07:20am 29 June 2024
NEWS
ഒന്നു ജര്‍മ്മനിവരെ പോയി വന്നാലോ ...
പോയിട്ട് കാര്യമില്ല, അവിടെ സെറ്റിലാകണം

02/04/2024  06:05 AM IST
News Desk
ഹൊ ! ജര്‍മ്മൻകാരുടെ ഓരോരോ കാര്യങ്ങളേ ..
HIGHLIGHTS

കഞ്ചാവ് നിമയവിധേയമാക്കുന്നതിലൂടെ രണ്ടാംഗ്രേഡ് സാധനം മാര്‍ക്കറ്റിൽ നിന്നും അപ്രത്യക്ഷമാകുമെന്നും അതിലൂടെ ജനങ്ങളുടെ ആരോഗ്യം കൂടുതൽ അപകടത്തിലാകില്ലെന്നും അവര്‍ നിരീക്ഷിക്കുന്നു

തിരുവനന്തപുരം: ഒന്ന് ജര്‍മ്മനിവരെ പോയി വന്നാലോ...? സോഷ്യൽ മീഡിയയിലെ ന്യൂജെൻ പിള്ളേര്‍ തമാശയായി ചോദിക്കുന്ന ചോദ്യമാണിത്. പോയതുകൊണ്ട് മാത്രം കാര്യമില്ല, അവിടെ സെറ്റിൽ ആകണമെന്ന മറുമരുന്നും ചിലര്‍ പ്രയോഗിക്കുന്നുണ്ട്. സംഗതി എന്താണെന്നല്ലേ ? കഞ്ചാവ് ചെടിവളര്‍ത്തുന്നത് ജര്‍മ്മനി നിയമവിധേയമാക്കി. അതുതന്നെ കാര്യം ! പ്രായപൂര്‍ത്തിയായ ഏതൊരാൾക്കും മൂന്ന് കഞ്ചാവ് ചെടിവരെ വളര്‍ത്താൻ സാധിക്കും. അതുപോലെ 18വയസ്സിന് മുകളിൽ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം ഉണക്കകഞ്ചാവ് കൈയ്യിൽ സൂക്ഷിക്കാനും പുതിയ നിമയഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ആരോഗ്യ പ്രവര്‍ത്തകരുടേയും പ്രതിപക്ഷ സംഘടനകളുടേയും കടുത്ത എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ജര്‍മ്മൻസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി മാറിയിരിക്കുകയാണ് ജര്‍മ്മനി.

          ഇതര യൂറോപ്യൻ രാജ്യങ്ങളായ മാൾട്ടയും ലക്സംബര്‍ഗും നേരത്തെ തന്നെ കഞ്ചാവ് നിയമവിധേയമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ജര്‍മ്മനിയും പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തുടനീളം രണ്ടാംഗ്രേഡ് കഞ്ചാവ് സുലഭമാണെന്നും അതുപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ജര്‍മ്മൻ അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. കഞ്ചാവ് നിമയവിധേയമാക്കുന്നതിലൂടെ രണ്ടാംഗ്രേഡ് സാധനം മാര്‍ക്കറ്റിൽ നിന്നും അപ്രത്യക്ഷമാകുമെന്നും അതിലൂടെ ജനങ്ങളുടെ ആരോഗ്യം കൂടുതൽ അപകടത്തിലാകില്ലെന്നും അവര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജര്‍മ്മനിയിലെ നിയമമാറ്റം സോഷ്യൽമീഡിയയിൽ സജീവ ചര്‍ച്ചയാണ്. സര്‍ക്കാര്‍ അംഗീകൃത മദ്യശാലകളിൽ മദ്യത്തിന്റെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്വന്തമായി വാറ്റാൻ അനുവദിക്കണമെന്ന് വാദിക്കുന്ന വിരുതൻമാര്‍ പോലും കൂട്ടത്തിലുണ്ട് എന്നതാണ് രസകരമായ സംഗതി.

പ്രത്യേകം ശ്രദ്ധിക്കുക – മദ്യപാനവും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണ്. അവയുടെ ഉപയോഗം ഒരുരീതിയിലും ആശാസ്യകരമല്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA