08:13am 08 July 2024
NEWS
നിയമ നിര്‍മ്മാണത്തിലൂടെ സഭാതര്‍ക്കം പരിഹരിക്കണം:
യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി

04/07/2024  07:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നിയമ നിര്‍മ്മാണത്തിലൂടെ സഭാതര്‍ക്കം പരിഹരിക്കണം:  യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി
HIGHLIGHTS
പുത്തന്‍കുരിശ് : സഭാതര്‍ക്കം കലുഷിതവും സങ്കീര്‍ണ്ണവും ആയിരിക്കുന്ന സാഹചര്യത്തില്‍ ബഹു. ഗവണ്‍മെന്റ് അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തി മലങ്കര സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റിയോഗം ബഹു. ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ പോലും വിശ്വാസികള്‍ക്ക് സാധിക്കാതെ ഇരുന്ന സാഹചര്യത്തില്‍ ബില്ലിലൂടെ ഒരു പരിധിവരെ എങ്കിലും ആ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ ബഹു. ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ സഭ നന്ദിയോടെ സ്മരിക്കുന്നു. സഭാതര്‍ക്കം സാമൂഹ്യ പ്രശ്‌നമായി സമാധാന അന്തരീക്ഷം തര്‍ക്കുന്ന സാഹചര്യമായിരിക്കുകയാണ്. പള്ളികളുടെ ക്രമ സമാധാനത്തിനായി കോടിക്കണക്കിന് രൂപ പൊതുഖജനാവിന് ചെലവായിക്കൊണ്ടിരിക്കുന്ന ദുരവസ്ഥ നിലനില്‍ക്കുന്നു. വിശ്വാസികള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ദൈവാലയങ്ങളില്‍ അവര്‍ക്കാരാധിക്കുവാനും പള്ളികളുടെ സ്ഥാപനോദ്ദേശ്യം നിലനിര്‍ത്തുവാനും ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുവാനും അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തി സഭാതര്‍ക്കത്തിന് ശാശ്വതപരിഹാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ ജന്മദിനമായ ജൂലായ് മാസം 22- ന് പരി. സഭയുടെ എല്ലാ ദൈവാലയങ്ങളിലും വി. കുര്‍ബ്ബാനയും, പരി. സഭയ്ക്കുവേണ്ടിയും, ശ്രേഷ്ഠ ബാവായ്ക്കു വേണ്ടിയും ഉച്ചയ്ക്ക് 12 മണി വരെ പ്രാര്‍ത്ഥന നടത്തുവാനും തീരുമാനിച്ചു. 2024- 2025 വര്‍ഷത്തേയ്ക്കുള്ള 51 കോടി രൂപയുടെ ബഡ്ജറ്റ് സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍ അവതരിപ്പിച്ചത് മാനേജിംഗ് കമ്മറ്റി അംഗീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, സാധുജന സംരക്ഷണത്തിനും ഊന്നല്‍ കൊടുത്തുള്ള ബഡ്ജറ്റില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ക്ഷേമ പദ്ധതികള്‍ക്കായി 21 കോടി രൂപ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. തിരുവനന്തപുരത്ത് സഭയുടെ റീജിയണല്‍ സെന്റര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. പരി. സഭയുടെ ചരിത്ര പുസ്തകങ്ങള്‍, ഇടവക ചരിത്രം എന്നിവ ഉള്‍പ്പെടുത്തി സഭാ ആസ്ഥാനത്ത് ലൈബ്രറി ആരംഭിക്കുവാനും തീരുമാനിച്ചു. മികച്ച ക്യാമറമാനുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ച യാക്കോബായ സഭാംഗമായ ശ്രീ. ജോബി മാത്യുവിനെ മാനേജിംഗ് കമ്മിറ്റിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മെത്രാപ്പോലീത്താമാരായ അഭി. ഡോ. എബ്രഹാം മോര്‍ സേവേറിയോസ്, പരി. എപ്പിസ് ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോര്‍ തീമോത്തിയോസ്, ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, സഭാ മീഡീയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോര്‍ ക്ലിമീസ്, സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam