09:41am 01 July 2024
NEWS
ആല്‍പ്സ്
പര്‍വ്വതനിരകളിലെ
ലോക്കറുകള്‍

30/07/2020  10:52 AM IST
KERALASABDAM
ആല്‍പ്സ് പര്‍വ്വതനിരകളിലെ  ലോക്കറുകള്‍
HIGHLIGHTS

സ്വര്‍ണ്ണ സമ്പത്ത് ഭദ്രമായി സംരക്ഷിക്കുന്നതിന് തെരഞ്ഞെടുക്കുന്നത് സ്വിസ്റ്റ്സര്‍ലണ്ടിലെ ആല്‍പ്സ് പര്‍വ്വതനിരകളിലെ ടണല്‍ ലോക്കറുകളെയാണ്. ഒരു കാലത്ത് സൈനിക താവളമായിരുന്ന ഈ ടണലുകള്‍ ഏറ്റവും സുരക്ഷിതനിലവറകളായി പ്രചരിക്കപ്പെടുന്നു.

ജി.എസ്.ടി. നിയമപ്രകാരം അമ്പതിനായിരം രൂപയിലധികം വിലയുള്ള ഏത് ചരക്കിനും ഇ-വേബില്‍ വേണം.  ഉറവിടവും, ആര്‍ക്കുവേണ്ടിയാണെന്നും, വിലയെത്രയെന്നും, നികുതിയടച്ചോ  എന്നും ഇ-വേബില്ലില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. എന്നാല്‍ ഇതൊന്നും സ്വര്‍ണ്ണത്തിന് ബാധകമല്ല. ആര്‍ക്കുവേണ്ടി, ഏത് സ്ഥാപനത്തെ കാണിക്കാന്‍ കൊണ്ടുപോകുന്നുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മാത്രം മതി. ഇതുകൊണ്ടാണ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്തു സ്വര്‍ണ്ണമായി മാറിയിരിക്കുന്നതും, ഒരു രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന വിപണന ചരക്കായി സ്വര്‍ണ്ണം മാറിയിരിക്കുന്നതും. ഇന്ത്യയിലേക്കെത്തുന്ന 1000 ടണ്‍ സ്വര്‍ണ്ണത്തില്‍ 200 മുതല്‍ 250  ടണ്‍വരെ കള്ളക്കടത്തുവഴിയാണെന്നും, ഇതിന്‍റെ വില എണ്‍പതിനായിരംകോടി രൂപയോളം വരുമെന്നും കണക്കാക്കപ്പെടുന്നു. കസ്റ്റംസ് കടമ്പ മറികടന്നാല്‍ ഇതു കണ്ടുപിടിക്കാനാവില്ല എന്നതാണ് അവസ്ഥ. ജി.എസ്.ടി നിയമത്തിലെ പഴുതുകളാണ് ഇതിനു കാരണമായി വിമര്‍ശിക്കപ്പെടുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണ്ണ നികുതിവരുമാനം കുത്തനെ കുറയുന്നതിനു ഇടവരുത്തിയതും ഇതാണത്രെ.


ഇന്ത്യയില്‍ പ്രതിവര്‍ഷം 800 കോടി രൂപയുടെ സ്വര്‍ണ്ണവ്യാപാരം നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ലോകത്ത് സ്വര്‍ണ്ണത്തിന് ഏറ്റവുമധികം ഇറക്കുമതി തിരുവ  ചുമത്തുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നതിന്‍റെ തീരുവ 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും, 3 ശതമാനം ജി.എസ്.ടി നികുതി ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സ്വര്‍ണ്ണം ഇറക്കുമതി കുറയുകയും, കള്ളക്കടത്തു വര്‍ദ്ധിക്കുകയും ചെയ്തതായി സ്വര്‍ണ്ണവ്യാപാരരംഗത്തുള്ളവര്‍ പറയുന്നു. ഒരു ശതമാനം ഇറക്കുമതി തീരുവ ഉണ്ടായിരുന്ന സമയത്ത് 427210 കോടി ഡോളറിന്‍റെ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍, പോയവര്‍ഷം  203130 കോടി ഡോളറിന്‍റെ ഇറക്കുമതിയായി അത് ചുരുങ്ങി. ഇതേസമയം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്‍റെ ഉപഭോഗം കുറഞ്ഞിട്ടുമില്ല. സ്വര്‍ണ്ണക്കടത്ത് അഭംഗുരം തുടരുന്നതുകൊണ്ടാണിത്. അനധികൃതമായി കടത്തുന്ന സ്വര്‍ണ്ണത്തിന്‍റെ അളവ് മൊത്തം വിപണിയുടെ 30-40 ശതമാനം വരുമെന്നും, അനധികൃത സ്വര്‍ണ്ണം രാജ്യത്തെ വിപണിയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ മൊത്തം വിപണനം 1000 ടണ്‍ സ്വര്‍ണ്ണമാണെന്നും, എന്നാല്‍ ഔദ്യോഗിക മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെത്തിയത് 800 ടണ്‍ സ്വര്‍ണ്ണം   മാത്രമാണെന്നുമാണ് ആള്‍ ഇന്ത്യാ ജെം ആന്‍റ് ജ്വല്ലറി   ഡൊമസ്റ്റിക് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലേക്കെത്തുന്ന സ്വര്‍ണ്ണത്തില്‍ കുറച്ചുഭാഗം സ്വര്‍ണ്ണ ബിസ്ക്കറ്റായി കള്ളപ്പണക്കാര്‍ സൂക്ഷിക്കുമ്പോള്‍, ഭൂരിഭാഗവും ആഭരണങ്ങളായി നികുതിവെട്ടിപ്പു നടത്തി ജനങ്ങള്‍ക്ക് വിറ്റുകാശാക്കുന്നു.


പിന്‍കുറി


ലോകത്തെമ്പാടുമുള്ളവര്‍ അവിഹിത ധനം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആശ്രയിച്ചിരുന്ന സ്വിസ് ബാങ്കുകളുടെ അവസ്ഥ മാറിവരുന്നു. സംശയകരമായ ബാങ്ക് അക്കൗണ്ടുകള്‍ മറ്റ് പല രാജ്യങ്ങളുമായുള്ള ധാരണ പ്രകാരം നിരീക്ഷിക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഫലമായി പണത്തിനുപകരം, തങ്ങളുടെ സമ്പത്ത് സ്വര്‍ണ്ണമായി മാറ്റുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ഇവര്‍ ഇപ്പോള്‍ സ്വര്‍ണ്ണ സമ്പത്ത് ഭദ്രമായി സംരക്ഷിക്കുന്നതിന് തെരഞ്ഞെടുക്കുന്നത് സ്വിസ്റ്റ്സര്‍ലണ്ടിലെ ആല്‍പ്സ് പര്‍വ്വതനിരകളിലെ ടണല്‍ ലോക്കറുകളെയാണ്. ഒരു കാലത്ത് സൈനിക താവളമായിരുന്ന ഈ ടണലുകള്‍ ഏറ്റവും സുരക്ഷിതനിലവറകളായി പ്രചരിക്കപ്പെടുന്നു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL