12:24pm 08 July 2024
NEWS
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് ആന്‍റണി രാജു
26/10/2023  01:02 PM IST
web desk
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് ആന്‍റണി രാജു
HIGHLIGHTS

ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാകിയ നിർദ്ദേശം, എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്. ഇത് കേന്ദ്ര നിയമമാണെന്നും അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്‍റെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നടത്താനിരിക്കുന്ന സമരം അനാവശ്യമാണെന്ന് ആന്‍റണി രാജു. ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാകിയ നിർദ്ദേശം, എഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ തന്നെ ബസുടമകൾക്ക് നൽകിയതാണ്. ഇത് കേന്ദ്ര നിയമമാണെന്നും അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്‍റെ തീരുമാനമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. 

സ്വകാര്യ ബസ്സ് ഉടമകളുടെ സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്ര വിഭാഗത്തിലുള്ള കുട്ടികൾക്ക് സൗജന്യ യാത്ര നൽകാൻ ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ടെന്നും സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബസ് ജീവനക്കാരെ കള്ളക്കേസിൽ പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണ് ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നത്. ബസുകളിൽ ക്യാമറ ദൃശ്യങ്ങൾ വഴി അപകടങ്ങളിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താൻ കഴിയും. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് ഇതിനായി 2 മാസം സമയം നീട്ടി നൽകിയതാണ്. വീണ്ടും ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞ് 7-8 മാസം അധിക സമയം നൽകി. ഇപ്പോൾ അവിചാരിതമായി അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നവംബർ 21 മുതൽ അനിശ്ചിതകാല സമരത്തേക്ക് കടക്കുകയാണെന്ന് സ്വകാര്യ ബസ്സുടമകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യപ്പെട്ടാണ് ബസ്സ് ഉടമ സംയുക്ത സമിതിയുടെ സമരം. 

ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണമെന്നും ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കി മാറ്റിയ നടപടി തിരുത്തണമെന്നുമുള്ള ആവശ്യങ്ങ‌ളാണ് സ്വകാര്യ ബസുടമകൾ മുന്നോട്ടുവച്ചത്. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകൾ സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഒക്ടോബർ 31ന് സൂചനാ സമരം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA