുള്ള കണക്ഷൻ...?

ഞാൻ മുൻപ് 'ഇന്ദുമുഖി ചന്ദ്രമതി' എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. അതിൽ നിഷ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പരിചയപ്പെട്ടിട്ടില്ല. പിന്നെ ഇവിടെ വന്നിട്ടാണ് കാണുന്നത്.

കാവാലം നാരായണപ്പണിക്കർ സാറിന്റെ കൂടെയുള്ള അനുഭവം?

സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് പൂർത്തീകരിക്കുന്നതിന് വേണ്ടി കൃത്യമായ അടുക്കും ചിട്ടയും ഒന്നുമുണ്ടായിരുന്നില്ല. അത് കൈവന്നത് കാവാലം  സാറിന്റെ കയ്യിൽ നിന്നാണ്. സാർ എന്നും പുസ്തകങ്ങൾ വായിക്കാൻ പറയും. സാറിന്റെ കൂടെ വെറുതെ നടന്നാൽ തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും.

ഉപ്പും മുളകിലെ കുട്ടികളെല്ലാം ക്യാമറയുടെ മുന്നിൽ തന്നെയാണ് വളർന്നത്...?

അതെ. പാറുക്കുട്ടിയൊക്കെ നാലുമാസം പ്രായമുള്ളപ്പോൾ മുതലേ ക്യാമറയ്ക്ക് മുന്നിലാണ്. കേശുവും, ശിവാനിയും കുട്ടിക്കാലം മുഴുവൻ ഇവിടെയാണ് ഉണ്ടായിരുന്നത്. ചെറിയ പ്രായത്തിൽ തന്നെ വലിയ പക്വത അവർക്ക് ഉണ്ടായി.

മകൾക്ക് അഭിനയമോഹം ഉണ്ടോ?

വലുതായാൽ ആരാകണം എന്ന് ചോദിച്ചാൽ അഭിനയിക്കണം എന്നേ അവൾ പറയാറുള്ളൂ. ഞാൻ പണ്ട് റിഹേഴ്‌സലിന് പോകുമ്പോൾ അവളെയും കൊണ്ടുപോയിരുന്നു. വളരെ ചെറുതായിരിക്കുമ്പോൾ തന്നെ സംസ്‌കൃതസംഭാഷണങ്ങളെല്ലാം അവൾ കാണാതെ പറയുമായിരുന്നു. പഠിത്തം കഴിയട്ടെ എന്ന് ഞാൻ പറയും.

സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ ഒരു ടെലിവിഷൻ പരമ്പരയ്ക്ക് ഇത്രയധികം സ്വീകാര്യത കിട്ടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

പുതിയ തലമുറയിലെ കുട്ടികളാണ് അധികം ഉപ്പും മുളകും കാണുന്നത്. അവരുടെ ടേസ്റ്റ് അനുസരിച്ചാണ് നമ്മൾ കണ്ടന്റുകൾ പ്ലാൻ ചെയ്യുന്നത്. സോഷ്യൽമീഡിയ വഴിയാണ് ഇതിന് അധികം റീച്ച് കിട്ടുന്നതും.

ഇത്രയും കണ്ടന്റുകൾ എവിടെ നിന്നാണ് കിട്ടുന്നത്?

നിത്യജീവിതത്തിൽ നിന്ന് തന്നെയാണ് അതെടുക്കുന്നത്. സീസൺ ഒന്നിൽ നിന്നും രണ്ടിലേക്ക് വന്നപ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. കുട്ടികൾ വളരുകയാണല്ലോ. ഇനിയും അവരുടെ ബാല്യത്തിലെ കുസൃതികൾ കൊണ്ട് കണ്ടന്റുകൾ ഉണ്ടാക്കാൻ പറ്റില്ലല്ലോ. പുതിയ സീസണിൽ അത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവന്നു. പൊളിറ്റിക്കലി തെറ്റായ കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന ഉത്തരവാദിത്തം കൂടിയുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM