07:45am 03 July 2024
NEWS
"കൊഞ്ച് തീയലും അയല വറുത്തതും കൂട്ടി വയറ് നിറച്ചും കഴിച്ചതിന് ശേഷമാണ് ഞാന്‍ ജനിക്കുന്നത്, ബാക്കി സഹോദരങ്ങളൊക്കെ ജനിച്ചപ്പോള്‍ അമ്മ പട്ടിണിയിലായിരുന്നു" ;നടി കല്പന
20/08/2022  02:49 PM IST
Silpa s pal
HIGHLIGHTS

"18 വയസ് കഴിയുന്നത് വരെയും ഒരു കട്ടിലിലാണ് ഞങ്ങള്‍ അഞ്ച് പേരും കിടന്ന് ഉറങ്ങിയിരുന്നത്..."

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഹാസ്യ അഭിനേത്രിയായിരുന്നു നടി കല്പന. ആ സ്ഥാനത്തേക്ക് പകരമായി വേറെ ആർക്കും കടന്ന് വരാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഒട്ടേറെ സിനിമകളിലാണ് താരം അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയത്. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് വരെ നടിക്ക് ലഭിച്ചിട്ടുണ്ട്. 

എന്നാൽ തരാം ഏവരെയും വേർപിഴിഞ്ഞിട്ട് 6 വർഷങ്ങളോളം ആയിരിക്കുന്നു. 
2016 ജനുവരി 25ന് പുലർച്ചെയാണ് സിനിമാ ആരാധകരെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ചുകൊണ്ടും സങ്കടത്തിലാഴ്ത്തികൊണ്ടും താരത്തിൻ്റെ മരണവാർത്ത അറിഞ്ഞത്. ആർക്കും ഇന്നേവരെ വിശ്വസിക്കാൻ കഴിയാത്ത ഒരു വാർത്തയാണത്. എന്നാലിപ്പോൾ തന്റെ ജനനത്തെ കുറിച്ച് കല്‍പന മുൻപ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴുള്ള വീഡിയോയാണ് വീണ്ടും ശ്രദ്ധനേടിയിരിക്കുന്നത്.
 
നടിയുടെ വാക്കുകൾ:

"ഞങ്ങള്‍ 5 മക്കളില്‍ ഞാന്‍ മാത്രമാണ് കുടുംബത്തില്‍ പിറന്നത്. ബാക്കിയെല്ലാവരും ആശുപത്രിയിലായിരുന്നു. ഒരു വിജയദശമി ദിനത്തിലാണ് ഞാന്‍ ജനിക്കുന്നത്. പൂജ വെക്കുന്നതിന് തലേന്ന് അമ്മയ്ക്ക് ഡാന്‍സ് പ്രോഗ്രാം ഉണ്ടായിരുന്നു. അമ്മ എന്നെ വയറ്റിലിട്ട് ഡാന്‍സൊക്കെ കളിച്ച് വീട്ടില്‍ വന്ന് അര്‍ധരാത്രിയായപ്പോള്‍ വയറ് വേദന ഉണ്ടായി. അസമയം ആയല്ലോ, ആശുപത്രിയില്‍ പോവാമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഇന്നെന്തായാലും പ്രസവം ഉണ്ടാവില്ലെന്ന് അമ്മ പറഞ്ഞത് കൊണ്ട്, പോയില്ല.

പക്ഷേ രാത്രി വേദന കൂടിയതോടെ ഒരു വയറ്റാട്ടിയെ കൂട്ടികൊണ്ട് വന്നു. അവര്‍ അകത്തേക്ക് കയറി നോക്കിയതും വീട്ടില്‍ കറന്റ് പോയി. ഒരു വിളക്ക് കത്തിച്ചോണ്ട് വരാന്‍ അച്ഛന്റെ അമ്മയോട് പറഞ്ഞു. അന്ന് മണ്ണെണ്ണ വിളക്കാണ്. അച്ഛമ്മ പോയി എടുത്തോണ്ട് വന്നത് ഉമീക്കരിയും രണ്ട് ഈര്‍ക്കിലിയുമായിരുന്നു. അച്ഛമ്മയ്ക്ക് സമനില തെറ്റിയത് പോലെയായി. കുറച്ച് കഴിഞ്ഞപ്പോഴെക്കും വിളക്ക് കിട്ടി.

കൊഞ്ച് തീയലും അയല വറുത്തതും കൂട്ടി വയറ് നിറച്ചും കഴിച്ചതിന് ശേഷമാണ് ഞാന്‍ ജനിക്കുന്നത്. ബാക്കി സഹോദരങ്ങളൊക്കെ ജനിച്ചപ്പോള്‍ അമ്മ പട്ടിണിയിലായിരുന്നു. ഇത്രയും ഭക്ഷണം കഴിച്ചത് കൊണ്ടാണോ അതോ പ്രസവവേദനയാണോ എന്ന് അമ്മയ്ക്ക് മനസിലായില്ല. വയറ് ഒഴിഞ്ഞപ്പോഴാണ് കുഞ്ഞ് പുറത്ത് വന്നല്ലേ എന്ന് അമ്മ പറയുന്നത്. അനക്കമില്ലല്ലോ എന്ന് പറഞ്ഞ് വിളക്ക് ചെരിച്ച് നോക്കുമ്പോള്‍ ഞാന്‍ കട്ടിലിന്റെ സൈഡില്‍ കിടപ്പുണ്ട്. എന്നെ കൈയ്യിലെടുത്ത ശേഷം ചന്തിയ്ക്ക് ഒറ്റൊരു അടി അടിച്ചു. അന്ന് തുറന്ന എന്റെ വായ ഇന്നും അടച്ചിട്ടില്ലെന്ന് അമ്മ പറയും... ഒറ്റക്കരച്ചിലായിരുന്നു.....

ആ ദിക്ക് മുഴുവന്‍ എന്റെ കരച്ചില്‍ കേട്ടിട്ടുണ്ടാവും. ബാക്കി മക്കളെയൊക്കെ അമ്മ പട്ടിണി കിടന്നും വേദനിച്ചും പ്രസവിച്ചതാണ്. അതുകൊണ്ട് ഇന്നും എവിടെ പോയാലും എനിക്ക് കൃത്യമായി ഭക്ഷണം കിട്ടും. ഭക്ഷണമാണ് എനിക്ക് പ്രധാനം. എന്ന് കരുതി ഒരുപാട് കറികളൊക്കെ കണ്ടാല്‍ എനിക്ക് കഴിക്കാന്‍ പറ്റില്ല. സാമ്പാർ, അവിയല്‍, ചമ്മന്തി, അതൊക്കെയാണ് എനിക്കിഷ്ടം. നോണ്‍ വെജ് ഒന്നും കഴിക്കില്ല. അമ്മയെ മാറ്റി നിര്‍ത്തി ഒരു ജീവിതം എനിക്കില്ല. അത്രയും അറ്റാച്ചമെന്റാണ് കുടുംബത്തോട്. 18 വയസ് കഴിയുന്നത് വരെയും ഒരു കട്ടിലിലാണ് ഞങ്ങള്‍ അഞ്ച് പേരും കിടന്ന് ഉറങ്ങിയിരുന്നത്. ആണ്‍കുട്ടികള്‍ക്ക് ഒരു കട്ടിലും ഞങ്ങള്‍ മൂന്ന് പേരും അമ്മയും ഒന്നിച്ച് ഒരു കട്ടിലിലുമായി കിടന്നു. ഞങ്ങളില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ അത് അച്ഛനും അമ്മയും തന്നതാണ്. ഞങ്ങള് തന്നെയാണ് ഞങ്ങളുടെ സുഹൃത്തുക്കള്‍."- കല്പന പറഞ്ഞു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA