10:22am 08 July 2024
NEWS
ആർ.അശോക് പ്രതിപക്ഷ നേതാവ്; കർണാടക ബിജെപിയിലെ വൊക്കലിഗ മുഖം
18/11/2023  11:34 AM IST
വിഷ്ണുമംഗലം കുമാർ
ആർ.അശോക് പ്രതിപക്ഷ നേതാവ്; കർണാടക ബിജെപിയിലെ വൊക്കലിഗ മുഖം
HIGHLIGHTS

66 വയസ്സുള്ള ഇദ്ദേഹം ഏഴുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ബംഗളുരു നഗരം അക്ഷരാർത്ഥത്തിൽ കലക്കിക്കുടിച്ച നേതാവാണ് ആർ.അശോക്. ആർഎസ്എസ്സിലൂടെ വളർന്നുവന്ന ഈ വൊക്കലിഗ സമുദായക്കാരൻ മികച്ച സംഘാടകനാണ്.1997ൽ രാജ്യത്തെ ഏറ്റവും വലിയ മണ്ഡലമായ ഉത്തരഹള്ളിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അശോകിന്റെ രാഷ്ട്രീയ ജൈത്ര യാത്ര ആരംഭിച്ചു. ഉത്തരഹള്ളി മണ്ഡലം വിഭജിച്ച് നിലവിൽ വന്ന പത്മനാഭ നഗറിൽ നിന്ന് തുടർച്ചയായി ജയിച്ചുപോരുന്നു.66 വയസ്സുള്ള ഇദ്ദേഹം ഏഴുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി അധികാരത്തിൽ വന്നപ്പോഴൊക്കെ മന്ത്രിസഭയിൽ ഇടം ലഭിച്ചു. ആരോഗ്യം,റവന്യൂ, ആഭ്യന്തരം എന്നീ സുപ്രധാന വകുപ്പുകൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള അശോക് ഒരിക്കൽ ഉപമുഖ്യമന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്മനാഭ നഗറിന് പുറമെ ഡി കെ ശിവകുമാറിനെ നേരിടാൻ കനകപുരയിലും അമിത്ഷാ അശോകിനെ നിയോഗിച്ചിരുന്നു.  ഡി കെ യുടെ ശക്തി ദുർഗ്ഗത്തിൽ നേരിയ ചലനം സൃഷ്ടിക്കാൻ പോലും  കഴിഞ്ഞില്ലെങ്കിലും പത്മനാഭ നഗറിൽ നിന്ന് നല്ല ഭൂരിപക്ഷത്തോടെ അശോക് ജയിച്ചുകയറി. മുതിർന്ന നേതാവായ യെദിയൂരപ്പയുമായി അടുപ്പം സൂക്ഷിച്ചുപോരുന്നു. ലിങ്കായത്ത് സമുദായക്കാരനായ വിജയേന്ദ്ര സംസ്ഥാന അധ്യക്ഷനായപ്പോൾ പ്രതിപക്ഷ നേതൃപദവി വൊക്കലിഗ വിഭാഗത്തിൽ പെട്ട നേതാവിന് ലഭിച്ചേക്കുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു. ജെഡിഎസ് നേതാവ് കുമാരസ്വാമിയെ പ്രതിപക്ഷനേതാവാക്കാനുള്ള ശ്രമവും നടന്നിരുന്നു.

രീക്ഷകരായെത്തിയ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനും ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതവുമാണ് ആർ.അശോകിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. നിയമസഭാകക്ഷി  യോഗം തുടങ്ങും മുമ്പേ ബസവനഗൗഡ പാട്ടീൽ യത് നാൽ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുത്ത നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പാർട്ടിയെ യെദിയൂരപ്പ ഹൈജാക്ക് ചെയ്തതായി കുറ്റപ്പെടുത്തിയ അദ്ദേഹവും കൂടെ രമേഷ് ജാർക്കിഹോളിയും യോഗം ആരംഭിക്കും മുമ്പേ ഇറങ്ങിപ്പോയി. മുൻ മന്ത്രിമാരായ എസ്.ടി.സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവർ യോഗത്തിനെത്തിയിരുന്നില്ല.2018 ൽ കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഈ നേതാക്കൾ കോൺഗ്രസ്സിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോർട്ടുണ്ട്. ആന്തരിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ബിജെപി ശക്തിയാർജ്ജിക്കുന്നതിന്റെ സൂചനയാണ് വിജയേന്ദ്ര, ആർ.അശോക് എന്നിവരുടെ സ്ഥാനാരോഹണത്തിലൂടെ തെളിയുന്നത്.
 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL