12:59pm 05 July 2024
NEWS
കോണ്‍ഗ്രസ് ഇനി പിന്തുടരേണ്ട കാല്‍പ്പാടുകള്‍ -നേതൃപ്രതിസന്ധി തരണം ചെയ്യണമെങ്കില്‍...
28/09/2020  02:16 PM IST
KERALASABDAM
കോണ്‍ഗ്രസ് ഇനി പിന്തുടരേണ്ട കാല്‍പ്പാടുകള്‍ -നേതൃപ്രതിസന്ധി തരണം ചെയ്യണമെങ്കില്‍...
HIGHLIGHTS

കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി സംഘടനാപരം മാത്രമല്ല. രാഷ്ട്രീയവും ആദര്‍ശപരവും സാമ്പത്തികവും കൂടിയാണ്. ഈ ദുഃസ്ഥിതി തരണം ചെയ്യാന്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്‍റെയും കാല്‍പ്പാടുകള്‍ പിന്തുടരുകയാണ് വേണ്ടതെന്നാണ് അഭിജ്ഞമതവും രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായവും.

 


കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഒരു പ്രതിസന്ധിയിലാണ്- നേതൃപ്രതിസന്ധി. അതായത് പാര്‍ട്ടിക്ക് ഒരു സ്ഥിരം അമരക്കാരനില്ലാത്ത അവസ്ഥ. അതാകട്ടെ ആ അദ്ധ്യക്ഷപദവിയിലേക്ക് ഭൈമീകാമുകന്മാരില്ലാഞ്ഞിട്ടല്ല. പക്ഷേ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനും സംഘടനയില്‍ സര്‍വ്വസമ്മതനുമായ നേതാവാണല്ലോ വേണ്ടത്. ആ അഭാവമാണ് പ്രതിസന്ധിക്ക് നിദാനം.


സ്വതന്ത്ര ഇന്ത്യയില്‍ ദീര്‍ഘകാലം അധികാരത്തില്‍ കൊടികുത്തി വാഴുകയായിരുന്ന ബൃഹത് രാഷ്ട്രീയ പ്രസ്ഥാനമായിരുന്നല്ലോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അങ്ങനെയുള്ളൊരു പാര്‍ട്ടിക്ക് നേതൃപ്രതിസന്ധി എന്ന ദുര്യോഗം എങ്ങനെവന്നുഭവിച്ചു? ആ ദുര്യോഗത്തിന്‍റെ ചരിത്രം സുവിദിതമാണ്. അതിനാല്‍ അതിലേക്ക് കടക്കുന്നില്ല. ഇപ്പോള്‍ ചിന്തനീയമാകേണ്ട പ്രധാനവിഷയം നേതൃപ്രതിസന്ധിയാണല്ലോ. അതിന് നിമിത്തമായത് മറ്റൊന്നുമല്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷപദവി രാജിവച്ചതും, താന്‍ ഇനി ആ പദവിയിലേക്കില്ലെന്ന അമ്പിനും വില്ലിനും അടുക്കാത്ത അദ്ദേഹത്തിന്‍റെ നിലപാടും തന്നെയായിരുന്നു.


സംഘടനാപദവികള്‍ മോഹിക്കുന്ന വിമതന്‍മാര്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ ഉണ്ടാവുക അസാധാരണമല്ല. അതിനൊരു അപവാദമല്ല കോണ്‍ഗ്രസും. സോണിയാഗാന്ധി ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ സ്ഥിരം പ്രസിഡന്‍റല്ല. രാഹുല്‍ഗാന്ധി രാജിവച്ചതിനെതുടര്‍ന്നുണ്ടായ വിടവ് നികത്താന്‍ ആ പദവിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്നുവെന്നേയുള്ളു. അതിനെ'റീജന്‍റ് പ്രസിഡന്‍റ്' എന്ന് വിശേഷിപ്പിക്കാം. അനാരോഗ്യത്താല്‍ ആ ചുമതല തുടര്‍ന്ന് വഹിക്കാനാവില്ലെന്ന് ആ മഹതി പാര്‍ട്ടിയിലെ നിലവിലുള്ള ഔദ്യോഗിക വിഭാഗത്തെ അറിയിച്ചിട്ടുമുണ്ടായിരുന്നു. സ്ഥിരം അമരക്കാരന്‍റെ അഭാവത്താല്‍ കോണ്‍ഗ്രസിലെ സംഘടനാകാര്യനിര്‍വ്വഹണം മോശമാകാന്‍ ഏറെ സമയമെടുത്തില്ല. അത്രത്തോളമായപ്പോള്‍ പാര്‍ട്ടിയിലെ ചില പ്രമുഖന്മാരുള്‍പ്പെടെയുള്ള 23 വിമതന്മാര്‍ ചേര്‍ന്ന് 'റീജന്‍റ് പ്രസിഡന്‍റ്' സോണിയാഗാന്ധിക്ക് ഒരു കത്ത് കൊടുത്തു. 


നിസ്സാരവല്‍ക്കരിച്ച് കളയാനാവുന്നതല്ലായിരുന്നു ആ കത്തിലെ പ്രധാനഉളളടക്കം. 'ഗാന്ധികുടുംബത്തിന് പുറത്തുള്ള ഒരു വ്യക്തിയെ പാര്‍ട്ടി പ്രസിഡന്‍റാക്കണം; അതിനായി സംഘടനാതെരഞ്ഞെടുപ്പ് നടത്തണം.' അത്രയേയുള്ളു ആ ഉള്ളടക്കത്തിന്‍റെ സാരം. എന്നാല്‍ എന്താണ് അതിലൂടെ ഉന്നീതമായ ആവശ്യത്തിന്‍റെ പൊരുള്‍? കോണ്‍ഗ്രസിലെ അദ്ധ്യക്ഷപദവി ഗാന്ധികുടുംബം പാരമ്പര്യമായി അട്ടിപ്പേറാക്കിയതിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നുവെന്നത് ഒന്ന്. മറ്റൊന്ന്  പാര്‍ട്ടിയില്‍ അര്‍ഹതയുള്ളവര്‍ക്കും ആ പദവി തെരഞ്ഞെടുപ്പിലൂടെ ലഭ്യമാക്കണമെന്നതും. ആ ആവശ്യം പാര്‍ട്ടിയിലെ വിമതന്മാര്‍ക്ക് പെട്ടെന്ന് ഉണ്ടായൊരു ഭൂതോദയമായിരിക്കാം. പക്ഷേ അതൊരു പുതിയ കാര്യമല്ല. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ചപ്പോള്‍ തന്നെ അദ്ദേഹം ഇക്കാര്യം പാര്‍ട്ടിയുടെ പരിഗണനയ്ക്കായി മുന്നോട്ടുവച്ചതാണ്. അന്ന് ആരും തന്നെ അക്കാര്യം മുഖവിലക്കെടുത്തില്ല. എന്നുമാത്രമല്ല, പാര്‍ട്ടി പ്രസിഡന്‍റാകാന്‍ യോഗ്യതയും സമ്മതവുമുള്ള നേതാവിനെകണ്ടെത്താനുമായില്ല. അവിടം മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി.


സോണിയാഗാന്ധിക്ക് നല്‍കിയ കത്തില്‍ ഒപ്പുവച്ചവരും ഒപ്പുവയ്ക്കാതെ കത്തിലെ ഉള്ളടക്കത്തോട് യോജിച്ചവരും ആരൊക്കെയായിരുന്നു? 

 

ഒക്ടോബര്‍ 1-15 -2020  ലക്കത്തില്‍

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL