07:32am 29 June 2024
NEWS
കറുത്ത അദ്ധ്യായത്തിലെ കനലോര്‍മ്മകള്‍, അടിയന്തരാവസ്ഥയ്ക്ക് 47 വയസ്സ്‌
25/06/2022  11:28 AM IST
വിഷ്ണുമംഗലം കുമാർ
കറുത്ത അദ്ധ്യായത്തിലെ കനലോര്‍മ്മകള്‍, അടിയന്തരാവസ്ഥയ്ക്ക്  47 വയസ്സ്‌
HIGHLIGHTS

സോഷ്യലിസ്റ്റുകളുടെ സങ്കേതമായിരുന്നു പട്ടാഭിരാമറെഡ്ഡിയുടെ ബാംഗ്ലൂര്‍ സെന്റ് മാര്‍ക്‌സ് റോഡിലെ ഭവനം. ജോര്‍ജ്ജ് ഫര്‍ണാണ്ടസും രാമകൃഷ്ണ ഹെഗ്‌ഡെയും, ജെ.എച്ച് പട്ടേലും, യു.ആര്‍. അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടും ലങ്കേഷും കാദ്‌രി ശാമണ്ണയുമെല്ലാം പട്ടാഭിയുടെ കുടുംബസുഹൃത്തുക്കളും അവിടത്തെ നിത്യസന്ദര്‍ശകരുമായിരുന്നു. 

സ്വതന്ത്ര ഇന്ത്യയെ എക്കാലവും അലോസരപ്പെടുത്തുന്ന കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് അരനൂറ്റാണ്ട്  തികയാൻ ഇനി മൂന്നുവർഷം മാത്രം . എത്രവേഗമാണ് കാലം ഓടിപ്പോകുന്നതെന്ന് മുതിര്‍ന്ന തലമുറയിലെ പലരും അത്ഭുതം കൂറുന്നുണ്ടാവും. മനുഷ്യാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും കര്‍ശനമായി നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ കരിദിനങ്ങളില്‍ അധികാരത്തിന്റെ ഹുങ്കും ധിക്കാരവും നിറഞ്ഞ ഏകാധിപത്യമാണ് അഴിഞ്ഞാടിയത്.

ജനാധിപത്യമൂല്യങ്ങള്‍ അതിക്രൂരമായി ചവിട്ടിയരയ്ക്കപ്പെട്ടു. അനീതിക്കെതിരെ ശബ്ദിച്ചവരെയും സ്വാതന്ത്ര്യത്തിന് ദാഹിച്ചവരെയും അധികാര ധിക്കാരത്തിന്റെ ഉരുക്കുമുഷ്ടി അടിച്ചമര്‍ത്തി. പ്രതിപക്ഷനേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും അകാരണമായി ജയിലിലടച്ചു. കൊടിയ മര്‍ദ്ദനത്തിനും പീഢനത്തിനും വിധേയരായവരുടെ കുടുംബങ്ങള്‍ തകര്‍ന്നു തരിപ്പണമായി. നിരപരാധികളായ രക്തസാക്ഷികള്‍ അടിയന്തരാവസ്ഥയുടെ ഭീകരത ആഴത്തില്‍ അടയാളപ്പെടുത്തിവെച്ചു. അടിയന്തരാവസ്ഥയുടെ ക്രൂരതാണ്ഡവത്തിന് വിധേയരായി ജീവഛവങ്ങളെപ്പോലെ നാളുകള്‍ തള്ളിനീക്കാന്‍ വിധിക്കപ്പെട്ടവര്‍ നാടിന്റെ ഹൃദയവേദനയായി മാറി.

ദശകങ്ങൾ  കടന്നുപോയിട്ടും അടിയന്തരാവസ്ഥയുടെ വേദനയടങ്ങിയിട്ടില്ല. ആ കരാളദിനങ്ങളുടെ ബലിയാടുകളായി തീരാവേദനയും രോഷവും ഉള്ളിലടക്കി ഇന്നും ജീവിക്കുന്നവര്‍ നിരവധി. അടിയന്തരാവസ്ഥ അനാഥത്വം അടിച്ചേല്‍പ്പിച്ച ഹതഭാഗ്യസന്തതികള്‍. അക്കൂട്ടത്തില്‍ ഒരാളാണ് സ്വന്തം വേദനയും രോഷവും നിരാലംബരുടെ ഉന്നമനത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റിയ ധീരവനിതയായ നന്ദനാറെഡ്ഡി. ഇന്ത്യന്‍ സിനിമയ്ക്ക് പുതുഭാഷ്യം ചമച്ചവരില്‍ ഒരാളായ പട്ടാഭിരാമറെഡ്ഡിയുടേയും കലാകാരിയായ സ്‌നേഹലതാ റെഡ്ഡിയുടേയും മകള്‍. അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയാണ് സ്‌നേഹലതാറെഡ്ഡി. അവരുടെ ദുരന്തം ആ കാലയളവില്‍ രാജ്യത്തുടനീളം പ്രതിഷേധക്കൊടുങ്കാറ്റായി വീശിയടിച്ചിരുന്നു.

സോഷ്യലിസ്റ്റുകളുടെ സങ്കേതമായിരുന്നു പട്ടാഭിരാമറെഡ്ഡിയുടെ ബാംഗ്ലൂര്‍ സെന്റ് മാര്‍ക്‌സ് റോഡിലെ ഭവനം. ജോര്‍ജ്ജ് ഫര്‍ണാണ്ടസും രാമകൃഷ്ണ ഹെഗ്‌ഡെയും, ജെ.എച്ച് പട്ടേലും, യു.ആര്‍. അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടും ലങ്കേഷും കാദ്‌രി ശാമണ്ണയുമെല്ലാം പട്ടാഭിയുടെ കുടുംബസുഹൃത്തുക്കളും അവിടത്തെ നിത്യസന്ദര്‍ശകരുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരായ ജനവികാരം ശക്തമായിരുന്ന കാലയളവില്‍ പ്രതിരോധ-പ്രതിഷേധ തന്ത്രങ്ങള്‍ പലതും മെനയപ്പെട്ടത് രാവുകള്‍ പകലുകളാക്കപ്പെട്ട ആ ഭവനത്തില്‍ വെച്ചായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഉറക്കം കെടുത്തിയിരുന്ന തീപ്പൊരി നേതാവ് ജോര്‍ജ്ജ് ഫര്‍ണാണ്ടസ് ആയിരുന്നു കൂടിയാലോചനകളുടെ ബുദ്ധികേന്ദ്രം.

സ്‌നേഹലതാറെഡ്ഡി രക്തസാക്ഷിയായി
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ബറോഡ ഡയനാമിറ്റ് കേസ്സില്‍ മുഖ്യപ്രതിയാക്കപ്പെട്ട ജോര്‍ജ്ജ് ഫര്‍ണാണ്ടസിനെ പിടികൂടാന്‍ ഇന്ദിരാഗാന്ധിയുടെ അധികാരശക്തിക്ക് സാധിച്ചില്ല. ഒളിസങ്കേതത്തിലിരുന്ന് അദ്ദേഹം ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധത്തിന്റെ തീയുണ്ടകള്‍ വര്‍ഷിച്ചു. ഫര്‍ണാണ്ടസിനെ അറസ്റ്റുചെയ്യാന്‍ ഇന്ദിരാഗാന്ധി കരുക്കള്‍ നീക്കി. സംശയമുള്ള സ്ഥലങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. ഫര്‍ണാണ്ടസിനെ ഒളിച്ചുപാര്‍ക്കാന്‍ സഹായിച്ചു എന്ന കുറ്റംചുമത്തി സ്‌നേഹലതാറെഡ്ഡിയെ അറസ്റ്റുചെയ്ത് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ആസ്മരോഗിയായ അവര്‍ക്ക് ആവശ്യമായ പരിചരണമോ ചികിത്സയോ ലഭിച്ചില്ല. രോഗം മൂര്‍ഛിച്ചു. ജയില്‍ മോചിതയായി ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ അന്ത്യശ്വാസം വലിച്ചു. ഈ ദാരുണസംഭവം ഇന്ദിരാഗാന്ധിക്കെതിരായ ജനരോഷം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു.

നന്ദന സമരമുഖത്ത്
പട്ടാഭിരാമറെഡ്ഡി-സ്‌നേഹലത ദമ്പതികള്‍ക്ക് രണ്ടുമക്കളാണ്. കൊണാര്‍ക്കും നന്ദനയും. നന്ദന മദ്രാസില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് അമ്മയുടെ ദുര്‍മരണം സംഭവിക്കുന്നത്. സോഷ്യലിസ്റ്റ് ചിന്തയില്‍ ആകൃഷ്ടയായിരുന്ന നന്ദനയുടെ മനസ്സില്‍ ഇന്ദിരാഗാന്ധിയോട് കടുത്ത വിദ്വേഷം നിറഞ്ഞു. സ്‌നേഹധനയായ തന്റെ  അമ്മയുടെ മരണത്തിന് ഉത്തരവാദി ഇന്ദിരാഗാന്ധിയാണെന്ന് നന്ദന ഉറച്ചു വിശ്വസിച്ചു. ജനാധിപത്യ ധ്വംസനത്തിനെതിരെ, അനീതിക്കും അധികാരദുര്‍വിനിയോഗത്തിനും എതിരെ സമരപഥത്തിലിറങ്ങാന്‍ ആ വ്രണിതഹൃദയം വെമ്പി.

അടിയന്തരാവസ്ഥ പിന്‍വലിച്ച് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസ്സിനേയും തോല്‍പ്പിക്കാനായി ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവ പ്രയാണത്തില്‍ നന്ദനയും ഭാഗഭാക്കായി. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കേരളത്തിലെന്നപോലെ കര്‍ണാടകത്തിലും കോണ്‍ഗ്രസ്സാണ് ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. കേന്ദ്രത്തില്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദ്യത്തെ കോണ്‍ഗ്രസ്സിതര ഗവണ്മെന്റ് നിലവില്‍ വന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. ജോര്‍ജ് ഫര്‍ണാണ്ടസും ആ മന്ത്രിസഭയില്‍ അംഗമായി. റായ്ബറേലിയില്‍ തോറ്റ ഇന്ദിരാഗാന്ധി മാസങ്ങള്‍ക്കകം ഉപതെരഞ്ഞെടുപ്പിലൂടെ ലോകസഭയിലെത്താനുള്ള മാര്‍ഗ്ഗം ആരാഞ്ഞു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഡി.ബി. ചന്ദ്രഗൗഡ എം.പി സ്ഥാനം രാജിവെച്ച് ഇന്ദിരാഗാന്ധിക്ക് വഴിയൊരുക്കി. ദേവരാജ് അരശ് ആയിരുന്നു കര്‍ണാടക മുഖ്യമന്ത്രി. മുന്‍മുഖ്യമന്ത്രിയും കരുത്തനായ നേതാവുമായ വീരേന്ദ്രപാട്ടീല്‍ ആണ് മുഴുവന്‍ പ്രതിപക്ഷ കക്ഷികളുടേയും പിന്തുണയോടെ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചിക്കമാംഗ്ലൂരില്‍ ഇന്ദിരാഗാന്ധിയെ നേരിട്ടത്. ആ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണവേളയിലാണ് നന്ദനാറെഡ്ഡി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ''ഞാന്‍ സ്‌നേഹലതാ റെഡ്ഡിയുടെ മകള്‍. എന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദി ആര്‍....?'' എന്നെഴുതിയ പ്ലകാര്‍ഡും ഉയര്‍ത്തിപ്പിടിച്ച് കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതീകാത്മക സമരം നയിച്ച നന്ദന പ്രചരണരംഗത്ത് നിറഞ്ഞുനിന്നു. ഇന്ദിരാഗാന്ധിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷകൂട്ടുകെട്ടിന് കഴിഞ്ഞില്ല. പക്ഷെ കര്‍ണാടകത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ ബലപ്പെടുന്നതിന് ചിക്കമാംഗ്ലൂര്‍ ഉപതെരഞ്ഞെടുപ്പ് സഹായകമായി എന്നത് യാഥാര്‍ത്ഥ്യമാണ്. 1983-ല്‍ രാമകൃഷ്ണഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ കർണ്ണാടകത്തിൽ  ജനതാപാര്‍ട്ടി ഗവണ്മെന്റ് അധികാരത്തില്‍ വരുന്നതിന് സാഹചര്യമൊരുക്കിയത് ഇതൊക്കെയാണ്.

രാഷ്ട്രീയത്തില്‍ സജീവമായില്ല
രാഷ്ട്രീയരംഗത്ത് ശോഭനമായ ഭാവി ഉണ്ടായിരുന്നെങ്കിലും സജീവരാഷ്ട്രീയം നന്ദനാറെഡ്ഡിയെ ആകര്‍ഷിച്ചില്ല. രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് ചേരിയോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ തന്നെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ജേണലിസത്തിലും നിയമത്തിലും ബിരുദം നേടിയ നന്ദന ട്രേഡ്‌യൂണിയന്‍ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എയര്‍പോര്‍ട്ടിലേക്കുള്ള പോക്കുവരവുകള്‍ക്കിടയില്‍ പരിചയപ്പെട്ട ടാക്‌സി ഡ്രൈവര്‍മാരെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സാധാരണ ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ പ്രവര്‍ത്തിക്കാന്‍ മടിക്കുന്ന മേഖലകളിലേക്കാണ് നന്ദന താല്‍പര്യപൂര്‍വ്വം കടന്നുചെന്നത്. കൊടുംചൂഷണത്തിന് വിധേയരാകുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍, ഹോട്ടല്‍ തൊഴിലാളികള്‍, കരാര്‍ത്തൊഴിലാളികള്‍, ചെറുകിടവ്യവസായത്തൊഴിലാളികള്‍, വാച്ച്മാന്മാര്‍ തുടങ്ങിയവരെ സംഘടിപ്പിച്ചുകൊണ്ട് അവകാശബോധവും ആത്മവിശ്വാസവും, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുമുള്ള ഒരു തൊഴിലാളിസമൂഹത്തെ വാര്‍ത്തെടുക്കാനാണ് നന്ദന പ്രയത്‌നിച്ചത്.

ജോര്‍ജ്ജ് ഫര്‍ണാണ്ടസ് നേതൃത്വം കൊടുത്ത ഹിന്ദ് മസ്ദൂര്‍ കിസാന്‍ പഞ്ചായത്തിന്റെ (എച്ച്.എം.കെ.പി) ദേശീയ നിര്‍വ്വാഹക സമിതി  അംഗമായും കര്‍ണാടക സംസ്ഥാന വൈസ്പ്രസിഡണ്ടായും എച്ച്.എം.കെ.പി അഫിലിയേഷനുള്ള ബാംഗ്ലൂര്‍ ലേബര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിസ്ഥാനമുള്‍പ്പെടെ ഒട്ടേറെ ട്രേഡ്‌യൂണിയനുകളുടെ നേതൃത്വപദവിയും ഈ വനിതാനേതാവ് വഹിച്ചുപോന്നിട്ടുണ്ട്. ട്രേഡ്‌യൂണിയന്‍ രംഗത്ത് കൊടികുത്തി വാണിരുന്ന കക്ഷിരാഷ്ട്രീയ വിഭാഗീയതയും അധികാരവടംവലിയും തൊഴിലാളിവിരുദ്ധ നിലപാടുകളും കണ്ടും സഹിച്ചും മനംനൊന്ത നന്ദന സജീവ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നു. ഗ്ലോബലൈസേഷനെത്തുടര്‍ന്ന് തൊഴില്‍ സംസ്‌കാരത്തിലുണ്ടായ മാറ്റവും ഈ പിന്‍മാറ്റത്തിന് കാരണമാണ്. ഐ.ടി വ്യവസായം കീഴടക്കിയ ബാംഗ്ലൂരിലെ പുതിയ തൊഴില്‍ സംസ്‌കാരത്തില്‍ ട്രേഡ്‌യൂണിയനുകള്‍ക്ക് എന്തു പ്രസക്തി?- നന്ദനാറെഡ്ഡി ചോദിക്കുന്നു.

ബാലചൂഷണത്തിനെതിരെ
ട്രേഡ്‌യൂണിയന്‍ രംഗത്ത് സജീവമായിരുന്നപ്പോള്‍ തന്നെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ബാലവേല തുടങ്ങിയ പ്രശ്‌നങ്ങളില്‍ നന്ദന ഇടപെട്ടിരുന്നു. പിന്നീട് അവര്‍ ഈ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. കണ്‍സേണ്‍ഡ് ഫോര്‍ വര്‍ക്കിംഗ് ചില്‍ഡ്രണ്‍ (CWC) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. കുട്ടികള്‍ക്കെതിരായുള്ള ബഹുമുഖ ചൂഷണം തടയാനായി രാജ്യത്താദ്യമായി കരുത്തുറ്റ ഒരു സംഘടന രൂപീകരിക്കുന്നത് നന്ദനയാണ്. കര്‍ണാടകത്തിലും കേന്ദ്രത്തിലും കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള നിയമനിര്‍മ്മാണത്തിന് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് നന്ദന സ്ഥാപകഡയറക്ടറായ സി.ഡബ്ല്യൂ.സി ആണ്. നിലവില്‍ വന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനും നന്ദനയും അവരുടെ പ്രസ്ഥാനവും സജീവമായി ഇടപെട്ടു. ചൈല്‍ഡ് ലേബര്‍ വിഷയത്തില്‍ അന്തര്‍ദേശീയ തലത്തിലും നന്ദന പ്രവര്‍ത്തിച്ചുപോന്നു.
ഈയ്യിടെയായി ഗ്രാമീണരുടെ അഭിവൃദ്ധി ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനത്തിലാണ് നന്ദന മുഴുകുന്നത്. പഞ്ചായത്ത് രാജ് സംവിധാനം സുഗമമായി നടപ്പിലാക്കാനും അപാകതകള്‍ പരിഹരിക്കാനുമുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്ന അവര്‍ കര്‍ണാടകത്തിലെ പഞ്ചായത്ത്‌രാജ് റിവ്യൂ കമ്മിറ്റി കണ്‍വീനറായി പ്രവർത്തിച്ചിട്ടുണ്ട് .ചൈൽഡ് ലേബർ , പഞ്ചായത്ത്‌രാജ് വിഷയങ്ങളുമായി ബന്ധപ്പെട്ട്  ദേശീയതലത്തിലും പ്രവര്‍ത്തിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL