07:03am 03 July 2024
NEWS
അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവില്‍: സാന്ത്വന പരിചരണത്തില്‍ മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി
29/06/2024  09:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതു ജീവിതത്തിലേക്ക്
HIGHLIGHTS
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതുജീവിതത്തിലേക്ക്
എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക യാതനകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹില്‍ ടുഗദര്‍ പദ്ധതിയിലൂടെയാണ് ഇവര്‍ക്ക് സാന്ത്വനമായത്. ആത്മാര്‍ത്ഥ സേവനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ നിലാവ് എന്ന പേരിട്ടിരിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ആയിരത്തോളം രോഗികളാണുള്ളത്. അതില്‍ 51 രോഗികള്‍ക്കാണ് പത്തിലധികം വര്‍ഷമായി മുറിവുണങ്ങാതെ കണ്ടെത്തിയത്. അവര്‍ക്ക് ഈ പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നല്‍കി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂര്‍ണമായും ഉണങ്ങി. ബെഡ് സോറുകള്‍, അണുബാധയുള്ള സര്‍ജിക്കല്‍ വ്രണങ്ങള്‍, വെരിക്കോസ് വ്രണങ്ങള്‍, ക്യാന്‍സര്‍ വ്രണങ്ങള്‍, തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20% ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളില്‍ 40% എങ്കിലും വലിപ്പം കുറച്ച് കൊണ്ടുവരാനും ആണ് ഉദ്ദേശിച്ചത്. ദിവസേനയുള്ള ഭവന സന്ദര്‍ശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകള്‍ തോറുമുള്ള രക്ത പരിശോധന, ഷുഗര്‍ പരിശോധന, കള്‍ച്ചര്‍ ആന്റ് സെന്‍സിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാര്‍ട്ടറൈസേഷന്‍ സ്‌കിന്‍ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തല്‍, എഫ്എഫ്പി ട്രാന്‍സ്ഫ്യൂഷന്‍ തുടങ്ങിയ വിവിധങ്ങളായ മാര്‍ഗങ്ങളാണ് ഈ പദ്ധതിയില്‍ ഉപയോഗിച്ചത്. സര്‍ജറി വിഭാഗത്തിന് കീഴില്‍ 2 സര്‍ജിക്കല്‍ ക്യാമ്പ് നടത്തി പുന: അവലോകനവും നടത്തി. ഡോക്ടര്‍മാരും പാലിയേറ്റീവ് നഴ്‌സുമാരും നഴ്‌സിങ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 656 ഭവന സന്ദര്‍ശനങ്ങള്‍ നടത്തി. പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോള്‍ 35 ശതമാനം മുറിവുകളും പൂര്‍ണമായും ഉണങ്ങിക്കഴിഞ്ഞു. ക്യാന്‍സര്‍ വ്രണങ്ങളുടെ അണുബാധ നിയന്ത്രിച്ചു കൊണ്ടു വന്നതുമൂലം വ്രണത്തിന്റെ വലുപ്പം 40% വരെ കുറച്ചു കൊണ്ടു വരാന്‍ കഴിഞ്ഞു. ശേഷിക്കുന്ന 40 മുറവുകളില്‍ 20 എണ്ണവും 90% ഉണങ്ങിയ അവസ്ഥയിലാണ്. പാലിയേറ്റീവ് പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് എറണാകുളം ജനറല്‍ ആശുപത്രിയുടെ പാലിയേറ്റ് വിഭാഗം നേടിയെടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോ. സഹിര്‍ഷായുടെ നേതൃത്വത്തില്‍ ഡോ. അനു അശോകന്‍, നഴ്‌സുമാരായ നീതു തോമസ്, ജിത്തു ജോസഫ്, മെറീന ജോസഫ്, ബിനി ബേബി, ബിജി വര്‍ഗീസ് തുടങ്ങിയവരുടെ ടീമാണ് വിജത്തിന് പിന്നില്‍.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam