08:54am 19 July 2024
NEWS
ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി: കെ.സി.വേണുഗോപാല്‍ എംപി
09/09/2023  04:32 PM IST
Sunny Lukose cherukara
ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി: കെ.സി.വേണുഗോപാല്‍ എംപി
HIGHLIGHTS

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലും ഇന്ത്യ സഖ്യം  നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തില്‍ നിന്നും പുറത്താക്കും. കേരളത്തില്‍ സിപിഎമ്മിന് ബിജെപി എതിര്‍ക്കാന്‍ താല്‍പ്പര്യമില്ല.അവര്‍ പരസ്പരം സഹായിക്കുകയാണ്.  ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയില്‍ മുഴങ്ങിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

ജനങ്ങളുടെ മൗലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന മോദിക്ക് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യയെന്ന പേരിനോട് മമത കുറഞ്ഞത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ  അധികാര കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദി. അതിനാലാണ് ഒറ്റതിരഞ്ഞെടുപ്പ്, ഭാരതം എന്നി വിഷയങ്ങള്‍ പെടുന്നനെ ഉയര്‍ത്തികൊണ്ടുവന്നത്. ഭാരതമെന്ന പേരിനോട് ആര്‍ക്കും വിയോജിപ്പില്ല.പക്ഷെ, ബിജെപി അതിന് നല്‍കുന്ന പ്രാധാന്യത്തിന് പിന്നിലെ ദുരുദ്ദേശം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.


ജനാധിപത്യത്തിന്റെ സൗന്ദര്യമായ വൈവിധ്യത്തെ തകര്‍ക്കാനാണ് നരേന്ദ്ര മോദി ഭരണകൂടം ശ്രമിക്കുന്നത്. യു.സി.സിയിലൂടെ ന്യൂനപക്ഷ വിരുദ്ധ വികാരം വളര്‍ത്തുന്നു.മതപരിവര്‍ത്തനം ആരോപിച്ച് ബിജെപി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടി.  ബിജെപിയുടെ വിഭജന തന്ത്രത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നയിക്കുകയാണ്.  ബിജെപി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ  മതപരിവര്‍ത്തനം നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചവിറ്റുകുട്ടയിലിട്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബിജെപി തന്ത്രം. രാജ്യത്തെ ജനങ്ങളുടെ സമാധാനം തകര്‍ന്നാലും വോട്ടുമതിയെന്ന ചിന്തയാണ് ബിജെപിക്ക്. മണിപ്പൂരില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ബിജെപി ഭരണകൂടം ഇപ്പോഴും തയ്യാറാകുന്നില്ല. ആ കലാപത്തില്‍ സംസ്ഥാന  സര്‍ക്കാര്‍ പ്രതിസ്ഥാനത്താണ്. കലാപകാരികളെ നിയന്ത്രിക്കാന്‍ കേസെടുക്കാത്ത ഭരണകൂടം അവിടത്തെ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റുവിഷയങ്ങളില്‍ വാചാലനാകുന്ന പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മൗനിബാവയെപ്പോലെ നടിച്ചു.

രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ വിദ്വേഷ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് നിര്‍ഭാഗ്യകരമാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒളിച്ചോടിയ മോദിയെ പാര്‍ലമെന്റില്‍ സംസാരിപ്പിക്കാന്‍ ഇന്ത്യാ സഖ്യത്തിന്റെ അവിശ്വാസം വേണ്ടി വന്നു.മോദി ഭരണത്തില്‍ യുവജനതയ്ക്ക് തൊഴിലില്ല, പട്ടിണിമാറ്റാന്‍ നയമില്ല,വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളില്ല, കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമില്ല. എല്‍പിജി ഗ്യാസിന്റെ പേരില്‍ 8.5 ലക്ഷം കോടി രൂപ ജനങ്ങളില്‍ നിന്നും കൊള്ളയടിച്ച ശേഷം അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ 200 രൂപ മടക്കി നല്‍കുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod