01:18pm 05 July 2024
NEWS
മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം: ഹൈക്കമാണ്ട് തീരുമാനം അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ
18/09/2023  11:30 AM IST
വിഷ്ണുമംഗലം കുമാർ
മൂന്നു ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം: ഹൈക്കമാണ്ട് തീരുമാനം അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ
HIGHLIGHTS

വീരശൈവ ലിങ്കായത്ത്, എസ് സി- എസ്‌ ടി ,ന്യുനപക്ഷം എന്നീ വിഭാഗങ്ങൾക്കുകൂടി ഉപമുഖ്യമന്ത്രി പദവി നൽകണമെന്നു ആവശ്യപ്പെട്ടാണ് സഹകരണ മന്ത്രി കെ.എൻ.രാജണ്ണ  ഹൈക്കമാന്റിന്‌ കത്തയച്ചത്‌. 

 

ബെംഗളൂരു: ലോകസഭാതെരഞ്ഞെടുപ്പ്  അടുത്തുകൊണ്ടിരിക്കെ കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാര വടംവലി ശക്തിപ്പെടുന്നു. വിവിധ സമുദായങ്ങളിൽ നിന്ന്‌ മൂന്നു ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം മന്ത്രിസഭാരൂപീകരണവേളയിൽ തന്നെ ഉയർന്നിരുന്നു.എന്നാൽ ഉപമുഖ്യമന്ത്രിയാകാൻ സമ്മതിക്കുമ്പോൾ ഡി കെ ശിവകുമാർ ഹൈക്കമാണ്ടിന് മുന്നിൽ വെച്ച ഉപാധി ഒരേയൊരു ഉപമുഖ്യമന്ത്രിയേ പാടുള്ളു എന്നായിരുന്നു.ഹൈക്കമാണ്ട് അത്‌ അംഗീകരിച്ചതിൽ പല നേതാക്കൾക്കും അമർഷമുണ്ടായിരുന്നു. കെ പി സിസി അദ്ധ്യക്ഷ പദവിയും ഉപമുഖ്യമന്ത്രിസ്ഥാനവും  ഒന്നിച്ചു വഹിച്ച ഡി കെ ശിവകുമാർ മറ്റൊരു മുഖ്യമന്ത്രിയായി മാറാതിരിക്കാൻ അതിസമർത്ഥമായാണ് രാഷ്ടീയ ചാണക്യനായ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ നിമിഷം മുതൽ കരുനീക്കിയത്. 

പ്രത്യേക അധികാരങ്ങളൊന്നുമില്ലാത്ത ഉപമുഖ്യമന്ത്രിപദവിയിൽ ശിവകുമാറിനെ തളച്ചിടാൻ സിദ്ധരാമയ്യ ശ്രദ്ധിച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ അജഗജാന്തരമുണ്ടെന്നു ഓരോ തീരുമാനങ്ങളിലൂടെയും സിദ്ധരാമയ്യ കാട്ടിക്കൊടുത്തു. അതൊന്നും കാര്യമാക്കാതെയും എന്നാൽ സിദ്ധരാമയ്യയെ കുറ്റപ്പെടുത്താനാവാതെയും വിഷമം ഉള്ളിലടക്കി 'മുഖ്യനേതാവ്' എന്ന നിലയിൽ തന്നെയാണ് ശിവകുമാർ മുന്നോട്ടുപോകുന്നത്.ഇതിനിടയിലാണ്  വീരശൈവ ലിങ്കായത്ത്,എസ് സി- എസ്‌ ടി,ന്യുനപക്ഷം എന്നീ വിഭാഗങ്ങൾക്കുകൂടി ഉപമുഖ്യമന്ത്രി പദവി നൽകണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ സഹകരണ മന്ത്രി കെ.എൻ.രാജണ്ണ  ഹൈക്കമാന്റിന്‌ കത്തയച്ചത്‌. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ്‌ രാജ ണ്ണ.  മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാജണ്ണ കത്തയച്ചതെന്നും ശിവകുമാറിനെ ഒതുക്കാനുള്ള തന്ത്രമാണതെന്നും രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നു. സിദ്ധരാമയ്യയാകട്ടെ രാജണ്ണ കത്തെഴുതിയ കാര്യം തനിക്കറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്‌.ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഹൈക്കമാണ്ട് നിർദ്ദേശം നടപ്പിലാക്കുമെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.ശിവകുമാറാകട്ടെ  രാജ ണ്ണയുടെ കത്തിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL