06:59am 29 June 2024
NEWS
മാനവികതയുടെ കാവലാളായിരുന്ന കാനത്തിന്റെ ദീപ്തസ്മരണ
31/12/2023  11:19 AM IST
ഡോ. വള്ളിക്കാവ് മോഹൻദാസ്
മാനവികതയുടെ കാവലാളായിരുന്ന കാനത്തിന്റെ ദീപ്തസ്മരണ

കാലത്തിനപ്പുറത്തേയ്ക്ക് ചിന്തിച്ച ക്രാന്തദർശിയായ കമ്മ്യൂണിസ്റ്റ്, സഖാവ് കാനം ഈ ലോകത്തോട് വിടപറയുമ്പോൾ ബാക്കി വച്ചുപോകുന്നത് ഉന്നതമായ ഇടതുപക്ഷ മൂല്യബോധമാണ്. സൗമ്യവും ദീപ്തവുമായിരുന്ന ആ വ്യക്തിത്വം പക്ഷേ അനീതിയോട് സമരസപ്പെടുവാനോ ആദർശങ്ങളെ ബലികഴിക്കാനോ തയ്യാറായിരുന്നില്ല. സാധാരണക്കാരായ തൊഴിലാളികളോടൊത്ത് ദീർഘകാലം പ്രവർത്തിച്ചതിന്റെ ഫലമായി കൈവന്ന സമരോത്സുകതയ്‌ക്കൊപ്പം സാന്ത്വനസമീപനം കൂടി ചേർത്തുവച്ചപ്പോൾ അനന്യമായ ഒരു വ്യക്തിത്വമായിത്തീർന്നു സഖാക്കളുടെ പ്രിയനേതാവ്.

ആർക്കും എപ്പോഴും സന്ദർശിക്കാനാകുന്നതും യുക്തിഭദ്രമായ നിർദ്ദേശങ്ങളാൽ പ്രശ്‌നപരിഹാരം ഉടൻ ലഭിക്കുന്നതുമായ ഒരു ആശ്രയസ്ഥാനമായി സാധാരണ സഖാക്കൾ 'കാനം' എന്ന രണ്ടക്ഷരത്തെ കരുതി. അങ്ങനെ രൂപപ്പെട്ട വ്യക്തിബന്ധവും കറകളഞ്ഞ സ്‌നേഹവുമാണ് ആയിരക്കണക്കിന് സഖാക്കളെ നിലവിളികളോടെ ആ ശവമഞ്ചത്തിന് അടുത്തേയ്ക്ക് എത്തിച്ചത്. അർദ്ധരാത്രിയിൽ പോലും ജനങ്ങൾ തടിച്ചുകൂടി മണിക്കൂറുകൾ കാത്തുനിന്നു, ആ കുലീനവ്യക്തിത്വത്തിന്റെ അന്ത്യയാത്രയിൽ ആദരാഞ്ജലികൾ അർപ്പിക്കുവാൻ. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ പോലും ഈറനണിഞ്ഞ കണ്ണുകളോടെയാണ് പ്രിയ സഖാവിന് അന്ത്യമൊഴി നൽകാൻ എത്തിയത്. സർവ്വസമ്മതനായ,  സർവ്വാദരണീയനായ ഒരു അസാധാരണ വ്യക്തിത്വം കൂടി വർത്തമാനകാലത്തിന് നഷ്ടമാകുകയായിരുന്നു ഡിസംബർ 8 ന്.

കേരളത്തിലെയും ഇന്ത്യയിലെ തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സഖാവ് കാനം വിടപറഞ്ഞത് മഹാപ്രതിഭയായിരുന്ന തോപ്പിൽഭാസിയുടെ ചരമദിനത്തിലാണെന്നത് യാദൃച്ഛികമാകാം. എങ്കിലും തോപ്പിൽഭാസിയും ആ കുടുംബവും കാനത്തിന് ഏറെയേറെ പ്രിയങ്കരമായിരുന്നു. തോപ്പിൽ ഭാസിയുടെ അനന്തിരവനായ തോപ്പിൽ ഗോപാലകൃഷ്ണനും കാനം രാജേന്ദ്രനും അഖിലേന്ത്യാ യുവജന ഫെഡറേഷൻ നേതാക്കളായി കേരളമാകെ സഞ്ചരിക്കുന്ന കാലത്ത് ചില ഇടവേളകളിൽ വള്ളികുന്നത്ത് അന്തിയുറങ്ങേണ്ടി വന്നിട്ടുണ്ട്. കൂടുതിനാൽ സൗകര്യങ്ങളുള്ളതിനാൽ തോപ്പിൽവീട്ടിലാണ് അവർ കിടന്നുറങ്ങാറുള്ളത്. തോപ്പിൽഭാസി മിക്കവാറും സ്ഥലത്തുണ്ടാകാറില്ല. അദ്ദേഹത്തിന്റെ സഹധർമ്മിണി സഖാവ് അമ്മിണിയമ്മ ഇരുവർക്കും ഭക്ഷണം നൽകി അതിഥേയയാകും. അതിരാവിലെ കതകിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ടും എടുത്തിട്ട് അടുത്ത സമ്മേളന സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോൾ ഒഴിഞ്ഞുകിടന്ന ഷർട്ടിന്റെ പോക്കറ്റിൽ നേരിയ കനം കാണും. പട്ടിണിയിലും പണമില്ലായ്മയിലും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സഖാക്കളെ കണ്ടുപരിചയിച്ചിട്ടുള്ള അമ്മിണിയമ്മ സഖാവ് കുട്ടി സഖാക്കൾ അറിയാതെതന്നെ ആ പോക്കറ്റുകളിൽ കുറച്ചുപണം തിരുകിവച്ചിരിക്കും. ഒരു അമ്മയുടെ കരുതൽ! അതുപറയുമ്പോൾ കാനം സഖാവിന്റെ കണ്ണുകൾ തിളങ്ങും. കമ്മ്യൂണിസ്റ്റ് നന്മയുടെയും ചാരിതാർത്ഥ്യത്തിന്റെയും കാഴ്ചപ്പാടിന്റെയും തിളക്കം. തോപ്പിൽഭാസി ഫൗണ്ടേഷൻ സെക്രട്ടറി എന്ന നിലയിൽ എനിക്ക് ഇത്തരം 'ഭാസി അനുഭവങ്ങൾ' പലപ്പോഴും കാനം സഖാവിൽ നിന്ന് നേരിട്ട് കേൾക്കാൻ അവസരം ലഭിച്ചത് ഈ സന്ദർഭത്തിൽ ഓർത്തുപോകുകയാണ്.

കക്ഷിരാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴും മാനവികതയ്ക്ക് പ്രാധാന്യം നൽകിയ നേതാവായിരുന്നു സഖാവ്. ഏത് സന്ദർഭത്തിലും കഷ്ടത അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതും അശരണവരെ സഹായിക്കുക എന്നതും തന്റെ പ്രസ്ഥാനത്തിന്റെ മുഖമുദ്രയാകണം എന്ന നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇരുപതാമത്തെ വയസ്സിൽ യുവജന ഫെഡറേഷന്റെ നേതാവാകുകയും, 1978 ൽ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇരുപത്തിയഞ്ചാം വയസ്സിൽ അങ്ങനെ പാർട്ടിയുടെ സെക്രട്ടറിയേറ്റിലേക്ക് എത്തുമ്പോൾ മുതിർന്ന നേതാക്കളായ സഖാക്കൾ എൻ.ഇ. ബാലറാം, എം.എൻ. ഗോവിന്ദൻ നായർ, സി.അച്യുതമേനോൻ. ടി.വി തോമസ്,  പി.കെ വാസുദേവൻ നായർ വെളിയം ഭാർഗ്ഗവൻ എന്നിങ്ങനെയുള്ളവർക്കൊപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു. ആ യുവസഖാവിന്റെ രാഷ്ട്രീയ സമീപനങ്ങൾക്ക് തിളക്കം നൽകുകയായിരുന്നു അന്നത്തെ അനുഭവങ്ങൾ. 1978 ൽ എ.ഐ.വൈ.എഫിന്റെ ദേശീയ പ്രസിഡന്റായി. രണ്ടുതവണ കോട്ടയം ജില്ലാ സെക്രട്ടറിയായി സി.പി.ഐയെ നയിച്ച സഖാവ് 1982 ലും 1987 ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. 2006 മുതൽ 2014 വരെ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായും തുടർന്ന് 2018 വരെ സംഘടനയുടെ പ്രസിഡന്റായും ശ്രദ്ധേയപ്രവർത്തനം നടത്തി. ഇക്കാലയളവിൽ ട്രേഡ് യൂണിയൻ രംഗത്ത് ദേശീയ നേതാവായും മാറി. അന്നോളം ആരും ശ്രദ്ധിക്കാതിരുന്ന ഐ.ടി മേഖലയിലും പുത്തൻ തലമുറ ബാങ്കുകൾ, ചലച്ചിത്ര രംഗം എന്നിവിടങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനം വ്യാപിപ്പിച്ചതോടെ അത്തരം മേഖലകളിൽ ജോലി ചെയ്തിരുന്നവർക്ക് ഒട്ടനവധി ആനുകൂല്യങ്ങളും സംരക്ഷണവും ലഭിച്ചു. അങ്ങേയറ്റം ദീർഘവീക്ഷണത്തോടെയാണ് ചൂഷണം കൊടികുത്തിവാണിരുന്ന വൈറ്റ് കോളർമാരെ തൊഴിലാളികൾ എന്ന പരിഗണനയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. അവരുടെ സേവന- വേതന വ്യവസ്ഥകളിൽ സഗൗരവം ഇടപെടുവാൻ കഴിഞ്ഞത് നടാടെയായിരുന്നു. 2012 ൽ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവിലേക്കും, പിന്നീട് സെക്രട്ടറിയേറ്റിലേക്കും എത്തിയ കാനം 2015 മാർച്ച് 2 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി. മൂന്നാംതവണയും പാർട്ടിയെ നയിക്കുന്ന സഖാവ് അവിചാരിതമായാണ് ഈ ലോകത്തോട് വിടപറയുന്നത്.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950  നവംബർ 10 ന് ശ്രീ. വി.കെ. പരമേശ്വരൻനായരുടേയും ശ്രീമതി ചെല്ലമ്മയുടെ മകനായാണ് ജനിച്ചത്. കോട്ടയം സി.എം.എസ് കോളേജിലും ബസലിയോസ് കോളേജിലും സോവിയറ്റ് യൂണിയനിലും പഠനം നടത്തിയ അദ്ദേഹം മികച്ച വാഗ്മിയും എഴുത്തുകാരനും ആയിരുന്നു. ജനയുഗം പത്രത്തിന്റെയും നവയുഗം വാരികയുടെയും പത്രാധിപർ ആയിരുന്ന കാനത്തിന്റെ 'ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്ത്' എന്ന പംക്തി അങ്ങേയറ്റം ജനപ്രിയമായിരുന്നു. വളരെ ചെറിയ വാചകങ്ങളിൽ വ്യക്തതയോടെ ആശയങ്ങൾ പകർന്നുനൽകിയിരുന്ന കാനത്തിന്റെ പ്രസംഗങ്ങളും അങ്ങനെ തന്നെയായിരുന്നു. പി.കെ.വിയുടെ പ്രസംഗം പോലെ കുത്തും, കോമയും,  സെമികോളനും ഒക്കെയുള്ള പംക്്വച്ച്വേറ്റഡ് സ്പീച്ച് ആയിരുന്നു അത്.

വിവിധ ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങൾ സമാഹരിച്ച് ഗ്രന്ഥ രൂപത്തിലാക്കിയിട്ടുണ്ട്. ഈടുറ്റ ഇരുപത്തിനാല് ലേഖനങ്ങളുടെ സമാഹാരമാണ് 'നവമാധ്യമകാലത്തെ ഇടതുചേരി' എന്ന ഗ്രന്ഥം. മറ്റൊരു കേരളം സാധ്യമാണ്, ജനകീയ ബദൽ ഉയർന്നുവരണം, നവമാധ്യമ കാലത്തെ ഇടതുചേരി, ഇടതു ജനപക്ഷ ബദലിന്റെ പ്രസക്തി, നടന്നുവന്ന വഴികളിൽ ബദലുണ്ട്, ഭൂമി പതിവ് ചട്ടങ്ങളിലെ ഭേദഗതി ആർക്കുവേണ്ടി, സംവരണം മുതൽ സർവ്വകലാശാല വരെ വേണ്ടത്, വിദേശ ഭാഷാ സർവ്വകലാശാല, മത്സ്യമേഖല നേരിടുന്ന പ്രശ്‌നങ്ങൾ, സാർവ്വദേശീയ പ്രക്ഷോഭദിനം, സ്‌കോളർഷിപ്പ്- വർഗ്ഗീയ ഫാസിസത്തിന്റെ കുപ്രചാരണങ്ങൾ, ശ്രീനാരായണഗുരുവും ശിവഗിരി തീർത്ഥാടനവും, വിവാഹപ്രായം എന്തിന് കുറയ്ക്കണം, ഓണത്തിന്റെ നാൾവഴികൾ, വ്യക്തി വംശഹത്യ ചെയ്യപ്പെട്ടിരിക്കുന്നു, രോഹിതുമാരെ സൃഷ്ടിക്കുന്നതാര്, ആരാണീ ആം ആദ്മിക്കാർ, അഴിമതിയുടെ കൂലി പ്രധാനമന്ത്രിപദം, മംഗൾയാനും മോദിയുടെ അർപ്പണവും, ജനാധിപത്യത്തിന്റെ ഇരകൾ, അമേരിക്കയുടെ തനിനിറം, ഭീകരതയും വർഗ്ഗസമരവും, ഫ്രാൻസിസ് പോപ്പ് പത്രോസ് പുണ്യാളന്റെ രണ്ടാം വരവ്, സാമ്രാജ്യത്വ കാലത്തെ സമാധാനം എന്നീ ലേഖനങ്ങളുടെ തലക്കെട്ടുകൾ തന്നെ അവയിൽ അടങ്ങിയിട്ടുള്ള ആശയപ്രപഞ്ചത്തിന്റെ സൂചകങ്ങളാണ്. ശീർഷകലേഖനമായ 'നവമാധ്യമകാലത്തെ ഇടതുചേരി' ഏറ്റവും പുതിയ കാലഘട്ടത്തെ അഭിസംബോധന ചെയ്യുന്ന ലേഖനമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ആദ്യമായാണ്, 2015 ൽ, നവമാധ്യമകാലത്തെക്കുറിച്ച് എഴുതുന്നതെന്നും അറിയുക. അതും ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപ്.

'നവമാധ്യമ കാലത്തെ ഇടതുചേരി' എന്ന ലേഖനത്തിൽ സഖാവ് കാനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ അതിനൂതനവും പുതിയ കാലഘട്ടത്തോട് സഹിഷ്ണുതയോടെ ഒരു കമ്മ്യൂണിസ്റ്റുകാരൻ സംവദിക്കേണ്ടതെങ്ങനെയെന്നും ബോധ്യപ്പെടുത്തുന്നുണ്ട്. ചിലഭാഗങ്ങൾ ശ്രദ്ധിക്കാം; 'പൊതുമണ്ഡലത്തെക്കുറിച്ചുള്ള ചർച്ചകൾ തീർച്ചയായും ഹെബർ മാസ്സിയൻ പൊതുമണ്ഡലത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. കാരണം ഹെബർ മാസ്സിയൻ പൊതുമണ്ഡലം ഒരു ബഹുവർഗ്ഗ രാഷ്ട്രീയ ഭൂമികയായിരുന്നു. ആധുനികതയുടെ തുടക്കത്തിൽ ഈ ബഹുവർഗ്ഗ ഭൂമികയുടെ ജനാധിപത്യപരിസരത്തു നിന്നുമാണ് ബൂർഷ്വാ വിപ്ലവങ്ങൾ സാധ്യമായത്. തുടർന്ന് അധികാരത്തിലെത്തിയ ബൂർഷ്വാസി മാധ്യമങ്ങളെ കുത്തകവൽക്കരിച്ചുകൊണ്ട് ഹെബർ മാസ്സിയൻ പൊതുഇടത്തെ നശിപ്പിച്ചിടത്തു നിന്നുമാണ് ആഗോള അധഃസ്ഥിത വർഗ്ഗത്തിന് അടിതെറ്റി തുടങ്ങിയതെന്ന് കാണണം.

ഇങ്ങനെ അടിതെറ്റിയ തൊഴിലാളി വർഗ്ഗത്തിനുമേൽ മാധ്യമങ്ങളുടെ കുത്തകാവകാശം നിലനിർത്തിക്കൊണ്ട് ഭരണവർഗ്ഗം പ്രതിസന്ധികൾ മറികടക്കുന്നതായാണ് സമകാലിക ചരിത്രം. അവിടെ ഒരു വഴിത്തിരിവ് കുറിക്കാവുന്ന ഒരു മാറ്റമുണ്ടാകുന്നത് നവമാധ്യമങ്ങളുടെ വരവോടെയാണ്. നവമാധ്യമങ്ങൾ ഹെബർ മാസ്സിയൻ പൊതുമണ്ഡലത്തിന്റെ ഒരു വിർച്വൽ പതിപ്പ് സാധ്യമാക്കുന്നതുകാണാം. ഭരണകൂടങ്ങളെ ഉപയോഗിച്ചുകൊണ്ട് ഇതിനുമേലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഇന്ന് ഭരണവർഗ്ഗം. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ അടിസ്ഥാന വർഗ്ഗത്തിന് ജനാധിപത്യപരമായ ഒരു വിശാലമായ ഇടം പൊതുവായി നവമാധ്യമങ്ങൾ തുറന്നിടുന്നുണ്ടെന്നും കാണാം.'

ഈവിധത്തിൽ നവമാധ്യമങ്ങളുടെ സാന്നിദ്ധ്യവും സാന്ത്വനവും വ്യക്തമാക്കുന്ന ലേഖനം അവസാനിപ്പിക്കുന്നത് മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഉള്ളുതുറന്ന് അഭിപ്രായം പറയാതിരുന്ന മാവോയിസ്റ്റ് മൂവ്‌മെന്റിനെ വിലയിരുത്തിക്കൊണ്ടും, അവരുടെ സാമൂഹിക പ്രതിബദ്ധതയെ തള്ളിപ്പറയാതെയുമാണ്- 'കേരളത്തിന് പുറത്തുള്ള ഫ്യൂഡൽ സാമൂഹ്യ വ്യവസ്ഥയിൽ വർഗ്ഗസമരത്തെ പ്രതിനിധീകരിക്കുന്നവരിൽ പ്രമുഖരുടെ കൂട്ടത്തിലാണ് മാവോയിസ്റ്റുകളുടെ സ്ഥാനം. എന്നാൽ അവരുടെ രീതികൾ കാൽപ്പനികവും, ഏറ്റവും എളുപ്പം അടിച്ചമർത്തുവാൻ പറ്റുന്നതും, പലപ്പോഴും ഭീകരവുമാണ്. പക്ഷേ അവർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം യഥാർത്ഥമാണ്. നാം അവരെ തൊട്ടുകൂടാത്തവരും, കണ്ടുകൂടാത്തവരുമായി കരുതിയിരുന്നു. ഇങ്ങനെ നമ്മൾ തന്നെ കരുതുതിയതുകൊണ്ടാണ് മുഖ്യധാരയിൽ ലയിച്ചുചേർന്ന് ദേശീയതലത്തിലുള്ള ഒരു വർഗ്ഗസമരത്തിന്റെ ഉറച്ച തറ കെട്ടിപ്പൊക്കുവാൻ നമുക്കോ, മാവോയിസ്റ്റുകൾക്കോ, കഴിയാതെ വന്നത്. നമുക്കാണെങ്കിൽ തെരഞ്ഞെടുപ്പ് മഹാമഹങ്ങൾക്കായി ബൂർഷ്വാസിയുടെ പോലും മടിശ്ശീലയും യാഥാസ്ഥിതിക മതനേതാക്കളുടെ ആശീർവാദവും ബൂർഷ്വാ പാർട്ടികളെപ്പോലെ തേടേണ്ടിയും വന്നു.

അതുകൊണ്ടുതന്നെ ഇനിയും പാഴാക്കാൻ സമയം ഇല്ലെന്ന തിരിച്ചറിവായിരിക്കണം നമ്മെ ഭരിക്കേണ്ടത്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന വർഗ്ഗസമരങ്ങളുടെ രാഷ്ട്രീയം നമ്മൾ ഉൾക്കൊള്ളണം. ആം ആദ്മി പോലെയുള്ള പുതിയ കാലത്തിന്റെ പ്രതിരാഷ്ട്രീയ മണ്ഡലത്തിൽ മുഖ്യധാരാ രൂപങ്ങളെ യഥാസമയം തിരിച്ചറിയാനും കഴിയണം. അവരിൽ അരാഷ്ട്രീയം മുഖമുദ്രയായിരിക്കും. എന്നാൽ അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയത്തിൽ വ്യവസ്ഥിതിക്ക് എതിരെ എരിയുന്ന തീ നമ്മുടെകൂടി വർഗ്ഗതാൽപ്പര്യമാണ്.''

മാനവികതയെ ഉയർത്തിപ്പിടിക്കുകയും, യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുകയും മുൻവിധികൾ ഒട്ടുമില്ലാതെ ശരിയായ പാത തെരഞ്ഞെടുക്കുകയും വസ്തുതകളെ അംഗീകരിക്കുകയും ചെയ്യുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റിനെയാണ് ഇവിടെ കാണാനാകുന്നത്. മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ആദ്യം ശബ്ദമുയർത്തിയ ഈ കമ്മ്യൂണിസ്റ്റ് ഇടതുമൂല്യബോധത്തെയാണ് കാത്തുസൂക്ഷിക്കാൻ ശ്രമിച്ചത്. മുകളിൽ സൂചിപ്പിച്ച ലേഖനങ്ങളിൽ ഉടനീളം സത്യസന്ധത നിറയുന്ന നിലപാടുകൾ വെട്ടിത്തിളങ്ങുന്നത് കാണാനാകുകയും ചെയ്യും. കാനത്തിന്റെ 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന കൃതി 2020 ലും, 'നിയമസഭാ പ്രസംഗങ്ങൾ' 2023 ലും പുറത്തുവരുകയുണ്ടായി. രണ്ടും ഈടുറ്റ ഗ്രന്ഥങ്ങളായി നിലകൊള്ളുന്നു.

സി.പി.ഐ പാർട്ടി കോൺഗ്രസ് കൊല്ലത്ത് നടക്കുമ്പോൾ പതിവുപോലെ സുവനീർ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. മുതിർന്ന പാർട്ടി നേതാവ് സഖാവ് ശിവശങ്കരൻനായർ ചെയർമാനും, ഞാൻ കൺവീനറുമായി സുവനീർ കമ്മിറ്റി നിലവിൽ വന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായിരിക്കണം ആ പ്രസിദ്ധീകരണം എന്നാലോചിച്ചുകൊണ്ട് ഞാൻ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി. 'സി.പി.ഐ പാർട്ടി കോൺഗ്രസ് നോളജ് ബുക്ക്' എന്ന തലക്കെട്ടിലുള്ള ഒരു റഫറൻസ് ഗ്രന്ഥമായിരുന്നു മനസ്സിൽ. കമ്മിറ്റികളിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പാർട്ടി സെക്രട്ടറിയായ സഖാവ് കാനത്തിന് മുന്നിൽ പാർട്ടി കോൺഗ്രസ് നോളജ് ബുക്ക് പദ്ധതി വിശദമാക്കി. അപ്പോൾ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആരാഞ്ഞു. സി.പി.ഐയുടെ അധികാരിക ചരിത്രം, പാർട്ടി കോൺഗ്രസുകളുടെ ചരിത്രം, പാർട്ടി രൂപീകരണം മുതൽ ഇന്നോളമുള്ള ദേശീയ നേതൃത്വത്തിന്റെ വിവരങ്ങൾ, പാർട്ടി കോൺഗ്രസുകൾ മുന്നോട്ടുവച്ചിട്ടുള്ള മുഖ്യപ്രമേയങ്ങളുടെ വിവരണം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തർക്കപരിഹാര സമിതിയായ കൺട്രോൾ കമ്മീഷന്റെ ചരിത്രവും വർത്തമാനവും, എ.ഐ.റ്റി.യു.സിയുടെ ചരിത്രം, ദേശീയ മഹിളാ പ്രസ്ഥാനത്തിന്റെ ചരിത്രം, വിദ്യാർത്ഥി- യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, ദേശീയ കർഷകപ്രസ്ഥാനചരിത്രം, പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം, കൊല്ലം പാർട്ടി കോൺഗ്രസിലെ ചർച്ചകളും തീരുമാനങ്ങളും എന്നിവ ഉൾപ്പെടുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന നോളജ് ബുക്ക് എന്ന ആശയം അദ്ദേഹത്തിന് വളരേയേറെ ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ശ്രമം ഇന്നോളം നടന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇതൊരു അപൂർവ്വതയായിരിക്കുമെന്നും പറഞ്ഞിട്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി മൾട്ടി ലിംഗുവൽ പ്രസിദ്ധീകരണം ആക്കണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ ചിരിച്ചു.

കൊല്ലത്ത് പാർട്ടി കോൺഗ്രസ് നടത്തിപ്പിനായുള്ള സ്റ്റിയറിംഗ് കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറിയുടെ ആമുഖ വർത്തമാനത്തിൽ സി.പി.ഐ നോളജ് ബുക്കിനെക്കുറിച്ചുകൂടി പറഞ്ഞപ്പോൾ ആ പദ്ധതിയോടുള്ള പ്രത്യേക ആഭിമുഖ്യം വ്യക്തമാകുകയായി. പിന്നീട് നിരന്തരമായി നോളജ് ബുക്കിനെക്കുറിച്ച് അന്വേഷിക്കുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടുമിരുന്നു. ചരിത്രമാണ് രേഖപ്പെടുത്തേണ്ടത് എന്നതിനാൽ ഓരോ വിഷയത്തിലുള്ള ലേഖനങ്ങളും എഴുതിക്കിട്ടുവാൻ സമയമെടുത്തു. വിവരശേഖരണം തന്നെ ശ്രമകരമായിരുന്നു. പാർട്ടി കോൺഗ്രസ് സംഘാടകസമിതി ചെയർമാൻ എന്ന നിലയിൽ സഖാവ് പന്ന്യൻ രവീന്ദ്രൻ കൂടി പിന്നീട് സഹായസഹകരണങ്ങൾ നൽകിയതോടെ നോളജ് ബുക്കിന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമായി. അൽപ്പം വൈകിയെങ്കിലും എല്ലാവിവരങ്ങളും ഉൾപ്പെടുത്തി ഒരു ഡയറിപോലെ തോന്നുംവിധം ഹാർഡ് ബൗണ്ടഡ് പ്രൊഡക്ഷനിൽ സി.പി.ഐ നോളേജ് ബുക്കിന്റെ പ്രഥമ കോപ്പി സഖാവ് കാനത്തിന് നൽകുമ്പോൾ, സന്തോഷം കൊണ്ട് ആ മുഖം വിടർന്നുവരുന്നത് ഞാൻ കണ്ടു. നോളജ് ബുക്കിന്റെ എഡിറ്റർ എന്ന നിലയിൽ ഞാൻ എടുത്ത നിരന്തര ശ്രമങ്ങൾക്ക് നല്ല ഫലമുണ്ടായി എന്ന് അദ്ദേഹം അത് സൂക്ഷ്മമായി വിലയിരുത്തിയിട്ട് പറഞ്ഞപ്പോൾ സി.പി.ഐ നോളജ് ബുക്കിനുള്ള ഏറ്റവും മികച്ച അഭിനന്ദനവുമായിത്തീർന്നു. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ ദിനത്തിലെ മഹാസമ്മേളനത്തിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി നോളജ് ബുക്ക് പ്രകാശിപ്പിച്ചപ്പോൾ ഒരു കോപ്പി കരസ്ഥമാക്കുവാൻ എല്ലാവരും തിരക്കുകൂട്ടുകയായിരുന്നു. കെട്ടിലും മട്ടിലും ഉൾക്കാമ്പിലും മികവാർന്ന ഒരു ഗംഭീര ഗ്രന്ഥമായ സി.പി.ഐ നോളജ് ബുക്കിനെ എല്ലാവരും വിലയിരുത്തി. യഥാർത്ഥത്തിൽ സഖാവ് എന്നിൽ അർപ്പിച്ച വിശ്വാസവും സ്വതന്ത്രമായി ഭാവനാപൂർവ്വം പ്രവർത്തിക്കുവാൻ തന്ന സ്വാതന്ത്ര്യവുമാണ് സി.പി.ഐ നോളജ് ബുക്ക് എന്ന അപൂർവ്വ ചരിത്രഗ്രന്ഥത്തെ യാഥാർത്ഥ്യമാക്കിയത്. നോളജ് ബുക്കിന്റെ പ്രവർത്തനത്തിൽ എപ്പോഴും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ യു. വിക്രമൻ, കെ. ദിലീപ് കുമാർ, പൂവറ്റൂർ ബാഹുലേയൻ എന്നിവരുടെ ലേഖനങ്ങളും ഇവിടെ സ്മരിക്കുന്നു. ഇവരിൽ പ്രിയപ്പെട്ട യു. വിക്രമന്റെ അകാലത്തിലുള്ള വേർപാട് ദുഃഖത്തോടെ ഓർക്കുകയും ചെയ്യുന്നു.

സഖാവ് കാനം 1982 മുതൽ 1991 വരെ ഏഴും എട്ടും നിയമസഭകളിൽ അംഗമായിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ട് ഗ്രന്ഥങ്ങളുടേയും ലേഖനങ്ങൾ തെരഞ്ഞെടുക്കുന്നതിലും അവയുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലുമൊക്കെ എനിക്ക് സർവ്വ സ്വാതന്ത്ര്യം നൽകിയിരുന്ന സഖാവിനോട് നിയമസഭാ പ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'അത് വേണോ?' എന്ന മറുചോദ്യമാണുണ്ടായത്. പുതിയ നിയമസഭാ സാമാജികർക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് സമ്മതിക്കുന്നത്. നിയമസഭാ രേഖകളിൽ നിന്നും പത്തുവർഷത്തെ പ്രസംഗങ്ങളുടെ ശേഖരം അടങ്ങിയ കവർ ഒരു ദിവസം എം.എൻ. സ്മാരകത്തിൽ വച്ച് തന്നിട്ട് സ്വതന്ത്രമായി എഡിറ്റ് ചെയ്തുകൊള്ളാൻ പറഞ്ഞു. ഭംഗിവാക്ക് പറയുന്ന ശീലമില്ലാത്തതിനാൽ പറയുന്ന വാക്കുകൾക്ക് അതേ അർത്ഥം തന്നെയുണ്ടെന്നതാണ് ആശ്വാസം. ഓരോ പ്രസംഗങ്ങളും സൂക്ഷ്മമായി വായിച്ചുനോക്കിയിട്ട് 50 പ്രസംഗങ്ങൾ തെരഞ്ഞെടുത്ത് സഖാവിനെ കാണിച്ചു. ഒഴിവാക്കിയവയും ഒപ്പം വച്ചിരുന്നു. വളരെ ശരിയായ തെരഞ്ഞെടുപ്പാണെന്നു പറഞ്ഞ സഖാവിനോട് ഞാൻ നിയമസഭാ പ്രസംഗങ്ങൾ പുസ്തകമാക്കുമ്പോൾ ഒരു അവതാരിക വേണ്ടേ എന്ന് ചോദിച്ചു. അതിന് ആര് വേണം എന്നു തിരിച്ചുള്ള ചോദ്യം. പല പേരുകളും മനസ്സിൽ വന്നുവെങ്കിലും പെട്ടെന്ന് പറഞ്ഞില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി സഖാവ് കാനം പറയുന്നത് 'വി.എം സുധീരൻ മതി' എന്ന്. ഞാൻ അത്ഭുതപ്പെട്ടുപോയി. കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പുസ്തകത്തിന് കോൺഗ്രസ് നേതാവായ ഒരാൾ അവതാരിക എഴുതാൻ പോകുന്നു. പെട്ടെന്ന് കേൾക്കുമ്പോൾ അസ്വാഭാവികം എന്നു തോന്നുമെങ്കിലും അതായിരുന്നു കാനം എന്ന കമ്മ്യൂണിസ്റ്റിന്റെ വിശാലവീക്ഷണവും ശരിചെയ്യുവാനുള്ള താത്പ്പര്യവും എന്ന് അവതാരിക പിന്നീട് ലഭിച്ചപ്പോൾ ബോധ്യം വന്നു.

മുൻ നിയമസഭാ സ്പീക്കർ വി.എം. സുധീരൻ ഇഷ്ടത്തോടെയാണ് സഖാവ് കാനം രാജേന്ദ്രന്റെ നിയമസഭാ പ്രസംഗങ്ങൾക്ക് അവതാരിക എഴുതാനുള്ള നിയോഗം ഏറ്റെടുത്തത്. വളരെ സംക്ഷിപ്തവും കണക്കുകളും തെളിവുരേഖകളും പരാമർശിച്ചുകൊണ്ട് അധികാരവുമായ സഖാവിന്റെ നിയമസഭാ പ്രസംഗങ്ങൾ എല്ലാവരും താൽപ്പര്യപൂർവ്വം ശ്രദ്ധിച്ചിരുന്നവയാണ്. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം, സംസ്ഥാന ബജറ്റ്, ഉപധനാഭ്യർത്ഥനകൾ, നിയമനിർമ്മാണം, അതിന്റെ വകുപ്പുതിരിച്ചുള്ള ചർച്ചകൾ, പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ സംബന്ധിച്ച ചർച്ച എന്നിങ്ങനെയുള്ള നിരവധിയായ കാമ്പുള്ള പ്രസംഗങ്ങളിലൂടെ സഭാതലത്തെ ധൈഷണികമാക്കിയ വാക്കുകളാണ് ഏഴും എട്ടും നിയമസഭകൾ കാനം രാജേന്ദ്രൻ എന്ന വാഴൂർ എം.എൽ.എയിൽ നിന്നും കേട്ടത്. ഈ വസ്തുത ശരിവയ്ക്കുന്നതായിരുന്നു 2023 ഫെബ്രുവരി 27 ന് ശ്രീ. വി.എം. സുധീരൻ എഴുതി നൽകിയ അവതാരിക. അത് ആരംഭിക്കുന്നത് ഇങ്ങനെയാണ്- 'ശ്രീ കാനം രാജേന്ദ്രൻ അംഗമായിരുന്ന ഏഴും എട്ടും നിയമസഭകളിൽ ഞാനും അംഗമായിരുന്നു. സഹസമാജികനായും അദ്ധ്യക്ഷ വേദിയിലിരുന്ന് സഭയെ നിയന്ത്രിച്ചിരുന്ന സഭാദ്ധ്യക്ഷനായും കാനത്തിന്റെ സഭയിലെ പ്രവർത്തനങ്ങളും പെരുമാറ്റവും നിരീക്ഷിക്കാനും വിലയിരുത്താനും എനിക്കവസരം ഉണ്ടായിട്ടുണ്ട്. ആ അനുഭവങ്ങളും അറിവുകളും അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ മതിപ്പ് വർദ്ധിക്കാൻ കാരണമായി.

മികച്ച പ്രഭാഷകരായി അറിയപ്പെട്ടിരുന്ന പല രാഷ്ട്രീയ നേതാക്കൾക്കും അതേ രീതിയിൽ സഭയിലെ പ്രസംഗങ്ങളിൽ ശോഭിക്കാനായിട്ടില്ല. എന്നാൽ കാനത്തിന്റെ സ്ഥിതി നേരെ മറിച്ചായിരുന്നു. സ്വതവേ നല്ല പ്രാസംഗികനായിരുന്ന കാനത്തിന് നിയമസഭയിലും ഭംഗിയായി പ്രസംഗിക്കാൻ കഴിഞ്ഞിരുന്നു. അനുവദിക്കപ്പെട്ട നിശ്ചിത സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് തനിക്ക് പറയാനുള്ളതെല്ലാം നല്ല രീതിയിൽ സഭാതലത്തിൽ അവതരിപ്പിക്കുന്നതിലാണ് ഒരംഗത്തിന്റെ മികവ് പ്രകടമാകുന്നത്. ഈ തത്വം പൂർണ്ണമായും ഉൾക്കൊണ്ട സഭാംഗം എന്ന നിലയിലാണ് കാനം ശ്രദ്ധേയനാകുന്നത്. സഭാദ്ധ്യക്ഷനെന്ന നിലയിൽ ഒരിക്കൽപ്പോലും തന്റെ പ്രസംഗത്തിനിടയിൽ സമയപരിധിയെക്കുറിച്ച് കാനത്തെ ഓർമ്മിപ്പിക്കേണ്ടി വന്നിട്ടില്ല. ഉൾക്കാമ്പുള്ള ഉള്ളടക്കം, കാലികപ്രസക്തി, ആകർഷകമായ അവതരണശൈലി, സമയപരിധി പാലിക്കുന്നതിലെ കൃത്യത, വിമർശിക്കുമ്പോഴും വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും പാലിക്കുന്ന ഔചിത്യപൂർണ്ണമായ സഹിഷ്ണുത എന്നീ  സവിശേഷതകൾ കൊണ്ട് കാനത്തിന്റെ പ്രസംഗങ്ങൾ വേറിട്ടുള്ളതാക്കി മാറി. അതുകൊണ്ടുതന്നെ ആ പ്രസംഗങ്ങൾക്ക് സഭാതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.''

നിയമസഭാ സാമാജികനെന്ന നിലയിലുള്ള സഖാവ് കാനത്തിന്റെ പ്രത്യേകതകൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് വി.എം. സുധീരൻ അവതാരിക രചിച്ചിരിക്കുന്നത്. ഔദ്യോഗികമായി പുസ്തകപ്രകാശനം നടത്തിയിട്ടില്ലാത്ത കാനത്തിന്റെ നിയമസഭാ പ്രസംഗങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രൗഢമായ അവതാരിക അവസാനിക്കുന്നത് ഈ വാചകങ്ങളോടെയാണ്: 'മഹോന്നതമായ ജനാധിപത്യ ആദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് പാർലമെന്റിനെയും സംസ്ഥാന  നിയമസഭകളെയും നയിച്ച മഹാരഥന്മാരുടേയും പ്രഗത്ഭരായ പാർലമെന്റേറിയൻമാരുടേയും ഒരു വലിയ  നിരതന്നെ നമുക്ക് മുന്നിലുണ്ട്. അതിലെ ഒരു കണ്ണിയാണ് കാനവും. പാർലമെന്ററി രംഗത്തു കടന്നുവരുന്ന തലമുറകൾക്ക് എന്നെന്നും പ്രചോദനകരമാണ്, കാനം രാജേന്ദ്രന്റെ നിയമസഭാ പ്രവർത്തനങ്ങളും പ്രസംഗങ്ങളുമെന്ന തികഞ്ഞ ബോദ്ധ്യത്തോടെ ഈ ഗ്രന്ഥം വായനക്കാരുടെ മുന്നിൽ അതീവ സന്തോഷത്തോടെ അവതരിപ്പിക്കുന്നു.'

സാംസ്‌ക്കാരികരംഗത്തോട് വലിയ താൽപ്പര്യം കാട്ടിയിരുന്ന സഖാവ്, മികച്ച വായനക്കാരനും കലാസ്‌നേഹിയുമായിരുന്നു. 'ജനയുഗം' ദിനപ്പത്രത്തിന്റെയും 'നവയുഗം' ദ്വൈവാരികയുടേയും മുഖ്യപത്രാധിപർ സി. അച്യുതമേനോൻ സെന്ററിന്റെ ചെയർമാൻ, തോപ്പിൽഭാസി ഫൗണ്ടേഷൻ രക്ഷാധികാരി, കെ.പി.എ.സിയുടെ പ്രസിഡന്റ് എന്നിങ്ങനെ സംസ്‌ക്കാരികരംഗത്ത് സജീവമായിരുന്ന സഖാവ് കാണുമ്പോഴെല്ലാം എഴുത്തിനെക്കുറിച്ചും പുതിയ പുസ്തകങ്ങളെക്കുറിച്ചും സാഹിത്യരംഗത്തെക്കുറിച്ചും അന്വേഷിക്കുമായിരുന്നു. സാഹിത്യസാംസ്‌ക്കാരിക രംഗങ്ങളിലെ നൂതന പ്രവണതകൾ വരെ മനസ്സിലാക്കുവാൻ ശ്രമിക്കുന്ന സഖാവ് ഇന്നലെകളെ പക്ഷേ മറന്നുമില്ല. ആദ്യകാല കമ്മ്യൂണിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന സഖാവ് പുതുപ്പള്ളി രാഘവനെക്കുറിച്ച് 'പുതുപ്പള്ളി സ്മരണകൾ' എന്ന തലക്കെട്ടിൽ ഞാൻ രചിച്ച പുസ്തകത്തിന് അവതാരിക എഴുതുന്നതിന് അഭ്യർത്ഥിക്കവേ അദ്ദേഹം പറഞ്ഞു- 'പോയകാലത്തെ വിപ്ലവകാരികളെ കൃത്യമായി സ്മരിക്കുന്നതും വളരെ പ്രധാനപ്പെട്ട ഒരു സാംസ്‌ക്കാരിക പ്രവർത്തനമാണ്.' അവതാരികയിൽ സഖാവ് കാനം എഴുതി- 'ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ പുതുപ്പള്ളി സ്മരണകൾ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ്. പ്രാഥമികമായി ഈ പുസ്തകം അനുസ്മരണമാണെന്നുപറയാം. എന്നാൽ സൂക്ഷ്മാർത്ഥത്തിൽ ഇതൊരു അനുസ്മരണമല്ല. ഇതിൽ അനാവൃതമാകുന്നത് ബൃഹത്തായ ഒരു കാലഘട്ടമാണ്. സ്വദേശിപ്രസ്ഥാനത്തിന്റെ ആരംഭകാലം വരെ നീണ്ടുനിൽക്കുന്ന ഒരു കാലഘട്ടത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. ഈ സ്മരണകൾക്ക് നിമിത്തമാകുന്നത് പുതുപ്പള്ളി രാഘവൻ എന്ന താരതമ്യങ്ങളില്ലാത്ത വിപ്ലവകാരിയുടെ ജീവിതവും..'

മുൻകാല വിപ്ലവകാരികളെയും രാഷ്ട്രീയ നേതാക്കളെയും യഥോചിതം സ്മരിക്കേണ്ടത് പിന്നാലെ വരുന്നവരുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് സഹപ്രവർത്തകരേയും പുതുതലമുറയെയും ഓർമ്മിപ്പിക്കുന്ന സഖാവ് കാനവും ഇപ്പോഴിതാ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു ഓർമ്മയായിരിക്കുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടിവരുമെന്ന് കരുതിയിരുന്നതേയില്ല. വളരെ ആകസ്മികമായിത്തീർന്നു ഈ വേർപാട്. പരിചയപ്പെട്ടവർക്കെല്ലാം മനസ്സിൽ ഒരിടം നൽകിയിരുന്ന സൗമ്യവും ദീപ്തവുമായിരുന്ന ഒരു വ്യക്തിത്വം. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെയും, ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെയും അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കുകയും വിമർശിക്കേണ്ടിടത്ത് ഭയലേശമില്ലാതെ അത് പ്രകടിപ്പിക്കുകയും, വർത്തമാനകാല സാഹചര്യങ്ങളിൽ ഇടതുപക്ഷ ബദൽ അനിവാര്യമാണെന്ന് കണ്ട് അചഞ്ചലമായി നിലകൊള്ളുകയുമായിരുന്ന ഉത്തമനായ ആ കമ്മ്യൂണിസ്റ്റ്. പക്വതയുടെ പരമകോടിയിൽ നിൽക്കുകയും അത്യാവശ്യമുള്ള കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ കൃത്യമായി പറയുകയും മിതഭാഷണത്തിന്റെ ശക്തി പൊതുപ്രവർത്തകർക്കാകെ മാതൃകാപരമായ വിധം ബോധ്യപ്പെടുത്തുകയും ചെയ്ത രാഷ്ട്രീയ നേതാവ്. പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധിക്കുകയും തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രസക്തി നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്ത സഖാവ് കാനം മാനവികതയിൽ അടിയുറച്ചുനിന്നുകൊണ്ടായിരുന്നു സ്വന്തം പൊതുപ്രവർത്തനത്തെ രൂപപ്പെടുത്തിയെടുത്തത്. വർത്തമാനകാല തലമുറയ്ക്ക് ദിശാബോധമേകും വിധം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തുകൊണ്ട് അഞ്ചുപതിറ്റാണ്ടിലധികം കാലം പൊതുജീവിതത്തെ ധന്യമാക്കിയ ജ്യേഷ്ഠസഖാവിന്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ വിങ്ങുന്ന ഹൃദയത്തോടെ ഈ ഓർമ്മക്കുറിപ്പ് സമർപ്പിക്കുന്നു.

(9447901994)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE