04:57pm 08 July 2024
NEWS
ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ കുതിച്ചുയരും:കേന്ദ്ര മന്ത്രി സോനോവാള്‍
03/12/2023  03:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ കുതിച്ചുയരും:കേന്ദ്ര മന്ത്രി സോനോവാള്‍

തിരുവനന്തപുരം: ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി തുറന്നു കിട്ടിയിട്ടുള്ള വലിയ സാധ്യതകളും അവസരങ്ങളും കണ്ടെത്തി  പ്രയോജനപ്പെടുത്താന്‍ യുവസംരംഭകര്‍ മനസ്സിരുത്തണമെന്ന് കേന്ദ്ര ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ (ജിഎഎഫ്-2023) ഭാഗമായുള്ള ദേശീയ ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനാത്മക നേതൃത്വത്തില്‍ ആയുര്‍വേദത്തിന്റെ ശക്തി ആഗോള വേദിയില്‍ പ്രകടമാകുന്നതായി സര്‍ബാനന്ദ സോനോവാള്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടും വളര്‍ന്നു കൊണ്ടിരിക്കുന്ന ആയുര്‍വേദത്തിന്റെ പ്രകാശ ഗോപുരമായി മാറുന്നുണ്ട് ജിഎഎഫ്. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍, ആരോഗ്യ എക്സ്പോ എന്നിവയ്ക്കൊപ്പം സംഘടിപ്പിച്ച ദേശീയ ആരോഗ്യ മേളയിലൂടെ പുരാതന ജ്ഞാനവും ആധുനിക പുരോഗതിയും തമ്മിലുള്ള വിടവ് നികത്തുന്ന ദൗത്യം ഏറ്റവും സജീവമാകണം.

ആയുഷ് മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഔഷധങ്ങളുടെയും ആയുഷ് ഉപകരണങ്ങളുടെയും നിര്‍മ്മാണം, രോഗനിര്‍ണയം തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങണം. നൂതന ആശയങ്ങളുള്ള സംരംഭകര്‍ക്ക് അവസരമേകാന്‍ ആയുഷ് സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന് ലോക ആയുര്‍വേദ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.ആയുഷ് മേഖലയിലെ പ്രാക്ടീഷണര്‍മാരോടും പങ്കാളികളോടും നവീകരണത്തിന്റെയും സഹകരണത്തിന്റെയും ആത്മാവ് സ്വീകരിക്കാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. 

വിദേശികള്‍ക്കുള്ള ആയുഷ് വിസയെ ഒരു പുതിയ വിസാ വിഭാഗമാക്കിയിട്ടുണ്ട്.  ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനും വിദേശ രോഗികളെ ആകര്‍ഷിക്കുന്നതിനും രാജ്യത്തെ ആയുഷ് ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.പരിസ്ഥിതി-വനം മന്ത്രാലയം, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) എന്നിവയുടെ സഹകരണത്തോടെ ഔഷധ സസ്യങ്ങളുടെ കൃഷിയും പരിപാലനവും ആയുഷ് മന്ത്രാലയം സജീവമായി പ്രോത്സാഹിപ്പിച്ചുവരുന്നു.


സഹസ്രാബ്ദങ്ങളായി ശ്രീപത്മനാഭ സ്വാമിയോടുള്ള  ഭക്തി  നിറഞ്ഞു നില്‍ക്കുന്ന നഗരം ആതിഥേയത്വം വഹിക്കുന്നതിനാല്‍ അഗാധ ആദരാഹ്‌ളാദങ്ങളോടെയാണ് ദേശീയ ആരോഗ്യ മേളയില്‍ താന്‍ പങ്കെടുക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രസംഗമാരംഭിച്ചത്.'സ്വതന്ത്രമായ ആയുഷ് മന്ത്രാലയം 2014 ല്‍ രൂപീകരിക്കുകയും ആയുഷ് മേഖലയുടെ വളര്‍ച്ചയ്ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തെ പരമ്പരാഗത ചികിത്സാ സമ്പ്രദായത്തിന് വലിയ പ്രാധാന്യം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കൈയില്‍, ആഗോള ആയുര്‍വേദ ഫെസ്റ്റിവല്‍ (ജി എ എഫ്) പുരോഗതിയുടെ  വിളക്കുമാടമായി നിലകൊള്ളുന്നു. ഒരു അന്താരാഷ്ട്ര പ്ലാറ്റ്ഫോമില്‍ ആയുര്‍വേദത്തിന്റെ ശക്തികള്‍ പ്രദര്‍ശിപ്പിക്കുന്നു. '


പുരാതന കാലത്ത്, ജമ്മു- കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ഇന്ത്യയുടെ വടക്കന്‍ ഹിമാലയന്‍ ഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമെല്ലാം ആയുര്‍വേദ പണ്ഡിതന്മാര്‍ നമുക്കുണ്ടായിരുന്നു. ചരക് സംഹിത, സുശ്രുത സമിത തുടങ്ങിയ പുരാതന ക്ലാസിക്കല്‍ ഗ്രന്ഥങ്ങളിലൂടെ  ആയുര്‍വേദത്തിന് ഗണ്യമായ സംഭാവന കൈവന്നു. 11-ാം നൂറ്റാണ്ട് മുതല്‍ 17-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ബംഗാള്‍, അസം തുടങ്ങി കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പണ്ഡിതന്മാര്‍ ഈ രംഗത്തു തിളങ്ങി. എന്നാല്‍ മന്ത്രവിദ്യ, തന്ത്രവിദ്യ, രസതന്ത്രം, ആയുര്‍വേദം എന്നിവയില്‍ പ്രാവീണ്യം നേടിയ ഭഗവാന്‍ പരശുരാമന്റെ നാടായ കേരളമായി പിന്നീട് ആയുര്‍വേദത്തിന്റെ ശക്തികേന്ദ്രം.ആയുര്‍വേദത്തില്‍ ഭഗവാന്‍ പരശുരാമന്റെ പാരമ്പര്യം കേരളം തുടരുന്നുണ്ട്. ഇപ്പോള്‍ ലോകമെമ്പാടും ആയുര്‍വേദത്തിന്റെ കേരള മോഡല്‍ സവിശേഷമായി അറിയപ്പെടുന്നു.അതിനാലാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഈ മനോഹരമായ ഭൂമധ്യരേഖാ പറുദീസയിലേക്ക് ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്നത്.

.

എട്ടാം ആയുര്‍വേദ ദിനാഘോഷത്തില്‍ നിങ്ങളില്‍ പലരും പങ്കെടുത്തിട്ടുണ്ടാകും. ആയുര്‍വേദ ദിനത്തിനായി തിരഞ്ഞെടുത്ത വിഷയം 'ഏകമാത്ര ആരോഗ്യത്തിന് ആയുഷ്' എന്നതായിരുന്നു.'യെത് പിണ്ഡേ , തത് ബ്രഹ്‌മാണ്ഡേ' എന്ന ആയുര്‍വേദ  തത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി പ്രമേയവുമായി ('വസുധൈവ കുടുംബകം' അതായത് ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി) എന്ന വിഷയവുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു.ആയുര്‍വേദത്തിലൂടെ പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യം സുരക്ഷിതമാക്കാന്‍ ഈ ദിശയില്‍  പ്രധാനമന്ത്രി പങ്കുവച്ച സ്വപ്നവും ദര്‍ശനവും സാക്ഷാത്കരിക്കുന്നതിനു നാം തുടര്‍ന്നു പ്രവര്‍ത്തിക്കണം.


ഇന്ത്യയിലും ലോകമെമ്പാടും ആയുര്‍വേദത്തിന് പിന്തുണയും അംഗീകാരവും ലഭിക്കുന്നതില്‍ ആയുര്‍വേദ ദിനാചരണം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.ഈ വര്‍ഷം 105-ലധികം രാജ്യങ്ങളില്‍ ആയുര്‍വേദ ദിനം ആഘോഷിച്ച വിവരം നിങ്ങളുമായി പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആയുര്‍വേദ ദിന വെബ്സൈറ്റില്‍ 16 കോടിയിലധികം ആളുകള്‍ ആയുര്‍വേദത്തിന് പിന്തുണ രേഖപ്പെടുത്തി.വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ആയുര്‍വേദ ദിനാചരണത്തില്‍ പങ്കെടുത്തത് അനേകായിരങ്ങളാണ്.ആയുര്‍വേദ തത്വങ്ങള്‍ പുരാതന കാലം മുതല്‍ പിന്തുടരുന്നതാണ് ഇന്ത്യന്‍ ധാര്‍മ്മികത.അക്കാരണത്താല്‍ തന്നെ ഈ രാജ്യത്ത് ആയുര്‍വേദത്തെ പിന്തുണയ്ക്കുന്ന ആളുകളുടെ യഥാര്‍ത്ഥ എണ്ണം 40 കോടിക്കും മീതെ വരുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്.


ലോകത്ത് ഏകദേശം 36 ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകള്‍ ഉണ്ട്. അവയുടെ സുസ്ഥിര ആവാസ വ്യവസ്ഥകള്‍ ഭൂമിയുടെ ഭൂപ്രതലത്തിന്റെ 2.5% മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ.എന്നാല്‍ ആ 36 ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകള്‍ ലോകത്തിലെ പകുതിയിലധികം സസ്യജാലങ്ങളെ തദ്ദേശീയമായി പിന്തുണയ്ക്കുന്നു.ലോകത്തിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍ നാലെണ്ണം ഇന്ത്യയിലാണ്: ഹിമാലയം, പശ്ചിമഘട്ടം, ഇന്തോ-ബര്‍മ്മ പ്രദേശം, സുന്ദര്‍ബന്‍സ്. കേരളമാകട്ടെ പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ ഔഷധ സസ്യങ്ങളുടെ നിധി ഉള്‍ക്കൊള്ളുന്ന വലിയ ജൈവ വൈവിധ്യത്താല്‍ അനുഗ്രഹീതമാണ്. 


ആയുര്‍വേദത്തിന്റെയും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും നട്ടെല്ലാണ് ഔഷധ സസ്യങ്ങള്‍.പരിസ്ഥിതി-വനം മന്ത്രാലയം,സി എസ് ഐ ആര്‍ , ഐ സി എ ആര്‍ മുതലായവയുടെ സഹകരണത്തോടെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ഔഷധ സസ്യ ബോര്‍ഡ് ഔഷധ സസ്യങ്ങളുടെ കൃഷിയും സംരക്ഷണവും സജീവമായി പ്രോത്സാഹിപ്പിച്ചുവരുന്നു.ഔഷധ സസ്യങ്ങളുടെ നല്ല കാര്‍ഷിക രീതികളും (ജി എ പി) നല്ല വയല്‍ ശേഖരണ രീതികളും (ജി എഫ് സി പി ) പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഔഷധ സസ്യ ബോര്‍ഡ്  'വോളണ്ടറി സര്‍ട്ടിഫിക്കേഷന്‍ സ്‌കീം ഫോര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് പ്രൊഡ്യൂസ് ' ആരംഭിച്ചിട്ടുണ്ട്.മൂല്യ വര്‍ദ്ധിത ഔഷധ സസ്യങ്ങള്‍ക്കു കയറ്റുമതി സാധ്യത ഏറെയാണ്.


'മെഡിക്കല്‍ വാല്യു ട്രാവല്‍'


ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള 'മെഡിക്കല്‍ വാല്യു ട്രാവല്‍' അതിവേഗം വികസിച്ചുവരുന്ന മേഖലയാണ്. പാശ്ചാത്യ വൈദ്യശാസ്ത്രം പരിമിത വിജയത്തിലൊതുങ്ങുന്ന വിവിധ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ ആയുര്‍വേദത്തിന് വലിയ ശക്തിയുണ്ട്.മുന്‍   കെനിയന്‍  പ്രധാനമന്ത്രി റെയ്ല അമോലോ ഒഡിംഗയുടെ മകള്‍ കേരളത്തിലെ ശ്രീധരീയം ആയുര്‍വേദയുടെ ആയുര്‍വേദ ഒഫ്താല്‍മോളജി സെന്ററില്‍ നിന്നു കിട്ടിയ ചികിത്സയിലൂടെ കാഴ്ചശക്തി വീണ്ടെടുത്ത സംഭവം ജാംനഗറില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ആയുര്‍വേദത്തിലെ ഈ അറിവും ശക്തിയും മനുഷ്യരാശിയുടെ പ്രയോജനത്തിനായി രാജ്യമെമ്പാടും മാത്രമല്ല, ലോകമെമ്പാടും വ്യാപിക്കണം.

 


വിദേശികള്‍ക്ക് ഇന്ത്യന്‍ വിസയുടെ പുതിയ വിഭാഗമായി 'ആയുഷ് വിസ' അവതരിപ്പിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.അതിന്റെ അനുബന്ധമായി 'ആയുഷ് വിസ' ഒരു പുതിയ വിസ വിഭാഗമായി സര്‍ക്കാര്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത വിവരം നിങ്ങളുമായി പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ പുതിയ വിസ വ്യവസ്ഥയുടെ പ്രയോജനം ലഭിക്കുന്നതിന് രാജ്യത്തെ ആയുഷ് ആശുപത്രികള്‍ വിജ്ഞാപനം അനുസരിച്ച് സ്വയം രജിസ്റ്റര്‍ ചെയ്യണം. വിദേശത്തു നിന്ന് രോഗികളെ കേരളത്തിലെ ആശുപത്രികളിലേക്കും ഇതു വഴി വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിയും.ആഗോള ജനസംഖ്യയ്ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നതിന് 'ഹീല്‍ ഇന്‍ ഇന്ത്യ, ഹീല്‍ ബൈ ഇന്ത്യ' സംരംഭം വരും കാലത്ത് നിര്‍ണ്ണായക പങ്ക് വഹിക്കും.


ഇന്ത്യാ ഗവണ്‍മെന്റ് സുപ്രധാന ശ്രദ്ധ ചെലുത്തിവരുന്ന ഒരു മുന്‍ഗണനാ മേഖലയാണ് സംരംഭകത്വ വികസനം. യുവസംരംഭകര്‍ക്ക് ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിന് വലിയ സാധ്യതകളുണ്ട്. മരുന്ന് നിര്‍മ്മാണം, ആയുര്‍വേദ ആഹാര ഉല്‍പ്പാദനം, ആയുഷ് ഉപകരണങ്ങളുടെ വികസനം, ആയുഷ് ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണ്ണയ ഉപകരണ വികസനം, 'വൃക്ഷായുര്‍വേദം' തുടങ്ങി നിരവധി മേഖലകളിലാകാം ഇത്.


ആയുഷ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിനു യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ആഘോഷിച്ച എട്ടാം ആയുര്‍വേദ ദിനത്തില്‍ നാം 'ആയുഷ്സ്റ്റാര്‍ട്ട്-അപ്പ് ചലഞ്ച്' നടത്തി.ആയുഷ് മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം അനുസരിച്ച് 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' കാഴ്ചപ്പാട് നടപ്പിലാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരമ്പരാഗത വൈദ്യശാസ്ത്ര സഹകരണത്തിനായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുമായി സര്‍ക്കാര്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത് ഈ ദിശയില്‍ പ്രധാന നടപടിയാണ്.അതിവേഗം വളരുന്ന ആയുഷിന്റെ മേഖല പര്യവേക്ഷണം ചെയ്യാന്‍ മുന്നോട്ട് വരണമെന്ന എല്ലാ നിക്ഷേപകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആയുഷ് മേഖലയില്‍ മറ്റ് രാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്കും സര്‍ക്കാര്‍ സൗകര്യമൊരുക്കും.


നാം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും വഴിത്തിരിവില്‍ നില്‍ക്കുമ്പോള്‍,  നവീകരണത്തിന്റെയും സഹകരണത്തിന്റെയും ആത്മാവ് സ്വീകരിക്കാന്‍ ആയുഷ് മേഖലയിലെ പരിശീലകരോടും പങ്കാളികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.പുരാതന ജ്ഞാനവും ആധുനിക പുരോഗതിയും തമ്മിലുള്ള വിടവ് നികത്തുന്ന സംരംഭങ്ങളില്‍ നമുക്ക് സജീവമായി പങ്കെടുക്കാം. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തിന്റെ സംയോജനത്തിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയതു ശ്രദ്ധയര്‍ഹിക്കുന്നു.


ആയുഷ് സംവിധാനങ്ങളുടെ എഞ്ചിനുകളെ ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ മുന്‍നിരയിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ചു ശ്രമിക്കാം; രോഗശാന്തിയുടെ ഈ സമ്പന്നമായ പൈതൃകം വരും തലമുറകള്‍ക്കും മാനവികതയ്ക്ക് പ്രയോജനകരമാകുമെന്നുറപ്പാക്കാം.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഐടി മേഖലയാണ് ആധിപത്യം പുലര്‍ത്തിയിരുന്നത് എന്ന് 2017ല്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഇനി വരുന്നത്  ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, സിദ്ധ, സോവ-രിഗ്പ, യുനാനി തുടങ്ങിയ എല്ലാ ഇന്ത്യന്‍ സമ്പ്രദായങ്ങളുടെയും സുവര്‍ണ്ണ കാലഘട്ടമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.


ആയുഷിനെ ആഗോള തലത്തില്‍ എത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ആയുഷ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം.യുവതലമുറയില്‍ ആയുഷിനോടുള്ള അഭിനിവേശം ജ്വലിപ്പിക്കുന്നതിനും നല്ല മാറ്റത്തിനും ഈ മേള ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് ആയുഷ് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.


കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയും ജിഎഎഫ് ചെയര്‍മാനുമായ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സാംക്രമികേതര രോഗങ്ങളാലുള്ള മരണങ്ങളുടെ 77 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണുണ്ടാകുന്നത്. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമായുള്ളത്. ഈ സാഹചര്യത്തില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആയുര്‍വേദത്തിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആയുര്‍വേദ മേഖലയില്‍ ജിഎഎഫ് ഒരു നാഴികക്കല്ലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായ മേഖലയിലുള്ളവര്‍ക്കും ഗവേഷകര്‍ക്കും സവിശേഷ പ്രസക്തിയുള്ള വേദിയാണിത്. 2023 ല്‍ ആയുഷ് മേഖല 24 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്നും കൊട്ടേച പ്രതീക്ഷ പ്രകടിപ്പിച്ചു.


ജിഎഎഫ്-2023 


ആധികാരിക ആയുര്‍വേദത്തിന്റെ ഹൃദയഭൂമിയായ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആയുര്‍വേദ പരിപാടിയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ (ജിഎഎഫ്). ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെയും പങ്കാളികളുടെയും ആഗോള നെറ്റ്വര്‍ക്കിംഗിനായുള്ള സംയുക്ത പ്ലാറ്റ്‌ഫോം ആണിത്. സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യ വെല്ലുവിളികള്‍ക്ക് പരിഹാരമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനു  ലക്ഷ്യമിട്ടുള്ള ഒരു ബിനാലെ പരിപാടിയായിക്കഴിഞ്ഞു ജിഎഎഫ്. 


വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ വ്യവസായ സംഘടനകള്‍, ആയുര്‍വേദ സംഘടനകള്‍, അന്തര്‍ദേശീയ പങ്കാളികള്‍, മാധ്യമ പങ്കാളികള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവയും ഫെസ്റ്റിവലിനെ പിന്തുണയ്ക്കുന്നു.2012-ല്‍ ആരംഭിച്ച ഉത്സവം ഓരോ വര്‍ഷവും ശ്രദ്ധേയമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചുപോന്നു.2012-ല്‍, 27 രാജ്യങ്ങളില്‍ നിന്നുള്ള 1800 പ്രതിനിധികള്‍ ഉണ്ടായിരുന്നു. 2014 ലെ രണ്ടാമത്തെ മേളയില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള 3800 പ്രതിനിധികള്‍ വന്നു.2016-ലെ മൂന്നാമത്തെ പതിപ്പില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 4500 പ്രതിനിധികള്‍ ഉണ്ടായിരുന്നു. കോവിഡ് വ്യാപനത്താല്‍ 2021 ലെ നാലാമത്തെ മേള ഓണ്‍ലൈനില്‍ നടന്നപ്പോള്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 6000 പ്രതിനിധികള്‍ പങ്കെടുത്തു.

ലോകമെമ്പാടും ആയുര്‍വേദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയുര്‍വേദ പരിശീലകരും ഗവേഷകരും തമ്മിലുള്ള വര്‍ദ്ധിച്ച സഹകരണം ഉറപ്പാക്കാനും ആയുര്‍വേദത്തിലെ ഗവേഷണവും വികസനവും വര്‍ദ്ധിപ്പിക്കാനും ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ അവസരമൊരുക്കി.ആയുര്‍വേദത്തില്‍ നിക്ഷേപം ഉയര്‍ത്താനും കേരളത്തിലേക്കുള്ള ടൂറിസം വളര്‍ത്താനും മേള ഉപകരിച്ചതായി സംഘാടകര്‍ പറഞ്ഞു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam