11:14am 01 July 2024
NEWS
സി.പി.എമ്മും ബി.ജെ.പിയും ഒരു കുടക്കീഴിൽ ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നവർ: രാഹുൽ മാങ്കൂട്ടത്തിൽ
15/12/2023  08:40 AM IST
പി. ജയചന്ദ്രൻ
സി.പി.എമ്മും ബി.ജെ.പിയും ഒരു കുടക്കീഴിൽ ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നവർ: രാഹുൽ മാങ്കൂട്ടത്തിൽ
HIGHLIGHTS

പ്രത്യയശാസ്ത്രത്തെ പരണത്തുവച്ചിട്ട് കോൺഗ്രസ് വിരുദ്ധതയും ഉരുവിട്ടുനടക്കുന്നു
രാഹുൽ മാങ്കൂട്ടത്തിൽ (യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

ദീർഘകാല ഒരിടവേളയ്ക്കുശേഷം സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ടുനേടി അദ്ധ്യക്ഷ പദവിയിലെത്തിയത് രാഹുൽ മാങ്കൂട്ടത്തിലാണ്. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മൂർച്ചയുള്ള നാവായ രാഹുൽ മാങ്കൂട്ടത്തിലുമായി 'കേരളശബ്ദം' സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി. ജയചന്ദ്രൻ നടത്തിയ സംസാരം.

? ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലാണല്ലോ കോൺഗ്രസ് പാർട്ടിയുടെ റിക്രൂട്ടിംഗ് ഏജൻസി കൂടിയായ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി രാഹുൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്, ഇതൊരു ഭാരിച്ച വെല്ലുവിളിയല്ലേ.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ് വെല്ലുവിളി നേരിടുന്നു എന്ന് പറയുമ്പോൾ ഇൻഡ്യ എന്ന പേരും ആശയവും പോലും വെല്ലുവിളി നേരിടുന്ന കാലഘട്ടം എന്നുപറയുന്നതല്ലേ ശരി. സ്വാഭാവികമായും ഈ രാജ്യത്തെ നൂറ്റിനാൽപ്പത് കോടിയിലധികം വരുന്ന പൗരന്മാരിൽ മുഴുവൻ പേർക്കും ഇൻഡ്യ എന്ന ആശയത്തേയും ഇൻഡ്യയേയും വീണ്ടെടുക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. അതിൽതന്നെ ഈ രാജ്യത്തെ രൂപീകരിച്ച പ്രസ്ഥാനം എന്ന നിലയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ഉത്തരവാദിത്വം കുറേക്കൂടി കൂടുതലാണ്.

പിന്നെ, കാലഘട്ടത്തിന്റേതായ വെല്ലുവിളി എന്താണെന്നുള്ള ആത്മാർത്ഥവും സത്യസന്ധവുമായ ബോദ്ധ്യം ഒരു രാഷ്ട്രീയ തിരിച്ചറിവാണ്. തീർച്ചയായും ആ തിരിച്ചറിവോടുകൂടിത്തന്നെയാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. എന്റെ മുൻഗാമികളായിട്ടുള്ള യൂത്ത് കോൺഗ്രസ് പ്രസിഡന്റൻമാർക്കാർക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളികളുടെ കാലഘട്ടം തന്നെയാണിത്. കാലാകാലങ്ങളായി കോൺഗ്രസ് ഒന്നുകിൽ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരിക്കും.അല്ലെങ്കിൽ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരിക്കും. എന്നാൽ ഈ രണ്ടിടത്ത് നിന്നും കോൺഗ്രസ് അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന ഏറ്റവും ദീർഘമായ കാലഘട്ടവും ഇതാണ്.

ആ സമയത്ത് ഉത്തരവാദിത്വത്തോടുകൂടി സംഘടനയെ മുന്നോട്ടുകൊണ്ടുപോകേണ്ട ബാദ്ധ്യത, പ്രത്യേകിച്ചും ഈ രാജ്യത്തിന്റെ എസ്സൻസായ ചെറുപ്പക്കാർക്കുണ്ട്. ആ ചെറുപ്പക്കാരെ ലീഡ് ചെയ്യുന്ന ആളായി പ്രവർത്തിക്കേണ്ട ബാധ്യതയാണ് എനിക്കുള്ളത്.

? അതിന് എന്ത് മാർഗ്ഗമാണ് രാഹുൽ സ്വീകരിക്കാനുദ്ദേശിക്കുന്നത്.

കോൺഗ്രസിനകത്തുതന്നെ രൂപപ്പെടുന്ന പല ആശയധാരകളുമുണ്ട്. അതിനകത്തുതന്നെ, ഞാനെല്ലാക്കാലത്തും പറയാറുണ്ട്, നെഹ്‌റുവിന്റെ ജനാധിപത്യമാണ് എനിക്കേറെ ഇഷ്ടം. ഓരോരുത്തരും ജനാധിപത്യത്തെ വിവക്ഷിക്കുന്നത് വ്യത്യസ്തമായ തലങ്ങളിലാണ്. നെഹ്‌റുവിന്റെ ജനാധിപത്യ ബോധ്യം എന്നുപറയുന്നത് ഏറ്റവും താഴെത്തട്ടിലുള്ള കൺസൾട്ടേഷൻസും ഡിസ്‌ക്കഷൻസുമാണ്. യുത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ ഞാനാഗ്രഹിക്കുന്നത് അതാണ്. എന്റെ ചില ആശയങ്ങൾ, ഞാനെന്ന വ്യക്തിയുടെ അല്ലെങ്കിൽ ഞാനുമായി ബന്ധപ്പെടുന്ന ചിലയാളുകളുടെ ആശയങ്ങളും വിഷനും സംഘടനയിൽ അടിച്ചേൽപ്പിക്കുന്നതിനുപകരം സംഘടനയിലൂടെ രൂപപ്പെട്ടുവരുന്ന ഓർഗാനിക് ആയ ഒരുപാട് ആശയങ്ങളുണ്ട്. ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ സംഘടനയാണിത്. അവരോട് ഏറ്റവും ആഴത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളായിരിക്കും ഞാൻ നടത്തുക.

അതായത്, എന്റെ ആശയങ്ങൾ സംഘടനയിൽ കെട്ടിവയ്ക്കുന്നതിന് പകരം, സംഘടനയിൽ രൂപപ്പെടുന്ന ആശയങ്ങൾ ക്രോഡീകരിച്ച് അതിനൊരു സംഘടനാ രൂപം നൽകുന്ന പ്രവർത്തനശൈലിയാണ് ഞാനാഗ്രഹിക്കുന്നത്.

നെഹ്‌റുവിനെപ്പോലെയാകാൻ നമുക്കാർക്കും ആകില്ല. പക്ഷേ അതിന് പരിശ്രമം ഉണ്ടാകണം. ഒരു രാത്രി വിപ്ലവത്തിൽ വിശ്വസിക്കുന്നയാളല്ല ഞാൻ. അതുകൊണ്ട് ഇപ്പോൾ ഒരു പദവിയിലേക്ക് വരുമ്പോൾ ആദ്യദിവസത്തെ ഒരു തലക്കെട്ടിനുവേണ്ടി എന്തെങ്കിലും വിളിച്ചുപറയുന്നതിനുപകരം വളരെ വിശദമായിട്ടുള്ള ഒരു സംഘടനാശരീരത്തിൽ നിന്ന് ലഭിക്കുന്ന ഒരാശയം നടപ്പാക്കി മുന്നോട്ടുപോയി, ഏറ്റവും ശക്തമായ പ്രതിപക്ഷമായി മാറും. പിന്നെ, ഇന്നത്തെ കാലത്ത് പ്രതിപക്ഷത്തിന് ഒരു പ്രത്യേകതയുണ്ട്. മുൻപൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാത്രമായിരുന്നു പ്രതിപക്ഷം. അല്ലെങ്കിൽ മാധ്യമങ്ങൾ. എന്നാൽ ഇന്നതല്ല. നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഇപ്പോൾ, മറിയക്കുട്ടിയേടത്തി എന്നുപറയുന്ന ഇടുക്കി ജില്ലയിലെ ഒരു സാധാരണ വീട്ടമ്മ അവർക്ക് ലഭിക്കേണ്ടുന്ന അവകാശത്തിനായി, അവകാശനിഷേധത്തിനെതിരായി ഒരു സമരം ചെയ്യുകയാണ്. ആ സമരത്തെ സർക്കാർ സ്‌പോൺസേർഡ് മാധ്യമങ്ങൾ അടച്ചാക്ഷേപിക്കുകയാണ്. അവർക്ക് രണ്ടുനില വീടുകളുണ്ട്, വലിയ ബാങ്ക് ബാലൻസുണ്ട്, മകൾ വിദേശത്താണ് എന്നൊക്കെയാണ് ആ സർക്കാർ സ്‌പോൺസേർഡ് മാധ്യമം കണ്ടെത്തിയത്. എന്നാൽ അതേ സർക്കാരിന്റെ ഒരുദ്യോഗസ്ഥനെക്കൊണ്ട് തനിക്ക് വീടില്ല, സ്ഥലമില്ല എന്ന് അന്വേഷിപ്പിച്ച് സാക്ഷ്യപത്രം വാങ്ങി ആ സാധാരണ വീട്ടമ്മ പ്രതിപക്ഷത്തിന്റെ മുഖമായി നിൽക്കുന്നു. അത് ഒരേസമയം വെല്ലുവിളിയും സാധ്യതയുമാണ്.

സാധ്യത എന്നുപറഞ്ഞാൽ സാധാരണ ജനങ്ങളും വോട്ടർമാരുമൊക്കെ പ്രതിപക്ഷമായി മാറുന്ന ഒരസാധാരണ കാലഘട്ടമാണിത്. അതൊരു സാധ്യതയാണ്. അവരെ ക്രോഡീകരിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

രണ്ട്, ഏതെങ്കിലും ഒരു വ്യക്തി ഉയർത്തുന്ന ഒറ്റപ്പെട്ട ആ ശബ്ദത്തിന് വല്ലാത്ത ഒച്ചയുണ്ടാകുന്നുണ്ട്. ആ ശബ്ദത്തോട് തുല്യം ചെയ്യുന്ന ശബ്ദം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിന് ഉണ്ടായില്ലെങ്കിൽ ജനം നമ്മളെ പെട്ടെന്ന് ഓഡിറ്റ് ചെയ്യും. സർക്കാരിനെ മാത്രമല്ല പ്രതിപക്ഷത്തെ ജനം ഓഡിറ്റ് ചെയ്യും. അതാണ് ഒരേ സമയത്ത് സാധ്യതയും വെല്ലുവിളിയുമാണെന്ന് പറഞ്ഞത്. അതുകൊണ്ട് കൺസൾട്ടേഷനും ഡിസ്‌ക്കഷനുമായിരിക്കും എന്റെ മാർഗ്ഗം.

? മറിയക്കുട്ടിയേടത്തി പ്രതിപക്ഷമായി എന്നുപറയുമ്പോൾ യഥാർത്ഥ പ്രതിപക്ഷമായ കോൺഗ്രസ് നിർജ്ജീവമാണെന്നല്ലേ അത് പറയുന്നത്.

സ്വാഭാവികമായും പ്രതിപക്ഷ പ്രവർത്തനം, ഞങ്ങളുടെ സംഘടനാപരമായ പ്രവർത്തനം പൂർണ്ണമാണ് എന്നൊരഭിപ്രായം പറയുവാൻ ഇത് നയിക്കുന്നവർപോലും തയ്യാറാകും എന്നു ഞാൻ വിശ്വസിക്കുന്നില്ല. പൂർണ്ണമായത് ഒന്നുമില്ലല്ലോ. ആ നിലയ്ക്ക് പോരായ്മകളും പരാതികളുമുണ്ട്. പക്ഷേ അതിനപ്പുറം ഇന്നത്തെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത കാണാതിരിക്കരുത്.

അതായത് മുൻകാല ഘട്ടങ്ങളിൽ ഒരു സർക്കാരിന്റെ പീരീഡ് ഓഫ് ടൈമിൽ ഒരു തെറ്റ് പറ്റാം. അത് ചിലപ്പോൾ ഒരു അഴിമതിയാകാം. സർക്കാരിന്റെ ഒരു വീഴ്ചയാകാം. അല്ലെങ്കിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളുടെ വീഴ്ചയാകാം. അതിനെതിരായി തുടർസമരങ്ങൾ വരും. സമരങ്ങൾ അങ്ങനെ തുടർച്ചയാകുമ്പോഴാണ് ജനങ്ങളുടെ മനസ്സിലേക്ക് വരുന്നത്.  എന്നുപറഞ്ഞാൽ ദിവസവും ഒരു വിഷയത്തിൽ തന്നെ സമരം.

എന്നാലിപ്പോൾ ഒരു ദിവസം രാവിലെ ഒരു സംഭവത്തിനുമേൽ സമരം നടത്തിയാൽ, ആ വിഷയത്തിൻ മേലായിരിക്കില്ല ഉച്ചയ്ക്ക് സമരം ചെയ്യേണ്ടിവരിക. വൈകുന്നേരമാകുമ്പോഴേക്ക് വിഷയം വീണ്ടും മാറും. എന്നുപറഞ്ഞാൽ ഈ ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം ഓരോ നിമിഷവും സമരത്തിലേക്ക് പോകേണ്ടുന്ന പ്രവർത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് എന്ന നിലയിൽ പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു വരുമ്പോൾ ആ കമ്മിറ്റി മുൻപാകെ ചിലർ ഉന്നയിക്കുന്ന വിഷയം പി.എസ്.സിക്കെതിരെയും യു.പി.എസ.്‌സിക്കെതിരെയും സമരം ചെയ്യാമെന്നായിരിക്കും. കാരണം ഏറ്റവും കൂടുതൽ തൊഴിൽ നിഷേധിക്കുന്ന രണ്ട് സർക്കാരുകളുടെ ഏജൻസികളാണല്ലോ അവർ.

2015 നുശേഷം എനിക്ക് ബി.എസ്.എൻ.എല്ലിൽ ജോലി കിട്ടി എന്നുപറയുന്ന ഒരു സുഹൃത്തെങ്കിലുമുണ്ടോ? ഒരാളെയെങ്കിലും പരിചയപ്പെട്ടിട്ടുണ്ടോ? അതുതന്നെയാണ് റെയിൽവേയിലെ കാര്യവും. പണ്ട് നമ്മുടെ നാട്ടിൽ, ഇൻഡ്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവായിരുന്നു റെയിൽവേ. നാട്ടിൽ ഒരുപാട് പേർ അന്ന് റെയിൽവേയിലാണ് ജോലി എന്നുപറയുമായിരുന്നു. എന്നാൽ ഈ അടുത്തകാലത്ത് റെയിൽവേയിൽ ജോലി കിട്ടി എന്നുപറയുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ?

സംസ്ഥാനത്തും സമാനമായ സാഹചര്യമാണ്. തൊഴിൽ നിഷേധത്തിനെതിരെ സമരം ചെയ്യാൻ ചെറുപ്പക്കാർ പറയുന്ന സമയത്തു തന്നെയാണ് നാട്ടിലെ ഗൃഹസ്ഥരായിട്ടുളള ആൾക്കാർ ഇന്ധനവില വർദ്ധനവിനെക്കുറിച്ചും ഗ്യാസിന്റെ സബ്‌സിഡി നിഷേധിച്ചിരിക്കുന്നതിനെക്കുറിച്ചും പറയുന്നത്. അപ്പോൾ അതിനെതിരെ സമരം ഫോക്കസ് ചെയ്യാം എന്ന് തീരുമാനിക്കുമ്പോൾ മറുവശത്ത് അവശ്യ വസ്തുക്കളുടെ വിലവർദ്ധനവ്. വിലക്കയറ്റത്തിനെതിരെ സമരം ചെയ്യാൻ പോകുമ്പോൾ പിൻവാതിൽ നിയമനം. പിൻവാതിൽ നിയമനത്തെപ്പറ്റി സംസാരിക്കുമ്പോൾ അഴിമതി. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ സർക്കാരിന്റെ ധൂർത്ത്.

ഇപ്പോൾതന്നെ മുഖ്യമന്ത്രിക്കും മറ്റും സഞ്ചരിക്കാനുള്ള ബസിന്റെ വിവരം പുറത്തുവരുന്നു. ഒരു കോടിക്ക് മേലാണ് വില. ഏതാനും ദിവസത്തേക്ക് മാത്രമുള്ള യാത്രാവശ്യത്തിനായി കൊണ്ടുവന്ന ബസിന്റെ മോഡിഫിക്കേഷൻ ചെലവാണ് ഒരു കോടിക്ക് മേൽ രൂപ.

ചുരുക്കിപ്പറഞ്ഞാൽ വിഷയങ്ങൾ കൂടുതലാണ്. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാനൊക്കില്ല എന്നുപറയും പോലെ ഒരു വിഷയത്തിന്റെ കണ്ടിന്യൂറ്റിയിൽ അടുത്ത സമരം സാധ്യമല്ലാത്ത രീതിയിൽ ഇവർ കൊള്ളരുതാത്തവരായി മാറിക്കൊണ്ടേയിരിക്കുന്നു. ഭരണപക്ഷം ഏറ്റവും വലിയ ജനവിരുദ്ധരായി മാറുന്ന കാലത്ത് പ്രതിപക്ഷവും അതനുസരിച്ച് അപ്‌ഡേറ്റാകണം. അതിന് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂട്ടായ ആലോചനയുണ്ടാകണം. ഇപ്പോൾ കൺവെൻഷണൽ അഴിമതിയും കൺവെൻഷണൽ കുഴപ്പങ്ങളുമല്ല ഗവൺമെന്റ് ചെയ്യുന്നത്. അപ്പോൾ സമരങ്ങളും കൺവെൻഷനാകരുത്. അസാധാരണമായ കൊള്ളരുതായ്മകൾ ചെയ്യുന്ന സർക്കാരുകളുടെ കാലത്ത് അസാധാരണ സമരം ചെയ്യുന്ന പ്രതിപക്ഷത്തെയാണ് ജനം  ആഗ്രഹിക്കുന്നത്.

? കേരളത്തിൽ യൂത്ത് കോൺഗ്രസ് ശക്തമായ ഒരു യുവജന സംഘടനയാണെന്ന് പറയാൻ കഴിയുമോ.

സംഘടനാപരമായ ശക്തിക്ഷയം യൂത്ത് കോൺഗ്രസിന് സംഭവിച്ചിട്ടുണ്ടെന്നുള്ള വസ്തുത നിഷേധിക്കുന്നില്ല. അത് പക്ഷേ യൂത്ത് കോൺഗ്രസിന് മാത്രം സംഭവിച്ചിട്ടുള്ളതല്ല. ഒന്നാമത്, നമ്മുടെ ചെറുപ്പക്കാർ, അവരാണല്ലോ യുവജന സംഘടനകളിലേക്ക് പോകുന്നത്. കേരളത്തിൽ തന്നെ പ്രവർത്തിക്കുന്ന യുവജന സംഘടനകളെ നമ്മളൊന്ന് വിലയിരുത്തി നോക്കിയാൽ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തിൽ എല്ലാ കൂട്ടർക്കും പരിമിതികളുണ്ടെന്നുകാണാം.

അതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. മുൻപ് ചെറുപ്പക്കാർ കൂടുതലും നാട്ടിൽ തന്നെയായിരുന്നു. ഇപ്പോൾ ഈയിടെ നമ്മൾ വായിച്ചില്ലെ, അടുത്തിടെ കേരളത്തിൽ നിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് ജോലി തേടി പലായനം ചെയ്യുന്നവരുടെ കണക്ക്. അത് വലിയ അപകടമാണ്. പക്ഷേ നാട്ടിൽ നിന്നാൽ എന്താണ് സാധ്യത എന്നാണ് അവർ ചോദിക്കുന്നത്. ആ രീതിയിൽ ചെറുപ്പക്കാരുടെ എണ്ണം കേരളത്തിൽ അപകടകരമാം വിധം കുറഞ്ഞുവരികയാണ്.

മറ്റൊന്ന്, കേരളത്തിൽ തന്നെ ജോലിയുള്ള ചെറുപ്പക്കാരുടെ തൊഴിൽ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റമാണ്. മുൻപൊക്കെ ഏതൊരു മേഖലയിൽ തൊഴിൽ ചെയ്യുന്ന ആൾക്കും രാഷ്ട്രീയ ബോധമുണ്ടായിരുന്നു. അവർക്ക് രാഷ്ട്രീയ പ്രവർത്തനം സാധ്യവുമായിരുന്നു. എന്നാലിപ്പോൾ ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ജോലി നേടുന്നത് ഐ.ടി മേഖലയിലാണ്. അവിടെ സമയത്തിന് പരിമിതിയുണ്ട്. രാഷ്ട്രീയപ്രവർത്തനം സാധ്യമല്ലാതായിക്കൊണ്ടുമിരിക്കുന്നു. കോർപ്പറേറ്റ് മേഖലയിലാണെങ്കിൽ അവരുടേത്  വേറൊരു തരം രാഷ്ട്രീയമാണ്. ഇത്തരത്തിലുള്ള തൊഴിൽ മേഖലയിലേക്ക് പോയവർ പരമ്പരാഗത രാഷ്ട്രീയശൈലിയോട് താൽപ്പര്യം പ്രകടിപ്പിക്കില്ല.

വേറൊരു കാര്യം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ശൈലി മാറി എന്നുള്ളതാണ്. രാഷ്ട്രീയം പറയുമ്പോൾ നമ്മളുദ്ദേശിക്കുന്നതെന്താണ്, സമരങ്ങൾ. സമരം കൊണ്ടുദ്ദേശിക്കുന്നതെന്താണ്. സർക്കാർ ചെയ്യുന്ന ഒരു കൊള്ളരുതായ്മ അല്ലെങ്കിൽ ഒരു തെറ്റ്, അത് ചൂണ്ടിക്കാണിക്കുക. എന്നതാണ് സമരം കൊണ്ടുദ്ദേശിക്കുന്നത്. അതിൽതന്നെ സെക്രട്ടറിയേറ്റിന് മുന്നിലെ ബാരിക്കേഡിൽ രക്തം ചിന്തുന്ന സമരം നടത്തുന്നവരുണ്ട്. അതേസമയംതന്നെ മറ്റ് രാജ്യങ്ങളിലിരുന്നുപോലും ഈവക വിഷയങ്ങളിൽ ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന, രാഷ്ട്രീയ പാർട്ടികളിലൊന്നിലും, പേര് രജിസ്റ്റർ ചെയ്യാത്ത ഒരു സംഘം ചെറുപ്പക്കാരുണ്ട്. അവർ നടത്തുന്ന പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. അവർ നടത്തുന്ന അഭിപ്രായ പ്രകടനവും രാഷ്ട്രീയ പ്രവർത്തനമാണ്.

ഇങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പരിമിതികളുണ്ട്. ആ പരിമിതികൾ യൂത്ത് കോൺഗ്രസിനും ഉണ്ടായിട്ടുണ്ട്. അത് കാലഘട്ടത്തിന്റെ പരിമിതിയാണ്. ആ കാലഘട്ടത്തിന്റെ പരിമിതികളെ എങ്ങനെയൊക്കെ അതിജീവിക്കാം എന്നുചിന്തിക്കും.

മറ്റ് പലരേയും പോലെ ഞാനും താഴെത്തട്ടിൽ നിന്ന് സംഘടനാ പ്രവർത്തനം നടത്തിവന്ന ആളാണ്. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിട്ടാണ് തുടക്കം. അസംബ്‌ളി തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ എക്‌സ്‌പോർഷനിനപ്പുറം അവിടത്തെ പരിമിതിയെക്കുറിച്ചും ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. തെറ്റിദ്ധാരണയൊന്നും എനിക്കില്ല. അങ്ങനൊരു മാജിക് ബാൻഡും എന്റെ കയ്യിലില്ല.

? ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് വിധേയനാകുന്ന വ്യക്തി കൂടിയാണല്ലോ രാഹുൽ.

നമ്മുടെ രാഷ്ട്രീയം ഗാന്ധിജിയുടെ രാഷ്ട്രീയമാണ്. ഈ രാജ്യത്തെ ജനങ്ങളോട് ഗാന്ധിജി സംവദിച്ചത് ഏത് രീതിയിലാണ്. കത്തുകളിലൂടെ. പത്രങ്ങളിലൂടെ.. അന്നത്തെക്കാലത്ത് സാധ്യമാകുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചിരുന്ന മനുഷ്യനാണദ്ദേഹം. എന്നു പറയുംപോലെ ഇന്നത്തെ കാലത്ത് ആളുകൾ അവർക്ക് സാധ്യമാകുന്ന മാധ്യമങ്ങൾ എല്ലാം ഉപയോഗിക്കുകയാണ്. ആ നിലയിലാണ് ടെലിവിഷൻ ചർച്ചകളെ ഞാൻ കാണുന്നതും അതിൽ പങ്കെടുക്കുന്നതും. കാരണം രാഷ്ട്രീയ പ്രചരണമാണ് നമ്മുടെ ഉദ്ദേശമെങ്കിൽ ആശയപ്രചരണമാണുദ്ദേശമെങ്കിൽ അതിന് സാധ്യമാകുന്ന മാധ്യമങ്ങൾ ഏതൊക്കെയാണോ അതെല്ലാംതന്നെ ഉപയോഗപ്പെടുത്തണം.

താങ്കൾ മുൻപേ ചോദിച്ച ചോദ്യത്തിന് ഒറ്റവാക്യത്തിൽ മറുപടി പറഞ്ഞാൽ യൂത്ത് കോൺഗ്രസിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായി, രാഷ്ട്രീയം കൊണ്ടുവരിക എന്നതാണ് എന്റെ പ്രാഥമികമായ കർത്തവ്യം. എന്നുപറഞ്ഞാൽ കൂടുതൽ ചെറുപ്പക്കാർ രാഷ്ട്രീയം പറയണം. രാഷ്ട്രീയം പറയാൻ പറ്റാത്തിടത്താണ് പ്രതിസന്ധികൾ ഉണ്ടാകുന്നത്. അതുകൊണ്ട് അതിനുവേണ്ട പ്രവർത്തനങ്ങൾ, രാഷ്ട്രീയം പറയാൻ പറയുന്ന എല്ലാ മാർഗ്ഗങ്ങളും, സമരങ്ങളെങ്കിൽ സമരങ്ങൾ, നവമാധ്യമങ്ങളെങ്കിൽ നവമാധ്യമങ്ങൾ, തെരുവുകെളങ്കിൽ തെരുവുകൾ.. എല്ലാം ഉപയോഗിക്കും.

? ഒരുകാലത്ത് യൂത്ത് കോൺഗ്രസ് കോൺഗ്രസിന്റെ തിരുനാൾ ശക്തിയായിരുന്നു. യൂത്ത് കോൺഗ്രസ് എങ്ങനെ പ്രതികരിക്കും എന്ന് ചിന്തിച്ചിട്ടേ കോൺഗ്രസ് പാർട്ടി ഏതൊരു തീരുമാനവും കൈക്കൊണ്ടിരുന്നുള്ളൂ. എന്നാൽ പിൽക്കാലത്ത് നേതാക്കളുടെ കുഴലൂത്തുകാരായി അധഃപതിക്കുന്നതും കണ്ടു. താങ്കളുടെ  നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് അങ്ങനൊരു തിരുത്തൽ ശക്തിയാകുമോ.

കുഴലൂത്തുകാർ എന്നുപറയുന്നതിനോട് പരിപൂർണ്ണമായി വിയോജിച്ചുകൊണ്ട് എന്റെ ശക്തമായ എതിരഭിപ്രായം പറയട്ടെ. രണ്ടുകാലഘട്ടങ്ങളുടെ പ്രത്യേകതയാണത്. ജി. കാർത്തികേയൻ വരെയുള്ള ആളുകളുടെ ഒരു കാലഘട്ടം. അതുപോലുള്ള മഹാരഥന്മാർ ഒരുപാടുപേർ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റന്മാരായി ഇരുന്നിട്ടുണ്ട്. ഉഗ്രപ്രതാപിളായ ശ്രീ.എ.കെ. ആന്റണി, ഉമ്മൻചാണ്ടി, വി.എം. സുധീരൻ, കെ.സി. ജോസഫ്, ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ അടക്കമുള്ള ഒരുപാട് പ്രധാനപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾ തലപ്പത്ത് വന്നിട്ടുണ്ട്.

ഇവിടെ ഞാൻ മുകളിൽ സൂചിപ്പിച്ച കാലഘട്ടത്തിന്റെ ഒരു വ്യത്യാസമുണ്ട്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഏതൊരു രാഷ്ട്രീയ പാർട്ടിയെ എടുത്താലും ആ പാർട്ടിക്കകത്ത് രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നു. ഉദാഹരണത്തിന് എനിക്ക് പാർട്ടിയിലെ ചില നയങ്ങളോട് വിയോജിപ്പുകൾ തോന്നാറുണ്ട്. അത് ഞാൻ ഉത്തരവാദപ്പെട്ട ഏത് സമിതിയിലാണോ അതിൽ പറയാതെ പുറത്തുപറയുന്നതിനെ വിമർശിക്കുന്ന ഒരു വലിയ വിഭാഗം പാർട്ടി പ്രവർത്തകരും പൊതുസമൂഹവും നമ്മുടെ നാട്ടിലുണ്ട്. അതാണ് രണ്ടഭിപ്രായം വരുമ്പോൾ 'എന്താ നിങ്ങൾ അടിയിടുകയാണോ' എന്ന് ആളുകൾ ചോദിക്കുന്നത്. നേരത്തെ താങ്കൾ തിരുത്തൽശക്തി എന്നുപറഞ്ഞപോലെ ആളുകൾ ഉപയോഗിക്കുന്ന ടെർമിനോളജി അതാണ്- എന്താണ് അടിയിടുന്നത്.

അത്തരം ഒരു തിരുത്തൽ പുറത്തുപറയുന്നത് തെറ്റാണ് എന്ന് സിക്കുന്ന ഒരു വലിയ വിഭാഗത്തെയാണ് ഇന്നത്തെക്കാലത്ത് നമ്മൾ അഡ്രസ് ചെയ്യുന്നത്. എന്നു കരുതി ഞങ്ങൾ തിരുത്തൽ ശക്തിയാകാതിരിക്കില്ല. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ എനിക്ക് എന്റെ പാർട്ടി എടുക്കുന്ന തീരുമാനങ്ങളെ തിരുത്താനുള്ള ഒരുപാട് സംവിധാനങ്ങൾ അകത്തുള്ളപ്പോൾ പുറത്തുപറയേണ്ട ആവശ്യകത വരുന്നില്ല. അത് കേൾക്കാൻ എന്റെ സഹപ്രവർത്തകർ ആഗ്രഹിക്കുന്നുമില്ല. സി.പി.എമ്മിനെപ്പോലെ കേന്ദ്രീകൃതമായ ഫണ്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ പാർട്ടിയല്ല കോൺഗ്രസ്. കുട്ടികളുടെ ട്യൂഷൻഫീസ്, അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ബേബിഫുഡ് വാങ്ങാൻ വച്ചിരിക്കുന്ന പണം, മരുന്നുവാങ്ങാൻ വച്ചിരിക്കുന്ന പണം, റബ്ബർ വെട്ടിക്കിട്ടുന്ന പണമുണ്ട്, ചിട്ടി പിടിച്ച പണമുണ്ട്... അതാണ് ഈ പാർട്ടിയുടെ ഫണ്ട്. അതുപോലെ പോസ്റ്റർ ഒട്ടിക്കുന്ന, ഫ്‌ളക്‌സ് ബോർഡ് വയ്ക്കുന്ന സാധാരണ പ്രവർത്തകർ ഈ പാർട്ടിയിലുണ്ട്. ആ പ്രവർത്തകരെ വേദനിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാൻ പാടില്ല അവരാണ് ഈ പാർട്ടിയുടെ അസ്സറ്റ്. അവർക്ക് വേദനയുണ്ടാക്കാൻ പാടില്ല. എന്നെനിക്ക്  നിർബന്ധമുണ്ട്. അതിന്റെ പേരിലുണ്ടാകുന്ന ഏതൊരു ഇമേജ് കോട്ടത്തിലും എനിക്ക് വിഷയമില്ല. കോൺഗ്രസിലെ പ്രതിപക്ഷം ഞാനാണെന്നുപറഞ്ഞുകൊണ്ടുള്ള ഒരു ഇമേജും എനിക്ക് വേണ്ട. അതേസമയം യൂത്ത് കോൺഗ്രസുകാരായ യുവാക്കളുടെ അഭിപ്രായം പാർട്ടിയിലുന്നയിക്കുന്ന പ്രതിപക്ഷ ശബ്ദം തന്നെയായിരിക്കും എന്റേത്. അത് 'കേരളശബ്ദം' ഉൾപ്പെടെ ഒരു മാധ്യമത്തിലൂടെയും സ്‌കൂപ്പ് ആക്കുവാനും എക്‌സ്‌ക്ലുസീവ് ആക്കുവാനും ഞാനാഗ്രഹിക്കുന്നില്ല.

? യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് വലിയ ബിസിനസുകാരനും സമ്പന്നനുമാണെന്നാണല്ലോ സംസാരം.

ഒരു മധ്യവർഗ്ഗ കുടുംബത്തിൽ നിന്ന് കടന്നുവരുന്ന യുവാവാണ് ഞാൻ. എന്റെ അച്ഛനും അമ്മയും സർക്കാരുദ്യോഗസ്ഥരായിരുന്നു. സർക്കാരുദ്യോഗസ്ഥർക്ക് വരുമാനം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഞങ്ങൾക്കും വരുമാനത്തിന് പരിമിതിയുണ്ടായിരുന്നു. പിന്നെ സർക്കാർ ശമ്പളം മെച്ചപ്പെട്ടു. ആ മാറ്റം എന്റെ കുടുംബത്തിലും ഉണ്ടാവുക സ്വാഭാവികം.

പിന്നെ ബിസിനസ്സ്. രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോഴും സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി ബാങ്കുകളിൽ നിന്ന് ലോൺ എടുത്തു തുടങ്ങിയിട്ടുള്ള ഒന്നുരണ്ട് പങ്കാളിത്ത ബിസിനസാണ് അതൊക്കെ. അതായത് സർക്കാരിന് കണക്കുകൊടുക്കുന്നതല്ലാതുള്ള ഒരു രൂപയുടെയെങ്കിലും നിക്ഷേപം എനിക്കുണ്ടെന്ന് കാണിച്ചുതരാൻ കഴിയുന്ന ഒരാളെങ്കിലും മുന്നോട്ടുവന്നാൽ ആ അധികമായി ലഭിക്കുന്ന പണം മുഴുവനും സർക്കാരിലേക്കടക്കാനുള്ള ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കും. എന്നുമാത്രമല്ല ആ പണത്തിൽ നിന്ന് തത്തുല്യമായ പ്രതിഫലം ചൂണ്ടിക്കാണിക്കുന്നയാൾക്ക് ലഭിക്കും.

ഈ വെല്ലുവിളി കേരളത്തിലെ, ഇത്തരം വാർത്തയുണ്ടാക്കുന്ന ഏതൊരു മാധ്യമത്തിനും, ഇത്തരം അഭിപ്രായം പറയുന്ന ഏതൊരു സി.പി.എംകാരനും ഏറ്റെടുക്കാം.

പിന്നെ, കാറെടുക്കുന്നതൊക്കെ ഇന്നത്തെക്കാലത്ത് സർവ്വസാധാരണമാണ്. എന്റെ കാറിന് ഇവർ പറയും പോലെ വലിയ വിലയൊന്നുമില്ല. സൈബറിടത്തിൽ മറിയക്കുട്ടിച്ചേടത്തി സമ്പന്നയാക്കപ്പെട്ടതുപോലെ സമ്പന്നനാക്കപ്പെട്ട വ്യക്തിയാണ് ഞാൻ. പക്ഷേ മറിയക്കുട്ടിച്ചേടത്തിയുടെ സാമ്പത്തിക പരിമിതി എനിക്കില്ല എന്നുള്ള സാഹചര്യം ഞാനംഗീകരിക്കുന്നു. എന്റെ പ്രായത്തിലുള്ള, സ്വയംതൊഴിൽ കണ്ടെത്തിയ ഒരു ചെറുപ്പക്കാരൻ ഉപയോഗിക്കുന്ന, 15 ലക്ഷത്തിൽ താഴെയുള്ള കാറാണ് എന്റേത്. ദേശസാൽകൃത ബാങ്കുകൾ ഉള്ളിടത്തോളം അത് ലോൺ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല. 15000 രൂപയാണ് മാസം ലോൺ അടയ്ക്കാൻ വേണ്ടത്. ആ വരുമാനമൊക്കെ കണ്ടെത്താനുള്ള അദ്ധ്വാനം ഈ പ്രായത്തിൽ ഞാനെടുക്കുന്നില്ലെങ്കിൽ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ ഞാനൊരു പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും.

ഏതായാലും എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ്. കരുവന്നൂർ ബാങ്ക് പോലുള്ള ബാങ്കല്ല. നാഷണലൈസ്ഡ് ബാങ്കാണ്. എനിക്ക് ബാങ്ക് ലോൺ തരുന്നത് ഞാൻ കൃത്യമായി തിരിച്ചടയ്ക്കുന്നതുകൊണ്ടാകാം. അത് ശീലമില്ലാത്ത ആളുകളാണ് എങ്ങനെയാണ് ബാങ്കിൽ നിന്നും ലോൺ കിട്ടുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നത്.

? എൽ.ഡി.എഫ് ഭരണത്തെ യൂത്ത് കോൺഗ്രസ് എങ്ങനെ വിലയിരുത്തുന്നു.

കേരളസർക്കാർ ഒരു മാതൃകയാണ്. ഒരു സർക്കാർ എങ്ങനെയൊക്കെ ആകുവാൻ പാടില്ല എന്നതിന്റെ ടെക്സ്റ്റ് ബുക്കാണ് പിണറായി സർക്കാർ. ഇനി വരുന്ന ഏതൊരു സർക്കാരിനും ഇതൊരു റഫറൻസ് പുസ്തകമാണ്. പിണറായി വിജയന്റെ സർക്കാർ എന്തുചെയ്താലും അത് ജനവിരുദ്ധമായിരുന്നു എന്ന് മനസ്സിലാക്കാനുള്ള പാഠപുസ്തകം.

? കേരളം ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണല്ലോ. ആ തെരഞ്ഞെടുപ്പിൽ വല്ല അവിശുദ്ധ കൂട്ടുകെട്ടും പ്രതീക്ഷിക്കുന്നുണ്ടോ.

തീർച്ചയായും. കാരണം സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ യോജിക്കുന്ന ഒരുപാട് മേഖലകളുണ്ട്. അതിൽ പ്രധാനം രണ്ട് കൂട്ടരുടേയും കോൺഗ്രസ് വിരോധമാണ്. സി.പി.എമ്മിന് അവരുടെ പ്രത്യയശാസ്ത്ര ചിന്തയെക്കാൾ പ്രധാന വികാരം കോൺഗ്രസ് വിരുദ്ധതയാണ്. അതുതന്നെയാണ് സംഘപരിവാറിന്റെ കാര്യവും. കോൺഗ്രസിന്റെ തകർച്ചയാണ് അവരും സ്വപ്നം കാണുന്നത്. അപ്പോൾ കോൺഗ്രസ് വിരുദ്ധതയുള്ള രണ്ടുപേർക്ക് ഒരു കുടക്കീഴിൽ നിൽക്കുക എന്നുപറയുന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. രണ്ടുപേർ ഒരേ ലക്ഷ്യത്തോടുകൂടി ഇറങ്ങുമ്പോൾ, ഒരേ ലക്ഷ്യസ്ഥാനത്തേക്ക് പോകുമ്പോൾ മഴ പെയ്താൽ രണ്ടുപേർക്കും കൂടി ഒരു കുടക്കീഴിൽ കയറിനിൽക്കാം. അവരുടെ രണ്ടുപേരുടേയും ലക്ഷ്യം മഴ കൊള്ളാതിരിക്കുക എന്നുള്ളതാണല്ലോ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആ ധാരണയുണ്ടായില്ല എന്ന് പറയാൻ കഴിയുമോ? അതിന്റെയൊക്കെ പരസ്പര ഉപകാര സ്മരണയാണ് കൊടകര കുഴൽപ്പണക്കേസും സ്വർണ്ണക്കള്ളക്കടത്തുകേസും. ബി.ജെ.പിയുടെ സംസ്ഥാന  അദ്ധ്യക്ഷൻ സുരേന്ദ്രൻ പ്രതിസ്ഥാനത്ത് വന്ന കൊടകര കുഴൽപ്പണക്കേസും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിസ്ഥാനത്ത് വന്ന സ്വർണ്ണക്കള്ളക്കടത്ത് കേസും സ്വിച്ചിട്ട പോലെയല്ലേ നിന്നത്. അതിനൊക്കെ പിറകിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്നോ നാളെയോ അവസാനിക്കുകയുമില്ല. ഒരു ലോംഗ് ടേം കരാറാണത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW