11:15am 01 July 2024
NEWS
മുഖ്യമന്ത്രി (മമതാ ബാനർജി) vs ഗവർണർ (സി. വി. ആനന്ദബോസ്)
27/11/2023  08:41 AM IST
പി. ജയചന്ദ്രൻ
മുഖ്യമന്ത്രി (മമതാ ബാനർജി) vs ഗവർണർ (സി. വി. ആനന്ദബോസ്)
HIGHLIGHTS

മുഖ്യമന്ത്രി മമത രാഷ്ട്രീയം  കളിക്കുമ്പോൾ ഗവർണർ സി.വി. ആനന്ദബോസ് ഈജിയൻ തൊഴുത്ത് വൃത്തിയാക്കാൻ നിയമത്തെ കൂട്ടുപിടിക്കുന്നു...

- എം. വഹാബ്  (വൈസ് ചാൻസലർ, ആലിയാ  യൂണിവേഴ്‌സിറ്റി)

ഇൻഡ്യയിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്‌സിറ്റികളിൽ ഒന്നാണ് പശ്ചിമബംഗാളിലെ ആലിയാ യൂണിവേഴ്‌സിറ്റി. രബീന്ദ്രനാഥ ടാഗോറിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും സ്വാമി വിവേകാനന്ദന്റെയുമൊക്കെപ്പേരിൽ പശ്ചിമബംഗാൾ സർക്കാരിന് കീഴിലുള്ള 31 പ്രശസ്തങ്ങളായ യൂണിവേഴ്‌സിറ്റികളിൽ, ന്യൂനപക്ഷ കമ്മീഷന് കീഴിലുള്ള ഏക സർവ്വകലാശാലയാണ് ആലിയാ യൂണിവേഴ്‌സിറ്റി. ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാനമായിരുന്ന കൽക്കട്ടയിൽ വാറൻ ഹേസ്റ്റിംഗ്‌സ് എന്ന വൈസ്രോയി മദ്രസ സ്‌ക്കൂളായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് മുഹമ്മദൻസ് കോളേജായും, പിൽക്കാലത്ത് ആലിയാ യൂണിവേഴ്‌സിറ്റിയായും മാറിയത്. 242 വർഷത്തെ സ്തുത്യർഹമായ സേവന പാരമ്പര്യം അവകാശപ്പെടുന്ന ആലിയാ യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ വി.സിയായി നിയമിതനായിരിക്കുന്നത് കൊല്ലം സ്വദേശി എം. വഹാബ് എന്ന റിട്ടയേർഡ് ഐ.പി.എസ് ഓഫീസറാണ്. സാധാരണനിലയിൽ അക്കാദമിക് തലത്തിലുള്ളവർ മാത്രം നിയമിതരാകുന്ന വൈസ് ചാൻസലർ പോസ്റ്റിൽ ഒരു റിട്ടയേർഡ് പോലീസ് ഓഫീസർ നിയമിതനായി എന്നതുമാത്രമല്ല; ആലിയാ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരളീയനായ ഒരു വ്യക്തി അവിടെ വൈസ് ചാൻസലറാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. പണ്ടുകാലം മുതൽക്കേ കലയിലായാലും സാഹിത്യത്തിലായാലും വിദ്യാഭ്യാസ കാര്യത്തിലായാലും കേരളവുമായി ഏറെ താൽപ്പര്യം പുലർത്തുന്ന പശ്ചിമ ബംഗാളിൽ, യൂണിവേഴ്‌സിറ്റി വിഷയത്തിലും സർക്കാരും ഗവർണറും തമ്മിലുള്ള ശീതയുദ്ധത്തിലും അതേ താദാത്മ്യം പ്രകടമാണെന്നാണ് വൈസ് ചാൻസലർ വഹാബ് പറയുന്നത്. ആ ഗവർണർ കേരളീയനായ സി.വി. ആനന്ദബോസ് ആണെന്നുള്ളത് മറ്റൊരു വശം.

ഇവിടത്തെപ്പോലെ തന്നെ അവിടെയും

മദ്രസ പഠനം പ്രോത്സാഹിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് വാറൻ ഹേസ്റ്റിംഗ്‌സ് എന്ന വൈസ്രോയി 242 വർഷം മുൻപ് കൽക്കട്ടയിൽ ഒരു മദ്രസ സ്‌ക്കൂൾ സ്ഥാപിച്ചത്. അതാണ് പിന്നീട് മുഹമ്മദൻസ് കോളേജും ആലിയാ യൂണിവേഴ്‌സിറ്റിയുമായി മാറിയത്. അന്നത്തെ കെട്ടിടങ്ങൾ പോലും ഇന്നുമുണ്ട്. ഹെറിറ്റേജ് ബ്ലോക്ക് എന്ന നിലയിൽ സംരക്ഷിച്ചുള്ള ആ കെട്ടിടങ്ങളിൽ ധാരാളം പേർ പഠിക്കുന്നുണ്ട്.

ആലിയാ യൂണിവേഴ്‌സിറ്റിക്ക് മൂന്ന് കാമ്പസുകളാണുള്ളത്. എയർപോർട്ടിൽ നിന്നും 10 കിലോമീറ്റർ മാത്രം ദൂരമുള്ള ന്യൂ ടൗണിലാണ് വൈസ് ചാൻസലറുടെ ഓഫീസും മറ്റുമുള്ള പ്രധാന കാമ്പസ്. പിന്നൊന്ന് പാർക്ക് സർക്കസിലും, മറ്റൊന്ന് തൽത്തലയിലും. ഈ മൂന്ന് കാമ്പസിലുമായി വിദ്യാഭ്യാസത്തിന് 23 ബ്രാഞ്ചുകളാണുള്ളത്. എഞ്ചിനീയറിംഗിന്റെ എല്ലാ ബ്രാഞ്ചുകളും നിയമവും നേഴ്‌സിംഗും വരെയുണ്ട്.

ഇങ്ങനൊരു യൂണിവേഴ്‌സിറ്റിയിൽ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് എന്നെപ്പോലൊരാൾ വി.സിയായി നിയമിതനായത് എന്നുചോദിച്ചാൽ സ്വാഭാവികമായും പറയാനൊക്കില്ല. കാരണം ഒരു വി.സിയുടെ ക്വാളിഫിക്കേഷൻ യു.ജി.സി പ്രത്യേകം പറയുന്നുണ്ട്. അതിൽ പ്രധാനം അക്കാദമിക്കായുള്ള യോഗ്യത തന്നെയാണ്. കുറഞ്ഞത് പത്തുകൊല്ലമെങ്കിലും പ്രൊഫസറായി കോളേജിൽ പഠിപ്പിച്ചിരിക്കണം. പി.എച്ച്.ഡി വേണം. ഇത്ര ആർട്ടിക്കിളുകൾ പ്രസിദ്ധീകരിച്ചിരിക്കണം. ഇതൊക്കെയാണ് അടിസ്ഥാന യോഗ്യതകൾ. അതായത് വിസിയാകാനുള്ള അടിസ്ഥാന യോഗ്യത അക്കാദമിക് ആണെന്നു സാരം. എന്നിട്ടും ബംഗാളിന് പുറത്തുള്ള, അക്കാദമീഷ്യൻമാരല്ലാത്ത ഞങ്ങൾ മൂന്നുപേർ അവിടെ വി.സി.മാരായി. കർണ്ണാടക ഹൈക്കോടതിയിൽ നിന്നും ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ഒരാളും, സിക്കിമിൽ ഡി.ജി.പിയായിരുന്ന ഒരാളുമാണ് മറ്റ് രണ്ടുപേർ.

അതൊരു പ്രത്യേക സാഹചര്യത്തിൽ വന്നുപെട്ടതാണ്. പെട്ടെന്നുണ്ടായ ഒരു സംഭവവികാസം. അവിടെയാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ ബംഗാളും കേരളവുമായുള്ള താദാത്മ്യം.

യു.ജി.സി റൂൾ അനുസരിച്ച് ഒരു വി.സിയെ നിയമിക്കുവാൻ ഗവർണർക്കു മാത്രമാണ് അധികാരം. ഗവൺമെന്റിന് യാതൊരധികാരവുമില്ല. വി.സി എന്നാൽ ഒരു യൂണിവേഴ്‌സിറ്റിയുടെ തലവനാണ്. യൂണിവേഴ്‌സിറ്റി സംബന്ധമായ എന്ത് തീരുമാനവും- പരീക്ഷയുടെ കാര്യത്തിലായാലും കോഴ്‌സിന്റെ കാര്യത്തിലായാലുമൊക്കെ എടുക്കുന്നത് വി.സിയാണ്. അതിൽ വിദ്യാഭ്യാസ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഒന്നും ഇടപെടാൻ അവകാശമില്ല.

ഗവൺമെന്റിന്റെ അനാവശ്യ കടന്നുകയറ്റം

അതാണ് നിയമമെങ്കിലും കാര്യങ്ങൾ സ്മൂത്ത് ആയി പോകുമ്പോൾ ആരും ഒന്നും അറിയില്ല. ശ്രദ്ധിക്കാറുമില്ല. എന്നാൽ ഇവിടെ സംഭവിച്ചതെന്താണെന്നുവച്ചാൽ, വലിയൊരു പ്രതിസന്ധിയുണ്ടാക്കുവാനുള്ള കാരണമായി ഞാൻ പറഞ്ഞു കേട്ടത്, പശ്ചിമബംഗാളിലെ മുഴുവൻ യൂണിവേഴ്‌സിറ്റികളിലും ഗവൺമെന്റ് തന്നെയാണ് വി.സിമാരെ നിയമിക്കുന്നത്. അത് ആരും ചോദ്യം ചെയ്തിരുന്നില്ല. അവരുടെ ഒരു വിഷയത്തിലും, പരമാധികാരമുണ്ടെങ്കിൽപ്പലും ഗവർണർമാർ ഇടപെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഗവൺമെന്റിന് താൽപ്പര്യമുള്ള ആൾ എന്ന നിലയിൽ വി.സിമാർ കാര്യങ്ങൾ നടത്തിക്കൊണ്ട് പൊയ്‌ക്കൊണ്ടിരുന്നു. അപ്പോൾ സ്വാഭാവികമായും എല്ലാ കാര്യത്തിലും ഗവൺമെന്റിന്റെ കൺട്രോൾ ഉണ്ടാകുമല്ലോ. യൂണിവേഴ്‌സിറ്റിയുടെ ഫണ്ട് കൈകാര്യം ചെയ്തിരുന്നതുപോലും ഗവൺമെന്റായിരുന്നു.

അങ്ങനെ കുറേനാളുകളായി നടന്നുകൊണ്ടിരുന്നപ്പോഴാണ് ഒരു പുതിയ വി.സി ചാർജ്ജെടുത്തപ്പോൾ, ആ പോസ്റ്റിംഗ് ശരിയല്ല എന്നും അയാളെ പോസ്റ്റ് ചെയ്യുവാൻ ഗവൺമെന്റിന് അധികാരമില്ലെന്നും പറഞ്ഞുകൊണ്ട് ഒരാൾ കൽക്കട്ടാ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കേട്ട കോടതി, പരാതിക്കാരൻ പറഞ്ഞത് ശരിയാണെന്ന കണ്ടെത്തലിലാണ് എത്തിച്ചേർന്നത്. സ്വാഭാവികമായും അയാൾ രാജിവച്ചു. അതോടെ ആ വി.സിയുടെ സ്ഥാനം ഒഴിഞ്ഞുകിടന്നു. അതേത്തുടർന്നാണ് മറ്റ് എല്ലാ യൂണിവേഴ്‌സിറ്റികളിലേയും വി.സിമാരെ ഗവൺമെന്റാണ് നിയമിച്ചിട്ടുള്ളതെന്ന വിവരം പലരുടേയും ശ്രദ്ധയിൽ പെട്ടത്. അതിൽ ചിലരൊക്കെ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവരുമായിരുന്നു.

സാധാരണഗതിയിൽ ഒരു വി.സിയുടെ കാലാവധി എന്നുപറയുന്നത് നാലുവർഷമാണ്. അതുകഴിഞ്ഞ് വേണമെങ്കിൽ ഒരു ടേം കൂടി- ഒരു ടേം മാത്രം നീട്ടിക്കൊടുക്കാം. എന്നാൽ ഈ സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രാവശ്യം വി.സിയായി നിയമനം കിട്ടിയ പലരും ടേം കംപ്ലീറ്റ് ചെയ്തുകഴിഞ്ഞ് അധികൃത കേന്ദ്രങ്ങളിൽ നിന്നുള്ള എക്‌സ്റ്റൻഷൻ ഉത്തരവില്ലാതെ സ്വയം തുടരുന്ന സ്ഥിതിയായിരുന്നു.നിയമപരമായി കാലാവധി കഴിയുമ്പോൾ ഒന്നുകിൽ കാലാവധി നീട്ടിക്കൊടുക്കാം. അല്ലെങ്കിൽ ഇറങ്ങിപ്പോകണം. എന്നാൽ അതൊന്നും ഇല്ലാതെയാണ് പലരും തന്നിഷ്ടം പോലെ തുടർന്നത്. അതിനൊക്കെ പിന്നിൽ രാഷ്ട്രീയ സപ്പോർട്ടുണ്ടായിരുന്നു. ആ ഒരു പശ്ചാത്തലത്തിൽ, ഗവർണർ തന്നിൽ നിക്ഷിപ്തമായ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് അങ്ങനുള്ള മുഴുവൻ വി.സിമാരെയും പിരിച്ചുവിട്ടു. അതിനുള്ള അധികാരം ഗവർണർക്കുണ്ട്. മാത്രവുമല്ല അങ്ങനുള്ളവരെ തുടരാനുവദിക്കരുതെന്ന് കോടതി പറഞ്ഞിട്ടുമുണ്ടല്ലോ. അത് ഗവൺമെന്റിന് വലിയൊരാഘാതമായിരുന്നു. കാരണം കാലാകാലങ്ങളായി ഗവൺമെന്റിന്റെ കൈവശത്തിലിരുന്ന ഒരധികാരമാണല്ലോ ഗവർണർ തിരിച്ചെടുത്തത്. അതോടെ വിദ്യാഭ്യാസമന്ത്രി എതിർപ്പുമായി രംഗത്തുവന്നു. തുടർന്ന്, ബാക്കിയുള്ള വി.സിമാരേയും ഗവർണർ പിരിച്ചുവിട്ടു. അപ്പോൾ സ്വാഭാവികമായും യൂണിവേഴ്‌സിറ്റികളിലെല്ലാം വൈസ് ചാൻസലർ പോസ്റ്റ് ഒഴിഞ്ഞുകിടന്നു. ഒരു യൂണിവേഴ്‌സിറ്റിയുടെ പരമാധികാരി വി.സി ആണെന്നതിനാൽ ആ പോസ്റ്റ് ഒഴിഞ്ഞുകിടക്കാൻ പാടില്ലാത്തതാണ്. കാരണം അവിടുണ്ടാകുന്ന ഏതൊരു കാര്യത്തിലും തീരുമാനമെടുക്കേണ്ടത് വി.സിയാണ്. നിയമനമായാലും പ്രമോഷനായാലുമൊക്കെ.

ആ ഒരു സാഹചര്യത്തിലാണ് ക്വാളിഫൈഡായിട്ടുള്ള മറ്റൊരു വി.സിയെ കണ്ടെത്തുക കാലതാമസം സൃഷ്ടിക്കുന്ന കാര്യമായതിനാൽ ഭരണഘടനാപരമായി തനിക്കുള്ള അധികാരം ഉപയോഗിച്ച്, പ്രതിസന്ധി ഒഴിവാക്കുവാനായി താൽക്കാലിക വി.സിമാരെ നിയമിക്കുവാൻ ഗവർണർ തീരുമാനിച്ചത്. അപ്പോൾ അവരുടെ ഭാഷ, പ്രായം, അക്കാദമിക് നിലവാരം അതൊന്നും നോക്കേണ്ടതില്ല. ഇയാളെക്കൊണ്ട് യൂണിവേഴ്‌സിറ്റി നടത്തിക്കൊണ്ടുപോകാൻ കഴിയും എന്ന് ഗവർണർക്ക് തോന്നണം. ക്വാളിഫൈഡ് ആയിട്ടുള്ള വി.സിമാർ വരുമ്പോൾ ഞങ്ങൾ ഒഴിയണം.

സെലക്ഷൻ പ്രോസസ് പെൻഡിംഗാക്കുന്നു

വി.സിമാരാകാൻ യോഗ്യതയുള്ള നിരവധിപ്പേർ അവിടെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നതാണ് വിഷയം. കാരണം സെർച്ചുകമ്മിറ്റി വേണം യോഗ്യതയുള്ളവരെ കണ്ടുപിടിക്കേണ്ടത്. കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാൽ അത്രയും പേരുടെ ലിസ്റ്റ് ഗവൺമെന്റിൽ നിന്നും ചാൻസലറായ ഗവർണർക്ക് കൊടുക്കണം. അത് ഗവർണർ അപ്രൂവ് ചെയ്തുകഴിഞ്ഞാൽ ഗവൺമെന്റ് ഓർഡറായി പുറത്തുവരും. നിലവിൽ അങ്ങനെ സെർച്ചുകമ്മിറ്റി കണ്ടെത്തിയവരുടെ ലിസ്റ്റ് ഇല്ല എന്നതാണവസ്ഥ. സെലക്ഷൻ പ്രോസസ് പെൻഡിംഗാണ് എന്നതാണ് കാരണം.

അങ്ങനെ വന്നപ്പോൾ കൽക്കട്ടാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഗവൺമെന്റ് സുപ്രീംകോടതിയിൽ പോയി. ഗവർണർ നടത്തിയ നിയമനങ്ങൾ റദ്ദാക്കണം എന്നതായിരുന്നു ആവശ്യം. ഗവർണർ ചെയ്തത് ഭരണഘടനാപരമായി ശരിയല്ലെന്നും ഗവൺമെന്റ് കോടതിയിൽ പറഞ്ഞു. അതിന് കോടതി നൽകിയ മറുപടി, ഗവർണർ നിയമിച്ചവരൊക്കെ തുടരട്ടെ എന്നും സെൽച്ചുകമ്മിറ്റിയെ വച്ച് പുതിയ ആൾക്കാരെ തെരഞ്ഞെടുക്കുവാനുമായിരുന്നു. അതോടൊപ്പം സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് കൊടുക്കാൻ ഗവൺമെന്റിനോടും ചാൻസലറോടും പറയുകയും ചെയ്തു. പക്ഷേ ഗവൺമെന്റ് ലിസ്റ്റ് കൊടുത്തെങ്കിലും സുപ്രീംകോടതി അത് സ്വീകരിച്ചില്ല. കാരണം മുൻകാല രീതിയനുസരിച്ച് സെർച്ചുകമ്മിറ്റിയിൽ മൂന്നുപേരാണ് വരേണ്ടത്. ഒരു ഗവൺമെന്റ് പ്രതിനിധി, ഒരു ഗവർണറുടെ പ്രതിനിധി, പിന്നൊരാൾ യു.ജി.സി പ്രതിനിധി. അവരാണ് അപേക്ഷ ക്ഷണിച്ച്, അവരെ ഇന്റർവ്യൂ ചെയ്ത്, ലിസ്റ്റ് തയ്യാറാക്കി ഗവൺമെന്റിന് കൊടുക്കേണ്ടത്. ഗവൺമെന്റത് ഗവർണറുടെ അനുമതിക്കയയ്ക്കണം. എന്നാൽ ഇപ്പോൾ സർക്കാർ ഭാഗത്തുനിന്ന് ഈ നടപടികളൊന്നും ഉണ്ടാകുന്നില്ല.

? വി.സിയുടെ പ്രവർത്തനത്തിൽ ഗവൺമെന്റിന്റെ അനാവശ്യ ഇടപെടലുണ്ടോ.

എന്റടുക്കൽ ഇതുവരെ വന്നിട്ടില്ല. പിന്നെ ചെയ്യാവുന്ന ഒരു കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞല്ലോ. ഫണ്ടുകൾ കൊടുക്കുന്നത് ഗവൺമെന്റാണെന്ന്. അത് വച്ചുതാമസിപ്പിക്കും. ശമ്പളം കൊടുക്കേണ്ടതും ഫിക്‌സ് ചെയ്യേണ്ടതും ഗവൺമെന്റാണ്. പോസ്റ്റിംഗ് മാത്രമേയുള്ളൂ ഗവർണർക്ക്. അതൊക്കെ താമസിപ്പിക്കും. അങ്ങനൊരു പ്രതിസന്ധിയുണ്ട്.

? ഈവക വിഷയങ്ങൾ അവിടുത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ ബാധിച്ചിട്ടുണ്ടോ.

ബംഗാളിലെ ഉന്നത വിദ്യാഭ്യാസ മേഖല മോശമാണെന്ന് പറയാനൊക്കില്ല. അതേസമയം അനാവശ്യ ഇടപെടൽ ഉണ്ടെന്ന് വ്യാപകമായ പരാതിയുണ്ട്. അതുകൊണ്ടാണല്ലോ കാലാവധി കഴിഞ്ഞും വി.സിമാർ തുടർന്നത്. പുറത്തുനിന്നുള്ള പൊളിറ്റിക്കൽ സപ്പോർട്ടാണ് കാരണം. എങ്കിലും കേരളത്തിലെപ്പോലെ വലിയ വിവാദമൊന്നുമില്ല. ഇവിടെ മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യയുടെ കാര്യം നാം കണ്ടതല്ലേ. അവിടെ അങ്ങനൊന്നും വന്നിട്ടില്ല.

? ഇവിടുത്തെപ്പോലെ ഗവൺമെന്റും ഗവർണറും തമ്മിൽ ശീതയുദ്ധമുണ്ടോ അവിടെയും.

ഇല്ല എന്നുപറയാനൊക്കില്ല. കാലാവധി കഴിഞ്ഞവരെ വീണ്ടും തുടരാനനുവദിക്കാൻ ഗവൺമെന്റിന് താൽപ്പര്യമുണ്ടായിരുന്നു. ഗവർണറുടെ ഇടപെടൽ മൂലം അത് നടന്നില്ല. അങ്ങനെ പല വിഷയങ്ങളുമുണ്ട്. പക്ഷേ ഗവർണർ എല്ലാം നിയമപരമായി തന്നെ ചെയ്യുന്നതിനാൽ കോടതിയും അദ്ദേഹത്തിന്റെ നിലപാടുകൾ അംഗീകരിക്കുകയാണ്. ഭരണഘടനാപരമായി രണ്ടധികാരകേന്ദ്രങ്ങൾ തമ്മിൽ ശീതയുദ്ധം നിലനിൽക്കുന്നത് ഉന്നത വിദ്യാഭ്യാസമേഖലയെ ബാധിക്കുമെന്നതിനാൽ ഗവർണർ മുഖ്യമന്ത്രിയെ ചായ സൽക്കാരത്തിന് ക്ഷണിച്ച് മഞ്ഞുരുക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതൊക്കെ മാത്രമല്ല, വേറെയും ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW