07:31am 29 June 2024
NEWS
അടുത്ത തെരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും
27/02/2023  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അടുത്ത തെരഞ്ഞെടുപ്പോടെ ഇന്ത്യൻ  രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും
HIGHLIGHTS

ജാർഖണ്ഡ് രാഷ്ട്രീയത്തിലെ ശക്തയായ മലയാളി വനിത  അഡ്വ. രേണു ഗോപിനാഥ് പണിക്കർ (ഉപാദ്ധ്യക്ഷ, ജനതാദൾ (യു)

 

ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി ഇപ്പോഴും കരുത്തോടെ നിലനിൽക്കുന്നുണ്ടെങ്കിലും വലിയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യത അണിയറയിൽ നടക്കുന്നുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ. അതിന്റെ ഭാഗമായി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച മികച്ച  സ്വീകരണം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. കേരളത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ലെങ്കിലും ഉത്തരേന്ത്യയിൽ മിക്ക സ്ഥലങ്ങളിലും വലിയ സ്വീകാര്യത ഉണ്ടായി എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെറിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ ഈ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ബി.ജെ.പിയോട് ഒറ്റയ്ക്കുനിന്ന് പൊരുതാനുള്ള കരുത്ത് നിലവിൽ ദേശിയ തലത്തിൽ കോൺഗ്രസ്സിനില്ല. ഇവിടെയാണ് പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി  വർദ്ധിക്കുന്നത്.  മാറിവരുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ചെറിയ കക്ഷികൾക്കും പ്രാദേശിക കക്ഷികൾക്കും വലിയ പ്രസക്തിയുണ്ട്. ആം ആദ്മി പാർട്ടിയൊക്കെ സ്വന്തം അടിത്തറ വിപുലീകരിക്കുന്നതും കാണാതിരുന്നുകൂടാ.

ദേശീയ തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ഇപ്പോൾത്തന്നെ മുഖ്യകക്ഷികളൊക്കെ  വേണ്ട കരുനീക്കങ്ങൾ നടത്തുന്നുണ്ട്. എന്തു രാഷ്ട്രീയ ഭൂകമ്പമുണ്ടായാലും  ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടിൽ ഭാവി ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുവാൻ പോകുന്നത് ചെറിയ കക്ഷികളോ പ്രാദേശിക കക്ഷികളോ ആയിരിക്കും. പ്രാദേശിക തലത്തിൽ  അതിനുള്ള സാധ്യതകൾ ഇപ്പോൾത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയൊന്നും ഇല്ലാതിരുന്ന സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾ ഇപ്പോൾ ശക്തി പ്രാപിച്ചുവരുന്നത് അതിന്റെ സൂചനയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജാർഖണ്ഡ്. 2000-ൽ രൂപീകൃതമായ സംസ്ഥാനമാണിത്. ഇന്ത്യയുടെ ധാതുവിഭവങ്ങളുടെ നാൽപ്പതുശതമാനത്തിലേറെ ലഭിക്കുന്നത് ഇവിടെനിന്നാണ്. സ്വാഭാവികമായും അതിസമ്പന്നമാകേണ്ടിയിരുന്ന ഒരു നാട്. പക്ഷേ ഫലത്തിൽ ആകെ ജനസംഖ്യയുടെ പകുതിയോളം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നുകാണാം. ഈ വൈരുദ്ധ്യം അഥവാ വിരോധാഭാസം എങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാക്കണമെങ്കിൽ അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കണം. പിന്നോക്കക്കാർ കൂടുതൽ പിന്നോട്ടു പോകുന്നതെങ്ങനെ എന്നു തിരിച്ചറിയണം. അപ്പോൾ മനസ്സിലാകും ഇത് ജാർഖണ്ഡ് മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല; ഇന്ത്യയുടെ അവസ്ഥതന്നെ ഇതാണെന്ന്. ജനസംഖ്യയിൽ ഭൂരിപക്ഷവും ആദിവാസി- പിന്നോക്ക വിഭാഗക്കാരാണ്. ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നതും ഗ്രാമങ്ങളിൽത്തന്നെ. ഇന്ത്യയുടെ  പിന്നോക്കാവസ്ഥയുടെ ഒരു മുഖമാണ് ജാർഖണ്ഡ് എന്നു പറയാം. അതുകൊണ്ടുതന്നെ  അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ തിരിച്ചറിയേണ്ടതുണ്ട്. മലയാളിയായ രേണുഗോപിനാഥ് പണിക്കർ ഇന്ന് ജാർഖണ്ഡ് രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമാണ്. ജനതാദൾ (യു) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ രേണുഗോപിനാഥ്  കമ്പിളിനിർമ്മാണത്തിനു പേരുകേട്ട ജാർക്രാഫ്റ്റിന്റെ സി.ഇ.ഒയും ആയിരുന്നു. ജാർഖണ്ഡ് രാഷ്ട്രീയത്തിലെ  ഉൾപ്പിരിവുകളെക്കുറിച്ചും ജനതദാൾ (യു) മുമ്പോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ചും  പാർട്ടിയുടെ ജാർഖണ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് രേണുഗോപിനാഥ് 'കേരളശബ്ദം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

? മലയാളിയായിട്ടും ജാർഖണ്ഡ് രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചതെന്തുകൊണ്ട്.

എന്റെ മാതാപിതാക്കൾ മലയാളികൾ ആണെന്നേയുള്ളു. ഞാൻ ജനിച്ചു വളർന്നതും പഠിച്ചതും എല്ലാം ജാർഖണ്ഡിലാണ്. പിതാവിന് അവിടെയായിരുന്നു ജോലി. അതുകൊണ്ടാണ് അവിടെ സ്ഥിരതാമസമാക്കേണ്ടിവന്നത്.

? എന്നുമുതലാണ് സജീവമായി രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്.

അങ്ങനെ ഒരു പ്രത്യേക കാലയളവു പറയാൻ  കഴിയില്ല. എന്നുമാത്രമല്ല എല്ലാവരുടേയും കാര്യങ്ങൾ അങ്ങനെതന്നെയാണ് എന്നാണെന്റെ വിശ്വാസം. നമ്മൾ വോട്ടു ചെയ്യാൻ തുടങ്ങുമ്പോൾതന്നെ  ഗൗരവമായി രാഷ്ട്രീയരംഗത്തെ നിരീക്ഷിച്ചുതുടങ്ങുമല്ലോ. ഞാനും അങ്ങനെതന്നെയായിരുന്നു. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടു ചെറുപ്പം മുതൽതന്നെ ഉണ്ടായിരുന്നു. പിന്നീട്  ബി.ജെപിയുടെ ചില നയപരിപാടികളിൽ താൽപ്പര്യം തോന്നിയതുകൊണ്ട് ബി.ജെ.പി സഹയാത്രികയായിരുന്നു ഏറെക്കാലം. പക്ഷേ അധികാരം നേതാക്കളെ ദുഷിപ്പിക്കുന്നു എന്നു ബോധ്യപ്പെട്ടപ്പോൾ ഞാൻ നിലപാടു  മാറ്റി.

? ജാർഖണ്ഡിലെ വലിയ വ്യവസായ സ്ഥാപനമായ ജാർക്രാഫ്റ്റിന്റെ സി.ഇ.ഒ ആയിരുന്നല്ലോ. വലിയ ആ പദവി ഉപേക്ഷിക്കാനുണ്ടായ കാരണമെന്താണ്.

ഗ്രാമജീവിതം നേരിട്ടു കണ്ടറിഞ്ഞിട്ടുള്ളവർക്കു മാത്രമേ അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയുള്ളു. ജനങ്ങൾ ഭൂരിഭാഗവും  ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഏതാണ്ട്  മുപ്പത്തിരണ്ടായിരത്തോളം ഗ്രാമങ്ങൾ ജാർഖണ്ഡിലുണ്ട്. ഞാൻ അവിടത്തെ ഗ്രാമങ്ങളിലേക്ക് ഒരു പാട് യാത്ര ചെയ്തിട്ടുണ്ട്. ഒരു വലിയ വിഭാഗം ആദിവാസികളുമാണ്. വളരെ കഷ്ടതയിലാണ് അവർ ജീവിക്കുന്നത്.  തണുപ്പു കാലത്ത്- ഇവിടത്തപ്പോലെയല്ല മൈനസ് വൺ ഒക്കെയാണ് തണുപ്പെന്നോർക്കണം പുതയ്ക്കാൻ നല്ലൊരു  കമ്പളിപോലും ഈ പാവപ്പെട്ട ഗ്രാമവസികളിൽ മിക്കവർക്കും ഇല്ല എന്നെനിക്കു മനസ്സിലായി.  ഞാൻ ജാർക്രാഫ്റ്റിന്റെ സി.ഇ.ഒ ആയി ചാർജ്ജെടുത്തുകഴിഞ്ഞപ്പോൾ ആദിവാസികളായ ഈ പാവങ്ങളുടെ കഷ്ടത ഓർമ്മിച്ചു. ജാർക്രാഫ്റ്റിന്റെ കീഴിൽ ആയിരക്കണക്കിനാളുകൾ കമ്പിളിപുതപ്പുനിർമ്മാണത്തിൽ ഏർപ്പെടുന്നുണ്ട്. ഞാൻ പാവപ്പെട്ട ഗ്രാമവാസികൾക്ക് സൗജന്യമായി കമ്പിളിപ്പുതുപ്പുനൽകാൻ തീരുമാനിച്ചു. 10 ലക്ഷം കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുക എന്നതായിരുന്നു പദ്ധതി. ആയിരക്കണക്കിനു തൊഴിലാളികൾ മാസങ്ങളോളം കഷ്ടപ്പെട്ട് 10 ലക്ഷം പുതപ്പുകൾ നെയ്‌തെടുത്ത് ഇരുപത്തിനാല് ജില്ലാ കളക്ടർമാരെ വിളിച്ച് (24 ജില്ലകളാണ് ജാർഖണ്ഡിലുള്ളത്) ഈ കമ്പിളിപ്പുതപ്പുകൾ വീതിച്ചുനൽകുകയും ചെയ്തു. പക്ഷേ ഇത് ഒരു വിഭാഗം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല.  തങ്ങളിലൂടെ മാത്രമേ ഏതു കാര്യവും നടക്കാവൂ എന്നു ദൃഢനിശ്ചയം എടുത്തിട്ടുള്ള വലിയ അസൂയക്കാരുണ്ടല്ലോ- അവരായിരുന്നു പ്രശ്‌നം. എന്തായാലും അതേക്കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോൾ എന്റെ നിരപരാധിത്വം എല്ലാവർക്കും ബോധ്യപ്പെട്ടു. മാത്രമല്ല ജാർക്രാഫ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഒരിക്കലും ഞാൻ നേരിട്ട് ഇടപെട്ടിരുന്നില്ല. ചെക്ക് ഒപ്പിടാൻ എനിക്ക് അധികാരമുണ്ടായിരുന്നെങ്കിലും ഞാൻ അത്തരം കാര്യങ്ങൾ ചെയ്തിരുന്നില്ല. പകരം സ്ഥാപനത്തിന്റെ എം.ഡിയാണ് അതൊക്കെ ചെയ്തിരുന്നത്. ഇതൊക്കെ എന്റെ സത്യസന്ധമായ നിലപാടു തെളിയിക്കാൻ പര്യാപ്തമായിരുന്നു.

? ഇപ്പോൾ സർക്കാരിനെതിരെ കേസ് കൊടുത്തിരിക്കുകയാണെന്നു പറഞ്ഞല്ലോ. എന്തിന്റെ പേരിലാണത്.

ഈ കമ്പിളിയുമായി ബന്ധപ്പെട്ട വിഷയത്തിൽതന്നെ. ആയിരക്കണക്കിനാളുകൾ അനേകമാസങ്ങൾ കഷ്ടപ്പെട്ട് നെയ്തുണ്ടാക്കിയതാണ് ആ കമ്പിളിപ്പുതപ്പുകൾ. അവരുടെ വേതനം അകാരണമായി സർക്കാർ തടഞ്ഞുവച്ചു. പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം മുട്ടിക്കുന്ന അവസ്ഥ വന്നു. അതിനെതിരെ ഞാൻ  ഞാൻ ശക്തമായി രംഗത്തുവരുകയും, കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ആ കേസ് അവസാനഘട്ടത്തിലാണ്. എന്തായാലും അവർക്ക് നീതി ലഭ്യമാക്കിയിട്ടേ ഞാൻ പിൻവാങ്ങുകയുള്ളു.

? ജനതയാൾ (യു) ഇന്ന് ജാർഖണ്ഡിൽ അത്രയൊന്നും ശക്തമല്ലല്ലോ. നിലവിൽ പാർട്ടിക്ക് ഒരു സീറ്റുപോലും ഇല്ല. ഈ സാഹചര്യത്തിൽ എങ്ങനെ മികച്ച പ്രകടനം  കഴ്ചവയ്ക്കാൻ കഴിയും.

അധികാരമില്ലാത്ത ഈ അവസ്ഥയിൽ നിന്നാണ് പാർട്ടിയെ ഉയർത്തിക്കൊണ്ടുവരേണ്ടത്. അധികാരവും പദവിയും ഉള്ളപ്പോൾ ഒരുപാടു ആളുകൾ ഉണ്ടാകും. അവരൊന്നും ആത്മാർത്ഥതയുള്ള പ്രവർത്തകർ ആകണമെന്നില്ല. ജാർഖണ്ഡിന്റെ ആത്മാവ് അവിടുത്ത  ഗ്രാമങ്ങളിലാണ്. അത് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഞാനും എന്റെ സഹായികളുംകൂടി  ഓരോ ഗ്രാമങ്ങളിലേക്ക് പോകും. ആ ഗ്രാമവാസികൾക്ക് ആത്യാവശ്യമുള്ള  കുറേ സാധനങ്ങൾ  കരുതിയിട്ടുണ്ടാകും. ഒരു ചെറിയ പായ്ക്കറ്റ് ബിസ്‌ക്കറ്റ് കിട്ടുമ്പോൾ അവിടെയുള്ള കുട്ടികളുടെ സന്തോഷം കാണുമ്പോൾ നമുക്ക് സങ്കടംവരും. കാരണം അതൊന്നും നിത്യേന കഴിക്കാൻ ഭാഗ്യമില്ലാത്ത കുട്ടികളാണത്. അത്യാവശ്യം മരുന്നുവേണ്ടവർക്ക് അതും എത്തിച്ചു കൊടുക്കും. ഇങ്ങനെയുള്ള സാമൂഹിക സേവനത്തിലൂന്നിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് അഭികാമ്യം. കാരണം വിശക്കുന്ന വയറിനുവേണ്ടത് ആഹാരമാണ് പ്രത്യയശാസ്ത്രമല്ല. ഈ തിരിച്ചറിവിൽനിന്നാണ് ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം. അതുകൊണ്ടുതന്നെ ഞങ്ങളുടെ പാർട്ടി കടന്നുചെല്ലുന്ന സ്ഥലങ്ങളിൽ  ആഴത്തിലുള്ള വേരോട്ടമുണ്ടാകുകയും ചെയ്യും.

? ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു. ബി.ജെ.പിയെ തോൽപ്പിക്കാനുള്ള കരുത്ത് അടുത്ത ഇലക്ഷൻ ആകുമ്പോൾ കോൺഗ്രസ് നേടുമോ

അതേക്കുറിച്ച് ഇപ്പോൾ ആധികാരികമായി പറയാൻ ഞാൻ ആളല്ല. കോൺഗ്രസ് പരിശ്രമിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.  എങ്കിലും അത് പൂർണ്ണമായും ഫലപ്രാപ്തിയിലെത്തുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷേ  മറ്റൊരു കാര്യം ഉറപ്പിച്ചു പറയാം. അടുത്ത ദേശീയ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ  മാറ്റങ്ങൾ സംഭവിച്ചിരിക്കും. ചെറിയ കക്ഷികൾക്കും പ്രാദേശിക പാർട്ടികൾക്കും പ്രാധാന്യം ലഭിക്കുന്ന ഒരു രാഷ്ട്രീയ ധ്രുവീകരണം യാഥാർത്ഥ്യമാകും. അതിൽ സംശയം വേണ്ട. മാത്രമല്ല, മറ്റൊന്നുകൂടി പറയാം. ബി.ജെ.പി തന്നെ അടുത്ത ഇലക്ഷനിൽ  അധികാരത്തിലെത്തിയാലും അത് വളരെ എളുപ്പത്തിലുള്ള ഒരു കടന്നുവരവ് ആയിരിക്കില്ല. വളരെയേറെ കഷ്ടപ്പെടേണ്ടിവരും എന്ന കാര്യം തീർച്ചയാണ്.

? ബി.ജെ.പിക്കെതിരെ ആയുധമാക്കാവുന്ന ഒരുപാടുകാര്യങ്ങൾ ഉണ്ടല്ലോ. പ്രത്യേകിച്ചും  ഭരണത്തിൽ കോർപ്പറേറ്റുകളുടെ ഇടപെടലും മറ്റും. കോൺഗ്രസ് എന്തുകൊണ്ടാണ് ഈ അവസരം മുതലാക്കാൻ ശ്രമിക്കാത്തത്

ബി.ജെ.പിയുടെ കോർപ്പറേറ്റ് പ്രീണനം ഒരു വലിയ വിഷയംതന്നെയാണ്. അത് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ ഇപ്പോൾ കോൺഗ്രസിനുകഴിയുന്നില്ല എന്ന നിരീക്ഷണവും ശരിയാണ്. അത് മാറണമെങ്കിൽ ശക്തമായ ഒരു പ്രതിപക്ഷ ഐക്യനിര  രൂപപ്പെടണം. കോൺഗ്രസ് നേതൃത്വം കൊടുത്തുകൊണ്ട് പ്രാദേശിക കക്ഷികളെക്കൂടി  വിശ്വാസത്തിലെടുത്തുവേണം ആ ഐക്യനിര രൂപപ്പെടുത്താൻ. അങ്ങനെ വന്നുകഴിയുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം മാറും.

? കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ശക്തമായ ഒരു മുന്നണിക്ക് അധികാരത്തിലെത്താൻ കഴിയുമെന്നാണോ കരുതുന്നത്.

തീർച്ചയായും. പക്ഷേ ഇപ്പോൾ ലക്ഷ്യമാക്കേണ്ടത് അധികാരമല്ല. അതിന് ഇനിയും ധാരാളം സമയമുണ്ട്. ഇപ്പോൾ ശ്രമിക്കേണ്ടത് ശക്തമായ ഒരു പ്രതിപക്ഷ നിരകെട്ടിപ്പടുക്കാനാണ്. രാഹുൽഗാന്ധി പഴയതിലും വളരെയേറെ മാറിയിട്ടുണ്ടെന്നാണ് സമീപകാല സമീപനങ്ങൾ കാണുമ്പോൾ മനസ്സിലാക്കുന്നത്. അത് തീർച്ചയായും പാർട്ടിക്ക് ഗുണം ചെയ്യും. ചെറിയ കക്ഷികൾ മാത്രം  കൂടിച്ചേർന്നാൽ ബി.ജെ.പിക്കെതിരെ ശക്തമായ മുന്നണി രൂപീകരിക്കാൻ കഴിയില്ല. അതിന് കോൺഗ്രസ് നേതൃസ്ഥാനത്തുണ്ടാകണം എന്നാണെന്റെ വിശ്വാസം.

മറ്റുകക്ഷികളെ ഉൾപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു പ്രതിപക്ഷ നിര. അതിനുമാത്രമേ ബി.ജെ.പിയെ  തകർക്കാൻ കഴിയൂ എന്നാണെന്റെ വിശ്വാസം. അധികം വൈകാതെതന്നെ അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്നുതന്നെയാണ് ഞാൻ കരുതുന്നത്. തികച്ചും ജനാധിപത്യരീതിയിലുള്ള സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു ഭരണമാണ് ഇന്ത്യയിൽ ഉണ്ടാകേണ്ടത്. അധികം വൈകാതെ തന്നെ അത് സംഭവിക്കും.

? ഭർത്താവ്- കുട്ടികൾ.

ഭർത്താവ് ഗോപിനാഥ് പണിക്കർ. ബിസിനസ്സുകാരനായിരുന്നു. കോവിഡ് മൂലം മരണപ്പെട്ടു. ഏക മകൾ ചന്ദ്രലേഖ. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ. പഠനം പൂർത്തിയാക്കി. അച്ഛൻ-  രാമകൃഷ്ണപ്പണിക്കർ, അമ്മ- സരസ്വതിയമ്മ. മധുസൂദനൻ, നന്ദകുമാർ, മുരളീധരൻ, പദ്മം മേനോൻ, ഇങ്ങനെ നാലു സഹോദരങ്ങളാണെനിക്കുള്ളത്. ഇതിൽ മുരളീധരൻ മരണപ്പെട്ടു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE