10:06am 01 July 2024
NEWS
താനൂരിലെ കസ്റ്റഡി മരണം: ജാഗ്രതയോടെ സിബിഐ
24/06/2024  10:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
താനൂരിലെ കസ്റ്റഡി മരണം: ജാഗ്രതയോടെ സിബിഐ

മയക്കുമരുന്നു വേട്ടയുടെ ലഹരി തലയ്ക്കു പിടിച്ച ഉന്നത പോലീസ് ഓഫീസർമാർ നിയമത്തെ നോക്കുകുത്തിയാക്കി വമ്പൻ കേസുകൾ സൃഷ്ടിച്ചെടുക്കുമ്പോൾ, മനുഷ്യജീവനു പോലും  നൽകുന്നത് പുല്ലുവില. താനൂർ കസ്റ്റഡിമരണത്തിനു പിന്നിലെ യഥാർത്ഥ്യങ്ങൾ കണ്ടെത്താൻ രംഗത്തുള്ള സിബിഐ സംഘത്തിന് ലഭിച്ച വിവരങ്ങൾ ഉന്നത പോലീസ് ഓഫീസർമാരുടെ കൊടിയ ക്രൂരത വ്യക്തമാക്കുന്നതായാണ് സൂചന.

മലപ്പുറം എസ്.പി എസ്. സുജിത് ദാസ് ഐ.പി.എസും ഡിവൈ.എസ.്പി വി.വി. ബെന്നിയും താനൂർ കസ്റ്റഡി കൊലപാതക കേസ്  അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളുടെ തെളിവ് ടി വി ചാനലുകൾ പുറത്ത് വിട്ടിരുന്നു. സിബിഐക്ക് ഈ തെളിവുകൾ അവഗണിക്കാനാകാത്ത സ്ഥിതിയാണുള്ളത്.

 ആലുവ റൂറൽ ജില്ലയിലെ എടത്തലയിൽ സുജിത് ദാസ് മയക്കുമരുന്നു വേട്ടയ്ക്കുള്ള 'ഡാൻസാഫ്' (ഉശെേൃശര േഅിശേചമൃരീശേര ടുലരശമഹ അരശേീി എീൃരല) സംഘത്തെ നയിക്കുന്ന സമയത്ത് ആറ് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് റിമാൻഡിൽ വിട്ടത് കള്ളക്കേസുണ്ടാക്കിയാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഈ യുവാക്കൾ എസ്.പി ക്കെതിരെ നടപടി തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ട കേസിൽ നാല് പൊലീസുകാരെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരാണ്.  കുറ്റകൃത്യത്തിൽ പങ്കാളികളായ പൊലീസുകാരുടെ അറസ്റ്റ്  ഒന്നാംഘട്ടം രേഖപ്പെടുത്തിയെങ്കിലും കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സിബിഐ നടപടി എന്താണ് എന്നതാണ് ഇരയുടെ ബന്ധുക്കൾ ഉന്നയിക്കുന്ന നിർണ്ണായക ചോദ്യം.

താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്ന് വ്യക്തമാകുന്ന തെളിവുകളും സാക്ഷിമൊഴികളും അടക്കം മാധ്യമങ്ങൾ പുറത്ത് വിട്ട വിവരങ്ങളാണ് കേസിൽ വഴിത്തിരിവായത്. കേവലം ലഹരിക്കേസായി താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം എഴുതിത്തള്ളാനുള്ള പൊലീസ് നീക്കം ഇതോടെ പാളി, കേസ് ക്രൈംബ്രാഞ്ചിൽ ഒതുങ്ങാതെ സി.ബി.ഐ യിലേക്കു നീങ്ങിയതോടെ ഉന്നതർ പരിഭ്രാന്തിയിലായി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താമിറിന്റെ സഹോദരൻ ഹാരിസ് ജിഫ്രി  ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാ നൽകിയ ഹർജിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ നടക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. മലപ്പുറം എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ ജീവൻ ജോർജ്ജ് എന്നിവരെ സ്ഥലം മാറ്റണമെന്ന ആവശ്യവും ഹർജിയിൽ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ സിബിഐ അറസ്റ്റ് ചെയ്തവരിൽ ഉന്നത ഉദ്യോഗസ്ഥരില്ല.

നേരത്തെ തന്നെ കേസ് അട്ടിമറിക്കാൻ ഡിവൈ.എസ്.പി വി.വി ബെന്നി ശ്രമിച്ചതായി തെളിവുകൾ പുറത്തുവന്നിരുന്നു. താനൂർ സ്റ്റേഷനിലെ ലിബിൻ എന്ന പൊലീസുകാരനുമായും എസ്.ഐ. ആർ.ഡി. കൃഷ്ണലാലുമായും ബെന്നി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്.  കസ്റ്റഡിക്കൊലപാതകത്തിൽ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഒളിവിൽ പോകാനാണ് ലിബിനുമായുള്ള സംഭാഷണത്തിൽ വി.വി. ബെന്നി ആവശ്യപ്പെടുന്നത്. പ്രതികൾ ആരൊക്കെയാണെന്ന് അറിയാമോ എന്ന ലിബിന്റെ ചോദ്യത്തിന് ക്രൈംബ്രാഞ്ചിൽ നിന്ന് തനിക്ക് വിവരം ഒന്നും കിട്ടിയിട്ടില്ല എന്നായിരുന്നു ഡിവൈ.എസ്.പിയുടെ മറുപടി. ക്രൈംബ്രാഞ്ച് തന്നെ ട്രേസ് ചെയ്യുന്നുണ്ട് എന്നും, ഇനി മറ്റു കാര്യങ്ങൾ നോക്കുക. വേറെ ആരെങ്കിലും ആയിരിക്കുമെന്നും ഫോൺ സംഭാഷണത്തിൽ ഡിവൈ.എസ്.പി പറയുന്നുണ്ട്. മാറി നിൽക്കണോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന് എസ്.ഐ അടക്കം എല്ലാവരോടും ഒളിവിൽ പോകാനായിരുന്നു ബെന്നിയുടെ നിർദ്ദേശം.

താമിർ ജിഫ്രിയെ തല്ലിച്ചതച്ച 'ഡാൻസാഫ്' സംഘത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം ഇരുന്ന് മൊഴി പഠിപ്പിക്കാൻ വരണമെന്ന് എസ്.ഐ. കൃഷ്ണലാലിനെ വി.വി. ബെന്നി നിർബന്ധിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നു. മലപ്പുറത്ത് വരാൻ ഡിവൈ.എസ്.പി പല തവണ നിർബന്ധിക്കുന്നത് ഈ ശബ്ദരേഖയിൽ വ്യക്തമാണ്.

മൊഴി ഷേപ്പ് ചെയ്യണമെന്നും ഡിവൈ.എസ്.പി ബെന്നി താനൂർ എസ്.ഐ ആയിരുന്ന കൃഷ്ണലാലിനോട് ആവശ്യപ്പെടുന്നുണ്ട്. 'മൊഴി ഷേപ്പ് ചെയ്യണം. ഡാൻസാഫ് ടീമുമായും സംസാരിക്കണം. തന്റെ അടുത്ത് വരേണ്ട. തൃശൂരോ പൊന്നാനിയിലോ ചാവക്കാടോ ഇരിക്കാം, രണ്ട് ദൂതൻമാരെ എസ്. ഐയുടെ അടുത്തേക്ക് പറഞ്ഞു വിടാമെന്നും' ഡിവൈഎസ്പി ബെന്നി ഈ ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ചിന് ഇപ്പോൾ മൊഴി നൽകരുതെന്നും വക്കീലിനെ കണ്ട് മൊഴി പഠിച്ച ശേഷം മാത്രം പോയാൽ മതിയെന്നും ഡിവൈ.എസ്.പി വി.വി. ബെന്നി എസ്.ഐ കൃഷ്ണലാലിനോട് ആവശ്യപ്പെടുന്ന മറ്റൊരു ശബ്ദ രേഖയും പുറത്ത് വന്നിരുന്നു. 'അഡ്വ. മഞ്ചേരി ശ്രീധരൻ നായരെ കാണാതെ ക്രൈംബ്രാഞ്ചിന് മൊഴി നൽകരുത്, എല്ലാവരും കൂടിയിരുന്നു തീരുമാനിച്ചു വക്കീലിനെയും കണ്ട ശേഷം മൊഴി നൽകിയാൽ മതി' യെന്നും കൃഷ്ണ ലാലിനോട് വി.വി. ബെന്നി നിർദേശിക്കുന്നുണ്ട്.എസ് പി രംഗത്ത്

പോലീസുകാരെ മൊഴി പഠിപ്പിക്കാൻ അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരൻ നായരെ ഏർപ്പാടാക്കിയത് എസ്.പി. സുജിത്ദാസ് ആണെന്ന പൊലീസുകാരുടെ വെളിപ്പെടുത്തൽ പരസ്യമായത് ഉന്നത ഓഫീസർമാർക്ക് കനത്ത ആഘാതമായിരുന്നു. സാമ്പത്തിക കാര്യങ്ങൾ എല്ലാം എസ്.പി നോക്കിക്കൊള്ളുമെന്നും വക്കീലിനെ കാണാൻ വന്നാൽ മാത്രം മതിയെന്നും പറഞ്ഞ് എസ്‌ഐ കൃഷ്ണലാലിനെ നിർബന്ധിക്കുന്ന പൊലീസുകാരുടെ ഫോൺ സംഭാഷണമായിരുന്നു  പുറത്തായത്. ഈ നിലയിൽ മലപ്പുറം എസ്.പി സുജിത്ദാസും ഡിവൈ.എസ്.പി വി.വി. ബെന്നിയും താനൂർ കസ്റ്റഡി കൊലപാതകം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങൾ തെളിവ് സഹിതം മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നു.

താമിർ ജിഫ്രിയുടെ പേരിൽ പൊലീസ് വ്യാജ ഒപ്പിട്ട വിവരവും പുറത്തു വന്നിരുന്നു. മരിച്ച ശേഷമാണ് താമിർ ജിഫ്രിയുടെ പേരിൽ താനൂർ പൊലീസ് സ്റ്റേഷനിൽ വച്ച് വ്യാജ ഒപ്പിട്ടത്, ഇൻസ്‌പെക്ഷൻ മെമ്മോയിൽ. കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനുശേഷം താമിറിനെ പ്രതിയാക്കി പൊലീസ് എഫ്‌ഐആർ ഇട്ടിരുന്നു. എഫ്‌ഐആർ ഇടാൻ പറഞ്ഞത് ഡിവൈ.എസ്.പി ബെന്നി ആണെന്ന് എന്ന് എസ്.ഐ കൃഷ്ണലാൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് വ്യാജ ഒപ്പിട്ട് ഇൻസ്‌പെക്ഷൻ മെമ്മോ തയ്യാറാക്കിയതും. താനൂർ കസ്റ്റഡിക്കൊല പാതകത്തിൽ അന്വേഷണം ഉന്നതരിലേക്കെന്ന സൂചന ലഭിക്കുന്നതിനിടെയാണ് പുതിയ തെളിവ് പുറത്തുവന്നത്.

കേസിലെ ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവർ റിമാന്റിലാണ്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതകക്കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപ്പിക്കൽ, 334-സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.            പഴിയേറ്റ് 'ഡാൻസാഫ്'

 മയക്കുമരുന്ന് ഉൽപ്പാദനവും കടത്തും വിൽപ്പനയും അമിത  ഉപയോഗവും മറ്റും പിടികൂടാനുള്ള പരിഷ്‌കരിച്ച നിയമ പ്രകാരം  രൂപീകരിച്ച പ്രത്യേക പൊലീസ് സേനാവിഭാഗമായ ഡാൻസാഫ് പോലീസ്  സംഘങ്ങളെച്ചൊല്ലി പരക്കെ ആക്ഷേപം തീവ്രമാണ്. ഉന്നത ഓഫീസർമാരുടെ കുതന്ത്രങ്ങളിൽ കുരുങ്ങി സാധാരണ പോലീസുകാർ അകത്താകാൻ ഇടയാകുന്നു എന്നതാണ് ഒരു ആരോപണം. മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പൊലീസ് വാഹനത്തിൽ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാൻസാഫിന്റെ രീതിയെന്ന് തിരുവനന്തപുരത്ത്  ഇന്റലിജൻസ്  റിപ്പോർട്ട് ചെയ്തിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.   

സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു ലഹരിമാഫിയക്കെതിരെ പ്രവർത്തിക്കേണ്ട പൊലീസ് സംഘത്തിന്റെ തിരുവനന്തപുരത്തെ പ്രവർത്തനമെന്നായിരുന്നു ഇന്റലിജൻസ് കണ്ടെത്തൽ. മയക്കുമരുന്ന് മാഫിയ ബന്ധമുള്ള രണ്ട് ഗുണ്ടകളെ കൂട്ടുപിടിച്ച് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഗോഡൗണുകളിൽ പോയി കഞ്ചാവ് കൊണ്ടുവരികയായിരുന്നു പതിവ്. ഈ ഗോഡൗണിലെ കാവൽക്കാരെയും ഗുണ്ടകൾ തരപ്പെടുത്തി നൽകുന്നവരെയും കൂട്ടികൊണ്ടുവരും. ഇങ്ങനെ പൊലീസ് വാഹനത്തിൽ കടത്തികൊണ്ടുവരുന്ന കഞ്ചാവ് റോഡരികിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കൊണ്ടുവച്ച് ലോക്കൽ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കും . ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂട്ടികൊണ്ടുവരുന്ന പ്രതികളെ ലോക്കൽ പൊലീസിന് മുന്നിൽ ഹാജരാക്കും.

കേസെടുക്കാൻ കൊണ്ടുവരുന്നതിൽ ബാക്കി കഞ്ചാവ് ലഹരി സംഘത്തിന് കൈമാറും. ഡാൻസാഫ് രീതിയിൽ ലോക്കൽ പൊലീസ് സംശയമുന്നയിച്ചതോടെയാണ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയത്. പേട്ട, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെടുത്ത കേസുകൾ മുൻനിർത്തിയായിരുന്നു  റിപ്പോർട്ട്. ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയയെ കൂട്ടുപിടിച്ച് വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. അതേ സമയം, ലഹരിമരുന്നു കേസുകൾ ചാർജ് ചെയ്യാൻ നിർദ്ദേശം നൽകുന്ന പോലീസ് ആക്ടിലെ വകുപ്പ് 41 നെ ഡാൻസാഫിലെ ഉന്നതർ നോക്കുകുത്തി യാക്കുന്നതായി ലോക്കൽ പോലീസ് പറയുന്നു.

നിയമ വ്യവസ്ഥകൾ മറികടന്ന് ഡാൻസാഫ് മേധാവികളുടെ ഇംഗിത പ്രകാരം കസ്റ്റഡിയിലെടുക്കപ്പെടുന്നവർ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന് വിധേയരാകുന്ന സംഭവങ്ങൾ ഒന്നും രണ്ടുമല്ല. തുടർന്ന് എഫ് ഐ ആർ ഇട്ട് ഉത്തരവാദിത്തം ലോക്കൽ പോലീസിനു മേൽ ചാർത്തുകയാണ് രീതി. ഇതിനെതിരെ എസ് ഐ തലത്തിൽ പ്രതിരോധ നിലപാട് സ്വീകരിച്ചു തുടങ്ങിയതിന്റെ ആദ്യ തെളിവ് തിരുവനന്തപുരത്തു നിന്ന് പുറത്തു വന്നിരുന്നു. ഡാൻസാഫ് സ്‌ക്വാഡുകളുടെ മനുഷ്യാവകാശ ധ്വംസനത്തിൽ തങ്ങൾ ബലിമൃഗങ്ങളാക്കപ്പെടുന്നതായുള്ള പരാതി സാധാരണ പോലീസുകാരിൽ ഏറിക്കൊണ്ടിരിക്കുന്നു.

(അടുത്ത ലക്കത്തിൽ: കീഴുദ്യോഗസ്ഥർ കുരുങ്ങുമ്പോൾ വൻ തോക്കുകൾ രക്ഷപ്പെടും)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE