11:59am 08 July 2024
NEWS
പന്തെറിയാനോ ബാറ്റുചെയ്യാനോ കഴിഞ്ഞില്ലെങ്കിലും മിന്നുമണി രചിച്ചത് ചരിത്രം

22/09/2023  08:30 AM IST
nila
പന്തെറിയാനോ ബാറ്റുചെയ്യാനോ കഴിഞ്ഞില്ലെങ്കിലും മിന്നുമണി രചിച്ചത് ചരിത്രം
HIGHLIGHTS

ആദ്യമായാണ് ഒരു മലയാളി താരം ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നത്

ഹാങ്ചൗ: പന്തെറിയാനോ ബാറ്റുചെയ്യാനോ കഴിഞ്ഞില്ലെങ്കിലും ഏഷ്യൻ ഗെയിംസിൽ മിന്നുമണി രചിച്ചത് ചരിത്രം. ആദ്യമായാണ് ഒരു മലയാളി താരം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായമണിയുന്നത്. മഴമൂലം ആദ്യമത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും മെച്ചപ്പെട്ട സീഡിങ്ങിന്റെ ബലത്തിൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ പ്രവേശിക്കാനും മിന്നുമണി ഉൾപ്പെട്ട ഇന്ത്യൻ വനിതാ ടീമിനായി. 

ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ മഴയാണ് കളിച്ചത്.  മഴ കളിമുടക്കിയെങ്കിലും ഇന്ത്യൻ വനിതകൾ മെച്ചപ്പെട്ട സീഡിങ്ങിന്റെ ബലത്തിൽ സെമി ഫൈനലിലേക്ക് യോ​ഗ്യത നേടുകയായിരുന്നു. തുടക്കംമുതൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്നെങ്കിലും മലേഷ്യയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. പതിനഞ്ച് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ രണ്ട് വിക്കറ്റിന് 173 റൺസാണ് ഇന്ത്യ നേടിയത്. 39 പന്തിൽനിന്ന് 67 റൺസെടുത്ത് ടോപ് സ്‌കോററായ ഷഫാലി വർമയും 16 പന്തിൽനിന്ന് 27 റൺസെടുത്ത സ്മൃതി മന്ദാനയുമാണ് പുറത്തായത്. 57 റൺസായിരുന്നു ഇവരുടെ കൂട്ടുകെട്ട്. 29 പന്തിൽനിന്ന് 47 റൺസെടുത്ത് ജെമൈമ റോഡ്രിഗസും ഏഴ് പന്തിൽ മൂന്നും സിക്‌സ് പറത്തി 21 റൺസെടുത്ത റിച്ച ഘോഷും പുറത്താകാതെനിന്നു.

മഴനിയമം ഉപയോഗിച്ച് മലേഷ്യയുടെ ലക്ഷ്യം 177 റൺസായി പുനർനിശ്ചയിച്ചെങ്കിലും അവർക്ക് രണ്ടുപന്ത് മാത്രമാണ് നേരിടാനായത്. വീണ്ടും മഴ കനത്തതോടെ മത്സരം ഉപേക്ഷിച്ചു. ഇരുപത്തിനാലിനാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ബംഗ്ലാദേശോ ഹോങ് കോങ്ങോ ആയിരിക്കും എതിരാളി.

ഏഷ്യൻ ​ഗെയിംസിലെ അരങ്ങേറ്റമത്സരത്തിൽ പന്തെറിയാനോ ബാറ്റുചെയ്യാനോ കഴിഞ്ഞില്ലെങ്കിലും തെല്ലും സങ്കടമില്ലെന്നാണ് മിന്നുമണി പ്രതികരിച്ചത്. എനിക്ക് സന്തോഷമേയുള്ളൂ. ടീം ജയിച്ചില്ലേ. അതല്ലേ പ്രധാനം. ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റംകുറിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. ഇനി അടുത്തമത്സരത്തിൽ നോക്കാം - മത്സരശേഷം മിന്നുമണി പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടിയുള്ള മിന്നുവിന്റെ അഞ്ചാമത്തെ ട്വന്റി-20 മത്സരമായിരുന്നു ഇത്. കരിയറിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമായിട്ടുണ്ട്.

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS