10:35am 01 July 2024
NEWS
അദാനിയെ തൊടാൻ ആർക്കുണ്ട് ധൈര്യം?
19/06/2024  08:39 AM IST
ചെറുകര സണ്ണീലൂക്കോസ്
അദാനിയെ തൊടാൻ ആർക്കുണ്ട് ധൈര്യം?
HIGHLIGHTS

പൊതുമേഖലാസ്ഥാപനങ്ങൾ വൈദ്യുതി ഉൽപ്പാദനത്തിന് നൽകുന്നത് ഗുണനിലവാരമില്ലാത്ത കൽക്കരിയെന്ന് ആരോപണം

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടി ഏതാനും വർഷങ്ങളായി സാമ്പത്തികശേഷി തെളിയിക്കുന്ന അദാനി ഗ്രൂപ്പിനും റിലയൻസ് ഗ്രൂപ്പിനും ഇന്ത്യൻ ഭരണകൂടം നൽകുന്ന നിർലോഭമായ പിന്തുണയും സഹായവും ഈ ഗ്രൂപ്പുകളുടെ തലവന്മാരും ഇന്ത്യൻ ഭരണകൂട തലവന്മാരുമായുള്ള ഉറ്റചങ്ങാത്തവും ലോകം മുഴുവനും അറിവുള്ള കാര്യമാണ്. ഭരണകൂടം മാത്രമല്ല മാധ്യമങ്ങളും ജുഡീഷ്യറിയും വരെ ഈ രണ്ട് ഗ്രൂപ്പുകളുടെ വരുതിയിലായതിനാൽ ഇവർക്കെതിരായി ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്തുനിന്നോ ഇവർ എന്ത് നിയമവിരുദ്ധ മാർഗ്ഗങ്ങൾ സ്വീകരിച്ചാലും പ്രതികൂലമായ ഇടപെടൽ ഉണ്ടാകാറില്ല.
എന്നാൽ വിദേശത്തുള്ള സംഘടനകൾക്കോ, മാധ്യമങ്ങൾക്കോ ഇവരോട് വിധേയത്വം ഒന്നുമില്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ധനസമ്പാദനത്തിനായി ഇവർ വഴിവിട്ട മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് അവർ പുറത്തുവിടുന്നുണ്ട്. അത്തരം വിവരങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ വൈദ്യുതി ഉൽപ്പാദകരായ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത കൽക്കരിയാണെന്ന ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്.

ഇൻഡോനേഷ്യയിലെ വിതരണക്കാരിൽ നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കൽക്കരി, തുക പെരുപ്പിച്ചുകാട്ടി തമിഴ്‌നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെഡ്‌കോ(തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ)ക്ക് നൽകി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി രേഖകൾ അടക്കം സമാഹരിച്ച് ഫിനാൻഷ്യൽ ടൈംസിന് നൽകിയത് ഒ.സി.സി.ആർ.പി(ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്) ആണ്. നിലവാരം കുറഞ്ഞ കൽക്കരി കത്തിക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതവും സർക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തികനഷ്ടവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2007 ൽ മുതിർന്ന അന്വേഷണാത്മക റിപ്പോർട്ടർമാരായ ഡ്രൂസള്ളിവൻ, പോൾറഡു എന്നിവർ ചേർന്ന് സ്ഥാപിച്ച ഒ.സി.സി.ആർ.പി ലോകത്തിലെ ഏറ്റവും വലിയ അന്വേഷണാത്മക പത്രപ്രവർത്തക സംഘടനകളിൽ ഒന്നാണ്. ലോകത്തിലെ അനേകം രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഇൻവസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകൾ ഈ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

ഒ.സി.സി.ആർ.പി നൽകിയ വിവരങ്ങളെ ആധാരമാക്കി ഫൈനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത് കിലോഗ്രാമിന് 3500 കലോറി അടങ്ങുന്ന കൽക്കരിയാണ് ഇൻഡോനേഷ്യയിൽ നിന്ന് 2014 ജനുവരിയിൽ അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇൻഡോനേഷ്യയിൽ നിലവാരം കുറഞ്ഞ കൽക്കരി വിൽക്കുന്ന പി.ടി. ജോൺലറി കൽക്കരി ഖനിയിൽ നിന്ന് ടണ്ണിന് 28 ഡോളർ നിരക്കിലാണ് കൽക്കരി വാങ്ങിയത്. കിലോഗ്രാമിന് 6000 കലോറി അടങ്ങുന്ന ഉയർന്ന നിലവാരമുള്ള കൽക്കരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത് ടാംഗെഡ്‌കോയ്ക്ക് അദാനി ഗ്രൂപ്പ് വിൽപ്പന നടത്തിയത്.

ടണ്ണിന് 86 ഡോളർ നിരക്കിലായിരുന്നു വിൽപ്പന. ചെലവുകൾ കഴിച്ച് 207 ശതമാനം ലാഭത്തിലാണ് അദാനിഗ്രൂപ്പ് ഈ ഇടപാട് നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടാംഗെഡ്‌കോയുമായി 15 ലക്ഷം ടണ്ണിന്റെ ഇടപാട് നടത്തിയ അദാനിഗ്രൂപ്പ്, വില പെരുപ്പിച്ചുകാട്ടി 2014 ൽ മറ്റ് 22 ഇടപാടുകളം നടത്തിയതായും റിപ്പോർട്ടിലുണ്ട്. 2014 ജനുവരി മുതൽ ഒക്‌ടോബർ വരെ അദാനി ഗ്രൂപ്പ് തമിഴ്‌നാട്ടിലെ പൊതുമേഖലാ സ്ഥാപനവുമായി 24 ഓളം കൽക്കരി ഇടപാടുകൾ നടത്തിയിട്ടുണ്ട്.
നിലവാരം കുറഞ്ഞ കൽക്കരി ഉപയോഗിക്കുമ്പോൾ ശുദ്ധീകരിച്ച കൽക്കരിയുണ്ടാക്കുന്നതിനേക്കാൾ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് സംഭവിക്കുന്നതെന്ന വിദഗ്ദ്ധരുടെ അഭിപ്രായവും റിപ്പോർട്ടിന്റെ ഭാഗമാണ്. നിലവാരം കുറഞ്ഞ കൽക്കരിയിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമ്പോൾ ഓരോ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും കൂടുതൽ കൽക്കരി കത്തിക്കേണ്ടി വരുന്നു. ഇത് കൂടുതൽ വിഷവാതകം പുറംതള്ളുന്നതിലേക്കും കൂടുതൽ അന്തരീക്ഷ മലിനീകരണത്തിലേക്കും നയിക്കുന്നു. ഓരോ വർഷവും 20 ലക്ഷം ജനങ്ങൾ ഇന്ത്യയിൽ വായുമലിനീകരണം കാരണം മരിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പതിവുപോലെ ഈ ആരോപണം പൂർണ്ണമായി അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചിട്ടുണ്ട്. പലയിടങ്ങളിലായി നടന്ന കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് കൽക്കരി ഇടപാട് നടന്നതെന്നും ഫിനാൻഷ്യൽ ടൈംസിനോട് അദാനി ഗ്രൂപ്പ് വിശദീകരണം നൽകിയിരിക്കുന്നു.

അതേസമയം ഈ വിഷയത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡി.ആർ.ഐ) നടത്തുന്ന അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് 21 രാജ്യാന്തര സംഘടനകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിന് പിന്നാലെയാണ് കത്തയച്ചത്. 2011 നും 2015 നും ഇടയിൽ ഇൻഡോനേഷ്യയിൽ നിന്നും കൽക്കരി ഇറക്കുമതി ചെയ്തതിൽ തുക പെരുപ്പിച്ചത് കാണിച്ചതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിലെ ചില കമ്പനികൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. 2016 ലെ ഈ കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ നടപടികൾ വേഗത്തിലാക്കാനാണ് രാജ്യാന്തര സംഘടനകൾ കത്ത് നൽകിയത്. ഇന്ത്യയിൽ പ്രതിവർഷം രണ്ട് ദശലക്ഷം പേരാണ് വായു മലിനീകരണം കൊണ്ട് മരിക്കുന്നതെന്നും അദാനി ഗ്രൂപ്പിന്റെ ഗുണനിലവാരം കുറഞ്ഞ കൽക്കരി ഇടപാട് പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിന് എതിരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2023 ഒക്‌ടോബറിലെ ഫിനാൻഷ്യൽ ടൈംസിന്റെ ഒരു റിപ്പോർട്ടിൽ 5 ബില്യൻ ഡോളർ മൂല്യമുള്ള കൽക്കരി ഇറക്കുമതി ചെയ്യാൻ അദാനി 'ഓഫ്‌ഷോർ ഇടനിലക്കാരെ' ഉപയോഗിച്ചതായി പറഞ്ഞിരുന്നു. ഈ സ്ഥാപനങ്ങളിലൊന്ന് അദാനി സ്ഥാപനങ്ങളിലെ മറഞ്ഞിരിക്കുന്ന ഓഹരി ഉടമയായ ഒരു തായ്‌വാനീസ് വ്യവസായിയുടേതാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അദാനി ഗ്രൂപ്പിന്റെ കൽക്കരി ഇറക്കുമതിയിലെ വിലയുടെ രഹസ്യമായ തുക ഇരട്ടിപ്പു വഴി ദശലക്ഷക്കണക്കിന് ഇന്ത്യൻ വൈദ്യുതി- ഇന്ധന ഉപഭോക്താക്കളും ബിസിനസുകാരും വൈദ്യുതിക്ക് അമിതമായി പണം നൽകുന്നതിനിടയാക്കിയെന്നും ഫിനാൻഷ്യൽ ടൈംസ് പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി അദാനിയുടെ 10 ലിസ്റ്റ് കമ്പനികൾ തഴച്ചുവളർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത കമ്പനിയായി. ഏറ്റവും വലിയ സ്വകാര്യ തുറമുഖ നടത്തിപ്പുകാരനും അദാനിയാണ്.

കഴിഞ്ഞ ജനുവരിയിൽ ഒരു യു.എസ്. ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട്, അദാനി എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ പലവശങ്ങളെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നതായിരുന്നു. ഇത് അദാനി ഗ്രൂപ്പിനെക്കുറിച്ചും അവർക്ക് വഴിവിട്ട് പ്രവർത്തിക്കാൻ ഇന്ത്യൻ ഭരണകൂടം നൽകുന്ന പിന്തുണയെക്കുറിച്ചും ആഗോളതലത്തിൽ തന്നെ വലിയ അവമതിപ്പ് സൃഷ്ടിച്ചു. ഇന്ത്യയിലെ നിയന്ത്രണ സംവിധാനമായ സ്റ്റോക്ക് മാർക്കറ്റ് വാച്ച്‌ഡോഗ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) സുപ്രീം കോടതി വിദഗ്ദ്ധ സമിതിക്ക് മുമ്പാകെ അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന വിദേശ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിദേശമാധ്യമങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്തത്.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ച ഓഹരിയുടെ കൃത്യമായ വിലവർദ്ധനയും സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനവും സംബന്ധിച്ച് സെബി നടത്തിയ അന്വേഷണങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദാനി കമ്പനികൾക്ക് എതിരേ ഒരു കേസും ഉരുത്തിരിഞ്ഞ് വന്നിട്ടില്ലെന്നും സെബിയുടെ അന്വേഷണത്തിലും വീഴ്ചയുണ്ടായിട്ടില്ലെന്നും മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. സപ്രെ അധ്യക്ഷനായ സമിതി സുപ്രീംകോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടാണ് അദാനി കമ്പനികളുടെ  ഓഹരി മൂല്യം മൂക്കുകുത്തി വീണ പ്രതിസന്ധിയിൽ നിന്നും ഗ്രൂപ്പിനെ രക്ഷിച്ചത്.

അതോടെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു ഗൗതം അദാനി. 8.11 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ആഗോള കോടീശ്വരപ്പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് അദാനിയിപ്പോൾ. നരേന്ദ്രമോദി മൂന്നാം ടേമിലും പ്രധാനമന്ത്രിയായി തുടരണം എന്ന് ഏറ്റവും അധികം ആഗ്രഹിച്ച രണ്ട് ഇന്ത്യാക്കാർ ഗൗതം അദാനിയും റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുമായിരിക്കും. നരേന്ദ്രമോദിയും അമിത്ഷായും ഭരണതലപ്പത്തുള്ളിടത്തോളം എന്തെല്ലാം വിവാദങ്ങളുണ്ടായാലും ഇവർ സുരക്ഷിതരായിരിക്കും എന്നവർക്കറിയാം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE