09:59am 08 July 2024
NEWS
സിഗരറ്റ് വലിക്കുന്ന 'കാളീദേവി'; വിവാദമായി പോസ്റ്റര്‍; സംവിധായിക്ക് എതിരെ കേസെടുത്ത് യുപി പൊലീസ്
05/07/2022  10:54 AM IST
Veena
സിഗരറ്റ് വലിക്കുന്ന 'കാളീദേവി'; വിവാദമായി പോസ്റ്റര്‍; സംവിധായിക്ക് എതിരെ കേസെടുത്ത് യുപി പൊലീസ്
HIGHLIGHTS

അപകീർത്തികരമായി ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്

ദില്ലി: സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റർ വിവാദത്തിൽ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ   കേസെടുത്ത് യുപി പൊലീസ്.  അപകീർത്തികരമായി ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്.  ഇവരുടെ പുതിയ ഡോക്യുമെൻററിയുടെ പോസ്റ്ററിൽ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കാളിദേവിയെ അപമാനിച്ചു​ എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുകയാണ്.

കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി,  ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.

തമിഴ്നാട് മധുര സ്വദേശിയാണ് ലീന മണിമേഖല. പുതിയ ഡോക്യുമെന്ററിയു​ടെ പോസ്റ്റർ ശനിയാഴ്ചയാണ് പങ്കുവെച്ചിരുന്നത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവ​ശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻറിംഗ് ആയിരിക്കുകയാണ്.

അതേസമയം, പ്രതിഷേധങ്ങളിൽ പ്രതികരണവുമായി സംവിധായിക രം​ഗത്തെത്തുകയും ചെയ്തു. 'എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. അതിന്റെ വില എന്റെ ജീവനാണെങ്കിൽ അത് നൽകാം', എന്നായിരുന്നു ലീനയുടെ പ്രതികരണ ട്വീറ്റ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA