09:26am 01 July 2024
NEWS
കയ്യൊതുക്കത്തോടെ, കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയ അഖില ഭാർഗ്ഗവൻ
16/06/2024  08:42 AM IST
രമ്യമുകുന്ദൻ
കയ്യൊതുക്കത്തോടെ, കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയ അഖില ഭാർഗ്ഗവൻ
എവിടെയോ കണ്ട ഒരോർമ്മ
എവിടെയോ കണ്ടുമറന്നെന്ന് തോന്നുന്ന മുഖം. 'പ്രേമലു'വിലെ നായിക റീനുവിന്റെ കൂട്ടുകാരിയെ കാണുമ്പോൾ ആദ്യം തോന്നുക എവിടെ വച്ചാണ്. ഈ മിടുക്കിയെ കണ്ടതെന്നാവും. അഖില ഭാർഗ്ഗവനാണ് കാർത്തിക എന്ന അടിപൊളി കൂട്ടുകാരിയെ ഭംഗിയായി അവതരിപ്പിച്ചത്. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്‌സ്' എന്ന ഗംഭീരൻ ഷോർട്ട് ഫിലിമിലായിരുന്നു മലയാളികൾ ആദ്യം ഈ മുഖം കണ്ടത്. പയ്യന്നൂർകാരിയായ അഖില ഇൻസ്റ്റഗ്രാം റീലുകൾ വഴിയാണ് മലയാളികളുടെ മനസ്സിലെത്തിയത്. കൂടെ കട്ടസപ്പോർട്ടുമായി ജീവിതപങ്കാളി രാഹുലുമുണ്ട്. അഖിലയുടെ ഏറ്റവും വലിയ പിന്തുണയും രാഹുൽതന്നെയാണ്. കയ്യൊതുക്കത്തോടെ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയ അഖിലയുടെ വിശേഷങ്ങൾ...
 
സന്തോഷം തരുന്ന സന്ദേശങ്ങൾ
നല്ല പ്രതികരണങ്ങളാണ് ഇതുവരേയും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒ.ടി.ടിയിൽ സിനിമ റിലീസായശേഷം ഒരുപാട് മെസേജുകൾ ഇൻസ്റ്റയിലും മറ്റുമായി വരുന്നുണ്ട്. വലിയ സന്തോഷം. സിനിമയ്ക്ക് എല്ലാവരുമായും കണക്ട് ചെയ്യാനായി. ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങളിൽകൂടി കടന്നുപോയവർ ഏറെയുണ്ടാകുമല്ലോ. അതേപോലെ സൗഹൃദങ്ങളുടെ കഥ കൂടിയാണല്ലോ സിനിമ പറഞ്ഞത്. പുതിയ ജനറേഷന് ഏറ്റവും പ്രധാനം സൗഹൃദങ്ങളാണല്ലോ.. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ആഘോഷം കൂടിയായി 'പ്രേമലു.' സിനിമ കണ്ട് അതിലെ തീരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചാണ് ആളുകൾ നല്ല വാക്കുകൾ പറയുന്നത്. നമ്മൾ ഒരു മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നു. ആ കഥാപാത്രത്തിന്റെ പേരിൽ തിരിച്ചറിയപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു. വലിയ സന്തോഷം തരുന്ന കാര്യങ്ങളാണവ. സിനിമാമേഖലയിലുള്ളവരും വിളിച്ചതാണ് മറ്റൊരു സന്തോഷം. സംവിധായകൻ നഹാസ് ചേട്ടൻ, ഗ്രേസ് ആന്റണി, വിൻസി എന്നിവരുൾപ്പെടെ എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചു.
 
നല്ലതാണേൽ ഗിരീഷേട്ടനും ഓക്കെയാണ്
ഡയറക്‌ടേഴ്‌സ് ആക്ടർ തന്നെയാണ് ഞാൻ. അഭിനയിക്കുമ്പോൾ നമ്മുടേതായ രീതിയിലുള്ള ഫ്രീഡം തരുന്ന ഡയറക്ടറാണ് ഗിരീഷേട്ടൻ. നമ്മുടേതായ എന്തെങ്കിലും ഇംപ്രോവൈസേഷൻ ഉണ്ടെങ്കിൽ അത് നല്ലതാണെങ്കിൽ ചെയ്‌തോ എന്നുതന്നെ പറയും. ഇനി അത് ഓക്കെയല്ലെങ്കിൽ അതുവേണ്ട, നമുക്ക് ഒന്നുകൂടെ ചെയ്യാം എന്നുതന്നെ പറയും. സിനിമയിലെ ചില സീനുകളിലൊക്കെ നസ്ലിന്റെയും സംഗീതേട്ടന്റെയും ശ്യാമേട്ടന്റെയും കയ്യിൽ നിന്നുണ്ട്. അത് എക്‌സ്പ്രഷൻസായും മൂവ്‌മെന്റായും വന്നപ്പോൾ സിനിമയിലെ രസമുള്ള മുഹൂർത്തങ്ങളായി. ഈ സിനിമയിൽ നമ്മൾ കയ്യടിച്ച് ചിരിക്കുന്ന പല സീനുകളിലും ഇങ്ങനെ അവരുടെ സംഭാവനകൾ ഉണ്ട്. പ്രേമലുവിൽ ആളുകൾ ഏറ്റവും കൂടുതൽ ചിരിച്ചത്. 'യയയാ' പാട്ടുരംഗത്തിൽ നസ്ലിന്റെയും സംഗീതിന്റെയും പെർഫോമൻസ് കണ്ടാണെന്ന് എനിക്ക് തോന്നുന്നത്. അവരുടെ തലയൊട്ടലൊക്കെ ആളുകളെ കുടുകുടെ ചിരിപ്പിച്ചു. അതൊക്കെ രണ്ടുപേരും ചേർന്ന് സ്‌പോട്ടിൽ കൊണ്ടുവന്ന കാര്യങ്ങളാണ്. സ്‌ക്രിപ്റ്റിൽ അങ്ങനെ ഉണ്ടായിരുന്നില്ല. അവർ ഡാൻസ് കാണുന്നു. അവരുടെ റിയാക്ഷൻസ് എന്ന നിലയിലേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ഇത്രയും രസകരമായ രീതിയിലേക്ക് മാറിയത്. ഷോട്ടിലേക്ക് പോകുന്നതിന് മുമ്പ് എല്ലാവരുമായി ഇരുന്ന് ഒന്ന് സംസാരിക്കും. ഇങ്ങനെ ചെയ്‌തോട്ടെ, ഈ രീതിയിൽ ചെയ്താൽ ഓക്കെയായിരിക്കും എന്നൊക്കെ ഗിരീഷേട്ടനോട് ചോദിക്കുന്നത് ആ സമയത്താണ്. നമ്മൾ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പിന്തുണച്ചാണ് മുന്നോട്ടുപോയത്. ഞങ്ങളെല്ലാവരും കൂടെ കൂട്ടായതിന്റെ രസമുണ്ടായിരുന്നു. ഷൂട്ടിംഗിന് മുമ്പ് ഞങ്ങളെല്ലാവരും പരിചയപ്പെടാനും മറ്റുമായി ഒരു വർക്ക് ഷോപ്പ് നടത്തിയിരുന്നു. സീനുകളൊക്കെ റിഹേഴ്‌സൽ ചെയ്തുനോക്കി. ഹൈദരാബാദിലെത്തിയപ്പോഴാണ് ഞങ്ങൾ എല്ലാവരുമായും നല്ല അടുപ്പമായത്.
 
പബ്ബിലെ നീണ്ട ഡയലോഗ്
പബ്ബിൽ വച്ച് കാർത്തിക അമൽ ഡേവിസിനോട് റീനുവിനെക്കുറിച്ച് പറയുന്ന ഡയലോഗ് സിനിമയിലെ ഒരു പ്രധാന സീനായിരുന്നു. ഇത്തിരി നീളമുള്ള ഡയലോഗായിരുന്നു. പക്ഷേ ഒരു രസമുള്ളത് ഈ ഡയലോഗ് തന്നെയായിരുന്നു. ഓഡിഷനിലും എനിക്ക് പറയാനായി തന്നത് എന്നതാണ്. അതുകൊണ്ട് എനിക്കത് ബൈ ഹാർട്ടായിരുന്നു. അധികം ഷോട്ടൊന്നും പോയില്ല. ആ സീനിൽ ഉപയോഗിച്ച ഡ്രസിനെക്കുറിച്ചും നല്ലതാണെന്നും പറഞ്ഞ് കുറേ കമന്റുകൾ വന്നിരുന്നു. ധന്യാബാലകൃഷ്ണനായിരുന്നു സിനിമയുടെ കോസ്റ്റ്യൂംഡിസൈനർ. കോസ്റ്റ്യൂംസിലുള്ള മമ്മാലിക്കയാണ് എന്റെ ആ ഡ്രസ്സ് സ്റ്റിച്ച് ചെയ്തത്. സെറ്റിലുള്ളവരുമായൊക്കെ നല്ല കമ്പനിയായിരുന്നു എല്ലാവരും. അതിന്റെ ഒരു രസം ഷൂട്ടിംഗിൽ മൊത്തമുണ്ടായിരുന്നു.
 
അനുരാഗ് വഴി വന്ന സിനിമ
അഭിനയിക്കാൻ ഇഷ്ടമായിരുന്നു. റീൽസൊക്കെ ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു. ഞാനും ഹസ്ബന്റും രാഹുലും ചേർന്നാണ് റീൽസൊക്കെ ചെയ്തിരുന്നത്. പിന്നെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാൻ തുടങ്ങിയപ്പോൾ നല്ല കണ്ടന്റ് തന്നെ വേണമെന്ന് തീരുമാനിച്ചു. കുറച്ചൂടെ ഗൗരവമായി റീൽസ് ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ റീച്ചായി. 'അനുരാഗ് എൻജിനീയറിംഗ് വർക്ക്‌സ്' എന്ന ഹിറ്റ് ഷോർട്ട് ഫിലിമിലേക്ക് അവസരം ലഭിച്ചത് അങ്ങനെയാണ്. ജീവിതത്തിലെ വഴിത്തിരിവായ നിമിഷം അതായിരുന്നു എന്നുതന്നെ പറയാം. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് അങ്ങോട്ടേയ്ക്കുള്ള വിളി വന്നത്. ആ ഷോർട്ട് ഫിലിം എല്ലാവരും ഏറ്റെടുത്തു. പണ്ടൊന്നും കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളൊന്നും അങ്ങനെ സിനിമകളിലൊന്നും വരാറില്ലല്ലോ.. ഇപ്പോ കുറെ സിനിമകൾ വന്നുതുടങ്ങിയത് കൊണ്ടാവാം നാടൻ മട്ടിലുള്ള ആ ഷോർട്ട് ഫിലിമിന് അത്രയധികം സ്വീകാര്യത ലഭിച്ചതും എല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിച്ചതും. നേരത്തെ കണ്ണൂർഭാഷ കേൾക്കുമ്പോൾ കൂടുതൽ പേരും കളിയാക്കുകയും മറ്റും ചെയ്യും. ഇപ്പോൾ പിന്നെ ആ പ്രശ്‌നമില്ല. കണ്ണൂരുകാരിയാണല്ലേ, കേൾക്കാൻ നല്ല രസമുണ്ട് എന്നൊക്കെ പറയും. വലിയ മാറ്റം തന്നെയാണ് ഉണ്ടായിട്ടുള്ളത്.
 
'പ്രേമലു' സൗഹൃദങ്ങൾ
മമിത ബൈജുവുമായിട്ടായിരുന്നു എനിക്ക് കൂടുതൽ കോമ്പിനേഷൻ രംഗങ്ങൾ. അഭിനേതാക്കൾക്ക് താമസിക്കുവാൻ ഒരു അപ്പാർട്ടുമെന്റ് എടുത്തിരുന്നു. അതുകൊണ്ടുതന്നെ ഷൂട്ട് കഴിഞ്ഞ് വന്നാൽ നസ്ലിൻ, സംഗീതേട്ടൻ, ശ്യാമേട്ടൻ, മമിത, ഞാൻ എല്ലാവരും സംസാരിക്കും, ഫുഡ് ഉണ്ടാക്കി കഴിക്കും. അന്നുണ്ടായ തമാശകൾ പങ്കുവയ്ക്കും. പരസ്പരം കളിയാക്കും. അങ്ങനെ നല്ല രസമായിരുന്നു സെറ്റ്. എത്ര വൈകിയാണ് ഷൂട്ട് കഴിഞ്ഞുവന്നതെങ്കിലും ടെറസിലെത്തി സംസാരിക്കാൻ ഞങ്ങൾ മറക്കാറില്ല. ഇങ്ങനെ എപ്പോഴും സംസാരിക്കുന്നതുകൊണ്ടും പരസ്പരം കണക്ട് ആയതുകൊണ്ടും ഞങ്ങളെല്ലാവരും തമ്മിൽ നല്ല വൈബാണ്. മമിത എത്രയോ സിനിമകൾ ചെയ്ത ആളാണ്. പക്ഷേ ഫേവറിറ്റ് ഈ സെറ്റായിരുന്നു എന്നാണ് എപ്പോഴും പറയാറുള്ളത്. മറ്റുള്ളവർക്കും അങ്ങനെ തന്നെയായിരിക്കുമെന്നാണ് തോന്നുന്നത്.
 
കൂടെയുണ്ട് കുടുംബം
രാഹുലാണ് ഫുൾ സപ്പോർട്ട്. ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ടുമെന്റിൽ ഓഫീസറാണ് രാഹുൽ. ഓഡിഷനും ഷൂട്ടിംഗിനുമെല്ലാം പോകുമ്പോൾ എത്ര തിരക്കാണെങ്കിലും അതെല്ലാം മാനേജ് ചെയ്താണ് എനിക്കൊപ്പം വരുന്നത്. ലീവൊക്കെ അഡ്ജസ്റ്റ് ചെയ്ത് പറ്റാവുന്ന രീതിയിലൊക്കെ സപ്പോർട്ട് തന്ന് കൂടെ നിൽക്കും. കാസ്റ്റിംഗ് കോളൊക്കെ കണ്ടാൽ എന്നോടുപോലും ചോദിക്കാതെ ഡീറ്റെയിൽസ് അയയ്ക്കും. പ്രേമലുവിൽ എന്റെ ഭാവിവരൻ വികാസായി അഭിനയിച്ചതും രാഹുലേട്ടനാണ്. അനുരാഗ് എൻജിനീയറിംഗ് വർക്‌സിലും അഭിനയിച്ചിരുന്നു. എന്റെ വീട് കണ്ണൂരിൽ പയ്യന്നൂരിൽ ആണ്. മൈക്രോബയോളജിസ്റ്റ് ആയാണ് ജോലി ചെയ്യുന്നത്. എന്റെ കുടുംബവും രാഹുലേട്ടന്റെ കുടുംബവും ഫുൾ സപ്പോർട്ടാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM