10:09am 01 July 2024
NEWS
'ആടുജീവിത'ത്തിന് വേണ്ടി 16 വർഷം, തുടക്കം മുതൽ തന്നെ പ്രതിസന്ധികൾ ഉണ്ടായിരുന്നു: ബ്ലെസ്സി
23/06/2024  11:24 PM IST
സായി രാജലക്ഷ്മി, ചെറുശ്ശേരിമന
'ആടുജീവിത'ത്തിന് വേണ്ടി 16 വർഷം, തുടക്കം മുതൽ തന്നെ പ്രതിസന്ധികൾ ഉണ്ടായിരുന്നു: ബ്ലെസ്സി
HIGHLIGHTS

പ്രത്യാശയുടെ  ആടുജീവിതം; പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്‌ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം

'ആടുജീവിതം' എന്ന സിനിമ ലോക സിനിമയിലേക്ക് നടന്നു കയറുമ്പോൾ കേരളത്തിലെ ഓരോ മലയാളികളും അഭിമാനിക്കുകയാണ്. മലയാള സിനിമയെ പുതിയ കാഴ്ചകളിലേക്കും, കാഴ്ചപ്പാടുകളിലേക്കും കൊണ്ടുപോയി സിനിമാ പ്രേക്ഷകരെ ഓരോരുത്തരേയും വിസ്മയിപ്പിക്കുന്ന പ്രതിഭാധനനായ സംവിധായകനാണ് ബ്ലെസ്സി. 'ആടുജീവിതം' എന്ന സിനിമയ്ക്കുവേണ്ടി ബ്ലെസ്സി പതിനാറു വർഷമാണ് യാത്ര ചെയ്തത്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് (സിനിമയിലെ കഥ പോലെ) മലയാളത്തിന് കാലത്തെ അതിജീവിക്കുന്ന നല്ലൊരു സിനിമ നൽകിയിരിക്കുന്നു ബ്ലെസ്സി.

അമ്മയുടേയും അച്ഛന്റേയും ആറു മക്കളിൽ ഏറ്റവും ഇളയ കുട്ടിയായി തിരുവല്ലയിലായിരുന്നു ബ്ലെസ്സി ജനിച്ചത്. അദ്ദേഹത്തിന് മൂന്ന് വയസ്സുളളപ്പോൾ അച്ഛൻ മരിച്ചു. പതിനാറാമത്തെ വയസ്സിൽ പ്രിഡിഗ്രിക്കു പഠിക്കുമ്പോൾ അമ്മയും മരിച്ചു. വീടിനടുത്തുണ്ടായിരുന്ന സിനിമാ തീയേറ്ററിൽ നിന്നും രാത്രിയിൽ സത്യൻ മാഷിന്റേയും, നസീർ സാറിന്റേയും, മധു സാറിന്റേയും സംഭാഷണങ്ങൾ കേട്ടായിരുന്നു കൊച്ചു ബ്ലെസ്സി ഉറങ്ങിയിരുന്നത്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മച്ചിയോട് പറഞ്ഞു, 'എനിക്ക് വലുതാവുമ്പോൾ ഒരു സിനിമാ സംവിധായകനാവണം' എന്ന്.

ഡിഗ്രി കഴിഞ്ഞ് ഇഷ്ടമുളള ഏത് ജോലിക്കും പോകാമെന്ന് പറഞ്ഞ അമ്മച്ചിയുടെ വാക്കുകൾ പോലെ, തിരുവല്ല മാർത്തോമ കോളേജിൽ നിന്നും പ്രീഡിഗ്രിയും, ഡിഗ്രിയും കഴിഞ്ഞാണ് ബ്ലെസ്സി സിനിമയെന്ന അത്ഭുത ലോകത്തെത്തിയത്.

മലയാള സിനിമയിൽ മായ്ക്കാനാകാത്ത മുദ്ര പതിപ്പിച്ച സംവിധായകൻ പത്മരാജന്റെ സംവിധാന സഹായിയായി 1986-ൽ ബ്ലെസ്സി തുടക്കം കുറിക്കുകയായിരുന്നു. 2004 ൽ 'കാഴ്ച' എന്ന തന്റെ സിനിമയ്ക്ക് സംവിധാനവും, തിരക്കഥയും നിർവ്വഹിച്ച് മലയാള സിനിമയിൽ ചുവടുറപ്പിച്ച ബ്ലെസ്സിയുടെ എട്ടാമത്തെ ചിത്രമാണ് 'ആടുജീവിതം.' 2019-ൽ ഫിലിപ്പോസ് മാർക്രിസ്സോസ്റ്റം തിരുമേനിയെ കുറിച്ചുളള 48 മണിക്കൂർ 10 മിനിട്ട് നീണ്ട ബ്ലെസ്സിയുടെ ഡോക്യുമെന്ററിക്ക്  ((100 Years of Chrisostem.) വേൾഡ് ഗിന്നസ് റെക്കോഡ് ലഭിച്ചിരുന്നു.

കാണുന്ന പ്രേക്ഷകരിൽ ചിന്തകൾ ബാക്കിവെച്ചുകൊണ്ട് പോകുന്ന അദ്ദേഹത്തിന്റെ സിനിമകൾ.... ഹൃദയത്തിൽ തൊട്ട് പറയുന്ന അദ്ദേഹത്തിന്റെ വാക്കുകൾ.... ആ വാക്കുകളിലേക്ക് 'മഹിളാരത്‌നം' വായനക്കാരെ ക്ഷണിക്കുന്നു.

ആടുജീവിതത്തിലേക്ക് എത്തിയത്...

എഴുത്തുകാരനും, മനോരമ പത്രപ്രവർത്തകനുമായ രവിവർമ്മ തമ്പുരാനാണ് ആദ്യമായി എന്നോട് ബന്യാമിൻ എഴുതിയ ആടുജീവിതത്തിൽ സിനിമയുടെ ഒരു സാധ്യത കാണുന്നുണ്ട്, ഒന്നു വായിച്ചു നോക്കൂവെന്നു പറയുന്നത്. അങ്ങനെയാണ് ഞാൻ ആദ്യമായി 'ആടുജീവിതം' വായിക്കുന്നത്. സിനിമയുടെ ദൃശ്യപരതകളും, ഭൂമികയും സാധ്യതകളുമൊക്കെ മനസ്സിൽ വിഷ്വലൈസ് ചെയ്തുകൊണ്ട് തന്നെയായിരുന്നു ആദ്യവായന. സിനിമയുടെ തലത്തിൽ ഇതുവരെ കാണാത്ത ഒരു വലിയ ഭൂമിക ഉണ്ടെന്ന പ്രത്യേകത തോന്നി.

കഥ പറയുന്ന പശ്ചാത്തലമായാലും നജീബിന്റെ അനുഭവമായാലും ഇതിനുമുൻപ് നമ്മൾ കേട്ടിട്ടില്ലാത്തതാണ.് ഒരാളും കുറെ ആടുകളും അർബാദിന്റെ ക്രൂരതകളും ഒക്കെ പറഞ്ഞുകൊണ്ട് പോകുന്ന ഒരു കഥ. അതിന്റെ ദൃശ്യസാധ്യത മനസ്സിലാക്കുകയും, അതിന് അതനുസരിച്ചുള്ള ഒരു തിരക്കഥ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതിൽ പറയാതെ പോകുന്ന കുറേ കാര്യങ്ങൾ പറയുവാനും ആ ഫ്രെയിമുകളെ കൂട്ടിച്ചേർത്ത് മറ്റൊരു വീക്ഷണത്തിൽ സിനിമ എടുക്കണമെന്നും വിചാരിക്കുകയായിരുന്നു. എല്ലാ സിനിമകളും ഒരിക്കലേ ചെയ്യാൻ കഴിയൂ. പല കാര്യങ്ങൾ കൊണ്ടും പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യാൻ പറ്റുന്ന ഒരു സിനിമയാണ് 'ആടുജീവിതം.'

'ആടുജീവിത'ത്തിന് വേണ്ടി 16 വർഷം നീണ്ട

ആ ഹോപ്പിനെക്കുറിച്ച്..

2009 ലാണ് 'ആടുജീവിതം' വായിച്ച് സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചത.് തുടക്കം മുതൽ തന്നെ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ആദ്യത്തെ നിർമ്മാതാവ് ഇതിൽ നിന്നും പിന്മാറി. രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ജോർദ്ദാനിൽ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കോവിഡ് മൂലം ലോക്ക്ഡൗൺ ആയത്. ഇങ്ങനെ വലുതും ചെറുതുമായി ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായി. ഓരോ പ്രതിസന്ധികളും വന്ന് സിനിമ നീണ്ടു പോയപ്പോൾ ഇത് ഫിനിഷ് ചെയ്യാൻ സാധിക്കുമോ എന്നുള്ള സ്വാഭാവികമായ ഒരു ആശങ്കയുണ്ടായിരുന്നു. അപ്പോഴും എന്റെ മനസ്സിൽ ഈ സിനിമ പൂർത്തിയാക്കണം എന്ന അടിയുറച്ച ചിന്തയായിരുന്നു.

ഡബിൾ ഷെയ്ഡഡ് ആയ കഥാപാത്രങ്ങൾ

1986-ൽ പത്മരാജൻ സാറിന്റെ അസിസ്റ്റന്റ് ആയ ഞാൻ പതിനെട്ടാമത്തെ വർഷമാണ് 2004-ൽ എന്റെ ആദ്യചിത്രമായ 'കാഴ്ച' പുറത്തിറക്കിയത.് പിന്നീട് തന്മാത്ര, പളുങ്ക,് ഭ്രമരം, പ്രണയം, കൽക്കട്ട ന്യൂസ,് കളിമണ്ണ് തുടങ്ങിയവ. ആടുജീവിതം എട്ടാമത്തെ സിനിമയാണ.് കാഴ്ചയിലെ മാധവനെക്കുറിച്ചും പളുങ്കിലെ മോനച്ചനേക്കുറിച്ചും പറയുമ്പോൾ ആദ്യത്തെ സംസാരത്തിൽ തന്നെ മമ്മൂക്ക അഭിനയിക്കാമെന്ന് പറയുകയായിരുന്നു. അതുപോലെ തന്നെയായിരുന്നു ലാലേട്ടനും. തന്മാത്രയിലെ രമേശൻ നായരേയും ഭ്രമരത്തിലെ ശിവൻകുട്ടിയേയും, പ്രണയത്തിലെ മാത്യൂസിനേയും കുറിച്ച് പറയുമ്പോൾ തന്നെ ലാലേട്ടൻ അഭിനയിക്കാമെന്ന് പറയുകയായിരുന്നു. മറ്റു ചിത്രങ്ങളിലും ഇങ്ങനെയായിരുന്നു. 'ആടുജീവിത' ത്തിൽ രാജു (പൃഥ്വിരാജ്) തുടക്കം മുതൽ 16 വർഷവും എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഹക്കിം ആയി അഭിനയിച്ച ഗോകുൽ, കാദിരിയായി വന്ന ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അറബ് അഭിനേതാക്കളായ  താലിബ്-അൽ ബലുഷി, റിക്കാബി, അമലാപോൾ എന്നിവരെയൊക്കെ പിന്നീടാണ് സെലക്ട് ചെയ്യുന്നത്.

 ഗുരു പത്മരാജന്റെ

 ഓർമ്മകളിലൂടെ....

പത്മരാജൻ എന്ന ഗുരുവിനെ എനിക്ക് ലഭിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലെസ്സിംഗ് എന്നുപറയുന്നത്. ഓരോ സിനിമ എടുക്കുമ്പോഴും എന്റെ ഗുരുവിന് ഒരു മോശം ഉണ്ടാകാത്ത രീതിയിലായിരിക്കണം എന്റെ സിനിമ എന്ന് ഞാൻ ആലോചിക്കാറുണ്ട.് അതുകൊണ്ടുതന്നെ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പത്മരാജൻ സാറിനോടാണ്.

പ്രതീക്ഷ, വെള്ളം, ഭക്ഷണം, ഭാഷ,

സ്‌നേഹം, നന്മ, പ്രകൃതി....

നജീബിന്റെ അതിജീവനകഥ പറയുമ്പോൾ ബോധപൂർവ്വമല്ലാതെയാണ് മറ്റുള്ളവയൊക്കെ ഇതിലേക്ക് വരുന്നത്. സിനിമയിൽ ബോധപൂർവ്വം എന്തെങ്കിലും പറയുമ്പോൾ അത് വിരസമാകും. ഭാഷയറിയാതെ നമ്മൾ ഒരിടത്ത് എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വെള്ളത്തിന്റെയും, ഭക്ഷണത്തിന്റെയും പ്രാധാന്യം, നന്മ, സ്‌നേഹം, പ്രകൃതി... ഒരു ക്രിമിനൽ ആയാൽ പോലും അയാളുടെയുളളിൽ സ്‌നേഹവും നന്മയും ഉണ്ടാകും. കാദിരി(ജിമ്മി) ഒരു ക്രിമിനൽ ആയിട്ട് പോലും അയാളുടെ വസ്ത്രം കീറി നജീബിന് നൽകുന്നു. ഈന്തപ്പഴവും വെള്ളവും നൽകുന്നത് പ്രകൃതി. നമ്മളോടൊപ്പം ചേർന്നുനിന്ന ഏറെ അനുഭവങ്ങൾ ഈ സിനിമയിലുണ്ട്. ചെറുതോ വലുതോ ആയ വിഷമഘട്ടങ്ങൾ നമുക്കുണ്ടാവുമ്പോൾ പെട്ടെന്ന് തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം ആകാശം പോലെ അല്ലെങ്കിൽ കടലുപോലെയുള്ള ഈ ജീവിതത്തിൽ ജയിച്ചാലും ഇല്ലെങ്കിലും നാം പോരാടുകയാണ് ചെയ്യേണ്ടത്. നമ്മുടെയുള്ളിൽ ഒരു പ്രതീക്ഷ അല്ലെങ്കിൽ ഒരു ഹോപ്പ് എപ്പോഴും ഉണ്ടായിരിക്കണം. അതിജീവനത്തിന് അത് അത്യാവശ്യമാണ്. അതിനെ കുറച്ചുകൂടി വ്യാപ്തിയിൽ പറയാനായി ഈ സിനിമ ശ്രമിച്ചു, അത് പ്രേക്ഷകർ ഏറ്റെടുത്തു എന്നുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്.

ആത്മീയതയിലൂടെ.....

ദൈവം സ്‌നേഹമാണ് എന്ന് പറയുന്ന വാക്കിലാണ് എനിക്ക് എന്റെ ഈശ്വരനെ ദർശിക്കാൻ കഴിയുക. എല്ലാവരോടും നന്മയിലും സ്‌നേഹത്തിലും പെരുമാറാൻ കഴിയുക, അവരെ സ്‌നേഹിക്കാൻ കഴിയുക, അവിടെയാണ് ഈശ്വരന്റെ പ്രവർത്തനങ്ങൾ. അതാണ് ഈശ്വരൻ എന്ന് ഞാൻ വിശ്വസിക്കുന്നു. അമ്പലങ്ങളിലും, പള്ളികളിലും, മോസ്‌ക്കുകളിലും മാത്രം ഒതുങ്ങുന്നതല്ല ഈശ്വരൻ എന്ന് വിചാരിക്കുന്നു. അതെല്ലാം നമ്മുടെ ആരാധനാ രീതികൾ മാത്രമാണ്. അത്തരം ആരാധനയിലൂടെ മനുഷ്യർക്ക് കിട്ടേണ്ട ഒരു നന്മയുണ്ട്, മനുഷ്യർക്ക് ഉണ്ടാകേണ്ട നന്മയുണ്ട.് അത് കിട്ടിയാൽ മാത്രം പോരാ പ്രവർത്തിക്കാനും കഴിയണം.

ഫിലിപ്പോസ് മാർ ക്രിസ്സോസ്റ്റം തിരുമേനി....

ഞാൻ പരിചയപ്പെട്ടിട്ടുള്ള, ഞാൻ ബഹുമാനിച്ചുള്ള ഏറ്റവും വലിയ വ്യക്തിത്വമായിട്ടാണ് ഞാൻ അദ്ദേഹത്തെ കരുതുന്നത്. തിരുമേനിയുടെ സവിശേഷമായ സ്വഭാവം, സവിശേഷമായ പെരുമാറ്റം ഒക്കെയും ഇനിയും കാലങ്ങളോളം ജനങ്ങളിലേക്ക് എത്തണം എന്നുള്ളതിന്റെ ഒരു നിർബന്ധം കൊണ്ട് മാത്രമാണ് ഞാൻ അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയെ കുറിച്ച് ചിന്തിക്കുകയും, എനിക്ക് ആ ഡോക്യുമെന്ററി എടുക്കാൻ കഴിഞ്ഞതും- 100 Years of Chrisostem.).

എ. ആർ. റഹ്മാൻ എന്ന

അത്ഭുത പ്രതിഭയിലേക്ക്.....

 ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് എ ആർ റഹ്മാനെ നമുക്ക് ഈ സിനിമയിലേക്ക് കിട്ടുന്നത്. മ്യൂസിക്കിലൂടെ ഇതിൽ പലതും പറയാനുണ്ട് എന്നതും മലയാളത്തിൽ മാത്രം ഒതുക്കേണ്ടതല്ല ഈ സിനിമ എന്നും എനിക്ക് തോന്നി. ശബ്ദത്തിനും പശ്ചാത്തലത്തിനും സംഗീതത്തിനും ഒക്കെ വളരെ വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടാകും എന്നുള്ളത് കൊണ്ടാണ് എ ആർ റഹ്മാനെയും റസൂൽ പൂക്കുട്ടിയേയും സമീപിച്ചത്.

'ആടുജീവിതം' എന്ന സിനിമ പറയുന്ന ഒരു വിഷയം എ ആർ റഹ്മാനെ വളരെയധികം സ്വാധീനിക്കുകയും സ്പർശിക്കുകയും ചെയ്തു എന്നുള്ളത് കൊണ്ടാണ് റഹ്മാൻ ഈ സിനിമയിലേക്ക് എത്തിയത്. എ.ആർ. റഹ്മാൻ ഈ കഥ കേൾക്കുന്നു, അതിനുവേണ്ടി പ്രവർത്തിക്കുന്നു എന്നു പറയുന്നത് അദ്ദേഹത്തിന് അഹങ്കാരം ഒട്ടും ഇല്ലാത്തതുകൊണ്ടാണ്. ഒരു മ്യുസിഷ്യൻ എന്നതിലുപരി, ക്രിസ്സോസ്റ്റം തിരുമേനിക്ക് ശേഷം ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു പേഴ്‌സണാലിറ്റിയാണ് എ ആർ റഹ്മാൻ.

കുടുംബം....

എന്റെ അച്ഛൻ പരേതനായ ബെന്നി തോമസ്, അമ്മ പരേതയായ അമ്മിണി തോമസ്, ജ്യേഷ്ഠൻ പരേതനായ ബെന്നി തോമസ് (അച്ഛന്റേയും ജ്യേഷ്ഠന്റെയും പേര് ഒന്നാണ്). നാല് സഹോദരിമാരാണ് ആലീസ്, ആനി, സുമന, ഷേർലി. ഭാര്യ മിനി. മക്കൾ- മൂത്തമകൻ ആദിത്ത്. എം ആർക്കിന് മെൽബണിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ അഖിൽ ഇപ്പോൾ ബി ടെക് കഴിഞ്ഞു.

സ്വപ്നങ്ങൾക്കൊപ്പം പ്രതിസന്ധികളെ തരണം ചെയ്തു സഞ്ചരിച്ച ബ്ലെസ്സി സാറിനും കുടുംബത്തിനും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും 'മഹിളാരത്‌നം' നേരുന്നു. ഒപ്പം അദ്ദേഹത്തിനോടുള്ള 'മഹിളാരത്‌നം' വായനക്കാരുടെ ആശംസകളും സന്തോഷവും പങ്കുവെയ്ക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM