01:04pm 05 July 2024
NEWS
കണ്ണൂരിൽ ബിജെപി യോഗം നടന്ന വീടുവളഞ്ഞ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത് സിപിഎം

22/06/2024  08:58 AM IST
nila
കണ്ണൂരിൽ ബിജെപി യോഗം നടന്ന വീടുവളഞ്ഞ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത് സിപിഎം

കരിവെള്ളൂർ: കണ്ണൂരിൽ ബിജെപി യോഗം നടന്ന വീടുവളഞ്ഞ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ. കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ വ്യാഴാഴ്ച്ച രാത്രിയിലാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബിജെപി പ്രവർത്തകരെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തത്. വീടിന്റെ പരിസരത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

ബാലന്റെ വീട്ടിൽ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത് ആയുധപരിശീലനത്തിനാണ് എന്നാരോപിച്ച് 8 മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പൊലീസ് ഇടപെട്ടാണു രക്ഷിച്ചത്. സംഭവത്തിൽ 6 സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പൊലീസ് കേസെടുത്തു. ആയുധങ്ങൾ കണ്ടെടുത്തതിനു സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല.

ഇന്നലെ രാവിലെ ബാലന്റെ വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. 2 ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു. ബാലന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രി ആർഎസ്എസ് പ്രവർത്തകരുടെ ആയുധപരിശീലനം നാട്ടുകാർ കണ്ടിരുന്നതായി സിപിഎം പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur