07:12am 29 June 2024
NEWS
ടുക്
ടുക്
വിപ്ലവം

13/01/2020  11:17 AM IST
KERALASABDAM
'ടുക് ടുക് വിപ്ലവം'
HIGHLIGHTS

ഇന്ത്യന്‍ നിര്‍മ്മിത ബജാജ് ഓട്ടോകള്‍. ഇറാഖികള്‍ ടുക് ടുക് എന്നാണ് ഈ ഓട്ടോറിക്ഷകളെ വിളിക്കുന്നത്. അതുകൊണ്ട് ഇറാഖില്‍ നടന്നുവരുന്ന പ്രക്ഷോഭത്തെ 'ടുക് ടുക്' വിപ്ലവമെന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു.

ദീര്‍ഘകാലം പ്രസിഡന്‍റായിരുന്ന സൈനുല്‍ അബിദിന്‍ ബെന്‍ അലിയുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച കിരാത ഭരണത്തിനെതിരേ ടുണീഷ്യക്കാര്‍ നടത്തിയ ഐതിഹാസികമായ മുല്ലപ്പൂ വിപ്ലവം പോലെ ഇറാഖ് ജനത ഭരണമാറ്റത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭം ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം സൃഷ്ടിക്കുന്ന കാഴ്ചയാണ് പ്രധാന നഗരമായ ബാഗ്ദാദിലെങ്ങും കണ്ടുവരുന്നത്. തഹ്റീര്‍ ചത്വരമാണ് പ്രക്ഷോഭകാരികളുടെ സംഗമകേന്ദ്രം. പ്രധാന നിരത്തുകള്‍ മുഴുവന്‍ പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്. ഗവണ്‍മെന്‍റ് ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നു. ഇതിനകം 500 ലധികം പേരാണ് രക്തസാക്ഷികളായത്. പ്രതിഷേധത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദിയും ഏതാനും മന്ത്രിമാരും രാജിവച്ചെങ്കിലും, പ്രസിഡന്‍റ് ഉള്‍പ്പെടെ ഭരണം കയ്യാളുന്ന മുഴുവന്‍ പാര്‍ലമെന്‍റംഗങ്ങളും അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണെന്നും അവരെല്ലാം രാജിവയ്ക്കാതെ പിന്മാറില്ലെന്നുമാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.


ഇറാഖിന്‍റെ ചരിത്രം തിരുത്തിയെഴുതാന്‍ ഇറാഖി ജനത തെരഞ്ഞെടുത്ത സ്ഥലം എന്നാണ് തഹ്റീര്‍ ചത്വരം ഇപ്പോള്‍ അറിയപ്പെടുന്നത്. സര്‍വ്വസന്നാഹങ്ങളുമായാണ് ഈ ചത്വരത്തില്‍ ജനങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ ബലി നല്‍കേണ്ടി വന്നിട്ടും പ്രക്ഷോഭത്തിന്‍റെ കനലണയാതെ പ്രക്ഷോഭകര്‍ കാത്തുസൂക്ഷിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.


രാത്രികാലങ്ങളില്‍ തഹ്റീര്‍ ചത്വരത്തിനുചുറ്റും കൂടുതല്‍ പേര്‍ തമ്പടിക്കും. കവാബുണ്ടാക്കി ചൂടോടെ കഴിച്ചും, മത്തന്‍ കുരു കൊറിച്ചും ചീട്ടുകളിച്ചും, മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പാട്ടുപാടിയും അവര്‍ നേരം വെളുപ്പിക്കും. പകല്‍ ജോലിക്ക് പോകേണ്ടവര്‍ രാത്രിയിലാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തുന്നത്. രാത്രികാലങ്ങളില്‍  പ്രക്ഷോഭകരെ ബുദ്ധിമുട്ടിക്കാനായി  അധികൃതര്‍ വൈദ്യുതി വിഛേദിക്കുമ്പോള്‍ റോഡുനീളെ മെഴുകുതിരി കത്തിച്ചുവച്ചാണ് അതിനെ നേരിടുന്നത്. കത്തുന്ന മെഴുകുതിരികള്‍ ഈ ജനമുന്നേറ്റത്തിന്‍റെ പ്രതീകമായി മാറിയിരിക്കുകയാണ്.


ടൂണീഷ്യയിലെ ജനമുന്നേറ്റത്തിന്‍റെ വിളിപ്പേരായി മാറിയ മുല്ലപ്പൂ വിപ്ലവം പോലെ ഇറാഖ് വിപ്ലവക്കളത്തിന്‍റെ അടയാളമായി മാറിയിരിക്കുന്നത് ഓട്ടോറിക്ഷകളാണ്. ഇന്ത്യന്‍ നിര്‍മ്മിത ബജാജ് ഓട്ടോകള്‍. ഇറാഖികള്‍ ടുക് ടുക് എന്നാണ് ഈ ഓട്ടോറിക്ഷകളെ വിളിക്കുന്നത്. അതുകൊണ്ട് ഇറാഖില്‍ നടന്നുവരുന്ന പ്രക്ഷോഭത്തെ 'ടുക് ടുക്' വിപ്ലവമെന്ന് ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. മറ്റൊരു വാഹനത്തിനും പ്രവേശനമില്ലാത്ത ഇടങ്ങളിലേക്ക് സഹായവുമായി ഓട്ടോറിക്ഷകള്‍ ആദ്യം കടന്നുവന്നു. തുടര്‍ന്ന് 'ടുക് ടുക്' ഒരു തരംഗമായി മാറി. വിപ്ലവത്തില്‍ അണിചേരണമെന്നത് ഓട്ടോ ഡ്രൈവര്‍മാര്‍ ഒത്തുചേര്‍ന്നെടുത്ത തീരുമാനപ്രകാരമായിരുന്നു. പരിക്കേല്‍ക്കുന്നവരെയും കൊണ്ട് ഓട്ടോകള്‍ ആശുപത്രികളിലേക്ക് പായുന്നു. പ്രക്ഷോഭകാരികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വസ്ത്രവും വിതരണം ചെയ്യുന്നതും 'ടുക് ടുക്' ഏറ്റെടുത്തു. പ്രക്ഷോഭവാര്‍ത്തകള്‍ ഭരണകൂടത്തെ ഭയന്ന് ദേശീയമാധ്യമങ്ങള്‍ തമസ്ക്കരിക്കുന്നതിനാല്‍ 'ടുക് ടുക് എന്ന പേരില്‍ ഒരു പത്രം പ്രക്ഷോഭകാരികള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യമായി ഈ പത്രം വിതരണം ചെയ്യുന്നത് ഓട്ടോ ഡ്രൈവര്‍മാരാണ്. ഇപ്രകാരം ജനകീയ വിപ്ലവത്തിന്‍റെ പ്രതിഷേധ ചിഹ്നമായി മാറിയിക്കുകയാണ് 'ടുക് ടുക്.'

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories