12:32pm 08 July 2024
NEWS
ഡൽഹി കോർപ്പറേഷനിൽ ഇനി ആം ആദ്മി മേയർ; ഷെല്ലി ഒബ്രോയ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും

23/12/2022  06:23 PM IST
nila
ഡൽഹി കോർപ്പറേഷനിൽ ഇനി ആം ആദ്മി മേയർ; ഷെല്ലി ഒബ്രോയ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും
HIGHLIGHTS

വനിതാ മേയർ വേണമെന്ന് എഎപി തീരുമാനിച്ചതോടെയാണ് ഷെല്ലി ഒബ്രോയ്ക്ക് നറുക്കുവീണത്.

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള മേയർ, ഡെപ്യുട്ടി മേയർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസർ ഷെല്ലി ഒബ്രോയ് മേയറായും ആലെ മുഹമ്മദ് ഇക്ബാൽ ഡെപ്യുട്ടി മേയറായും മത്സരിക്കും. അതേസമയം, മേയർ, ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബിജെപി വ്യക്തമാക്കി. ഇതോടെ ഇരുവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. 

വനിതാ മേയർ വേണമെന്ന് എഎപി തീരുമാനിച്ചതോടെയാണ് ഷെല്ലി ഒബ്രോയ്ക്ക് നറുക്കുവീണത്. 6 തവണ എംഎൽഎയായിരുന്ന എഎപി നേതാവ് ശുഐബ് ഇക്ബാലിന്റെ മകനാണ് ആലെ മുഹമ്മദ് ഇക്‌ബാൽ. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് ഇദ്ദേഹത്തിനാണ്– 17,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആലെ മുഹമ്മദ് ഇക്ബാൽ വിജയിച്ചത്.

ഡിസംബർ 8നു നടന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ, 15 വർഷത്തെ ബിജെപി ആധിപത്യം അവസാനിപ്പിച്ചാണ് എഎപി ഭരണം നേടിയത്. 250 വാർഡുകളിൽ എഎപി 134 സീറ്റും ബിജെപി 104 സീറ്റും നേടി. കോൺഗ്രസിന് 9 സീറ്റ് ലഭിച്ചു. എഎപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ മേയർ എഎപിയിൽ നിന്നായിരിക്കുമെന്നും ബിജെപി ശക്തമായ പ്രതിപക്ഷ സ്ഥാനം വഹിക്കുമെന്നും ഡൽഹി ബിജെപിയുടെ അധ്യക്ഷസ്ഥാനം രാജിവച്ച ആദേശ് ഗുപ്ത പറഞ്ഞു.

ഡൽഹിയിലെ 250 കൗൺസിലർമാരും 7 ലോക്‌സഭ, 3 രാജ്യസഭാ എംപിമാരും, ഡൽഹി നിയമസഭാ സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന 14 എംഎൽഎമാരും ചേർന്നാണ് മേയറെ തിരഞ്ഞെടുക്കുന്നത്. ഈ വർഷമാദ്യം ചണ്ഡിഗഡ‍ിൽ 35 സിവിൽ വാർഡുകളിൽ 14 എണ്ണവും വിജയിച്ച് എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മേയർ സ്ഥാനം ബിജെപിക്കാണ് ലഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL