08:16am 08 July 2024
NEWS
ഭീമൻ രഘു സിപിഎമ്മിന് ബാധ്യതയാകുന്നെന്ന് പ്രവർത്തകർ

01/10/2023  08:26 AM IST
nila
ഭീമൻ രഘു സിപിഎമ്മിന് ബാധ്യതയാകുന്നെന്ന് പ്രവർത്തകർ
HIGHLIGHTS

 രഘു പറഞ്ഞതും പറയാത്തതും ട്രോളുകളായി ആഘോഷിച്ചുതുടങ്ങിയതോടെ സി.പി.എം. അണികൾ ചിരിക്കാനും കരയാനും വയ്യെന്ന അവസ്ഥയിലാണ്. 

ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നടൻഭീമൻ രഘു പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നെന്ന അഭിപ്രായം സിപിഎമ്മിൽ ശക്തമാകുന്നു. ഭീമൻ രഘുവിന്റെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും സിപിഎമ്മിനെ പൊതുജനമധ്യത്തിൽ പരിഹാസ്യമാക്കുന്ന തരത്തിലുള്ളതാണെന്നാണ് പാർട്ടി പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭീമൻ രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ഗ്രൂപ്പുകളിൽ ആവശ്യമുയരുന്നത്.

സി.പി.എമ്മിന്റെ പ്രധാന ചാനൽമുഖമായ റെജി ലൂക്കോസ് ഭീമൻ രഘുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നു പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാനകമ്മിറ്റി അംഗവും നിലവിൽ പാർട്ടി നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗവുമായ അജീഷ് കൈതക്കൽ തന്റെ പോസ്റ്റിൽ ‘ആ ചെങ്കൊടി രഘുവിന്റെ കൈയിൽനിന്ന് വാങ്ങിവെക്കണമെന്ന്’ പറയുന്നു. ഈ തുറന്ന നിലപാടിന് പാർട്ടി അനുഭാവികളായ ഒട്ടേറെപ്പേർ കമന്റിലൂടെ പിന്തുണയറിയിച്ചിട്ടുമുണ്ട്.

സി.പി.എമ്മിൽ ചേർന്നതിനുപിന്നാലെ ചുവന്ന ഷർട്ട് ധരിച്ച് എ.കെ.ജി. സെന്ററിനുമുന്നിൽ ചെങ്കൊടി വീശിനിന്ന രഘുവിനെ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ചലച്ചിത്രപുരസ്കാരവിതരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻസമയവും എഴുന്നേറ്റുനിന്ന് കേട്ടതോടെ ട്രോളുകളുടെ പെരുമഴയായി. ഇടതുസഹയാത്രികരിൽപലരും രഘുവിന്റെ നടപടി നല്ലസന്ദേശമല്ലെന്ന വിമർശനവുമായി രംഗത്തെത്തി. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെതിരേ മത്സരിക്കുമെന്നതടക്കമുള്ള പ്രതികരണങ്ങളും ട്രോളുകളായി.

സിനിമാപ്രചാരണത്തിന് ചെങ്കൊടിയും പിടിച്ചെത്തിയതോടെയാണ് രഘുവിനെതിരെ ചില സിപിഎം പ്രവർത്തകർ പരസ്യപ്രതികരണം നടത്താൻ തയ്യാറായത്. രഘു പറഞ്ഞതും പറയാത്തതും ട്രോളുകളായി ആഘോഷിച്ചുതുടങ്ങിയതോടെ സി.പി.എം. അണികൾ ചിരിക്കാനും കരയാനും വയ്യെന്ന അവസ്ഥയിലാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA