09:51am 03 July 2024
NEWS
ചൈന ആക്രമണത്തിന് കോപ്പ് കൂട്ടുന്നുവെന്ന് തായ് വാന്‍, പ്രകോപനപരമായ സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിയാല്‍ സംഘര്‍ഷം കുറയ്ക്കാനാകുമെന്ന് അമേരിക്ക
06/08/2022  10:28 AM IST
Maya
ചൈന ആക്രമണത്തിന് കോപ്പ് കൂട്ടുന്നുവെന്ന് തായ് വാന്‍, പ്രകോപനപരമായ സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിയാല്‍ സംഘര്‍ഷം കുറയ്ക്കാനാകുമെന്ന് അമേരിക്ക
HIGHLIGHTS

സൈനിക സഹകരണം, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളിലാണ് അമേരിക്കയുമായി ചൈന ചര്‍ച്ച നടത്താനിരുന്നത്. 

ബീജിംഗ്:  അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലൊസിയുടെ തായ് വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ അമേരിക്കയുമായി നടത്താനിരുന്ന ചര്‍ച്ചകള്‍ ഉടനുണ്ടാകില്ലെന്ന് ചൈന. സൈനിക സഹകരണം, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളിലാണ് അമേരിക്കയുമായി ചൈന ചര്‍ച്ച നടത്താനിരുന്നത്. 

മയക്കുമരുന്ന് കടത്ത്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലും അമേരിക്കയുമായുള്ള സഹകരണം തത്ക്കാലം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ചൈന വ്യക്തമാക്കി. എന്നാല്‍ ചൈനയുടെ ഈ നിലപാടുകള്‍ തികച്ചും നിരുത്തരവാദപരമാണെന്ന് അമേരിക്ക പ്രതികരിച്ചു. 

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്ന് ഉന്നതവ്യക്തിത്വം ചൈന തങ്ങളുടേതെന്ന് കരുതുന്ന തായ് വാന്‍ സന്ദര്‍ശിച്ചത്. ഇത് ചൈനയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് വന്‍തോതിലുള്ള സൈനികാഭ്യാസങ്ങളാണ് ചൈന തായ് വാന്‍ തീരത്ത് നടത്തുന്നത്. വ്യോമ-നാവിക അഭ്യാസങ്ങളാണ് നടത്തുന്നത്. ചൈന ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സൈനികാഭ്യാസങ്ങളാണ് ഇവയെന്ന് വിലയിരുത്തുന്നു. നാളെ വരെ സൈനികാഭ്യാസങ്ങള്‍ തുടരുമെന്നാണ് ചൈന വ്യക്തമാക്കിയിട്ടുള്ളത്. 

ലോകത്ത് ആകെ ഒരു ചൈനയേ ഉള്ളൂ എന്നും തായ് വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ദിവസം പറഞ്ഞു. തായ് വാന്‍ കടലിടുക്കിനെ ചൈന സ്വതന്ത്രമായി പ്രഖ്യാപിച്ചു എന്ന അമേരിക്കന്‍ പ്രചരണം് വെറും കെട്ടുകഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ധാരാളം ചൈനീസ് വിമാനങ്ങളും കപ്പലുകളും തായ് വാന്‍ കടലിടുക്കില്‍ ഉണ്ടായിരുന്നതായി തായ് വാന്‍ സൈന്യം വെളിപ്പെടുത്തി. സ്വയം ഭരണാധികാരമുള്ള തായ് വാനില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണിവ ചുറ്റിത്തിരിയുന്നതെന്നും അവര്‍ ആരോപിച്ചു. 

ചൈനയുടെ ചില വിമാനങ്ങളും കപ്പലുകളും അതിര്‍ത്തി ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നാല് ദിവസത്തെ സൈനികാഭ്യാസമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ തായ് വാന്റെ പ്രദേശത്തുള്ള ആറ് മേഖലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെലോസിയുടെ സന്ദര്‍ശനത്തോടുള്ള പ്രതികരണമായാണ് ഇത് വിലയിരുത്തുന്നത്. 

ഇതിനിടെ അമേരിക്കയിലെ ചൈനയുടെ സ്ഥാനപതിയെ വിളിച്ച് വരുത്തി നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങളോട് അമേരിക്ക അതൃപ്തി അറിയിച്ചിട്ടുണ്ട്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD