07:13am 03 July 2024
NEWS
മദ്യവിമുക്തമാക്കാൻ 'പ്രതിജ്ഞാബദ്ധമായ' ഭരണം
30/06/2024  12:14 PM IST
ചെറുകര സണ്ണീലൂക്കോസ്
മദ്യവിമുക്തമാക്കാൻ 'പ്രതിജ്ഞാബദ്ധമായ' ഭരണം

'കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് മുന്നണി. കൂടാതെ മദ്യപരെ ബോധവൽക്കരിക്കാൻ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക, നിങ്ങളുടെ വോട്ട് എൽ.ഡി.എഫിന് തന്നെ നൽകുക... എൽ.ഡി.എഫ് വരും. എല്ലാം ശരിയാകും.'

ഈ വാചകങ്ങൾ കേട്ടാൽ കേരളീയ സമൂഹത്തിന്റെ മനസ്സിലേക്ക് വന്നുനിറയുന്ന ഒരു മുഖമുണ്ട്. മലയാളിയുടെ കണ്ണുനനയിച്ചും പൊട്ടിച്ചിരിപ്പിച്ചും വേദിയിലും വെള്ളിത്തിരയിലും വിസ്മയം തീർത്ത കെ.പി.എ.സി ലളിതയെന്ന അഭിനേത്രിയുടെ മുഖം. അവർ അവതരിപ്പിച്ചത് കൊണ്ടുതന്നെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് വോട്ടർമാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പരസ്യവാചകമാണിത്.

എന്നാലിന്ന് ഈ ഒരു പരസ്യവീഡിയോ ഏതെങ്കിലും ഒരു ഇടതുമുന്നണി പ്രവർത്തകൻ കാണാനോ, കേൾക്കാനോ ഇഷ്ടപ്പെടുന്നുണ്ടാവില്ല. കാരണം ഇത് ഒരിക്കൽക്കൂടി കേട്ടാൽ നുണ പറയുന്നവർ ആരാണെന്ന് ബോധ്യം വരാൻ മറ്റൊന്നിന്റെയും ആവശ്യമില്ല.

2015-16 ൽ മദ്യനയത്തിനും ബാർക്കോഴയ്ക്കുമെതിരെ ഉയർന്ന ശക്തമായ ജനവികാരം മുതലാക്കാനാണ് ഇടതുമുന്നണി മദ്യവർജ്ജന സിദ്ധാന്തം അവതരിപ്പിച്ചത്. 2016 ലും 2021 ലും എൽ.ഡി.എഫ് പ്രകടന പത്രികയിൽ അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇങ്ങനെ: 'മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതു ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ജനകീയ ബോധവൽക്കരണ പ്രസ്ഥാനത്തിന് രൂപം നൽകും.'

2016 മുതൽ 2024 വരെയുള്ള പിണറായി സർക്കാരിന്റെ കാലത്ത് സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിലോ അല്ലാതെയോ മദ്യവർജ്ജന ബോധവൽക്കരണത്തിനായി നാലാൾ അറിയുന്ന ഏതെങ്കിലും പ്രസ്ഥാനത്തിന് രൂപം നൽകിയതായി ആരുടെയും അറിവിലില്ല. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ 'വിമുക്തി' എന്ന ഒരു പദ്ധതി പേരിൽ മാത്രമുണ്ടെന്ന് മാത്രം. ലഭ്യതയും ഉപയോഗവും സർക്കാർ പടിപടിയായി കുറച്ചവിധം പരിശോധിക്കുന്നതിന് ബാറുകളുടെ കാര്യം ആദ്യമെടുക്കാം.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ വെറും 29 ബാർ ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്. സഭകളുടെയും മറ്റ് ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദവും മറ്റും മൂലം യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മതിയായ സൗകര്യങ്ങളില്ലാത്ത ബാറുകൾ അടച്ചുപൂട്ടി. ഇതിനിടെയുണ്ടായ ധനകാര്യമന്ത്രിക്കെതിരായ ബാർകോഴ വിവാദം യു.ഡി.എഫ് സർക്കാരിനെതിരായി ജനരോഷത്തിനിടയാക്കി. തുടർന്ന് ബാറുകൾ, ബിയർ വൈൻ പാർലറുകളായി മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ബാറുടമകൾ എല്ലാം യു.ഡി.എഫ് പരാജയപ്പെടണമെന്നും, ഇടതുമുന്നണി അധികാരത്തിലെത്തണമെന്നും ആഗ്രഹിച്ചു. ഇടതുമുന്നണിക്കും, അവർക്ക് വേണ്ടി പ്രചാരണം കൊഴുപ്പിച്ച സോളാർ വിവാദ നായികയ്ക്കുമെല്ലാം അബ്കാരികൾ വാരിക്കോരി തെരഞ്ഞെടുപ്പ് കാല ഫണ്ട് നൽകിയതായി അക്കാലത്ത് രാഷ്ട്രീയ ഉപശാലകളിൽ അടക്കം പറച്ചിലുണ്ടായിരുന്നു.

എന്തായാലും ഇടതുമുന്നണി അധികാരത്തിലെത്തിയ ഉടനെ ആദ്യം നിറവേറ്റിയത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 442 ബാറുകൾക്ക് സർക്കാർ ലൈസൻസ് പുതുക്കി നൽകി. അതിന് പുറമെ 200 പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുകയും ചെയ്തു. ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചുവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 671 ബാർ ഹോട്ടലുകളാണുണ്ടായിരുന്നത്.

രണ്ടാം പിണറായി സർക്കാരും ബാറുകൾ അനുവദിക്കുന്നതിൽ ഒട്ടും ലുബ്ധ് കാണിച്ചില്ല. ഈ സർക്കാരും അനുവദിച്ചു ഇതിനോടകം 97 പുതിയ ബാർലൈൻസുകൾ. അതിനുപുറമെ ബിയർ വൈൻ പാർലറുകളാക്കി മുമ്പ് മാറ്റിയ 33 ഹോട്ടലുകൾക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നത് കണക്കിലെടുത്ത് ബാർലൈസൻസ് അനുവദിക്കുകയും ചെയ്തു. അങ്ങനെ പിന്നിട്ട പിണറായി ഭരണകാലത്ത് ബാറുകളുടെ എണ്ണം 29 ൽ നിന്ന് 801 ആയി. അതിനുപുറമെ ബിവറേജസ് കോർപ്പറേഷന്റെ 278 ഉം കൺസ്യൂമർ ഫെഡിന്റെ 42 ഉം ഉൾപ്പെടെ 320 വിദേശമദ്യ വിതരണ ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

പിണറായി സർക്കാർ ഓരോ വർഷവും ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത മദ്യനയത്തിലൂടെ വർദ്ധിപ്പിച്ചുകൊണ്ടുവരികയായിരുന്നു. ഈ വർഷത്തെ മദ്യനയം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മൂലമാണ് വൈകിപ്പോയത്. ഗംഭീരമായൊരു 'മദ്യവർജ്ജന' മദ്യനയത്തിന് പശ്ചാത്തലമൊരുക്കാൻ ഡ്രൈഡേ പിൻവലിക്കണമെന്ന് ടൂറിസം വകുപ്പും ഐ.ടി പാർക്കുകളിലും മദ്യവിൽപ്പന തുടങ്ങാൻ നിയമസഭ സബ്ജക്ട് കമ്മിറ്റിയും പ്രതിപക്ഷ എതിർപ്പ് മറികടന്ന് ശുപാർശ നൽകിയതിന്റെ തൊട്ടുപിന്നാലെയാണ് കൊടുക്കേണ്ടത് കൊടുക്കാതെ നമ്മളെയാരും സഹായിക്കില്ലെന്നും, അതുകൊണ്ട് ഓരോ ബാറുടമയും രണ്ടരലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ തരണമെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷ ൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം പുറത്തുവരുന്നത്. അതുകൊണ്ട് ഈ വർഷത്തെ മദ്യനയം തൽക്കാലം അനിശ്ചിതത്വത്തിലായി.

ബാറുടമകൾ അവരുടെ ബിസിനസ് സുഗമമായി നടക്കാൻ പണം സമാഹരിച്ച് ഭരിക്കുന്ന പാർട്ടിക്കും ഭരണത്തിൽ വരാനിടയുള്ള പാർട്ടിക്കും സംഭാവനയെന്നോ, കോഴയെന്നോ എന്തുപേരിലായാലും കൊടുക്കുന്നുണ്ട് എന്നത് അറിയാത്തവരായി ഭൂമിമലയാളത്തിലാരും ഉണ്ടാവില്ല. അതുകൊണ്ടത് പ്രത്യേകിച്ച് അന്വേഷിക്കേണ്ട ആവശ്യമേയില്ല. പിന്നെ കെ.എം. മാണിക്കെതിരെ ബിജുരമേശ് ഒരു കോടി രൂപയുടെ ആരോപണം ഉന്നയിച്ചതിന്റെ പിറ്റേന്നുതന്നെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അ ന്വേഷണം പ്രഖ്യാപിച്ചെങ്കിൽ അത് യു.ഡി.എഫിനുള്ളിലെ പോരുമായി ബന്ധപ്പെട്ടായിരുന്നു.

ഇപ്പോഴത്തെ സംഭവത്തിലാകട്ടെ തനിക്കീ രക്തത്തിൽ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതിന്റെ ഭാഗമായി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അനിമോന്റെ ശബ്ദസന്ദേശത്തെക്കുറിച്ചന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് പരാതി നൽകുകയുണ്ടായി. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ബാറുടമകളും ഭരണാധികാരികളാരെങ്കിലുമായി കോഴ ഇടപാടിന് ധാരണ ഉണ്ടായിരുന്നോ എന്നല്ല, അനിമോന്റെ സന്ദേശം പുറത്തുവരാനും വിവാദമാക്കാനും ഗൂഢാലോചന നടന്നോ എന്നതുമാത്രമാണ്.

കഴിഞ്ഞ ജൂലൈയിലാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മദ്യ നയം പ്രഖ്യാപിച്ചത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം, ബിയർ, കള്ള്, പഴവർഗ്ഗങ്ങളിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ ഉൾപ്പെടെയുള്ളവയുടെ ഉൽപ്പാദനവും വിതരണവും വർദ്ധിപ്പിക്കുന്ന മദ്യനയത്തിനാണ് പിണറായി മന്ത്രിസഭ 2023 ൽ അംഗീകാരം നൽകിയത്.

ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽ നിന്ന് 35 ലക്ഷം രൂപയാക്കി. ബെവ്‌കോയും കൺസ്യൂമർ ഫെഡും 250 മദ്യഷോപ്പുകൾ കൂടി തുറക്കും, വ്യവസായ പാർക്കുകളിലും മദ്യം നൽകാൻ ലൈസൻസ് അനുവദിക്കും, വിദേശ വിനോദ സഞ്ചാരികൾ കൂടുതലെത്തുന്ന കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്ക് ടൂറിസം സീസണിൽ ബിയറും വൈനും വിൽക്കാൻ അനുമതി നൽകും, വിദേശമദ്യവും ബയറും പരമാവധി സംസ്ഥാനത്ത് നിർമ്മിക്കും, സംസ്ഥാനത്ത് 589 ചില്ലറ മദ്യവിൽപ്പനശാലകൾക്ക് അനുമതിയുണ്ടെങ്കിലും പ്രവർത്തിക്കുന്നത് 309 ഷോപ്പുകളാണ്. ശേഷിക്കുന്നവയും തുറക്കാൻ നടപടി സ്വീകരിക്കും. എന്നിങ്ങനെ വിപ്ലവാത്മകമായിരുന്നു 2023 ലെ മദ്യനയം.

കള്ളുവ്യവസായമേഖല ബാറുടമകൾക്ക് തുറന്നുകൊടുക്കുന്ന സമീപനവും ഈ നയത്തിന്റെ ഭാഗമായിരുന്നു. ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോർട്ടുകളിലും കള്ളുചെത്തി വിൽക്കാൻ അനുമതി, കള്ളിനെ തനതു ലഹരിപാനീയമായി അവതരിപ്പിക്കും, ഷാപ്പുകളുടെ മുഖച്ഛായ മാറ്റും, കള്ളുൽപ്പാദനം പ്ലാന്റേഷൻ അടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കും തുടങ്ങി 'കേരളാടോഡി'യും ഒടുവിലത്തെ മദ്യനയത്തിൽ സ്റ്റാറായി.

ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് 2014-2015 ൽ സർക്കാർ മദ്യലഭ്യതയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയാണ് എന്നാരോപണം ഉന്നയിച്ച് ആർ.എസ്.എസും വിവിധ മുസ്ലീം സംഘടനകളനം പൊതുവിമർശനങ്ങളും പ്രതിഷേധ പരിപാടികളുമായി രംഗത്തുവന്നെങ്കിലും സർക്കാരിനെ ഇതിന്റെ പേരിൽ മുൾമുനയിൽ നിർത്തിയത് കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും, ചില ബിഷപ്പുമാരും, അന്നത്തെ കെ.പി.സി.സി പ്രസിഡന്റുമാണ്. ഇടതുമുന്നണി ഉയർത്തിയതാകട്ടെ ബാർകോഴ വിഷയമായിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് സർക്കാർ ഘട്ടം ഘട്ടമായി മദ്യലഭ്യത വർദ്ധിപ്പിച്ചപ്പോൾ ഒരു മാർ ഇഞ്ചനാനിയിൽ ബിഷപ്പിന്റെ ഒറ്റപ്പെട്ട പ്രസ്താവനയ്ക്കപ്പുറം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഒരു സമ്മർദ്ദവും സഭയുടേതായി ഉണ്ടായില്ല എന്നതാണ് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും ഐ.ടി പാർക്കുകളിലെ മദ്യശാലയെക്കുറിച്ചുമെല്ലാം ആലോചിക്കാൻ സർക്കാരിനെ ധൈര്യപ്പെടുത്തിയത് എന്നുവേണം കരുതാൻ.

ഇപ്പോൾ ബന്ധപ്പെട്ട മന്ത്രിമാർ നിഷേധിക്കുന്നുണ്ടെങ്കിലും ആലോചനകൾ പലതും അന്തിമതീരുമാനത്തിലേക്ക് നീങ്ങവേയാണ് ശബ്ദരേഖാ വിവാദം ഉണ്ടായത്. ടൂറിസം പ്രോത്സാഹിപ്പിക്കാനാണെന്നു പറഞ്ഞുകൊണ്ട് മാസത്തിലെ ആദ്യദിവസമുള്ള മദ്യവിൽപ്പന വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഏപ്രിൽ മാസം വകുപ്പുസെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു. ഈ നീക്കത്തിലും സംസ്ഥാനത്തിന് ഒരു വർഷം 15,000 കോടി രൂപയുടെ അധികവരുമാനമുണ്ടാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇക്കാര്യം പരിശോധിച്ച് അന്തിമറിപ്പോർട്ട് തയ്യാറാക്കാൻ സെക്രട്ടറിമാരുടെ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ച് അർദ്ധരാത്രി വരെയാക്കുന്നതിനുള്ള ആലോചനയും ഗൗരവമായി ഭരണതലത്തിൽ നടന്നിട്ടുണ്ട്.

അനേകായിരം യുവതീയുവാക്കൾ ജോലി ചെയ്യുന്ന ഐ.ടി പാർക്കുകളിൽ പ്രത്യേകമായി അനുവദിച്ച വിനോദ കേന്ദ്രങ്ങളിൽ ക്ലബ്ബ് മാതൃകയിൽ ബാർ അനുവദിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. അത് 2024 ലെ മദ്യനയത്തിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടൻ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനത്തിന്  നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം  നൽകിയത്.

ഐ.ടി പാർക്കുകളിലെ മദ്യശാലയ്ക്കുള്ള ലൈസൻസ് ഫീസായി നിശ്ചയിച്ചിരിക്കുന്നത് 20 ലക്ഷം രൂപയാണ്. വിദേശമദ്യചില്ലറ വിൽപ്പനശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധിയോ സമയപരിധിയോ ഈ മദ്യശാലകൾക്ക് ബാധകമല്ല. രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കാവുന്ന തരത്തിലാണ് അനുമതി നൽകാൻ തീരുമാനമെടുത്തിട്ടുള്ളത്.

കോഴ പിരിച്ചോ നൽകിയോ എന്ന രാഷ്ട്രീയ ഏറ്റുമുട്ടലിനേക്കാൾ ഉൾക്കണ്ഠയുളവാക്കുന്നതു മദ്യ ഉപഭോഗം കഴിയുന്നിടത്തോളം വർദ്ധിപ്പിക്കാൻ സർക്കാർ പ്രകടിപ്പിക്കുന്ന അമിതതാൽപ്പര്യം കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക പ്രത്യാഘാതം എത്ര വലുതാണെന്നുള്ളതാണ്. മദ്യം സുലഭമാകുമ്പോൾ മദ്യ ഉപഭോഗം കൂടും, മദ്യാസക്തിയും കൂടും, ഇത് കുടുംബങ്ങളിലും സമൂഹത്തിലും ക്രമേണ അരാജകത്വം സൃഷ്ടിക്കും. മദ്യലഭ്യത വർദ്ധിച്ചാൽ മയക്കുമരുന്നിന്റെ ഉപയോഗം കുറയുമെന്നുള്ള വാദം തികച്ചും അടിസ്ഥാനമില്ലാത്തതാണെന്ന് നാട്ടിലെ വർത്തമാനകാല അവസ്ഥ തന്നെ തെളിയിക്കുന്നുണ്ട്.

സംസ്ഥാന ഖജനാവ് നിറയ്ക്കാൻ പൊതുവിഭവ സമാഹരണത്തിന് ഭരണഘടനാനുസൃതമായ പല പോംവഴികളുണ്ടെന്നിരിക്കെ, സമർത്ഥമായ ധനകാര്യ മാനേജ്‌മെന്റിലൂടെ അതിനൊന്നും ശ്രമിക്കാതെ മോട്ടോർ വെഹിക്കിൾ ടാക്‌സ് മദ്യം, ലോട്ടറി, പെട്രോൾ തുടങ്ങിയവയുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തെ മാത്രം കൂടുതലായും ആശ്രയിക്കുന്നത് ഭരണപരമായ പരാജയവും പിടിപ്പുകേടുമാണ്. ഇന്ത്യയിൽ ഭാഗ്യക്കുറിയിൽ നിന്ന് സമാഹരിക്കുന്ന മൊത്തം വരുമാനത്തിൽ 85 ശതമാനവും കേരളത്തിൽ നിന്നാണത്രേ. ഭാഗ്യക്കുറി പാവങ്ങളോട് ചെയ്യുന്ന ദ്രോഹം പരിഗണിച്ച് ഒട്ടുമിക്ക സംസ്ഥാനങ്ങളും സർക്കാരുകളും ഭാഗ്യക്കുറി നിരോധിച്ചിരിക്കുകയാണ്. ഭാഗ്യക്കുറിയെന്നത് പാവങ്ങളുടെ മേലുള്ള നികുതി തന്നെയാണ്. നിർബന്ധിച്ച് പിരിക്കുന്നതിന് പകരം പാവങ്ങളിൽ  നിന്ന് പ്രലോഭിപ്പിച്ച് പിരിക്കുകയാണ് ചെയ്യുന്നത്. ഭാഗ്യക്കുറിയും മദ്യവും വഴി ഏറ്റവും പാവങ്ങളായ സമൂഹം കൂടുതൽ പാവങ്ങളായി മാറുന്നു. പാവങ്ങളിൽ നിന്ന് കൂടുതൽ നികുതിപ്പണം പിരിച്ച് ഭരണം നടത്തുമ്പോൾ അതാണല്ലോ സംഭവിക്കുക.

അതേസമയം ബാറുടമകൾ നൽകേണ്ട നികുതിയുടെ കാര്യത്തിൽ നികുതി വകുപ്പ് പ്രകടിപ്പിക്കുന്ന അനാസ്ഥ ഇതിന്റെ മറുവശമാണ്. മദ്യവിൽപ്പനയുടെ അടിസ്ഥാനത്തിൽ ബാറുകളിൽ നിന്ന് ഈടാക്കുന്ന ടേൺ ഓവർ ടാക്‌സിലാണ് നികുതി വകുപ്പിന്റെ ഈ കണ്ണടയ്ക്കൽ. നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാറുകൾ സന്ദർശിച്ച് രേഖകൾ നേരിട്ട് പരിശോധിച്ചാണ് 2016 വരെ ടേൺ ഓവർ നികുതി നിശ്ചയിച്ചിരുന്നത്. ഭരണമാറ്റത്തിനുശേഷം 2017 മുതൽ ബാർ ഉടമകൾ നൽകുന്ന സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലായി ടേൺ ഓവർ നികുതി കണക്കാക്കുന്നത്. 2016 ൽ 29 ബാറുകൾ ഉള്ളപ്പോൾ 300 കോടിയാണ് ടേൺ ഓവർ ടാക്‌സ് ഖജനാവിൽ എത്തിയെങ്കിൽ, 801 ബാറുകൾ പ്രവർത്തിക്കുമ്പോൾ നികുതി വരുമാനം 600 കോടിയിലും താഴെയാണെന്നത് ഖജനാവ് ചോർത്തുന്ന വലിയ ഒത്തുകളിയാണ് വ്യക്തമാക്കുന്നത്. പ്രതിമാസ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ബാറുകൾ അനന്തമായി വൈകുമ്പോഴും സർക്കാർ ബാറുടമകളോട് കാണിക്കുന്ന സൗജന്യവും മൃദുസമീപനവും സർക്കാരിന് ബാറുടമകളോടുള്ള കടപ്പാടും നന്ദിയും എത്രയേറെയാണെന്ന് തെളിയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE