01:55pm 05 July 2024
NEWS
ചാക്കോയും കാപ്പനും തൃണമൂലിലേക്ക്...
18/11/2021  12:53 PM IST
KERALASABDAM
ചാക്കോയും കാപ്പനും തൃണമൂലിലേക്ക്...
HIGHLIGHTS

ഏതായാലും ഇപ്പോള്‍ പാര്‍ട്ടി വെറും അസ്ഥിപഞ്ജരമായി മാറിയിരിക്കുകയാണ്. കോട്ടയത്തുപോലും പറയുവാനൊരു കമ്മിറ്റിയില്ല. ഒപ്പം മറ്റൊരു പ്രധാനകാര്യം, മാണി സി. കാപ്പന് ഇപ്പോള്‍ പണം മുടക്കി പാര്‍ട്ടി നടത്തിക്കൊണ്ടുപോകുവാന്‍ താല്‍പ്പര്യമില്ല എന്നുള്ളതാണ്. അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് കോര്‍പ്പറേറ്റ് ഏജന്‍സികള്‍ നല്‍കിയ ഫണ്ടിനെക്കുറിച്ച് നാളിതുവരെ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടുമില്ല. വ്യക്തിഗത അക്കൗണ്ടിലൂടെയാണ് ഈ പണം സ്വരൂപിച്ചത്. അതോടെ കാപ്പനെവിശ്വസിച്ച് ഒപ്പം ചേര്‍ന്നവരൊക്കെ വഴിയാധാരമായിരിക്കുകയാണ്.

 


ചാക്കോയ്ക്ക് മമതയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം കാപ്പനൊപ്പം എന്‍.സി.പി വിട്ടുവന്നവര്‍ പെരുവഴിയില്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ കേരളം ഉദ്വേഗപൂര്‍വ്വം നോക്കിക്കണ്ട ഒരു സംഭവമായിരുന്നു പാലാ നിയോജകമണ്ഡലത്തിലെ ജോസ് കെ. മാണി-മാണി സി. കാപ്പന്‍ മത്സരം. പാലായിലെ പര്‍വ്വതമായിരുന്ന കെ.എം. മാണിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുവേണ്ടി എന്‍.സി.പിക്കാരനായിരുന്ന മാണി സി. കാപ്പന്‍ പിടിച്ചെടുത്ത മണ്ഡലമാണല്ലോ പാലാ. കെ.എം. മാണിക്കെതിരെ തുടര്‍മത്സരങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരുന്ന കാപ്പന്‍, തനിക്കനുകൂലമായ ഒരു സാഹചര്യം മണ്ഡലത്തില്‍ സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുകയുമായിരുന്നു.


കെ.എം. മാണി മരിക്കുന്നതിന് മുന്‍പുനടന്ന ഏറ്റവും അവസാനത്തെ മത്സരത്തില്‍, പാലായെ സംബന്ധിച്ചിടത്തോളം പര്‍വ്വത തുല്യനായിരുന്ന മാണിയെ ശരിക്കും വിയര്‍പ്പിച്ചിട്ടാണ് കാപ്പന്‍ വിട്ടുകൊടുത്തത്. ആ തെരഞ്ഞെടുപ്പില്‍, മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കെ.എം. മാണിയുടെ ഭൂരിപക്ഷത്തില്‍ കുത്തനെയുണ്ടായ ഇടിവ് അതിന് തെളിവാണ്. കെ.എം. മാണിയുടെ ആ അവസാനവിജയം മറ്റൊരു സന്ദേശം കൂടിയായിരുന്നു. മുന്നണി ഏതായാലും കെ.എം. മാണിക്കുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാലായുടെ മനസ്സ് കാപ്പനൊപ്പമായിരിക്കും. ഉപതെരഞ്ഞെടുപ്പില്‍ അത് കാണുകയും ചെയ്തു. പാലായുടെ വോട്ടുമനസ്സ് ഇടതുസ്ഥാനാര്‍ത്ഥിയായിരുന്ന കാപ്പനൊപ്പം നിന്നു.


പിന്നെ കേരളം ചില രാഷ്ട്രീയ കരുനീക്കങ്ങള്‍ കണ്ടു. ആ കരുനീക്കങ്ങളില്‍ കെ.എം. മാണിയുടെ കേരളാകോണ്‍ഗ്രസ് ഇടതുപാളയത്തിലെത്തിയപ്പോള്‍ സ്വാഭാവികമായും പാലായ്ക്ക് മേലുള്ള അവകാശവാദം ജോസ് കെ. മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായി. എന്നാല്‍ പാലാവിട്ടു കൊടുക്കുവാന്‍ കാപ്പന്‍ തയ്യാറായില്ല. ആ പോരില്‍ ഇടതുമുന്നണിയും തന്‍റെതന്നെ പാര്‍ട്ടിയും ഒപ്പമില്ലെന്നുകണ്ടപ്പോള്‍ കാപ്പന് മുന്നില്‍ പിന്നെ ഒന്നേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. നേരെ യു.ഡി.എഫിലേക്ക് വച്ചുപിടിക്കുക. കേരളത്തില്‍ തുടര്‍ന്നുവന്നിരുന്ന രീതി അനുസരിച്ച് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫിലേക്ക് അധികാരക്കൈമാറ്റം നടക്കും എന്ന് വിശ്വസിക്കപ്പെട്ടിരുന്ന സമയം കൂടിയായിരുന്നല്ലോ അത്. അതുകൊണ്ടുതന്നെ വിജയവും മന്ത്രിസ്ഥാനവും ഉറപ്പിച്ച കാപ്പന്‍ യു.ഡി.എഫ് പ്രവേശനത്തിനുള്ള ചര്‍ച്ചകളും കരുനീക്കങ്ങളും തകൃതിയായി തന്നെ നടത്തി.


രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡുനിന്നും പ്രയാണം തുടങ്ങിയ ഐശ്വര്യകേരള യാത്രയ്ക്ക,് പാലാ അന്നുവരെ കണ്ടിട്ടില്ലാത്തത്ര പടുകൂറ്റന്‍ സ്വീകരണം നല്‍കിക്കൊണ്ട് കാപ്പന്‍ തന്‍റെ അവസാനകരുവും നീക്കിയതോടെ കാപ്പന്‍ യു.ഡി.എഫുകാരനായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മാണി സി. കാപ്പനായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്ന്, സ്വീകരണ വേദിയില്‍ വച്ചുതന്നെ രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെ തെരഞ്ഞെടുപ്പുവന്നു; കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി; മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.


ഇതിത്രയും കാപ്പനുമായി ബന്ധപ്പെട്ട് കേരളം അറിഞ്ഞ കഥ. എന്നാല്‍ മറ്റേതിനും എന്നപോലെ ഈ കഥയ്ക്ക് ഒരു മറുവശം. അധികം അറിയപ്പെടാത്ത ഒരു മറുവശം. കാപ്പന്‍റെ പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്ന കഥ. ഒരുപക്ഷേ ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് തകര്‍ന്നടിഞ്ഞ മറ്റൊരു പാര്‍ട്ടി വേറെ കാണില്ല. എന്നുകൂടി ഈ കഥ നമ്മോട് പറയുന്നു.


ആദ്യം എന്‍.സി.പി-കെ, പിന്നെ ഡി.സി.കെ


രമേശ് ചെന്നിത്തലയ്ക്കുള്ള സ്വീകരണം കഴിഞ്ഞ്, സീറ്റ് ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ കാപ്പന്‍ പത്തംഗ ഉന്നതാധികാര സമിതിയെ തെരഞ്ഞെടുത്തു. എന്‍.സി.പിയുടെ യുവജനവിഭാഗം ദേശിയ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രദീപ് പാറപ്പുറം ഉള്‍പ്പെടെ നിരവധിപ്പേര്‍ അതിനകം എന്‍.സി.പി വിട്ട് കാപ്പനൊപ്പം കൂടിയിരുന്നു. ഇനിയുള്ള കാര്യങ്ങള്‍ കാപ്പന്‍റെ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന പ്രദീപ് പാറപ്പുറവുമായി സംസാരിക്കാം.

 

(നവംബര്‍ 16-30, 2021  ലക്കത്തില്‍) 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA