07:30am 03 July 2024
NEWS
സമ്പത് വ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്ന നടപടി
-ബെന്നി ബെഹനാന്‍ എം.പി

13/01/2020  10:56 AM IST
KERALASABDAM
സമ്പത് വ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്ന നടപടി
HIGHLIGHTS

പ്രൈവറ്റ് കമ്പനികള്‍ക്കു വിട്ടുകൊടുക്കുന്നതിന്‍റെ ആദ്യപടിയാണ് ഈ വില്പന. യു.പി.എ. ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഒന്നും വിറ്റിട്ടില്ല. ബിജെപി ഗവണ്‍മെന്‍റാകട്ടെ എല്ലാം വിറ്റുകൊണ്ടേയിരിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ ഇങ്ങനെ പൊതുമുതല്‍  അന്യാധീനപ്പെടുത്തുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 

 
 ബിപിസിഎല്‍ ഓഹരിവില്പനയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചിട്ടുള്ള നേതാവാണ് യുഡിഎഫ് കണ്‍വീനറും ഇപ്പോള്‍ ചാലക്കുടി എംപിയുമായ ബെന്നി ബെഹനാന്‍. സ്വന്തം മണ്ഡലത്തിലെ ഈ വന്‍വ്യവസായ സ്ഥാപനം കൈമാറ്റം ചെയ്യുന്നതിനെതിരെ ബെന്നി ബെഹനാന്‍ എം.പി. കേരളശബ്ദത്തോടു പ്രതികരിക്കുന്നു. 
 
? ബിപിസിഎല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. അനവസരത്തില്‍ ഇതു വില്‍ക്കാന്‍ തീരുമാനിച്ച നടപടിയെ എങ്ങനെ കാണുന്നു? 
 
ലാഭകരമായി നടത്തപ്പെടുന്ന കമ്പനി മാത്രമല്ല ബിപിസിഎല്‍. മഹാനവരത്ന പദവിയുള്ള കമ്പനികൂടിയാണ്. തുടര്‍ച്ചയായി മൂന്നുവര്‍ഷക്കാലം അയ്യായിരം കോടി രൂപയ്ക്കുമേല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കു മാത്രമാണ് മഹാ നവരത്ന സ്ഥാനം ലഭിക്കുന്നതെന്നോര്‍ക്കുക. നമ്മുടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്നതാണ് ബിജെപി ഗവണ്‍മെന്‍റിന്‍റെ ഈ നടപടി. ഇതിനെതിരെ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
? ബിപിസിഎല്ലിന്‍റെ നാല് എണ്ണശുദ്ധീകരണശാലകളിലെ പ്രധാനപ്പെട്ട ഒരെണ്ണമാണ് കൊച്ചിയിലുള്ളത്. ഇത്തരമൊരു നടപടിക്ക് ഇതിനും മുമ്പേ കേരളസര്‍ക്കാരുമായി കൂടിയാലോചിക്കേണ്ടതല്ലേ?
 
തീര്‍ച്ചയായും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല റിഫൈനറി പ്രവര്‍ത്തിക്കുന്ന ആയിരത്തഞ്ഞൂറേക്കറില്‍ അഞ്ഞൂറേക്കര്‍ ഭൂമി കേരളത്തിന്‍റെയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന് ഈ കമ്പനിയില്‍ ഷെയര്‍ ഉണ്ട്. പക്ഷേ ഒരു ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലയില്‍പോലും ഒരു കൂടിയാലോചനയ്ക്ക് ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. സ്വന്തം തീരുമാനം സംസ്ഥാനത്തിനുമേല്‍ അടിച്ചേല്പിക്കുകയാണ്. 
 
? ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അകാരണമായി വിറ്റഴിക്കാന്‍ തയ്യാറാകുന്നതിനു പിന്നിലെ കാരണമെന്തായിരുന്നു?
 
ഒന്നാമതായി, യാതൊരു തത്വദീക്ഷയുമില്ലാതെ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുക എന്നത് ബിജെപി സര്‍ക്കാരിന്‍റെ നയമാണ്. എന്നും കുത്തകമുതലാളിത്തത്തോടാണ് അവര്‍ക്ക് കൂറ്. ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം വില്‍ക്കുന്നതിന്‍റെ ഭാഗമായുള്ള വാല്യുവേഷന്‍ ഒക്കെ ഏല്പിച്ചിരിക്കുന്നത് വിദേശകമ്പനികളെയാണ്. അതില്‍ നിന്നുതന്നെ അവരുടെ ലക്ഷ്യം വ്യക്തമല്ലേ? 
 
? രാജ്യസുരക്ഷയെ കൂടി കണക്കിലെടുത്താണല്ലോ ഇന്ദിരാഗാന്ധിയുടെ കാലത്ത് ഈ കമ്പനി ദേശസാല്‍ക്കരിക്കുന്നത്. അപ്പോള്‍ ഇതു കൈമാറുന്നതും ദേശസുരക്ഷയെ ബാധിക്കില്ലേ? 
 
എന്താസംശയം? ബര്‍മ്മ -ഷെല്‍ കമ്പനി ദേശസാല്‍ക്കരിച്ചാണ് ബിപിസിഎല്‍ ആരംഭിച്ചത്. അതോടൊപ്പം തന്നെ രണ്ട് എണ്ണക്കമ്പികള്‍കൂടി ദേശസാല്‍ക്കരിച്ചു. കാരണം, ഭൂരിഭാഗം എണ്ണക്കമ്പനികളുടെ നിയന്ത്രണം സര്‍ക്കാര്‍ അധീനതയിലാക്കുക എന്നതായിരുന്നു ലക്ഷ്യം. കോര്‍പ്പറേറ്റ് കമ്പനികളുടെ നിലപാട് രാജ്യതാത്പര്യത്തിനുവിരുദ്ധമായേക്കാം എന്ന ദീര്‍ഘവീക്ഷണം മൂലമാണ് ഇന്ദിരാഗാന്ധി ഇങ്ങനെയൊരു ശക്തമായ നിലപാട് സ്വീകരിച്ചത്. അങ്ങനെയുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങളെ അട്ടിമറിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. 
 
? ഈ കമ്പനിയുടെ കൈമാറ്റം ഏതൊക്കെ രീതിയിലാണ് ജനങ്ങളെ ബാധിക്കുന്നത്? 
ഒട്ടനവധിയുണ്ട്. ഒരു കാര്യം ഓര്‍ക്കുക പൊതുമേഖലയുടെ സമ്പത്ത് എന്നു പറയുന്നത് ഈ നാട്ടിലെ ജനങ്ങളുടേതാണ്. അതുകൊണ്ടു തന്നെ ഓരോ പൗരന്‍റെയും സ്വത്താണ് അന്യാധീനപ്പെടാന്‍ പോകുന്നത്.
 
മറ്റൊന്ന് ഇന്ധനമേഖലയിലെ കുത്തക കോര്‍പ്പറേറ്റുകള്‍ക്കു കൊടുത്താല്‍ അവര്‍ക്കു തോന്നിയ പോലെയാകും വില നിശ്ചയിക്കുന്നത്. ഇത് ഏറ്റവുമധികം ബാധിക്കുന്നത് സാധാരണജനങ്ങളെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ഫാക്ട്, എച്ച്.ഒ.സി എന്നിവയൊക്കെ ബിപിസിഎല്ലില്‍നിന്നും ലഭിക്കുന്ന അസംസ്കൃത വസ്തുക്കളായ സള്‍ഫര്‍, ബെന്‍സീന്‍, പ്രൊപ്പിലീന്‍ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. സ്വകാര്യവത്കരണത്തിലൂടെ ഇതൊക്കെ അവതാളത്തിലാകും. നമ്മുടെ വളംനിര്‍മ്മാണത്തെപ്പോലും ബാധിക്കും. 
 
? സമരവും പ്രക്ഷോഭവും  നടക്കുമ്പോഴും ഷെയര്‍വില്പന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടുപോകുകയാണല്ലോ?
 
അതെ, അവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തവും നിഗൂഢവുമായ ഒരു അജണ്ടയുണ്ട്. അതുകൊണ്ടാണ് പച്ചക്കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. 
 
ബിപിസിഎല്‍ വില്പന സംബന്ധിച്ചു ചോദ്യമുണ്ടായപ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത് ലാഭം കുറഞ്ഞു എന്നാണ്. തികച്ചും അവാസ്തവമാണത്. ലാഭവിഹിതത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 3.75 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനിയാണത്. മഹാരത്ന പദവിയുള്ള ബിപിസിഎല്‍.
ഇനി ഉണ്ടാകാന്‍ പോകുന്നത് പെട്രോ കെമിക്കല്‍ വ്യവസായമാണ്. അതു പ്രൈവറ്റ് കമ്പനികള്‍ക്കു വിട്ടുകൊടുക്കുന്നതിന്‍റെ ആദ്യപടിയാണ് ഈ വില്പന. യു.പി.എ. ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഒന്നും വിറ്റിട്ടില്ല. ബിജെപി ഗവണ്‍മെന്‍റാകട്ടെ എല്ലാം വിറ്റുകൊണ്ടേയിരിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ ഇങ്ങനെ പൊതുമുതല്‍  അന്യാധീനപ്പെടുത്തുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW