12:24pm 26 June 2024
NEWS
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ

16/06/2024  08:18 AM IST
nila
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിപിഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ ദയനീയ പരാജയത്തിന് സംസ്ഥാന സർക്കാരിന്റെ ഭരണപരാജയവും മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും കാരണമായെന്ന് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സിപിഐ നേതാക്കൾ രൂക്ഷ വിമർശനം ഉയർത്തിയത്. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും നേതാക്കൾ തുറന്നടിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പരാജയത്തിലേക്ക് നയിച്ചത് ഭരണവിരുദ്ധവികാരമാണെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ പറയുന്നു.മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും സർക്കാരിന്റെ ധൂർത്തും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നവകേരള സദസ് ധൂർത്തായി മാറിയെന്ന് കൗൺസിലിൽ വിമർശനം ഉയർന്നു. നടന്നത് വലിയ പണിപ്പിരിവാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചെന്നുമാണ് വിമർശനം. 

മന്ത്രിമാരുടെ പ്രകടനം മോശമെന്നാണ് ജില്ലാ കൗൺസിലിന്റെ വിലയിരുത്തൽ. ലോക് സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിമർശനം കടുപ്പിച്ചിരിക്കുകയാണ് സിപിഐ. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA