11:43am 05 July 2024
NEWS
പൊലീസിന് തുമ്പായത് അവളെ പോലെ നിന്നെയും കൊല്ലുമെന്ന ഭീഷണി
02/07/2024  03:59 PM IST
nila
പൊലീസിന് തുമ്പായത് അവളെ പോലെ നിന്നെയും കൊല്ലുമെന്ന ഭീഷണി

ആലപ്പുഴ: പതിനഞ്ച് വർഷം മുമ്പ് മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ പൊലീസിന് തുമ്പായത് യുവതിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ സ്വന്തം ഭാര്യയെ ഭീഷണിപ്പെടുത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവരിൽ ഒരാൾ 'അവളെപ്പോലെ നിന്നെയും കൊല്ലും' എന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയതാണ് 15 വർഷങ്ങൾക്കു ശേഷം കല തിരോധാനം വീണ്ടും പൊലീസ് പൊടിതട്ടിയെടുക്കാൻ കാരണമായത്. ഈ സംഭവത്തിന് പിന്നാലെ പൊലീസിന് ഊമക്കത്ത് ലഭിക്കുകയായിരുന്നു. പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം മറവുചെയ്തെന്ന് സംശയിക്കുന്ന സ്ഥലം കുഴിച്ച് പരിശോധന നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

 15 വർഷം മുൻപാണ് കലയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനിൽ പരാതിയും നൽകിയിരുന്നു. അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനിൽ വീണ്ടും വിവാഹിതനായി. കലയെ വീട്ടുവളപ്പിലെ ശുചിമുറിയോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായാണ് സംശയിക്കുന്നത്.

കലയുമായുള്ള ബന്ധത്തിൽ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ടുമക്കളും. നാട്ടിൽ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കല കൊല്ലപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. പരിശോധനയ്ക്ക് ശേഷം ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് വിശദീകരിക്കമെന്നാണ് കരുതുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha