07:34am 03 July 2024
NEWS
സമസ്തയിൽ കണ്ണുവെച്ച് സി.പി.എം; മന്ത്രി റിയാസിന് തക്ബീർ ധ്വനി
30/06/2024  10:56 AM IST
പ്രദീപ് ഉഷസ്സ്
സമസ്തയിൽ കണ്ണുവെച്ച് സി.പി.എം; മന്ത്രി റിയാസിന് തക്ബീർ ധ്വനി

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും, മുസ്ലീംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കോഴിക്കോട്ടെ 'സ്‌നേഹസദസ്സിൽ' ഒരുമിച്ച് പങ്കെടുത്തുവെങ്കിലും, ലീഗും സമസ്തയും തമ്മിലുള്ള ഉൾപ്പോര് കെട്ടടങ്ങുന്നില്ല. അടിത്തട്ടിലെ ഘടകങ്ങളിലേക്ക് വരെ അതിവേഗമത് വ്യാപരിച്ചുകൊണ്ടിരിക്കുകയാണ്.

മുസ്ലീംലീഗിന് കാലാകാലമായി ആത്മീയ പിൻബലം നൽകിക്കൊണ്ടിരിക്കുന്ന ഇ.കെ. വിഭാഗം സമസ്തയിൽ സമീപകാലത്തായി ഉണ്ടായിട്ടുള്ള അസ്വാരസ്യങ്ങൾ ആണ് ലീഗ്-സമസ്ത ബന്ധങ്ങളിൽ ഉലച്ചിലുകൾ വരുത്തിക്കൊണ്ടിരിക്കുന്നത്. കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികൾ നേരത്തെതന്നെ സി.പി.എം അനുഭാവം പലപ്പോഴും പുലർത്തുന്നവരാണ്. എന്നാൽ ഇ.കെ. വിഭാഗം അങ്ങനെയായിരുന്നില്ല. സമീപകാലത്താണ് ഇ.കെ. സമസ്തയ്ക്കുള്ളിൽ ഒരു വിഭാഗത്തിന് ഇടതനുകൂല മനോഭാവം വളർന്നുതുടങ്ങിയത്.

മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിഷയങ്ങളുടെ ഗൗരവത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ കോൺഗ്രസിനോ, മുസ്ലീംലീഗിനോ കഴിഞ്ഞിട്ടില്ലെന്ന് കരുതുന്ന വലിയ വിഭാഗം മുസ്ലീം സമുദായത്തിൽ തന്നെയുണ്ട്. സി.എ.എ അടക്കമുള്ള വിഷയങ്ങളിൽ ആത്മാർത്ഥമായി ഇടപെട്ടത് സി.പി.എം ആണെന്ന വികാരം സമസ്തയിലെ ഒരു വിഭാഗത്തിൽ വേരുറപ്പിച്ചിട്ടുണ്ടെന്നതും യാഥാർത്ഥ്യം. അതോടൊപ്പം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാമിനെപ്പോലെയുള്ള നേതാക്കളുടെ ഇടപെടലുകളും ലീഗ്- സമസ്ത ബന്ധത്തിൽ ഇടർച്ചയുണ്ടാക്കിയിട്ടുണ്ട്.

സി.ഐ.സി വിവാദം തൊട്ട് പട്ടിക്കാട് ജാമിയാ നൂരിയാ വാർഷികം വരെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് സമസ്തയും, മുസ്ലീം ലീഗും തമ്മിലുള്ള ചേരിപ്പോരുകൾ പുറം ലോകത്തേയ്ക്ക് എത്തിച്ചത്. പിന്നീട് സമസ്തയ്ക്കുള്ളിൽ തന്നെ ലീഗ് വിരുദ്ധവികാരം ഒരു വിഭാഗത്തിൽ ശക്തമായി, അവരുമായി അടുപ്പം സ്ഥാപിക്കാനുള്ള നീക്കങ്ങൾ സി.പി.എം ആരംഭിക്കുകയും ചെയ്തു. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ അടക്കം ന്യൂനപക്ഷ വിഷയങ്ങളിലൂന്നി സി.പി.എം സംഘടിപ്പിച്ച വേദികളിൽ സമസ്ത നേതാക്കൾ പങ്കുചേർന്നത് ഈ സാഹചര്യത്തിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായതോടെ, മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും രൂക്ഷമായി. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചു എന്ന പേരിൽ 'സമസ്ത'യുടെ മുഖപത്രമായ 'സുപ്രഭാതം' മുസ്ലീംലീഗുകാർ തെരുവിൽ കത്തിച്ചു. ഏറ്റവുമൊടുവിലസ് 'സുപ്രഭാത'ത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, പി.കെ. കുഞ്ഞാലിക്കുട്ടിയും ബഹിഷ്‌ക്കരിച്ചു. കോൺഗ്രസ് നേതാക്കൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലും മുസ്ലീം ലീഗിന്റെ സമ്മർദ്ദമായിരുന്നുവെന്നാണ് സമസ്ത നേതൃത്വത്തിന്റെ വിലയിരുത്തൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അനുകൂല സമീപനമാണ് കൈക്കൊണ്ടത്. ഈ നീക്കം വടക്കൻ കേരളത്തിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയാകാനുള്ള സാധ്യതകൾ ഏറെയാണ്. പലയിടങ്ങളിലും ലീഗിന്റെ വൻഭൂരിപക്ഷമടക്കം ഇടിയാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

പൊന്നാനിയിലെ കരുനീക്കം

സമസ്ത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന മുൻ മുസ്ലീം ലീഗ് നേതാവ് കെ.എസ്. ഹംസയെ പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥിയായി രംഗത്തിറക്കിയത് സി.പി.എമ്മിന്റെ വിദഗ്ദ്ധ കരുനീക്കമായിരുന്നു. എരിയുന്ന തീയിലേക്ക് എണ്ണ ഒഴിക്കുന്ന വിധത്തിൽ, ലീഗും സമസ്തയും തമ്മിലുള്ള തർക്കങ്ങളെയിത് അതിവേഗത്തിൽ ആളിക്കത്തിച്ചു.

മുസ്ലീംലീഗിനുള്ളിലെ അണിയറ രഹസ്യങ്ങൾ തൊട്ടടുത്ത് നിന്ന് മനസ്സിലാക്കിയിരുന്ന കെ.എസ്. ഹംസയാകട്ടെ, അതെല്ലാം പൊതുമണ്ഡലത്തിൽ വലിയ ചർച്ചയാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. മുസ്ലീം ലീഗ് ഭരണസാരഥ്യം വഹിക്കുന്ന എ.ആർ.  നഗർ ബാങ്കിലെ ഗുരുതര ക്രമക്കേടുകളും, അതിൽ ലീഗ് നേതാക്കൾ വഹിച്ച പങ്കുമെല്ലാം വീണ്ടും തുറന്ന ചർച്ചയായത് അങ്ങനെയാണ്.

'ചന്ദ്രിക' പത്രത്തിന്റെ പേരിൽ നടന്ന കോടികളുടെ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമെല്ലാം കെ.എസ്. ഹംസ തെളിവുകൾ സഹിതമാണ് പുറത്തുവിട്ടത്. കള്ളപ്പണമിടപാടിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി അന്വേഷണത്തിനിരയാക്കിയതും, 'ചന്ദ്രിക' വഴി കള്ളപ്പണമിടപാടുകൾ നടത്തിയ ലീഗ് നേതാക്കൾ ആണെന്നും, ഇ.ഡിയുടെ ചോദ്യം ചെയ്യലിന്റെ മാനസികാഘാതത്തിലാണ് രോഗബാധിതനായി ഹൈദരലി ശിഹാബ് തങ്ങൾ മരണമടഞ്ഞതെന്നും, തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഹംസ തുറന്നടിച്ചിരുന്നു. ഇത്രയധികം ഗുരുതര ആരോപണങ്ങൾ കെ.എസ്. ഹംസ ഉന്നയിച്ചിട്ടും അതിനെതിരെ ഒരു ചെറു പ്രതികരണം പോലും മുസ്ലീംലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായതേയില്ല.

സമസ്തയുടെ നേതൃനിരയിലെ പ്രമുഖനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിന് വഴിയൊരുക്കിയത്, ചില ലീഗ് നേതാക്കൾ ഒരുക്കിയ ചതിക്കെണിയും, മാനസിക പീഡനങ്ങളുമായിരുന്നുവെന്ന വെളിപ്പെടുത്തൽ അത്യധികം വൈകാരികമായാണ് വലിയ വിഭാഗം സമസ്ത അണികളും ഉൾക്കൊണ്ടത്.

കെ.എസ്. ഹംസയെ അനുകൂലിച്ചും, ലീഗ് നേതാക്കളെ പരിഹസിച്ചും 'ടീം സമസ്ത' എന്ന പേരിൽ ഒരു ചോദ്യാവലി പൊന്നാനിയിലെ വീടുകളിൽ എത്തിച്ചതും, പരസ്യമായി ഇടതനുകൂല പ്രചരണം ഒരു വിഭാഗം സമസ്ത പ്രവർത്തകർ നടത്തിയതുമെല്ലാം ഈ സാഹചര്യത്തിലായിരുന്നു. സമസ്തയുടെ ഔദ്യോഗിക വിഭാഗം ഈവിധം പ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞുവെങ്കിലും, ലീഗിനെതിരെ അതുണ്ടാക്കിയ വൈകാരിക ഇടപെടലുകൾ ഒട്ടും ചെറുതല്ല. ഇതെല്ലാം തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതല്ല, മറിച്ച്, മുസ്ലീംലീഗും സമസ്തയും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായി മാറാൻ ഇതെല്ലാം വഴിയൊരുക്കിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

മന്ത്രി റിയാസിന് 'തക്ബീർ'

സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് കൈക്കൊള്ളുന്നവരെ 'ഷജറ' കൾ എന്ന അറബി വാക്കിലൂടെയാണ് ലീഗ് നേതൃത്വം ആക്ഷേപിക്കുന്നത്. 'ഷജറ'കളുടെ പ്രതികരണങ്ങൾ ഇസ്ലാമിക സമുദായം തള്ളിക്കളയുമെന്ന് അവർ രൂക്ഷഭാഷയിലാണ് പ്രതികരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തെ 'തക്ബീർ' മുഴക്കി സമസ്ത പ്രവർത്തകർ എതിരേറ്റ സംഭവത്തെ അത്രയധികം വൈകാരികമായാണ് 'മഹല്ലുക'ളിൽ വരെ ലീഗ് നേതൃത്വം വലിയ ചർച്ചയാക്കി മാറ്റുന്നത്. വിശ്വാസിയല്ലാത്ത റിയാസിനെവരെ 'തക്ബീർ' മുഴക്കിയവർ സമുദായത്തെ വഞ്ചിക്കുകയാണെന്നാണ് ഇവരുടെ വാദം.

'സുപ്രഭാ'തത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനം ലീഗ് നേതൃത്വം ബഹിഷ്‌ക്കരിച്ചുവെങ്കിലും, സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ് എത്തിയത് സമസ്ത നേതൃത്വത്തിന് വലിയ ആശ്വാസമായി മാറി. ചടങ്ങിൽ നിന്ന് വിട്ടുനിന്ന ലീഗ് നേതാക്കളെ നിശിതമായി വിമർശിച്ചുകൊണ്ട്  മന്ത്രി റിയാസ് പ്രസംഗിച്ചപ്പോഴാണ് ആവേശഭരിതമായ സമസ്ത അണികൾ 'തക്ബീർ' മുഴക്കിയത്. ഇതാണ് ലീഗ് നേതാക്കളെ പ്രകോപിതരാക്കിയത്.

'മതനിരാസത്തിനെതിരെ കർശന നിലപാടുകൾ സ്വീകരിച്ച പാരമ്പര്യമാണ് സമസ്ത നേതൃത്വത്തിനുണ്ടായിരുന്നത്. ഇപ്പോഴവർ നിരീശ്വര വാദികൾക്കുവേണ്ടി വാദിക്കുന്നവരും അവരെ 'തക്ബീർ' മുഴക്കി പ്രോത്സാഹിപ്പിക്കുന്നവരുമായി മാറുന്നു.' -ലീഗ് നേതൃത്വത്തിന്റെ പ്രതികരണം ഈ വിധത്തിലാണ്.

നിരീശ്വരവാദിയായ മന്ത്രി റിയാസിനെ ഈവിധത്തിൽ സമസ്ത അണികൾ പ്രോത്സാഹിച്ചപ്പോൾ, വേദിയിൽ ഒപ്പമുണ്ടായിരുന്ന ആത്മീയ പണ്ഡിതൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അതിനെല്ലാം മൗനാനുവാദം നൽകുകയായിരുന്നുവെന്ന ആരോപണവും ഇവർ ഉയർത്തിയിരുന്നു.

ഡോ. നദ്‌വി,

ജിഫ്രി തങ്ങൾക്കെതിരെ

സമസ്ത നേതൃനിരയിലെ പ്രമുഖരായ ഡോ. ബഹാവുദ്ദീൻ നദ്‌വിയെ, ലീഗനുകൂല നിലപാടുമായി രംഗത്തിറക്കാനും, ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പ്രതികരിപ്പിക്കാനും കഴിഞ്ഞുവെന്നതാണ് മുസ്ലീംലീഗിന്റെ നേട്ടം.

സമസ്തയുടെ കേന്ദ്ര മുശാവറ അംഗവും, ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറുമാണ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. സുപ്രഭാതം പത്രത്തിന്റെ എഡിറ്ററും പബ്ലിഷറും കൂടിയാണ് അദ്ദേഹം. സമസ്ത നേതൃത്വത്തിന്റെ ലീഗ് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്, പത്രത്തിന്റെ എഡിറ്ററും പബ്ലിഷറുമായ ഡോ. നദ്‌വി സുപ്രഭാതം ഗൾഫ് ലോഞ്ചിംഗിൽ നിന്ന് ലീഗ് നേതാക്കൾക്ക് ഒപ്പം വിട്ടുനിൽക്കുകയും ചെയ്തു.

ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് ആദർശവ്യതിയാനം സംഭവിച്ചതായും, സമസ്തയും, മുസ്ലീം ലീഗും സമരസപ്പെട്ട് പോകേണ്ടവരാണെന്നും, അത് അട്ടിമറിക്കാനാണ് ചില സമസ്ത നേതാക്കൾ ശ്രമിക്കുന്നതെന്നും, അതിന് പകരം പഴയ നിലപാടിലേക്ക് തിരിച്ച് പോകണമെന്നുമാണ് ഡോ. നദ്‌വി പ്രതികരിച്ചത്.

എന്നാൽ വസ്തുതകൾ മനസ്സിലാക്കാതെയാണ് നദ്‌വി ഏകപക്ഷീയ വിമർശനം നടത്തുന്നതെന്നാണ് എതിർചേരിയുടെ വാദം. ഈ സാഹചര്യത്തിലാണ് ഡോ. നദ്‌വിയോട് സമസ്ത വിശദീകരണം തേടിയത്. അതിന് അദ്ദേഹം വിശദീകരണം നൽകിയെങ്കിലും അസ്വാരസ്യങ്ങൾ അതേപടി നിലനിൽക്കുകയാണ്.

വിവാദങ്ങൾ ഈ വിധത്തിൽ രൂക്ഷമായിരിക്കെയാണ് ഡോ. നദ്‌വിക്ക് കൊളത്തൂർ ടി. അഹമ്മദ് മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് ലഭിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണനും, മുസ്ലീംലീഗ് നേതാവുമായിരുന്നു കൊളത്തൂർ ടി. അഹമ്ദ് മൗലവി. കൊളത്തൂർ മൗലവി എഡ്യൂക്കേഷണൽ ട്രസ്റ്റാണ് എൻഡോവ്‌മെന്റ് നൽകുന്നത്.

മതഭൗതിക വിദ്യാഭ്യാസ മേഖലകളിൽ ഡോ. ബഹാവുദ്ദീൻ നദ്‌വി നൽകിയ സേവനങ്ങളെ മാനിച്ചാണ് എൻഡോവ്‌മെന്റ് നൽകുന്നതെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചത്. അതേസമയം ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റ് ഡോ. നദ്‌വിക്ക് പ്രത്യുപകാരമായി പുരസ്‌കാരം നൽകിയെന്നാണ് ഒരു വിഭാഗം സമസ്ത അണികളുടെ പ്രതികരണം. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ഡോ. നദ്‌വിയെ ലീഗാണ് രംഗത്തിറക്കുന്നതെന്നും അവർ ആരോപിക്കുന്നുണ്ട്.

അതേസമയം സമസ്തയ്ക്കുള്ളിലെ വിഭാഗീയതകളിൽ നിന്നും പരമാവധി നേട്ടം കൊയ്യാനുള്ള നീക്കമാണ് സി.പി.എമ്മും, ഇടതുമുന്നണിയും നടത്തിക്കൊണ്ടിരിക്കുന്നത്. 'ഫാസിസ'ത്തിനെതിരെ മറ്റാരേക്കാളും നന്നായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവർ കമ്മ്യൂണിസ്റ്റുകാരാണെന്ന്' സമസ്ത നേതാക്കളെക്കൊണ്ട് പറയിപ്പിക്കാൻ സി.പി.എമ്മിന് കഴിഞ്ഞത് ഒട്ടും ചെറിയ കാര്യമല്ല.

ഈ നീക്കം തിരിച്ചറിഞ്ഞാണ് ജമാഅത്തെ ഇസ്ലാമിയും ലീഗ് അനുകൂലനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. 'സമസ്തയിൽ വീണ്ടും രാഷ്ട്രീയമോഹം തളിരിടുമ്പോൾ' എന്ന ലേഖനം 'പ്രബോധന'ത്തിൽ പ്രസിദ്ധീകരിച്ചത് ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്.

സമസ്തയിലും ലീഗിലുമുയരുന്ന അഭിപ്രായ വ്യത്യാസങ്ങളും, ഒപ്പം തന്നെ സി.പി.എം നടത്തുന്ന വിദഗ്ദ്ധ കരുനീക്കങ്ങളും, സമീപഭാവിയിൽ വലിയ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് വഴിയൊരുക്കാനുള്ള സാധ്യതകളെ ഒട്ടുംതന്നെ തള്ളിക്കളയാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE