09:45am 08 July 2024
NEWS
മുഖ്യമന്ത്രിയും മന്ത്രിമാരും നോർവേയുടെ മാതൃക പഠിക്കാൻ പോയതിൻ്റെ ചിലവ് 47 ലക്ഷം രൂപ; വിവരാവകാശ രേഖ
09/01/2023  04:12 PM IST
shilpa.s.k
മുഖ്യമന്ത്രിയും മന്ത്രിമാരും നോർവേയുടെ മാതൃക പഠിക്കാൻ പോയതിൻ്റെ ചിലവ് 47 ലക്ഷം രൂപ; വിവരാവകാശ രേഖ
HIGHLIGHTS

ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ നോർവേ മാതൃക പഠിക്കാനായാണ് യാത്ര എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അടക്കമുള്ളവരുടെ യൂറോപ്യൻ യാത്രയിൽ നോർവേ മാത്രം സന്ദർശിച്ചതിന്റെ ചെലവ് 47 ലക്ഷം രൂപ. നോർവേയിലെ ഇന്ത്യൻ എംബസി എറണാകുളം തുതിയൂർ സ്വദേശി എസ്. ധനരാജിന്റെ അപേക്ഷയിൽ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രിയും സംഘവും നോർവെ, ഇംഗ്ലണ്ട്, വെയിൽസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചത്.

ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ നോർവേ മാതൃക പഠിക്കാനായാണ് യാത്ര എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഈ മേഖലകളിലെ സഹകരണത്തിനും പുതിയ പദ്ധതികൾക്കും നോർവേയുടെ സഹായ വാഗ്ദാനവും ഉണ്ടായിരുന്നെങ്കിലും ഒരു എംഒയു പോലും യാത്രയിൽ ഒപ്പിട്ടിട്ടില്ല എന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

2019നു ശേഷം നോർവേ സന്ദർശിച്ചിട്ടുള്ള ഏക ഇന്ത്യൻ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും ഇതിൽ വ്യക്തമാക്കുന്നു. കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്നു നോർവീജിയൻ കമ്പനി ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിരുന്നതായി അവകാശപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ, വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ.ആർ.ജ്യോതിലാൽ, കെ.എസ്.ശ്രീനിവാസ്, സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ്, സ്പെഷൽ ഓഫിസർ വേണു രാജാമണി എന്നിവരുടെ സംഘം നോർവേ സന്ദർശിച്ചത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





KERALA