11:25am 08 July 2024
NEWS
ഗുജറാത്തില്‍ കോണ്‍ഗ്രസിന് ആപ്പായത് ആപ്പാണോ ?

08/12/2022  09:09 PM IST
nila
ഗുജറാത്തില്‍ കോണ്‍ഗ്രസിന് ആപ്പായത് ആപ്പാണോ ?
HIGHLIGHTS

നേതൃദാരിദ്യമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. 

ഗുജറാത്തിലെ ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോയതാണ് ഇത്ര ദയനീയമായ തോല്‍വിക്ക് കാരണമെന്നാണ് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ ഒന്നാകെ പറയുന്നത്. അതിനവര്‍ കുറ്റം ചാരുന്നത് കെജ്രിവാളിൻറെ ചുമലിലും. ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങളില്‍ വീണ ജനങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. അതേസമയം, ബിജെപിയില്‍ നിന്നും അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശിലും ഇതേ ആം ആദ്മി പാര്‍ട്ടി മത്സര രംഗത്തുണ്ടായിരുന്നു എന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മനപൂര്‍വം മറക്കുകയാണ്.

നേതൃദാരിദ്യമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. എതിര്‍പക്ഷത്ത് അതിനൊരു ക്ഷാമവുമില്ല എന്നതാണ് കോണ്‍ഗ്രസിന് അതിലും വലിയ വെല്ലുവിളി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഗുജറാത്തികളിലൊരാളായി അവരോട് നമ്മുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുമ്പോള്‍, അതുപോലെ പറയാൻ കോണ്‍ഗ്രസിൻറെ താരപ്രചാരകരുടെ പട്ടികയില്‍ ഒരു ഗുജറാത്തി ഇല്ലാതെ പോയി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മുതല്‍ കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെയുള്ളവര്‍ പ്രസംഗിച്ചത് ഗുജറാത്തിൻറെ ആത്മാവിനെ തൊട്ടറിഞ്ഞായിരുന്നില്ല.

2017ല്‍ കോണ്‍ഗ്രസ് മിന്നും പ്രകടനം കാഴ്ച്ചവെച്ചത് പട്ടീദാര്‍ പ്രസ്ഥാനത്തിൻെറ തോളിലേറിയായിരുന്നു. എന്നാല്‍ ഹര്‍ദ്ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ കഴിഞ്ഞിരുന്നില്ല.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ പ്രധാനമന്ത്രിയെ രാവണനോട് ഉപമിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

സ്വപ്നങ്ങളും ലക്ഷ്യങ്ങളുമില്ലാത്ത നേതൃത്വമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളത്. മോദിയുടെയും അമിത്ഷായുടെയും വ്യക്തിപ്രഭാവത്തെ മറികടക്കാൻ തങ്ങള്‍ക്കാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം വിശ്വസിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും ഈ ആത്മവിശ്വാസമില്ലായ്മ പ്രകടമായിരുന്നു. ആം ആദ്മിയും അരവിന്ദ് കെജ്രിവാളും സൃഷ്ടിച്ച ഓളം പോലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സൃഷ്ടിക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ, ഗുജറാത്ത് നിയമസഭയുടെ പ്രതിപക്ഷത്തേക്ക് ആം ആദ്മി എത്തുമെന്ന് പോലും പല രാഷ്ട്രീയ നിരീക്ഷകരും കരുതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL