09:04am 08 July 2024
NEWS
കോഴിക്കോട് ബാങ്ക് കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയെടുത്തെന്ന് പരാതി

05/07/2024  09:25 AM IST
nila
കോഴിക്കോട് ബാങ്ക് കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയെടുത്തെന്ന് പരാതി

ബാലുശ്ശേരി: കോഴിക്കോട് ബാങ്ക് കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയെടുത്തെന്ന് പരാതി. ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റ് എൻ.കെ. മിനിയാണ് നാട്ടുകാരിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തത്.  സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ഇവർ. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി. അയൽവാസികളും നാട്ടുകാരുമായി ഏറെ അടുപ്പമുള്ളവരിൽ നിന്നാണ് മിനി പണവും സ്വർണ്ണവും തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തുവന്നതോടെ മിനി ഒളിവിലാണ്. ഇവരുടെ ഫോണും സ്വിച്ചോഫാണ്. 

തുരുത്തിയാട് പിലാത്തോട്ടത്തിൽ പ്രിയ, ഭർത്താവ് പി. നിഷികുമാർ എന്നിവരാണ് മിനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 60 പവൻ സ്വർണ്ണവും 15 ലക്ഷം രൂപയുമാണ് ഇവർക്ക് നഷ്ടമായത്. ബാങ്കിൽ പലരുടേതായി വായ്പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വർണ്ണം ലേലത്തിൽ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ലേലത്തിൽ പിടിക്കുന്ന സ്വർണ്ണം വിറ്റ് ലാഭം കൈമാറാമെന്നും വാഗ്ദാനം. സഹകരണ ബാങ്കിൽ തന്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരിൽ നിന്നും പണവും സ്വർണ്ണവും വാങ്ങി.

കൊക്കല്ലൂർ പറമ്പിൽ മീത്തൽ ജിസിക്ക് 34 പവനും 31 ലക്ഷം രൂപയും, ജിസിയുടെ അമ്മ റീജ പടിക്കലിന് 6 പവനും 2.80 ലക്ഷവും നഷ്ടമായി. അയൽവാസി ജിഷ പടിക്കലിന് 17 പവനും, കോക്കല്ലൂർ കുഞ്ഞോത്ത് പ്രീതക്ക് രണ്ടര പവൻ സ്വർണ്ണവും മൂന്നര ലക്ഷം രൂപയും നഷ്ടമായി. ഇങ്ങിനെ പലരിൽ നിന്നായി 430 പവൻ സ്വർണ്ണവും 80 ലക്ഷം രൂപയുമാണ് മിനി കൈക്കലാക്കിയത്.

ആദ്യം പണവും സ്വർണ്ണവും നൽകിയവർക്ക് ചെറിയ തുക ലാഭമെന്ന് പറഞ്ഞ് കൈമാറിയിരുന്നു. ഇതാണ് മറ്റുള്ളവരെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. ഈ പണവും സ്വർണ്ണവും എന്ത് ചെയ്തുവെന്ന് വ്യക്തമല്ല. അതേസമയം, തട്ടിപ്പുമായി ബന്ധമില്ലെന്ന് ബാങ്ക് അധികൃതർ വിശദമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode