05:52pm 07 July 2024
NEWS
ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുമ്പോൾ
04/07/2024  12:31 PM IST
വിഷ്ണുമംഗലം കുമാർ
ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുമ്പോൾ

തമിഴ് നാട് : തമിഴ്നാട്ടിലെ വ്യവസായ  സങ്കേങ്ങളിലൊന്നാണ് കർണാടകാതിർത്തിയോട് ചേർന്നുകിടക്കുന്ന ഹൊസൂർ.   ടിവിഎസ്, ടാറ്റ മോട്ടോർസ് എന്നീ വാഹനനിർമ്മാണ കമ്പനികളുടെ ആസ്ഥാനമാണ് വിവിധ വിഭാഗത്തിൽ പെട്ട നിരവധി വ്യവസായ യൂണിറ്റുകളുള്ള ഈ ചെറുനഗരം. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് മുന്നൂറ്‌ കിലോമീറ്റർ അകലെയാണെങ്കിൽ കർണാടക തലസ്ഥാനമായ ബംഗളുരുവിലേക്ക്   ഹൊസൂരിൽ നിന്ന് നാൽപതു കിലോമീറ്റർ ദൂരമേയുള്ളൂ. അതുകൊണ്ടാവാം ബംഗളുരുവിലെ വ്യവസായ ലോകവുമായാണ് ഹൊസൂരിന് കൂടുതൽ അടുപ്പം.കർണാടകത്തിലെ പല വ്യവസായശാലകൾക്കും      ഹൊസൂരിൽ ശാഖകളോ ആൻസിലറികളോ ഉണ്ട്. ദിവസവും ആയിരക്കണക്കിന് ആളുകൾ ബംഗളുരുവിൽ നിന്ന് ഹൊസൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. തെക്കൻ ബംഗളുരുവിലെ ഐ ടി മേഖലയായ ഇലക്ട്രോണിക്സ് സിറ്റിയിൽ നിന്ന്  ഹൊസൂരിലേക്ക് ഇരുപത്തിയഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. എന്നാൽ തെക്കൻ ബംഗളുരുവിലും  ഹൊസൂരിലും ഉള്ളവർക്ക് ഏറ്റവും അടുത്ത അന്താരാഷ്ട്ര എയർപോർട്ട്‌ ദേവനഹള്ളിയിലെ കെംപെഗൗഡ എയർപോർട്ടാണ്. അതാകട്ടെ 85 കിലോമീറ്റർ അകലെയാണ്. റോഡുമാർഗ്ഗം അവിടെ എത്തിച്ചേരാൻ കുറഞ്ഞത് രണ്ടുമണിക്കൂർ സഞ്ചരിക്കണം. തിരക്കേറിയ കെംപെഗൗഡ എയർപോർട്ടിലെ  രണ്ടാംടെർമിനൽ തുറന്നുപ്രവർത്തനമാരംഭിച്ചത് കഴിഞ്ഞ വർഷമാണ്. എന്നിട്ടും തിരക്കിന് കുറവില്ല. തുമകൂറുവിൽ മറ്റൊരു എയർപോർട്ട് ആരംഭിക്കാൻ കർണാടകം പദ്ധതിയിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്  ഹൊസൂരിൽ രണ്ടായിരം ഏക്ര ഭൂമി മാറ്റിവെച്ചുകൊണ്ട് അന്താരാഷ്ട്ര വിമാനത്താവളം പണിയുമെന്ന് ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്. ഹൊസൂരിലെയും തെക്കൻ ബംഗളുരുവിലെയും വ്യവസായ സമൂഹം ആ പ്രഖ്യാപനം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നതിനു ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജ്‌മെന്റും (ബിഐഎഎൽ) കേന്ദ്രഗവണ്മെന്റും തമ്മിലുള്ള കരാർ പ്രകാരം നൂറ്റമ്പത് കിലോമീറ്റർ പരിധിയ്ക്കുള്ളിൽ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കണമെങ്കിൽ  ബിഐ എഎല്ലിന്റെ അനുവാദം ആവശ്യമാണ്. അതുണ്ടെങ്കിലേ കേന്ദ്രം അനുമതി നൽകാനിടയുള്ളൂ. ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ബിഐഎഎല്ലിന് സ്വീകാര്യമാകുമോ എന്ന് വ്യക്തമല്ല. അതെന്തായാലും അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL