12:02pm 01 July 2024
NEWS
ജില്ലാബാങ്കുകളുടെ കഴുത്ത് ഞെരിച്ചതാണ് എല്ലാത്തിനും കാരണം: ശൂരനാട് രാജശേഖരൻ
18/12/2023  09:03 AM IST
പി. ജയചന്ദ്രൻ
ജില്ലാബാങ്കുകളുടെ കഴുത്ത് ഞെരിച്ചതാണ് എല്ലാത്തിനും കാരണം: ശൂരനാട് രാജശേഖരൻ
HIGHLIGHTS

ശൂരനാട് രാജശേഖരൻ (സംസ്ഥാന സഹകരണബാങ്ക് മുൻ വൈസ് പ്രസിഡന്റ്)

എല്ലാറ്റിനും കാരണം

ജില്ലാബാങ്കുകളുടെ പിരിച്ചുവിടൽ

? ആരൊക്കെ എത്രയൊക്കെ മൂടിവയ്ക്കാൻ ശ്രമിച്ചാലും നമ്മുടെ സഹകരണ ബാങ്കിംഗ് മേഖല ഗുരുതരമായ ഒരു പ്രതിസന്ധി കാലഘട്ടത്തെയാണല്ലോ അഭിമുഖീകരിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റായും പ്രസിഡന്റായുമൊക്കെ പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന ഒരു സഹകാരി കൂടിയായ താങ്കളുടെ വിലയിരുത്തലിൽ കാര്യങ്ങൾ എവിടെയാണ് എത്തിനിൽക്കുന്നത്.

തീർച്ചയായും ഇതൊരു ഗുരുതരമായ പ്രതിസന്ധി ഘട്ടം തന്നെയാണ്. അങ്ങനെയല്ല എന്നു സ്ഥാപിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെങ്കിലും സഹകരണ ബാങ്കിംഗ് മേഖലയോട് ഇന്നലെവരെയുണ്ടായിരുന്ന വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. അതിന്റെ പ്രധാന കാരണമായി ഞാൻ കാണുന്നത് കേരളാബാങ്കിന്റെ രൂപീകരണമാണ്. ഏതോ മഹാസംഭവംപോലെ കൊട്ടും കുരവയുമായി എൽ.ഡി.എഫ് സർക്കാർ കേരളാബാങ്കുമായി രംഗത്തു വന്നപ്പോൾ തന്നെ ഞങ്ങൾ മുഴുവൻ സഹകാരികളും പറഞ്ഞു, ഇത് അപകടമാണെന്ന്. പക്ഷേ സർക്കാർ അതുകേട്ടില്ല. ഞങ്ങളങ്ങനെ പറയുവാൻ ഒരു കാരണമുണ്ടായിരുന്നു. കേരളാബാങ്കിന്റെ രൂപീകരണത്തോടെ ജില്ലാസഹകരണ ബാങ്കുകൾ ഇല്ലാതാകും എന്നുള്ളതുകൊണ്ടാണ് ഞങ്ങൾ എതിർത്തത്.

നമ്മുടെ മിക്കവാറും ജില്ലാ ബാങ്കുകൾ നൂറുവർഷം പഴക്കമുള്ളവയാണ്. ഭൂരിപക്ഷവും നൂറുവർഷം കഴിഞ്ഞവയാണ്. ഏതാനും ചിലതിന് മാത്രമേയുള്ളൂ നൂറുവയസ്സിൽ താഴെ പ്രായം. അതായത് നൂറുവർഷം പഴക്കവും പാരമ്പര്യവുമുള്ള ഒരു സംവിധാനം ഇവിടെ നിലവിലുണ്ടായിരുന്നു. ജില്ലാബാങ്ക് എന്നുപറഞ്ഞാൽ ശരിക്കും സെൻട്രൽ ബാങ്കാണ്. ജില്ലയിലെ പ്രൈമറി സഹകരണ ബാങ്കുകളുടെ സെൻട്രൽ ബാങ്ക്. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് വായ്പ നൽകുക, ഓഡിറ്റ് നടത്തുമ്പോൾ ചൂണ്ടിക്കാണിക്കുന്ന ന്യൂനതകൾ നേരെയാക്കുക തുടങ്ങി പ്രൈമറി ബാങ്കുകളെ കണ്ണിലെണ്ണയൊഴിച്ച് നിരീക്ഷിക്കുന്ന ചുമതലയായിരുന്നു ജില്ലാ ബാങ്കുകൾക്കുണ്ടായിരുന്നത്. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ പ്രൈമറി ബാങ്കുകൾക്ക് വീഴ്ചകൾ സംഭവിക്കാതെ, അവയെ മക്കളെപ്പോലെ സംരക്ഷിക്കുവാൻ ജില്ലാബാങ്ക് എന്ന സംവിധാനം നമുക്കുണ്ടായിരുന്നു. നൂറുവർഷമായി നടന്നുവന്നിരുന്ന ഒരു സംവിധാനമാണത്.

ആ സംവിധാനമാണ് ഇവർ ഒറ്റയടിക്ക് ഇല്ലാതാക്കിയത്.

ജില്ലാ ബാങ്കുകൾ പിരിച്ചുവിട്ട് വേറൊരു ബാങ്ക് ഉണ്ടാക്കണം എന്നുപറഞ്ഞപ്പോൾ സി.പി.എമ്മിന്റെ സഹകാരികളൊഴിച്ച് ബാക്കിയുള്ളവരൊക്കെ പറഞ്ഞു, ഇത് സൂക്ഷിക്കണം,  ഒറ്റയടിക്ക് ചെയ്യാവുന്ന സംവിധാനമല്ല, ഒരു നൂറ്റാണ്ടായി നിലനിൽക്കുന്ന സംവിധാനം ഇല്ലാതാക്കുമ്പോൾ ബദൽ സംവിധാനം ശരിയാണോ എന്നുനോക്കണം എന്നൊക്കെ പറഞ്ഞു.

എന്നാൽ ഗവൺമെന്റ് അതൊന്നും കേട്ടില്ല. കാരണം കേരളാബാങ്ക് രൂപീകരണം എന്നുള്ള കാര്യത്തിൽ വല്ലാത്തൊരു നിർബന്ധവും പിടിവാശിയുമായിരുന്നു അവർക്ക്.

പിരിച്ചുവിട്ടത്

കൊള്ളയടിക്കാൻ

? എന്തായിരുന്നു അങ്ങനൊരു നിർബന്ധത്തിന് കാരണം.

അതിനൊരു പ്രധാനകാരണം, നിലവിലുണ്ടായിരുന്ന പതിനാല് ജില്ലാ ബാങ്കുകളിൽ പതിമൂന്നും ഭരിച്ചുകൊണ്ടിരുന്നത് യു.ഡി.എഫ് ആയിരുന്നു. അവയൊക്കെയും ശക്തമായ തെരഞ്ഞെടുപ്പിലൂടെയാണ് യു.ഡി.എഫിന്റെ കയ്യിൽ എത്തിച്ചേർന്നത്. പാലക്കാട് ജില്ലാ ബാങ്ക് മാത്രമായിരുന്നു എൽ.ഡി.എഫിന്റെ ഭരണത്തിൽ.

ആ ജില്ലാ ബാങ്കുകളിൽ കുമിഞ്ഞുകൂടിക്കിടന്നിരുന്ന കോടിക്കണക്കിന് രൂപയിലായിരുന്നു എൽ.ഡി.എഫിന്റെ കണ്ണുകൾ. യു.ഡി.എഫ് ഭരണത്തിലിരിക്കുവോളം കാലം, ആ പണമെടുത്ത് തന്നിഷ്ടം പോലെ ചെലവഴിക്കുവാൻ കഴിയില്ല എന്നുള്ളതുകൊണ്ടാണ് ഇങ്ങനുള്ള വളഞ്ഞ വഴികളൊക്കെ ആലോചിക്കുവാൻ പ്രത്യേകിച്ചും സി.പി.എം തയ്യാറായത്. സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന, നല്ലൊരു സഹകാരിയാണ് പിണറായി വിജയൻ. ജില്ലാ ബാങ്കുകൾ ഇല്ലാതായാലുള്ള വിഷയങ്ങൾ നന്നായിട്ടറിയാവുന്ന  വ്യക്തിയുമായിരുന്നു. എന്നിട്ടാണ് അവിടുത്തെ പണം അടിച്ചെടുക്കാനായി മാത്രം കേരളാ ബാങ്കിന് ജന്മം നൽകിയത്. അതുപക്ഷേ രഹസ്യ അജണ്ടയായിരുന്നു.

പകരം മുഖ്യമന്ത്രി പറഞ്ഞത് സഹകരണ മേഖലയിൽ കേരളത്തിന്റേതായ  ഒരു ബാങ്ക് വന്നാൽ അതിനെ കേരളത്തിലെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റാം എന്നായിരുന്നു. സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളുടെയും ദേവസ്വം ബോർഡിന്റെയുമൊക്കെ മുഴുവൻ ഡെപ്പോസിറ്റും അവിടേക്ക് മാറ്റുമ്പോൾ കേരളത്തെ സംബന്ധിച്ചിടത്തോളം എസ്.ബി.ഐയെക്കാളും വലിയ ബാങ്കായി കേരളാബാങ്ക് മാറുമെന്നും ബാങ്കിലേക്ക് വരുന്ന പണം പാവപ്പെട്ട കർഷകർക്കും ചെറുകിട കച്ചവടക്കാർക്കുമൊക്കെ വായ്പയായി നൽകാമെന്നുമൊക്കെ പറഞ്ഞു.

അങ്ങനെയൊക്കെ വിശദീകരിച്ച മുഖ്യമന്ത്രി യഥാർത്ഥ വസ്തുത ഹിഡൻ അജണ്ടയാക്കി തന്നെ വച്ചു.

അങ്ങനെ ഒരു സുപ്രഭാതത്തിൽ 14 ജില്ലാ ബാങ്കുകളും പിരിച്ചുവിട്ടു. അതേത്തുടർന്ന് ശക്തമായ സമരമുണ്ടായിട്ടും പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല.

? അങ്ങനെ പിരിച്ചുവിടാൻ നിയമമുണ്ടോ.

1969 ലെ സഹകരണനിയമ പ്രകാരം ഒരു ബാങ്ക് പിരിച്ചുവിടാൻ രജിസ്ട്രാർക്ക് മാത്രമേ അധികാരമുള്ളൂ. അത് മതിയായ കാരണം പറഞ്ഞുകൊണ്ടായിരിക്കണം എന്നാണ് നിയമം. എന്നാലിവിടെ ഒരു കാരണവും പറയാതെയാണ് പതിനാല് ജില്ലാബാങ്കുകൾ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഇങ്ങനെ പിരിച്ചുവിട്ടാൽ തന്നെ, ആറുമാസത്തിനകം ജനാധിപത്യഭരണ സംവിധാനത്തിലാക്കണമെന്നും പറയുന്നുണ്ട്. അതായത് ആറ് മാസത്തിൽ കൂടുതൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം പാടില്ല എന്നർത്ഥം. എന്നാൽ ഗവൺമെന്റ് ചെയ്തത് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർക്ക് ചുമതല കൈമാറി. 6 മാസം കഴിഞ്ഞപ്പോൾ അഡ്മിനിസ്‌ട്രേറ്റർ ഭരണം 6 മാസത്തേക്ക് കൂടി നീട്ടി. ഗവൺമെന്റിന്റെ ഒരു പ്രത്യേക അധികാരം ഉപയോഗിച്ചാണ് അങ്ങനെ ചെയ്തത്. അതുകഴിഞ്ഞപ്പോൾ വീണ്ടും 6 മാസത്തേക്ക് നീട്ടി. അങ്ങനെ രണ്ടരവർഷക്കാലം നീട്ടിനീട്ടിക്കൊണ്ടുപോയി. കേരളത്തിൽ സഹകരണ പ്രസ്ഥാനം ഉടലെടുത്തശേഷമുള്ള ആദ്യ സംഭവമായിരുന്നു ആ ജനാധിപത്യ വിരുദ്ധചെയ്തി.

അന്നൊക്കെ അതിശക്തമായ സമരങ്ങൾ നടന്നെങ്കിലും ഒന്നും ക്ലച്ചുപിടിച്ചില്ല. എങ്കിലും ഉടൻതന്നെ കേരളാബാങ്ക് രൂപീകരിക്കും എന്നുള്ള വീമ്പുപറച്ചിലിന് കുറവൊന്നും ഉണ്ടായില്ല. അതിന് കാരണം റിസർവ്വ് ബാങ്കിന്റെ ഇടപെടലായിരുന്നു.

റിസർവ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം ഒരു ബാങ്കിന് ലൈസൻസ് കൊടുക്കണമെങ്കിൽ അതിന് ചില കണ്ടീഷനുകളൊക്കെയുണ്ട്. അതിൽ പ്രധാനം ബാങ്കിന്റെ തനത് ഫണ്ട് റിസർവ്വ് ബാങ്കിനെ ബോധ്യപ്പെടുത്തണം എന്നുള്ളതാണ്. അതായത് ബാങ്ക് രൂപീകരണത്തിന് ആവശ്യമായ പണം കാണിക്കണം. അത് കാണിച്ചാൽ മാത്രമേ അവർ ലൈസൻസ് നൽകുകയുള്ളൂ. അതിന് ഗവൺമെന്റിന് കഴിഞ്ഞില്ല. അതുകൂടാതെ വേറെയും ചില കണ്ടീഷൻസ് ഉണ്ടായിരുന്നു. രണ്ടരവർഷക്കാലമെടുത്തിട്ടും അത് പാലിക്കാൻ ഗവൺമെന്റിന് കഴിഞ്ഞില്ല. ആ കാലയളവിലാകെ ജില്ലാബാങ്കുകൾ അനാഥമായി കിടന്നു. ഉദ്യോഗസ്ഥരായിരുന്നു ഭരണം. വിദേശ നിക്ഷേപം സ്വീകരിക്കുവാനുൾപ്പെടെ ദേശസാൽകൃത ബാങ്കുകൾക്കുണ്ടായിരുന്ന എല്ലാ അവകാശങ്ങളുമുണ്ടായിരുന്ന പതിനാല് ജില്ലാബാങ്കുകൾ രണ്ടരവർഷക്കാലം അങ്ങനെ അനാഥമായി കിടന്നു.

തെരഞ്ഞെടുപ്പുകൾ

മുന്നിൽ കണ്ട് ഓഡിറ്റ്

റിപ്പോർട്ടുകൾ

പൂഴ്ത്തിവയ്പ്പിച്ചു

? അതും കരുവന്നൂർ, കണ്ടല പോലുള്ള ബാങ്കുകളും തമ്മിൽ എന്താണ് ബന്ധം.

പറയാം. ഈ രണ്ടരവർഷം കരുവന്നൂർ ബാങ്ക് ഭരിച്ചത് എ.സി. മൊയ്തീനായിരുന്നു. ആദ്യകുറച്ചുനാൾ മൊയ്തീൻ മന്ത്രിയായിരുന്നു. പിന്നെ പാർട്ടി സെക്രട്ടറിയാണ് ഭരിച്ചത്. ഇതുതന്നെയാണ് എല്ലായിടത്തും നടന്നത്. പേരിനൊരു അഡ്മിനിസ്‌ട്രേറ്ററെ വച്ചിട്ട് മാറി മാറി വന്ന പാർട്ടി സെക്രട്ടറിമാർ ബാങ്കിന്റെ ഭരണം കയ്യാളി.

ഈ ഘട്ടത്തിലാണ് ഇത്തരത്തിലൊരു അനിശ്ചിതാവസ്ഥ കരുവന്നൂരിൽ അരങ്ങേറിയത്. 2017 ലായിരുന്നു അത്. അതുകണ്ടപ്പോൾ തന്നെ ഓഡിറ്റർമാർ റിപ്പോർട്ട് ചെയ്തുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഒടുവിൽ പറച്ചിൽ പലവട്ടമായപ്പോൾ മൊയ്തീനടക്കമുള്ളവർ ഓഡിറ്റർമാരോട് പറഞ്ഞത്, ഇപ്പോളൊരു നടപടിക്കും പോകേണ്ട, പാർലമെന്റ് തെരഞ്ഞെടുപ്പ് വരുന്നു, പ്രതിപക്ഷം അത് ആയുധമാക്കും എന്നായിരുന്നു.

അതുകാരണം ഉദ്യോഗസ്ഥർക്ക്               ഒന്നും ചെയ്യാനായില്ല. പാർലമെന്റ് തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പേരിലും അതുകഴിഞ്ഞപ്പോൾ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞും എല്ലാം മൂടിവയ്പ്പിച്ചു. ഈ സമയത്തൊക്കെ കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും ബാങ്കിൽ ഇങ്ങനെ വല്ലക്രമക്കേടും ഉണ്ടോ എന്ന് തിരക്കി നടക്കുകയായിരുന്നു അവർ.

ജില്ലാബാങ്കുകൾ

ഉണ്ടായിരുന്നെങ്കിൽ

കരുവന്നൂരും കണ്ടലയും

ഉണ്ടാകുമായിരുന്നില്ല

? പുൽപ്പള്ളി കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്ന ബാങ്കായിരുന്നില്ലെ.

ശരിയാണ്. പുൽപ്പള്ളിയിലും അങ്ങനെ സംഭവിച്ചു. യു.ഡി.എഫ് ഭരണകാലത്തായിരുന്നു അത്. അതറിഞ്ഞ ഉടൻതന്നെ ഞങ്ങൾ അയാളുടെ പേരിൽ നടപടിയെടുത്ത് പുറത്താക്കി.  ആ പണം തിരിച്ചുപിടിച്ചു. ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഇവർക്കുള്ള പ്രശനം, ഇവർ ആരുടേയും പേരിൽ ഒരു നടപടിയും എടുത്തില്ല. പാർട്ടി സെക്രട്ടറിമാരും സംസ്ഥാന നേതൃത്വുവുമൊക്കെ അവരെ സംരക്ഷിച്ച് സഹായിക്കുകയാണ് ചെയ്തത്. സി.പി.ഐ ഭരിച്ചിരുന്ന കണ്ടല ബാങ്കിൽ പോലും ഭാസുരാംഗൻ കേസിൽ പ്രതിയായപ്പോഴാണ് അയാൾക്ക് നേരെ നടപടിയെടുക്കാൻ പാർട്ടി തയ്യാറായത്. അതുവരെ സംഭവം പുറത്തുവന്നപ്പോഴൊന്നും ഒരു നടപടിയും എടുത്തില്ല.

ഇനിയും നൂറോളം ബാങ്കുകളിൽ സമാനമായ കൃത്രിമം നടന്നിട്ടുണ്ട്. ഒക്കെ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഇവിടെയാണ് ജില്ലാബാങ്കുകളുടെ പ്രസക്തി. കേരളത്തിലാകെ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം പ്രൈമറി ബാങ്കുകളാണുള്ളത്. ഈ ബാങ്കുകളെ സംരക്ഷിക്കുകയും, നിരീക്ഷിക്കുകയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച് സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്ന ജോലിയായിരുന്നു ജില്ലാ ബാങ്കുകൾ നിർവ്വഹിച്ചിരുന്നത്.

ഇങ്ങനൊരു സംഭവം ഉണ്ടായാൽ അത് കണ്ടുപിടിച്ചിരുന്നത് ജില്ലാബാങ്കുകളായിരുന്നു.ഓഡിറ്റർമാരോട് റെക്റ്റിഫൈ ചെയ്യാൻ പറയും. ചെയ്തില്ലെങ്കിൽ ചെയ്യിക്കും. ചെയ്യിച്ചിട്ടേ അടുത്ത ഫണ്ട് കൊടുക്കൂ. എന്നുപറഞ്ഞാൽ, ജില്ലാ ബാങ്കുകൾ ഉണ്ടായിരുന്നെങ്കിൽ കരുവന്നൂരും കണ്ടലയുമൊന്നും ഉണ്ടാകുമായിരുന്നില്ല എന്നർത്ഥം. ഉണ്ടായിട്ടുമില്ല. മുൻപ് ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഫണ്ട് എടുത്ത് തിരിമറി നടത്തിയതുപോലുള്ള കൊച്ചുകൊച്ചു സംഭവങ്ങളേയുണ്ടായിട്ടുള്ളൂ. അതുചെയ്തിട്ടുള്ളത് പലപ്പോഴും ഒരു വ്യക്തിയായിരിക്കും. ഇതുപോലെ സംഘടിതമായിട്ടായിരുന്നില്ല. സംഘടിത കൊള്ള വന്നത് ജില്ലാ ബാങ്കുകൾ പിരിച്ചുവിട്ട ശേഷമാണ്. അതിന് സംരക്ഷണം കൊടുക്കുന്നത് ഗവൺമെന്റാണ്.

ജില്ലാബാങ്കുകൾ ഇല്ലാതായതോടെ പ്രൈമറി ബാങ്കുകളിൽ സഹകരണ നിയമപ്രകാരം നിലവിലുണ്ടായിരുന്ന ജില്ലബാങ്കുകളുടെ കർശനമായ നിയന്ത്രണങ്ങൾ എല്ലാം നിലച്ചു.കൃത്യമായി നടന്നുകൊണ്ടിരുന്ന ഇൻസ്‌പെക്ഷനുകളും ഇല്ലാതായി. ക്രെമക്കേടുകൾ കണ്ടെത്തിയാൽ ആറു മാസത്തിനുള്ളിൽ പരിഹരിക്കുമായിരുന്ന സംവിധാനവും ഇല്ലാതായി. അതോടെ ഏത് വിധേനയും പണം തിരിമറി നടത്തുവാൻ എളുപ്പമായി.

ഡിപ്പാർട്‌മെന്റ് ഓഡിറ്റർമാർ സത്യസന്ധമായി ഓഡിറ്റ് നടത്തി കുറവുകൾ കണ്ടുപിടിച്ചാൽ അവരെ നാടുകടത്താൻ സർക്കാരിലെ സ്വാധീനം ഭരണമുന്നണിക്ക് ലഭിച്ചു.

അതേ സമയം അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഓഡിറ്റർമാരെ ചെല്ലും ചിലവും പ്രമോഷനും കൊടുത്ത് കൂടെ നിർത്താൻ ഏഴു വർഷത്തെ ഭരണ തുടർച്ച സഹായകമായി.

ജില്ലബാങ്കുകളുടെ സ്ഥാനത്ത് സി പി എം ജില്ലാ സെക്രെട്ടറിമാരുടെ നേതൃത്വത്തിലുള്ള സെല്ലുകൾ ജില്ലാടിസ്ഥാനത്തിൽ ലോൺ കൊടുക്കുന്നത് നിയന്ത്രിച്ചു തുടങ്ങി.

കേരളാബാങ്ക്:

അന്തിമാനുമതി ഇനിയും ആയിട്ടില്ല

? ഒടുവിൽ കേരളാബാങ്ക് തുടങ്ങിയശേഷം കാര്യങ്ങളൊക്കെ പറഞ്ഞതുപോലെ തന്നെയാണോ നടക്കുന്നത്.

അല്ല. അന്തിമമായ അംഗീകാരം ഇതുവരെ ആർ.ബി.ഐ കൊടുത്തിട്ടില്ല. ലൈസെൻസൊക്കെ കൊടുത്തു. കാര്യങ്ങൾ ചെയ്‌തോളാനും പറഞ്ഞിട്ടുണ്ട്. എന്നാൽ വിദേശഫണ്ട് സ്വീകരിക്കുന്നതുൾപ്പെടെ ജില്ലാബാങ്കുകൾക്ക് ലഭിച്ചിരുന്ന പല അധികാരങ്ങളും ഇനിയും കേരളാ ബാങ്കിന് ലഭിച്ചിട്ടില്ല. അതുപോലെ, ബാങ്ക് രൂപീകരിച്ചിട്ട് നാലുവർഷമായെങ്കിലും പറഞ്ഞിരുന്നതുപോലെ ഒരു സർക്കാർ ഫണ്ടും അങ്ങോട്ട് ചെന്നിട്ടില്ല. എന്നുമാത്രമല്ല, പാവപ്പെട്ടവർ ലോണിനായും മറ്റും ആശ്രയിച്ചിരുന്ന ഇവിടേക്ക് ഒരാൾക്കുപോലും ഇപ്പോൾ എത്തിനോക്കാൻ പറ്റാത്ത അവസ്ഥയാണ്. കാരണം, ഡയറക്ടർമാരൊക്കെയുണ്ടെങ്കിലും ആർ.ബി.ഐയുടെ ഉദ്യോഗസ്ഥന്മാർ പറയും പോലെ മാത്രമേ പ്രവർത്തിക്കാനാകൂ. പണ്ട് അങ്ങനെയായിരുന്നില്ല. ഞാനൊക്കെ ഇരുന്ന കാലത്ത് നമ്മളായിരുന്നു തീരുമാനിച്ചിരുന്നത്. അപ്പോൾ ആ ലക്ഷ്യവും നടക്കില്ല.

പിന്നെ വലിയ ബാങ്കാക്കാൻ കഴിഞ്ഞോന്നു ചോദിച്ചാൽ, അതും കഴിഞ്ഞിട്ടില്ല. ആർ.ബി.ഐയുടെ ഡയറക്ട് കൺട്രോൾ ഉള്ളതിനാൽ ഒരു കാര്യത്തിനും അനങ്ങാനിവർക്കാകുന്നില്ല. ഇപ്പോൾ തന്നെ കരുവന്നൂരിൽ അവർ കൈ മലർത്തിയില്ലെ. പണ്ട് ഒരു പ്രൈമറി ബാങ്ക് വീണുപോയാൽ ജില്ലാബാങ്ക് താങ്ങും. സംസ്ഥാന ബാങ്ക് താങ്ങും.

നവകേരള സദസ്സിന്

സഹകരണ രജിസ്ട്രാറുടെ സംഭാവന

? ചുരുക്കിപ്പറഞ്ഞാൽ കേരളാബാങ്ക് രൂപീകരണം ദുരുദ്ദേശപരമായിരുന്നു എന്നാണോ.

അതെ. സഹകരണ മേഖലയെ സംഘടിതമായ കൊള്ളയ്ക്ക് വിധേയമാക്കുകയാണ്. ഇവർ വരും മുൻപ് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന സഹകരണ കോൺഗ്രസ് വലിയ ആഘോഷമായിരുന്നു. തച്ചടിയാണ് അതിന് തുടക്കമിട്ടത്. അതൊരു പിരിവിനുള്ള ഉപാധിയാക്കി മാറ്റിയ ഇവർ വർഷത്തിൽ രണ്ടും മൂന്നും കോൺഗ്രസാണ് നടത്തുന്നത്.

ഇതിനെക്കാളൊക്കെ വലിയൊരു പ്രശ്‌നമുണ്ട്. സഹകരണ മേഖലയിലെ ഏതൊരു സ്ഥാപനത്തെയും ജനിപ്പിക്കുന്നത് രജിസ്ട്രാറാണല്ലോ. ഒരു സഹകരണ പ്രസ്ഥാനം തുടങ്ങാൻ അനുവാദം കൊടുക്കുക, സംരക്ഷിക്കുക, ഓഡിറ്റ് നടത്തിക്കുക.. എല്ലാം സഹകരണ രജിസ്ട്രാറാണ് ചെയ്യുന്നത്. ആ രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് കോടികളാണ് ഇപ്പോൾ നവകേരള സദസ്സിനായി പിരിക്കുന്നത്. ഒരുതരം നിർബന്ധിത പിരിവ്. നഷ്ടത്തിലുള്ള ബാങ്കുകൾ പോലും ഒരു ലക്ഷം രൂപ നൽകണം. വലിയ പ്രൈമറി ബാങ്കുകൾ നൽകേണ്ടത് അഞ്ചുലക്ഷം വരെയാണ്. രജിസ്ട്രാറുടെ പ്രതിനിധിയായ ഓഡിറ്റർമാരാണ് ഈ പണം പിരിച്ചുകൊടുക്കേണ്ടത്. കണക്കുകൾ ഓഡിറ്റ് ചെയ്ത് കുറ്റം കണ്ടുപിടിക്കേണ്ടതും ഇവർ തന്നെ. അതെങ്ങനെ ശരിയാകും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

ഇങ്ങനെ പിരിക്കുന്ന പണത്തിന് രശീതില്ലാ എന്നാണറിയുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ  ചരിത്രത്തിലെ ആദ്യസംഭവമാണിത്. ചുരുക്കിപ്പറഞ്ഞാൽ ഏറ്റവും വലിയ സഹകരണ കൊള്ളയാണ് നടക്കുന്നത്.

കാലാവധി കൂടുമ്പോൾ

അധികാരദുർവിനിയോഗവും കൂടും

? ഒരു സഹകരണ സ്ഥാപനത്തിൽ ഒരാൾക്ക് എത്രകാലം പ്രസിഡന്റാകാം എന്നതിന് നിയമമൊന്നുമില്ലെ.

യു.ഡി.എഫിന്റെ കാലത്ത് ദേശീയ സഹകരണ നിയമത്തിന്റടിസ്ഥാനത്തിൽ രണ്ട് ടേമിൽ കൂടുതൽ ഒരാൾ പ്രസിഡന്റായി ഇരിക്കാൻ പാടില്ല എന്ന് ഒരു നിയമം കൊണ്ടുവന്നു. കൂടുതൽ ടേം ഇരിക്കുമ്പോഴാണ് അധികാരദുർവിനിയോഗം നടത്തുന്നത് എന്നതുകൊണ്ടായിരുന്നു നിയമം കൊണ്ടുവന്നത്. അന്ന് അതിനെ നിയമസഭയിൽ ശക്തമായി എതിർത്തത് സി.പി.എം ആണ്. അന്നത് നടപ്പിലായിരുന്നെങ്കിൽ കണ്ടലയൊന്നും സംഭവിക്കുമായിരുന്നില്ല. സി.പി.എമ്മാണ് അത് മൂന്ന് ടേം ആക്കിയത്. അങ്ങനൊരു നിയമം നിയമസഭ പാസ്സാക്കിയത് ഗവർണറുടെ മേശപ്പുറത്തിരിക്കുകയാണ്. എന്നിട്ടും സംസ്ഥാനത്ത് നിരവധി ബാങ്കുകളിൽ തെരഞ്ഞെടുപ്പ് നടത്തുകയും പഴയവർ തന്നെ വീണ്ടും വരികയും ചെയ്തു. ഇതൊക്കെയാണെങ്കിലും തുടർച്ചയായി ഇരുന്നാലും ഗവൺമെന്റിന്റെ സംരക്ഷണം ഇല്ലാതെ അഴിമതി നടത്താനാവില്ല. ഒന്നുരണ്ടുമല്ല, കോടികളാണ് അടിച്ചുമാറ്റുന്നത്.

വ്യക്തികളെക്കൂടി  നോക്കണം

? മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സി.വി. പത്മരാജൻ അൻപതുവർഷത്തിലധികമായി കൊല്ലം അർബൻ ബാങ്കിന്റെ പ്രസിഡന്റായി തുടരുകയല്ലെ.

ഇഃിനെ രണ്ടു രീതിയിൽ കാണണം. സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വ്യക്തികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ചിലർ സ്ഥിരം പ്രസിഡന്റ് ആകുന്നത് ബാങ്കിന്റെ നാശത്തിലായിരിക്കും കലാശിക്കുക. ചിലരായാൽ അതുകൊണ്ടുമാത്രം ബാങ്ക് വളരും. അതിനുദാഹരണമാണ് കൊല്ലം അർബൻ സഹകരണബാങ്കിന്റെ പ്രസിഡന്റ് സി.വി പത്മരാജൻ. പത്മരാജൻ സാറിന്റെ കാര്യത്തിൽ അർബൻ ബാങ്കിന്റെ വളർച്ച, പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നടത്തുന്ന സ്തുത്യർഹമായ സേവനം കൊണ്ടുണ്ടായതാണ്. അത് ജനങ്ങൾക്കറിയാം. ഇനിയിപ്പോൾ അദ്ദേഹം സ്ഥാനം ഒഴിയാൻ തീരുമാനിച്ചാലും ജനം സമ്മതിക്കാത്ത അവസ്ഥയാണ്. അങ്ങനെയുള്ളവരുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW