07:41am 03 July 2024
NEWS
ഇറാൻ പ്രസിഡന്റ് റഈസിയുടെ അപകടമരണം; ചോദ്യങ്ങൾ മാത്രം ബാക്കി
30/06/2024  12:22 PM IST
കല്ലമ്പലം അൻസാരി
ഇറാൻ പ്രസിഡന്റ് റഈസിയുടെ അപകടമരണം; ചോദ്യങ്ങൾ മാത്രം ബാക്കി

പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ദാരുണാന്ത്യം ഇറാന്റെ അധികാരകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വിയോഗം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായുള്ള ഒരു സ്വാഭാവിക യാത്രയുടെ അന്ത്യം ഇത്രത്തോളം കനത്തതാകുമെന്ന് ടെഹ്‌റാനിലെ അധികാരശ്രേണിയിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ, മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന അസർബൈജാൻ രാജ്യത്തിന്റെ അതിർത്തിക്കടുത്ത് ഖിസ് ഖലാസി എന്ന അണക്കെട്ടിന്റെ ഉദ്ഘാടനത്തിനായിരുന്നു റഈസിയുടെ യാത്ര. അസർബൈജാനുമായി സഹകരിച്ചായിരുന്നു അണക്കെട്ടിന്റെ നിർമ്മാണം. ഉദ്ഘാടനത്തിനു ശേഷം തിരിച്ചുവരുമ്പോൾ തബ്രിസ് നഗരത്തിന് വടക്ക് വർഷെവാനിലെ മലയോരങ്ങളിലാണ് റഈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ദുരന്തമുണ്ടായത്. അദ്ദേഹവും വിദേശകാര്യ മന്ത്രി അമാർ അബ്ദുല്ലാഹിയനും ഉൾപ്പെടെ ഒൻപത് പേരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്.

മലമ്പ്രദേശത്തെ കനത്തമഴയിലും, മഞ്ഞിലുമാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. അമേരിക്കൻ നിർമ്മിത ബെൽ 212 എന്ന ഹെലികോപ്റ്ററിനാണ് ദുരന്തമുണ്ടായത്. ഏതാണ്ട് അൻപത് വർഷത്തോളം പഴക്കമുള്ളതാണ് ഈ കോപ്റ്ററെന്ന് പറയപ്പെടുന്നു. പ്രതികൂല കാലാവസ്ഥയിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്‌ക്കരമായിരുന്നു. ഇറാന്റെ മിത്രമായ ടർക്കിയുടേയും റഷ്യയുടെയും സഹായത്തോടെയാണ് ദുരന്തഭൂമിയിൽ എത്താൻ കഴിഞ്ഞതും, ഭൗതിക ശരീരാവശിഷ്ടങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതും. റഈസിയുടെയും മറ്റ് മരണപ്പെട്ടവരുടെയും മൃതദേഹങ്ങൾ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കൊണ്ടുവന്ന് വലിയൊരു വിടവാങ്ങൽ ചടങ്ങാണ് ഇറാൻ സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ജനങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമൈനിയും സംസ്‌ക്കാരച്ചടങ്ങിലെ പ്രാർത്ഥനയിൽ പങ്ക് കൊണ്ടു. ജനങ്ങളുടെ തിക്കും തിരക്കും കാരണം അയത്തൊള്ള ഏതാനും നിമിഷങ്ങൾ മാത്രമാണ് മൃതദേഹത്തിനരികിൽ ചെലവഴിച്ചത്. ഇറാനിലെ ഷിയാക്കളുടെ പുണ്യസ്ഥലമായ ഖോം നഗരത്തിലെ ഇമാം റെസാ പള്ളിയിലാണ് റഈസിയുടെ ഖബറിടം ഒരുക്കിയത്.

ഇബ്രാഹിം റഈസിയടെ അപകട മരണം ഇറാനെ നടുക്കത്തിലാഴ്ത്തി എന്നതിന് പുറമെ കനത്ത സംശടത്തിന്റെ കരിനിഴലും വീഴ്ത്തി. ഇസ്രായേലുമായി വലിയ സംഘർഷം നിലനിൽക്കുന്ന വേളയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത് എന്നതുകൊണ്ട് സംശയത്തിന്റെ മുൾമുന സ്വാഭാവികമായും ഇസ്രായേലിലേക്കും നീളുന്നു. തികച്ചും പ്രതികൂലമായ കാലാവസ്ഥയിലാണ് ഹെലികോപ്റ്റർ തകർന്നതെന്ന് ഇറാൻ പുറമെ പ്രതികരിക്കുന്നുണ്ടെങ്കിലും ഒരായിരം ചോദ്യങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥ

റഈസിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇറാനിയൻ മിലിട്ടറി കമ്മിറ്റിയുടെ പ്രാഥമിക നിഗമനമായി പുറത്തുവരുന്നത് അപകടത്തിന്റെ കാരണം മോശപ്പെട്ട കാലാവസ്ഥ തന്നെയാണെന്നാണ്. മഴയും, മൂടൽ മഞ്ഞും കാരണം ഉയർന്ന പ്രതലത്തിൽ തട്ടി തീപിടിക്കുകയായിരുന്നു എന്നാണ് അവർ പറയുന്നത്. ഹെലികോപ്റ്റർ ഒരിക്കലും അതിന്റെ നിർദ്ദിഷ്ടപാത വിട്ട് സഞ്ചരിച്ചിരുന്നില്ലെന്നും നിഗമനത്തിലുണ്ട്. വെടിയുണ്ടകളുടെ പാടുകളൊന്നും ഹെലികോപ്റ്ററിലില്ല. എന്നാൽ ഇവിടെ നിരവധി ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. മറ്റ് മൂന്ന് ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് റഈസിയും, വിദേശകാര്യമന്ത്രിയും മറ്റ് വി.ഐ.പികളുമടങ്ങിയവർ ഹെലികോപ്റ്റർ യാത്ര ചെയ്തത്. അകമ്പടി ഹെലികോപ്റ്ററുകൾക്ക് പ്രതികൂലകാലാവസ്ഥയിൽ ഒന്നും സംഭവിച്ചില്ല. സുരക്ഷിതരായി അവർ കര തൊട്ടപ്പോൾ റഈസിയുടെ ഹെലികോപ്റ്റർ മാത്രം അപകടത്തിൽപ്പെട്ടതിൽ ദുരൂഹത സംശയിച്ചാൽ കുറ്റം പറയാനാവില്ല. സാധാരണ ഗതിയിൽ മോശപ്പെട്ട കാലാവസ്ഥയിൽ കോപ്റ്ററിന്റെ സമയക്രമം മാറ്റുക, റൂട്ട് തിരിച്ചു വിടുക തുടങ്ങിയവയൊക്കെ ചെയ്യാവുന്നതാണ്. എന്നാൽ ഇവിടെ അങ്ങനെയൊന്നും ഉണ്ടായില്ല. മറ്റൊരു സംശയം ബാക്കിയുള്ളത് ഇത്രയും മോശമായ കാലാവസ്ഥയിൽ പ്രസിഡന്റിനെപ്പോലൊരാൾ സഞ്ചരിക്കുന്ന ഹെലിക്കോപ്റ്റർ പറപ്പിക്കാൻ എങ്ങനെ അനുവാദം നൽകി എന്നുള്ളതാണ്.

ഹെലികോപ്റ്റർ തകരാർ

റഈസി സഞ്ചരിച്ചത് അമേരിക്കൻ നിർമ്മിത ബെൽ 212 ഹെലികോപ്റ്ററിലാണ്. ഇതിന് ഏതാണ്ട് അൻപത് വർഷക്കാലം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് സർക്കാർ വകയല്ല, മറിച്ച് ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റിയുടേതാണെന്നാണ് അറിയുന്നത്. കോപ്റ്ററിന്റെ സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്ന് രക്ഷാപ്രവർത്തനങ്ങളിൽ മുൻപിട്ടിറങ്ങിയ തുർക്കി അധികൃതർ വെളിവാക്കിയിട്ടുണ്ട്. ഇത്രയും കാലപ്പഴക്കം ചെന്ന, സർക്കാർ ഉടമസ്ഥതയിലല്ലാത്ത, തകരാറുകൾ ഉള്ള ഒരു വാഹനം പ്രസിഡന്റിനെയും, വിദേശകാര്യമന്ത്രിയെയും പോലുള്ള വി.വി.ഐ.പികൾക്ക് വേണ്ടി ഉപയോഗിച്ചതിന്റെ കാരണം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇറാനിലെ ഷായുടെ ഭരണകാലത്ത് വാങ്ങിച്ചതാണ് ഈ ഹെലികോപ്റ്റർ. ആണവശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഇറാന് അതിന്റെ പ്രസിഡന്റിന് സഞ്ചരിക്കാൻ ഒരു അത്യന്താധുനിക ഹെലികോപ്റ്റർ പോലും സ്വന്തമായി ഇല്ലെന്നുള്ളത് അവിശ്വസനീയം തന്നെയാണ്. പാശ്ചാത്യ ഉപരോധം മൂലം പുതിയ വാഹനങ്ങളും, യന്ത്ര സാമഗ്രികളും സ്വന്തമാക്കാൻ കഴിയുന്നില്ല എന്നാണ് ഇറാന്റെ പ്രതിരോധം. പക്ഷേ ഇറാനെപ്പോലെ മദ്ധ്യകിഴക്കേ ഏഷ്യയിലെ ഒരു വൻശക്തിക്ക് മറ്റ് മാർഗ്ഗങ്ങൾ അപ്രാപ്യമായിരുന്നു എന്ന് വിശ്വസിക്കാൻ വയ്യ.

അട്ടിമറി സാധ്യതകൾ

പ്രസിഡന്റ് ഇബ്രാഹി റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ നിരവധി അട്ടിമറി സാധ്യതകൾ സംശയിക്കുന്നവരുണ്ട്. പക്ഷേ ഇറാൻ അതൊന്നും സമ്മതിച്ച് തരാൻ തയ്യാറായിട്ടില്ല. അതിന്റെ കാരണം സ്വന്തം ദൗർബല്യങ്ങളെ പൊതുജനമദ്ധ്യത്തിൽ തുറന്നുപറയാനുള്ള നാണക്കേട് തന്നെയായിരിക്കും. മൂന്ന് വിധത്തിലുള്ള അട്ടിമറികളാണ് അന്തരീക്ഷത്തിൽ ചൂടോടെ ചർച്ചയാകുന്നത്.

ഇറാനുള്ളിൽ കടുത്ത ശത്രുക്കളുള്ള വ്യക്തി തന്നെയാണ് റഈസി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം പല കോടതികളിലും ജഡ്ജി ആയിരുന്നു റഈസി. 1988 ൽ രാഷ്ട്രീയ തടവുകാർക്ക് കൂട്ടവധശിക്ഷ വിധിച്ച ജഡ്ജിമാരുടെ പാനലിൽ റഈസി അംഗമായിരുന്നു. പിന്നീട് പ്രോസിക്യൂട്ടർ ജനറലായും ജുഡീഷ്യറി ഫസ്റ്റ് ഹെഡായും പ്രവർത്തിച്ച കാലത്ത് നിരവധിപ്പേരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ തുറുങ്കിലടയ്ക്കുകയും, വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു. 2009 ലെ തെരഞ്ഞെടുപ്പിനു ശേഷം പ്രക്ഷോഭം ശക്തമായപ്പോൾ ക്രൂരമായ നടപടികൾ കൊണ്ടാണ് റഈസി പ്രക്ഷോഭം അടിച്ചമർത്തിയത്. ഏറ്റവും ഒടുവിലായി 2022 സെപ്റ്റംബറിൽ പൊതുവേദിയിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്‌സാ അമിനി എന്ന 22 കാരിയെ പോലീസ് അറസ്റ്റ് ചെയ്തതും, കസ്റ്റഡിയിൽ വച്ച് മരണപ്പെട്ടതും വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് കാരണമായി. ഇറാന്റെ ഇസ്ലാമിക ഭരണകൂടം തന്നെ നിഷ്‌കാസിതമാകും എന്ന അവസ്ഥയിലേക്ക് ഈ പ്രതിഷേധം ആളിപ്പടർന്നിരുന്നു. അതിനെ നിഷ്‌ക്കരുണം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തിയത് പ്രസിഡന്റായ റഈസിയുടെ നേതൃത്വത്തിലായിരുന്നു. ഇത്തരത്തിൽ ഒട്ടധികം ശത്രുക്കളെ സൃഷ്ടിച്ചിരുന്ന റഈസിക്ക് നേരെ ഒരു വധശ്രമ ഗൂഢാലോചന ഇറാനുള്ളിൽ നിന്നുതന്നെ രൂപം കൊണ്ടിരിക്കാനുള്ള സാധ്യത കുറവല്ല.

ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാനിലെ ഖിസ്ഖലാസി എന്ന അണക്കെട്ടിന്റെ നിർമ്മാണോദ്ഘാടനത്തിനായിരുന്നു റഈസിയുടെ അവസാനത്തെ യാത്ര. ആ പരിപാടിയിൽ അതിർത്തി രാജ്യമായ അസർബൈജാന്റെ പ്രസിഡന്റ് ഇൽഹാം അലിച്ചേവും പങ്കെടുത്തിരുന്നു. അസർബൈജാനുമായി ഒട്ടും നല്ലതല്ലാത്ത ഒരു നയതന്ത്രബന്ധം  നിലനിൽക്കുന്ന വേളയിലാണ് ഈ സന്ദർശനം  എന്നത് ഗൗരവമായി കാണേണ്ടതാണ്. അതിർത്തി രാജ്യങ്ങളായ അസർബൈജാനും, അർമേനിയായും തമ്മിൽ കഴിഞ്ഞ കുറെനാളുകളായി അതിർത്തിത്തർക്കവും, വംശീയ സംഘർഷവും നിലനിൽക്കുകയാണ്. ഈ വിഷയത്തിൽ ഇറാൻ അർമേനിയൻ പക്ഷത്തായിരുന്നു. സാമ്പത്തികവും, സൈനികവുമായ സഹായങ്ങൾ കൊണ്ട് അസർ ബൈജാനെതിരെ അർമേനിയയെ പോരാടാൻ സജ്ജമാക്കിയതിൽ ഇറാന് വലിയ പങ്കുണ്ട്. അതിന്റെ പ്രതിഷേധം അസർബൈജാൻ അധികാരികളിൽ അടങ്ങിയിട്ടില്ല. ഈ വേളയിൽ റഈസിയുടെ സന്ദർശനം വിദ്വേഷത്തിന്റെ മഞ്ഞുരുക്കാനുള്ള ഒരു സമ്മർദ്ദം കൂടിയായിരുന്നു. പക്ഷേ അസർബൈജാന്റെ കണക്കുകൂട്ടലുകൾ മറ്റൊന്നായിരുന്നു എന്ന് സംശയിക്കുന്നവരും അനവധിയുണ്ട്.

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ പൊരിഞ്ഞ പോര് തുടരുകയും, അതിൽ ഹമാസിനും, ഹിസ്ബുള്ളയ്ക്കും വേണ്ടി ഇറാൻ  മുൻപിട്ടിറങ്ങുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധം ഏറെ വഷളായ അവസരമാണിത്. ഇസ്രായേൽ ഇറാനിലേക്ക് തുടരെത്തുടരെ പായിച്ച മിസൈലുകൾക്ക് മറുപടിയായി ഇറാൻ തിരിച്ചും മിസൈലാക്രമണം നടത്തിവന്നിരുന്നു. അന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത് തിരിച്ചടി കാത്തിരുന്ന് കാണാമെന്നാണ്. ഇസ്രായേലിന്റെ തിരിച്ചടികൾ പലപ്പോഴും അതിഗൂഢവും അതികഠിനവും ആയിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. അറ്റകൈയായി അവർ പ്രയോഗിക്കുന്നത് ചാരസംഘടനയായ മൊസാദിന്റെ ഇടപെടലാണ്. ഒരു ഇലയനക്കം പോലുമില്ലാതെ അവർ അത് കൃത്യമായി നിറവേറ്റുകയും ചെയ്യും. പ്രത്യക്ഷത്തിൽ ഒരു തെളിവുകളും ലഭിക്കുകയുമില്ല. ഇറാൻ പ്രസിഡന്റ് റഈസിയുടെ കാര്യത്തിലും ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് കണക്കുകൂട്ടുന്നവരുണ്ട്. ഒരുപക്ഷേ സത്യം ഇറാൻ തിരിച്ചറിഞ്ഞാലും അവർ അത് സമ്മതിക്കാൻ പോകുന്നില്ല. ഇസ്രായേലിന്റെ മുന്നിൽ തങ്ങൾ മുട്ടുകുത്തിപ്പോയി എന്ന് വരുന്നത് ഇറാന്റെ അഭ്യുദയകാംക്ഷികൾക്ക് ഒട്ടും ഭൂഷണമായിരിക്കില്ല.

1988 ഓഗസ്റ്റ് 17 ന് പാകിസ്ഥാൻ പ്രസിഡന്റ് ജനറൽ സിയാ ഉൽഹക്ക്  സഞ്ചരിച്ചിരുന്ന വ്യോമസേനാ വിമാനം പറന്നുയർന്ന ഉടൻതന്നെ തകർന്ന് താഴേക്ക് പതിച്ച് അദ്ദേഹവും അനുചരന്മാരും കൊല്ലപ്പെട്ടു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയും സിയാ ഉൽ ഹക്കിനെ ആറടി മണ്ണിൽ ഖബറടക്കുകയും ചെയ്തു. എന്നാൽ ഈ അപകടത്തിന്റെ കാരണങ്ങൾ അന്തരീക്ഷത്തിൽ ആവിയായിപ്പോകുകയാണ് ചെയ്തത്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ അപകടകാരണവും ഇത്തരത്തിൽ ആവിയായിപ്പോകാനുള്ള സാധ്യതയാണ് ഇപ്പോൾ കണ്ടുവരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE