09:35am 01 July 2024
NEWS
ഏകീകൃത കുർബാന നടപ്പാക്കണം; സഭാ സ്ഥാപനങ്ങൾ വിമത പ്രവർത്തനങ്ങൾക്കായി വിട്ട് നൽകരുത്
28/06/2024  06:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത കുർബാന നടപ്പാക്കണം; സഭാ സ്ഥാപനങ്ങൾ വിമത പ്രവർത്തനങ്ങൾക്കായി വിട്ട് നൽകരുത്

മഞ്ഞപ്ര: സീറോ മലബാർ സഭ എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ വിമത പ്രവർത്തനങ്ങൾക്കായി സഭ സ്ഥാപനങ്ങൾ നൽകുന്നത് അവസാനിപ്പിക്കാൻ മെത്രാൻമാർ അടിയന്തരമായി ഇടപെടണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ.)മഞ്ഞപ്ര ഫൊറോന തല നേതൃയോഗം ആവശ്യപ്പെട്ടു. സഭ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ചില പുരോഹിതർ ഒളിഞ്ഞും, തെളിഞ്ഞും വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഫൊറോന സംഗമങ്ങൾ എന്നാ പേരിൽ ഇപ്പോൾ നടന്ന് വരുന്നത് സഭ വിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ് നേതൃയോഗം ചൂണ്ടിക്കാട്ടി.

സീറോ മലബാർ സഭ ദിനമായ (ദുഖ്റോന തിരു നാൾ ) ജൂലായ് 3 മുതൽ ഫൊറോനയുടെ കീഴിൽ വരുന്ന എല്ലാ പള്ളികളിലും, ചാപ്പലുകളിലും, സഭ സ്ഥാപനങ്ങളിലും ഏകീകരണ ബലി അർപ്പിക്കാൻ എല്ലാ വൈദീകരും സ്വയം മുന്നോട്ട് വരണം. സഭ സിനഡ് നിർദ്ദേശപ്രകാരം അർപ്പിക്കുന്ന വിശുദ്ധ കുർബാനക്ക് വിശ്വാസ സമൂഹം ഒരുമയോടെ, ഐക്യത്തോടെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃയോഗം വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടു. സെൻറ് തോമസ് ദിനമായ ജൂലായ് മൂന്നിന് (സഭ ദിനം) സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സി.എൻ.എ. അതിരൂപത ചെയർമാൻ ഡോ. എം.പി. ജോർജ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന ചെയർമാൻ ബിജു നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ, പൗലോസ് കീഴ്ത്തറ, പോൾസൺ കുടിയിരിപ്പിൽ, സജി കല്ലറയ്ക്കൽ, എം.എ. ജോർജ്, ഡേവീസ് ചൂരമന, ആൻറണി മേയ്ക്കാം തുരുത്തിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam