11:41am 05 July 2024
NEWS
പ്രവാസികളുടെ ആശ്രയമായ ഖുബ്ബൂസിന് വിലകൂടുമോ?
24/06/2024  08:22 AM IST
nila
പ്രവാസികളുടെ ആശ്രയമായ ഖുബ്ബൂസിന് വിലകൂടുമോ?

മനാമ: ​ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ തങ്ങളുടെ ബജറ്റ് ബാലൻസ് ചെയ്ത് നിലനിർത്തുന്നതിൽ വലിയൊരു പങ്ക് വ​ഹിക്കുന്ന ഭക്ഷണ വിഭവമാണ് ഖുബ്ബൂസ്. വർഷങ്ങളായി വളരെ ചെറിയ വിലയിലാണ് ​ഗൾഫ് രാജ്യങ്ങളിൽ ഖുബ്ബൂസ് ലഭിക്കുന്നത്. സ്വന്തം ആ​ഹാരം ഖുബ്ബൂസിൽ ഒതുക്കിയാണ് പല പ്രവാസികളും നാട്ടിലേക്ക് കൂടുതൽ പണം അയക്കുന്നത്. എന്നാൽ, ഖുബ്ബൂസിന് വില വർധിക്കുമോ എന്ന ആശങ്കയിലാണ് ബഹ്റൈനിലെ പ്രവാസ ലോകം.  ബഹ്‌റൈൻ ഫ്‌ളോർ മിൽസ് കമ്പനി (ബിഎഫ്എം) തങ്ങളുടെ മാവ് ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചതാണ് ഖുബ്ബൂസിന് വില കൂടുമോ എന്ന ആശങ്കക്ക് ആധാരം. 

ഗോതമ്പ് വിലയിലെ ആഗോള വർധനവിനെ തുടർന്നാണ് തങ്ങളും വിലയിൽ മാറ്റം വരുത്തുന്നത് എന്നാണ് ബിഎഫ്എം പറയുന്നത്. 35ശതമാനം മുതൽ 100 ശതമാനം വരെ വില വർധവാണ് ബഹ്‌റൈൻ ഫ്‌ളോർ മിൽസ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് അനുസരിച്ച്, 50 കിലോഗ്രാം മാവ് ടൈപ്പ് 0 ൻറെ വില 3.7 ദിനാറിൽ നിന്ന് 5.2 ദിനാർ ആയി വർധിച്ചു. അതേസമയം മാവ് ടൈപ്പ് 23.1 ദിനാറിൽ നിന്ന് 49.50 ദിനാറായും വർധിപ്പിച്ചിട്ടുണ്ട്. ഈ വിലവർധനവ് പിസ്സ മാവ്, പലഹാരപ്പൊടികൾ, മറ്റ് ഗോതമ്പ് ഉൽപന്നങ്ങൾ എന്നിവയെയും ബാധിക്കും. 

അതേസമയം, അംഗീകൃത ജനപ്രിയ ബേക്കറികൾക്ക് കമ്പനി സബ്‌സിഡി വില നിലനിർത്തിയിട്ടുണ്ട്. വരാനിരിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ വിലക്കയറ്റം  ചർച്ച ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പാർലമെൻററി അന്വേഷണ സമിതി അധ്യക്ഷനായിരുന്ന എംപി മുഹമ്മദ് അൽ മറാഫി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF