12:37am 05 July 2024
NEWS
ദേവരാജ ഗൗഡയ്ക്ക് ജാമ്യം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും
02/07/2024  12:11 PM IST
വിഷ്ണുമംഗലം കുമാർ
ദേവരാജ ഗൗഡയ്ക്ക് ജാമ്യം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും

 കർണാടക :  കർണാടകത്തെ  നാണംകെടുത്തിയ   പ്രജ്വൽരേവണ്ണ ലൈംഗിക പീഡനക്കേസിൽ ആദ്യം ഉയർന്നുകേട്ട ശബ്ദം  ദേവരാജ ഗൗഡയുടേതായിരുന്നു. അഭിഭാഷകനും ഹാസനിൽ നിന്നുള്ള ബിജെപി നേതാവുമാണ് ഗൗഡ.   പ്രജ്വലുമായി ബന്ധപ്പെട്ട ലൈംഗികദൃശ്യങ്ങൾ പുറത്തുവിടാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും തനിക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ദേവരാജ ഗൗഡ പത്രസമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ മറ്റൊരു ലൈംഗിക പീഡനക്കേസിൽ വൈകാതെ അദ്ദേഹം അറസ്റ്റിലായി. തുമകൂറു ജയിലിലായിരുന്ന ഗൗഡയ്ക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. പുറത്തിറങ്ങുന്ന ഗൗഡയിൽനിന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായേക്കും. ഗൗഡ ജയിലിലായിരിക്കെയാണ് പ്രജ്വൽപെൻഡ്രൈവ് ദേശീയ തലത്തിൽ കത്തിപ്പടർന്നത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രജ്വലിനെ എസ് ഐ ടി അറസ്റ്റുചെയ്തു. അയാളിപ്പോൾ ജയിലിലാണ്. ഹാസനിൽ തോറ്റ് എം പി അല്ലാതാകുകയും ചെയ്തു. രേവണ്ണയുടെ കുടുംബവും ദേവരാജ ഗൗഡയും തമ്മിൽ ശത്രുതയിലായിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൊളെനരസിപ്പൂരിൽ രേവണ്ണ യ്ക്കെതിരെ ഗൗഡ ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു.  രേവണ്ണയും കോൺഗ്രസിന്റെ ശ്രേയസ് പട്ടേലും തമ്മിലായിരുന്നു പ്രധാനമത്സരം. 3152 വോട്ടുകൾക്ക് രേവണ്ണ വിജയിച്ചപ്പോൾ ഗൗഡയ്ക്ക് കിട്ടിയത് 4850 വോട്ടുകൾ മാത്രം. പ്രജ്വലുമായി ഒരു ഭൂമിയിടപാടിൽ തെറ്റിപ്പിരിഞ്ഞ അയാളുടെ ഡ്രൈവർ കാർത്തിക് കേസ് നടത്താൻ ഏൽപ്പിച്ചത് ഗൗഡയെയാണ്. പ്രജ്വലിന്റെ ഫോണിൽനിന്ന് ചോർത്തിയ ലൈംഗികപീഡന ദൃശ്യങ്ങളും കാർത്തിക്        ഗൗഡയ്ക്ക് കൈമാറിയിരുന്നു. കേസ് പുരോഗമിക്കുന്ന ഘട്ടത്തിലാണ് ബിജെപി,ജെഡി എസ്സുമായി സഖ്യമുണ്ടാക്കിയത്. ആ രാഷ്ട്രീയമാറ്റം ഗൗഡയ്ക്ക് വ്യക്തിപരമായി അലോസരമുണ്ടാക്കിയിരുന്നു. പ്രജ്വൽ ലൈംഗികപീഡന     കുരുക്കിലാണെന്നും അയാളെ ഹാസനിൽ   സ്ഥാനാർഥിയാക്കരുതെന്നും ഗൗഡ ബിജെപി നേതാക്കൾക്ക് കത്തെഴുതി. എന്നാൽ ഹാസൻ ജെഡിഎസ്സിന്റെ സിറ്റിംഗ് സീറ്റായതിനാൽ ബിജെപി അതിൽ ഇടപെടാൻ താല്പര്യം കാണിച്ചില്ല. ലൈംഗിക വീഡിയോകൾ അപ്പോൾ പുറത്തുവന്നിരുന്നില്ല. കേസ്സിന്റെ ബലത്തിനായി കാർത്തിക് ചോർത്തിനൽകിയ ലൈംഗിക വീഡിയോകൾ പുറത്തുവിടാൻ ഗൗഡ സന്നദ്ധനായിരുന്നില്ല. ഗൗഡ ജയിലിലായിരിക്കുമ്പോഴാണ് പ്രജ്വൽപെൻഡ്രൈവ് സംസ്ഥാനത്തിനകത്തും പുറത്തും വൻവിവാദമായി കത്തിപ്പടർന്നത്. തന്നെ കള്ളക്കേസിൽ കുരുക്കി ജയിലിലിട്ടതാണെന്നായിരുന്നു ഗൗഡയുടെ വാദം.  ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  ദേവരാജഗൗഡയിൽനിന്ന് സംസ്ഥാനഗവണ്മെന്റിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ ഉടനെ ഉണ്ടായേക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL