09:05am 08 July 2024
NEWS
ഡ്യൂട്ടിയിലിരിക്കിടെ മരണപ്പെട്ട അഗ്നിവീറിന്റെ സംസ്‌കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാത്തതിന് കാരണം വ്യക്തമാക്കി സൈന്യം
16/10/2023  08:37 AM IST
nila
ഡ്യൂട്ടിയിലിരിക്കിടെ മരണപ്പെട്ട അഗ്നിവീറിന്റെ സംസ്‌കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാത്തതിന് കാരണം വ്യക്തമാക്കി സൈന്യം
HIGHLIGHTS


അർഹതപ്പെട്ട ആനുകൂല്യങ്ങളും പ്രോട്ടോക്കോളുകളും സംബന്ധിച്ച് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിന് മുമ്പോ ശേഷമോ ചേർന്ന സൈനികരെന്ന് സായുധ സേനകൾ വേർതിരിക്കുന്നില്ല

ന്യൂഡൽഹി: ഡ്യൂട്ടിയിലിരിക്കിടെ മരണപ്പെട്ട അഗ്നിവീറിന്റെ സംസ്‌കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാത്തതിന് കാരണം വ്യക്തമാക്കി സൈന്യം. ജമ്മു കശ്‌മീരിൽ മരിച്ച അഗ്നിവീർ അമൃത്പാൽ സിംഗിന്റെ സംസ്കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാതിരുന്നത് വിവാദമായതോടെയാണ് സൈന്യം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. അമൃത്പാൽ സിംഗ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും ഇത്തരം മരണങ്ങളിൽ ശവസംസ്‌കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികൾ നൽകാനാവില്ലെന്നും സൈന്യം വ്യക്തമാക്കുന്നു.

രജൗരി സെക്‌ടറിൽ സെൻട്രി ഡ്യൂട്ടിയിലിരിക്കെ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് അമൃത്പാൽ സിംഗ് മരിച്ചതായി കരസേനയുടെ നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോർപ്‌സ് ശനിയാഴ്‌ച അറിയിച്ചിരുന്നു. "ആത്മഹത്യയിൽ നിന്നോ സ്വയം വരുത്തിവച്ച മുറിവിൽ നിന്നോ ഉണ്ടാകുന്ന നിർഭാഗ്യകരമായ മരണങ്ങളിൽ സായുധ സേന അർഹമായ ബഹുമാനവും, കുടുംബത്തിനോട് ആഴത്തിലുള്ളതും നിലനിൽക്കുന്നതുമായ സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. എന്നാൽ, 1967ലെ നിലവിലുള്ള ആർമി ഓർഡർ അനുസരിച്ച് ഇത്തരം കേസുകൾക്ക് സൈനിക ശവസംസ്‌കാരത്തിന് അർഹതയില്ല. ഈ വിഷയത്തെക്കുറിച്ചുള്ള നയം ഒരു വിവേചനവുമില്ലാതെ അന്നുമുതൽ പിന്തുടർന്നു വരുന്നു" - സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. 

അർഹതപ്പെട്ട ആനുകൂല്യങ്ങളും പ്രോട്ടോക്കോളുകളും സംബന്ധിച്ച് അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിന് മുമ്പോ ശേഷമോ ചേർന്ന സൈനികരെന്ന് സായുധ സേനകൾ വേർതിരിക്കുന്നില്ലെന്നും സൈന്യം വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL