12:03pm 01 July 2024
NEWS
പിന്നെക്കാണുന്നത്‌ മാണിസാറിന്റെ ഡെഡ്ബോഡി: പിസി ജോർജിന്റെ വെളിപ്പെടുത്തൽ
17/01/2024  08:54 AM IST
പി. ജയചന്ദ്രൻ
പിന്നെക്കാണുന്നത്‌ മാണിസാറിന്റെ ഡെഡ്ബോഡി: പിസി ജോർജിന്റെ വെളിപ്പെടുത്തൽ
HIGHLIGHTS

ഒരു കേരളാ  കോൺഗ്രസ് കഥ; കരിങ്ങോഴയ്ക്കൽ മാണി മാണിയും പ്ലാത്തോട്ടത്തിൽ ചാക്കോ ജോർജ്ജും

കൂടെക്കിടന്നവനേ രാപ്പനിയുടേ ചൂടറിയൂ, എന്നൊരു ചൊല്ലുണ്ട്. കെ.എം. മാണിയുടെ ഇടംകയ്യായും വലംകയ്യായും ശത്രുവായുമൊക്കെ ദീർഘകാലം കേരളാകോൺഗ്രസ് കുപ്പായമണിഞ്ഞ പി.സി. ജോർജ്ജ് ആ കുപ്പായം പൂർണ്ണമായും അഴിച്ചുവച്ചിട്ട് ബി.ജെ.പിയുടെ സഹയാത്രികനാകാൻ പോവുകയാണ്. പോകും മുൻപ് മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ചില കേരളാകോൺഗ്രസ് കഥകളുടെ ഭാണ്ഡവും ഇറക്കിവയ്ക്കുകയാണ്. 'കേരളശബ്ദം' സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.ജയചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്...

കേരളരാഷ്ട്രീയത്തിലെ എക്കാലത്തേയും എണ്ണം പറഞ്ഞ ഒറ്റയാനും വിവാദനായകനുമാണ് പഴയ പൂഞ്ഞാർ എം.എൽ.എ ഈരാറ്റുപേട്ട പ്ലാത്തോട്ടത്തിൽ ചാക്കോജോർജ്ജ് എന്ന പി.സി. ജോർജ്ജ്. 1980 മുതൽ 2021 വരെ ഒൻപത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ്, കേരളാകോൺഗ്രസ്(മാണി), കേരളാ കോൺഗ്രസ്(ജോസഫ്), കേരളാകോൺഗ്രസ്(സെക്യുലർ) എന്നിങ്ങനെ വിവിധ കേരളാ കോൺഗ്രസുകളുടെ ടിക്കറ്റിൽ മത്സരിച്ച ജോർജ്ജു എല്ലാ മുന്നണികളേയും വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ചുവിജയിച്ച ചരിത്രവുമുണ്ട്. അങ്ങനെ ഒൻപത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ജോർജ്ജ് ഏഴുപ്രാവശ്യം വിജയിച്ച്, 33 വർഷം കേരള നിയമസഭയിൽ പൂഞ്ഞാറിന്റെ പ്രതിനിധിയായി.

അതെന്തായാലും കോട്ടയം ജില്ലയിൽ നിന്നും രാഷ്ട്രീയത്തിലിറങ്ങിയ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷത്തേയും പോലെ കേരളാ കോൺഗ്രസിലൂടെ രംഗത്തുവന്ന പി.സി. ജോർജ്ജ് ഇന്നിപ്പോൾ ഒരു തിരിച്ചറിവന്റെ പാതയിലാണ്. കേരളാകോൺഗ്രസ് രൂപീകരിച്ചതാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ നശിപ്പിച്ചത് എന്നുള്ളതാണ് ആ തിരിച്ചറിവ്. ക്രിസ്ത്യാനികളും നായന്മാരുമായിട്ടുള്ള 15 എം.എൽ.എമാരെയും വച്ചുകൊണ്ട് രൂപം കൊണ്ട കേരളാ കോൺഗ്രസിന് ആ പേര് നൽകിയത് മന്നത്ത് പത്മനാഭനാണെങ്കിലും, തിരുനക്കര സമ്മേളനം കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോൾ കേരളാകോൺഗ്രസ് പിരിച്ചുവിടണമെന്നും പറഞ്ഞ് മന്നം കോൺഗ്രസിലേക്ക് പോവുകയായിരുന്നല്ലോ. അതോടെ കേരളാകോൺഗ്രസ് ക്രിസ്ത്യാനികളുടെ സ്വന്തം പാർട്ടിയായി മാറി. അതുമൂലം എന്തുസംഭവിച്ചു എന്നുചോദിച്ചാൽ കോൺഗ്രസ് പോലുള്ള പാർട്ടികളിൽ ക്രിസ്ത്യാനികളുടെ പ്രാതിനിധ്യം കുറഞ്ഞു. കോൺഗ്രസിൽ ക്രിസ്ത്യാനി ആരുമല്ലാതായി. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും പിൽക്കാലത്ത് സംസ്ഥാന മുഖ്യമന്ത്രിമാരായെങ്കിലും, ക്രിസ്ത്യാനിക്ക് അർഹമായ അംഗീകാരം ഒരിടത്തും ലഭിക്കാത്ത അവസ്ഥയായി. അതൊക്കെ വച്ച് ചിന്തിക്കുമ്പോൾ കേരളാകോൺഗ്രസിന്റെ ജന്മമാണ് ക്രിസ്ത്യാനിക്ക് നാശം ഉണ്ടാക്കിയത് എന്നതാണ് ജോർജ്ജിന്റെ തിരിച്ചറിവ്.

'അതുകൊണ്ട് കേരളാകോൺഗ്രസ് പിരിച്ചുവിടണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. അത് ഞാൻ നേരത്തെ തന്നെ പരസ്യമായി പറഞ്ഞുകഴിഞ്ഞതാണ്. അതുകഴിഞ്ഞാണ് ഞാൻ മാറിയതും, ജനപക്ഷം രൂപീകരിച്ചതുമൊക്കെ. ആ നിലയിൽ തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. പക്ഷേ ഇങ്ങനെ എത്രനാൾ എന്നൊരു ചർച്ച പാർട്ടിക്കുള്ളിലുണ്ട്.'

? ആ ചർച്ച എവിടെങ്കിലും എത്തുന്ന ലക്ഷണമുണ്ടോ.

ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുവെച്ചാൽ ദേശീയതലത്തിൽ കോൺഗ്രസ് തകർന്നു. അതോടെ നരേന്ദ്ര മോദി എന്ന വ്യക്തിയിൽ കേന്ദ്രീകൃതമായിരിക്കുകയാണ് ഇൻഡ്യൻ രാഷ്ട്രീയം. അദ്ദേഹം ഒരു ബി.ജെ.പി നേതാവാകുമ്പോൾ സ്വാഭാവികമായും ഇനിയുള്ളത് ബി.ജെ.പിയടെ ഒരു കാലഘട്ടമാണ്. കുറഞ്ഞപക്ഷം പത്തുകൊല്ലക്കാലത്തേക്കെങ്കിലും മോദി എന്ന വ്യക്തിയിൽ  നിന്ന് ഇൻഡ്യയെ മാറ്റി ചിന്തിപ്പിക്കുവാൻ ആർക്കും കഴിയില്ല. ജനം അങ്ങനെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അവരുമായി യോജിച്ചുപോയ്ക്കൂടെ എന്ന ഒരഭിപ്രായം ഞങ്ങളുടെ പാർട്ടിക്കുള്ളിൽ ഉടലെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അത് സംഭവിച്ചകൂടെന്നില്ല.

? ഒപ്പം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ താങ്കൾ സ്ഥാനാർത്ഥിയാകുമെന്നും കേൾക്കുന്നു.

അതും സംഭവിച്ചുകൂടെന്നില്ല.

? ഒരു കേരളാ കോൺഗ്രസുകാരനായിട്ടാണല്ലോ താങ്കൾ രാഷ്ട്രീയത്തിലെത്തുന്നത്. അവിടുന്നൊക്കെ വിട്ട് മറ്റൊരിടത്തേയ്ക്ക് പോകുമ്പോൾ ഇറക്കിവയ്ക്കുവാൻ കെട്ടുകൾ വല്ലതുമുണ്ടോ.

എന്നുചോദിച്ചാൽ പലതുമുണ്ട്.

? കേരളാകോൺഗ്രസിൽ എവിടെ നിൽക്കുമ്പോഴും താങ്കൾ ഏറ്റവും കൂടുതൽ കടന്നാക്രമിച്ചിട്ടുള്ളത് കെ.എം. മാണിയെയാണ്. അദ്ദേഹത്തിന്റെ മരണം താങ്കളുടെ ആക്രമണോത്സുകതയ്ക്ക് ശക്തിക്ഷയം വരുത്തി എന്ന് കരുതാമോ.

ശരിയാണ്. കെ.എം. മാണി ജീവിച്ചിരിക്കുമ്പോൾ എനിക്ക് പല  അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്നും ഞാൻ ഒളിച്ചുവയ്ക്കുന്നില്ല. ഞാനേറ്റവും കൂടുതൽ അസഭ്യം പറയുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുള്ളത് കെ.എം. മാണിയെയാണ്. മാണിക്കെതിരായിട്ടായിരുന്നു എന്റെ നിയമസഭാപ്പോരാട്ടവും. പക്ഷേ ഒരിക്കൽപ്പോലും പുള്ളി എന്നെ തിരിച്ചാക്രമിച്ചിട്ടില്ല. ആകെക്കൂടി പുള്ളി എന്നെ കുറ്റപ്പെടുത്തി പറഞ്ഞത്, പുള്ളിയുടെ റബ്ബർ ഇറക്കുമതി സംബന്ധിച്ച വിഷയം ഉണ്ടായപ്പോഴാണ്.

റബ്ബറും, റബ്ബർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിന് ജോസ് കെ. മാണി ചെയർമാനായി ഒരു സംഘടനയായിരുന്നു ലൈസൻസ് എടുത്തിരുന്നത്. എറണാകുളത്തായിരുന്നു ഓഫീസ്. ആ ഓഫീസിന്റെ ബോർഡ് സഹിതം കൊണ്ടുവന്ന് ഞാൻ നിയമസഭയിൽ വച്ചു. അതിന് മറുപടി പറഞ്ഞപ്പോഴാണ് മാണിസാർ എന്നോട് കയർത്തുസംസാരിച്ചത്. അതുകഴിഞ്ഞ് ജോസ് കെ. മാണി രാജിവച്ച് അയാളുടെ ഭാര്യയെ ചെയർപേഴ്‌സൺ ആക്കി. അതും പിന്നീട് നഷ്ടപ്പെടുത്തി. അതായത് കേരളാകോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ് മാണിയുടെ മകനാണ് റബ്ബറിന്റെ ഇറക്കുമതിയും കയറ്റുമതിയുമൊക്കെ നടത്തുന്നത്. വില നിശ്ചയിക്കുന്നത്. റബ്ബർ കർഷകരെ ദ്രോഹിക്കുന്ന ആ പരിപാടി കണ്ടുപിടിച്ച് പറഞ്ഞതാണ് മാണിക്ക് എന്നോടുള്ള നീരസത്തിന് കാരണം.

എന്നാൽ അതുകഴിഞ്ഞ് ഞാനും മാണി സാറും തമ്മിൽ വലിയ ബന്ധമുണ്ടായി. 85 ൽ കേരളാ കോൺഗ്രസുകളെല്ലാം യോജിച്ചല്ലോ. യോജിച്ചുകഴിഞ്ഞ് 2011 ൽ ഉമ്മൻചാണ്ടിയുടെ ഗവൺമെന്റ് വന്നു. മാണി സാറാണ് ധനകാര്യ മ ന്ത്രി. ഞാനന്ന് ചീഫ് വിപ്പുമാണ്.

അതിനകത്തൊരു സംഭവമുണ്ടായി. സത്യത്തിൽ കേരളാകോൺഗ്രസിന്റെ ചരിത്രം പറഞ്ഞാൽ ചിരിവരും. ആ ഇലക്ഷനിൽ യു.ഡി.എഫിൽ നിന്ന് ഞാനുൾപ്പെടെ 7 പേരാണ് വിജയിച്ചത്. റിസൾട്ടറിഞ്ഞതിന്റെ അടുത്ത ദിവസം മാണിയും ജോസഫും എറണാകുളത്ത് ഗസ്റ്റ് ഹൗസിൽ കൂടി. അവർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളാകോൺഗ്രസിന് അന്ന് 9 എം.എൽഎമാരാണുള്ളത്. അതിന്റടിസ്ഥാനത്തിൽ രണ്ട് മന്ത്രിസ്ഥാനം ലഭിക്കുമെന്നും മാണിയും ജോസഫും മന്ത്രിമാരാകണമെന്നും അവർ തന്നെ തീരുമാനിച്ചു.

എന്നാൽ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള നേതാക്കൾ കൂടി ആലോചിച്ചപ്പോൾ, യു.ഡി.എഫിന് വിജയം ലഭിക്കുവാൻ ഒരു പ്രധാന കാരണക്കാരൻ ഞാനാണെന്ന് കണ്ടെത്തി. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എയെ ഉൾപ്പെടെ ചാക്കിട്ടുകൊണ്ടുവന്ന് യു.ഡി.എഫ് ആക്കിയിരിക്കുകയാണ്. സി.പി.എമ്മിന് എന്നോടുള്ള വൈരാഗ്യവും അതാണ്.

അതുകൊണ്ട് ജോർജിനെക്കൂടി മന്ത്രിയാക്കണമെന്ന് ഇവർ മാണിയോടും ജോസഫിനോടും ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞത്, സാധ്യമല്ല ഞങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം മതി എന്നാണ്. ലോകത്ത് ഏതെങ്കിലുമൊരു പാർട്ടി അങ്ങനെ പറയുമോ. ഒരു മന്ത്രിസ്ഥാനം കൂടി തരാമെന്ന് ഇങ്ങോട്ട് വന്നുപറയുമ്പോൾ വേണ്ടെന്ന് ആരെങ്കിലും പറയുമോ ? എന്നാൽ ഇവർ പറഞ്ഞു. എന്നോടുള്ള ഇവരുടെ സ്‌നേഹം മനസ്സിലായില്ലേ.

അപ്പോൾ മാണിയാണ് അത് ചെയ്തത് എന്നായിരുന്നു എന്റെ മനസ്സിൽ. പക്ഷേ എന്റെ ഓർമ്മ ശരിയാണെങ്കിൽ കുഞ്ഞാലിക്കുട്ടിയാണ് വിളിച്ചുപറഞ്ഞത് ജോർജ്ജിനെ മന്ത്രിയാക്കാൻ ജോർജ്ജേ ഞങ്ങൾ തയ്യാറാണ്. പക്ഷേ നിങ്ങളടെ പാർട്ടി തയ്യാറല്ല. അതുകൊണ്ട് ഞങ്ങളോട് പിണക്കമൊന്നും തോന്നരുത് എന്ന്.

കാരണം ഞാൻ വഴക്കുണ്ടാക്കി ചാടിയാൽ ഗവൺമെന്റുണ്ടാകില്ല. അതാണ് കാരണം. എന്നാൽ ഞാനത് ചെയ്യുന്ന പ്രശ്‌നം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞു എനിക്ക്  മന്ത്രിസ്ഥാനം തരാമെന്ന് വി.എസ് പറഞ്ഞിട്ട് വേണ്ടെന്നുപറഞ്ഞവനാണ് ഞാൻ. അതുകൊണ്ട് ഒരിക്കലും ഇതിന്റെ പേരിൽ എന്റെ ഭാഗത്തുനിന്ന് ഒരു പ്രശ്‌നവും ഉണ്ടാകില്ല. നിങ്ങൾ ധൈര്യമായിട്ടിരുന്നോളൂ എന്ന്. അതുകഴിഞ്ഞ് ഞാൻ എറണാകുളത്തെത്തി. മാണിയും ജോസഫും ഉണ്ട്. അവർ പറഞ്ഞു, ഒരു കാരണവശാലും രണ്ട്  മന്ത്രിസ്ഥാനത്തിൽ കൂടുതൽ നമുക്ക് വേണ്ട എന്നാണ് തീരുമാനം. ശരി. ഞാനത് സമ്മതിക്കുന്നു എന്ന് ഞാനും പറഞ്ഞു.

അതൊക്കെകഴിഞ്ഞ് ഒരു ദിവസം കോട്ടയത്ത് മാണിയുടെ ഇപ്പോഴത്തെ ഓഫീസിൽ പാർട്ടിയുടെ കമ്മിറ്റികൂടുകയാണ്. നൂറ്റി അൻപതോളം പേരുള്ള വലിയ കമ്മിറ്റിയാണ്. ആദ്യം മാണി സാർ എഴുന്നേറ്റ് പ്രസംഗിച്ചു. ഞാനും ഔസേപ്പച്ചനും മന്ത്രിമാരാകും. പക്ഷേ ജോർജ്ജിനും മന്ത്രിസ്ഥാനം കിട്ടണമെന്നുള്ളതാണ് നമ്മുടെ ആവശ്യം എന്ന് മാണി സാർ ദൃഢമായി തന്നെ പറഞ്ഞു.

ഞാനത് കേട്ട് അന്ധാളിച്ചുനിൽക്കുമ്പോൾ മാണി സാർ തുടർന്നു. ഒരു കാരണവശാലും നമ്മുടെ ആവശ്യം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. പക്ഷേ സമ്മതിച്ചില്ലെങ്കിൽ, ഒരു കാര്യം ഞാനുറപ്പായി പറയുന്നു; ജോർജ്ജില്ലാത്ത ഒരു മന്ത്രിസഭ ഇവിടുണ്ടാകില്ല.

ഞാൻ മിണ്ടാതിരുന്നു. കുറച്ചുകഴിഞ്ഞ് ജോസഫ് എഴുന്നേറ്റ്, മാണിയുടെ വാക്കുകൾ അതിലും ശക്തിയായി പറഞ്ഞു.

ഞാൻ പതുക്കെ എഴുന്നേറ്റ് മൂത്രമൊഴിക്കാൻ പോകുന്നപോലെ മുന്നോട്ടുനടന്നിട്ട് മാണിസാറിനെ വിളിച്ചു. മാണി സാർ ഉടൻതന്നെ ഇറങ്ങിവന്നു. അവിടെ നാല് ബാത്ത്‌റൂമിന്റെ വലിപ്പമുള്ള ഒരു ബാത് റൂം ഉണ്ട്. അതിലെ ടാപ്പ് അൽപ്പം പൊങ്ങിയാണിരിക്കുന്നത്. അതുകൊണ്ട് ബക്കറ്റിൽ വെള്ളം വീഴുമ്പോൾ വലിയ ശബ്ദമാണ്. മെല്ലെ ടാപ്പ് ഓൺ ചെയ്തിട്ട് ബാത് റൂമിന്റെ കതകുമടച്ചിട്ട് ഞാൻ ചാടി മാണിസാറിന്റെ കുത്തിന് പിടിച്ചു. വെള്ളം വീഴുന്ന ശബ്ദം കാരണം ആരും ഒന്നും കേൾക്കില്ല എന്നുറപ്പുണ്ടായിരുന്നു. എന്നിട്ട് ചോദിച്ചു ''എന്തൊരു തന്തയ്ക്ക് പിറക്കാത്ത പണിയാടോ കാട്ടുന്നത് ?''.

ഒക്കെക്കൂടിയായപ്പോൾ പുള്ളി ഒറ്റക്കരച്ചിൽ. എന്നിട്ട് പറഞ്ഞു, ജോർജ്ജ് എന്നോട് പിണങ്ങരുത്. ഞാൻ കരഞ്ഞുപറഞ്ഞതാണ്. ഔസേപ്പച്ചൻ സമ്മതിക്കുന്നില്ല. ഞാനെന്തുചെയ്യും.

അപ്പോഴാണ് ജോസഫാണ് വില്ലൻ എന്ന് എനിക്ക് മനസ്സിലായത്. ഞാൻ മാണി സാറിനോട് സോറി പറഞ്ഞു. എന്നിട്ട് ഒന്നും സംഭവിക്കാത്തപോലെ ഞങ്ങൾ ചിരിച്ചുകൊണ്ട് വന്നിരുന്നു.

എന്റെ പ്രസംഗം വന്നപ്പോൾ ഞാൻപറഞ്ഞു, ഒരു മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തരുത്. കാരണം രണ്ടിനേ  നമുക്കർഹതയുള്ളൂ. അതുകൊണ്ടു മൂന്നാമത് എനിക്ക് വേണ്ടി ഒരു മന്ത്രിസ്ഥാനം ചോദിച്ച് വഴക്കുണ്ടാക്കുവാൻ ഞാൻ സമ്മതിക്കില്ല. ഒറ്റ സീറ്റിന്റെ കൂടുതലുമായി യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ അതിൽ വഴക്കുണ്ടാക്കുന്ന പാർട്ടിയായി നമ്മൾ മാറരുത് എന്നെല്ലാം പറഞ്ഞ് തീരുമാനം എടുത്തുപിരിഞ്ഞു.

സത്യപ്രതിജ്ഞയും കഴിഞ്ഞു. നിയമസഭ ചേരുകയാണ്. ആദ്യസഭ ചേരലായതിനാൽ അതൊരു വെള്ളിയാഴ്ചയായിരുന്നു. തലേന്ന് വ്യാഴാഴ്ച രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചെല്ലണമെന്ന് ഉമ്മൻചാണ്ടി വിളിച്ചുപറഞ്ഞതനുസരിച്ച് രാവിലെതന്നെ ഞാനവിടെത്തി. അപ്പോൾ കുഞ്ഞാലിക്കുട്ടിയുണ്ട്, കെ.പി.എ. മജീദുണ്ട്, ജോയി എബ്രഹാം തുടങ്ങി എല്ലാവരുമുണ്ട്. ഞാൻ ചെന്ന് കാര്യം ചോദിച്ചപ്പോൾ ഉമ്മൻചാണ്ടി പറഞ്ഞു, ജോർജ്ജിനെ വിളിച്ചത് മറ്റൊന്നിനുമല്ല. ജോർജ്ജിന് ഒരു സ്ഥാനമില്ലാതെ പോകാൻ കഴിയില്ല. അതുകൊണ്ട് ജോർജ്ജ് ഡെപ്യൂട്ടി സ്പീക്കറാകണം.

എന്നെക്കൊണ്ട് പറ്റില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു. സ്പീക്കറാണെങ്കിൽ ആകാം, ഡെപ്യൂട്ടി സ്പീക്കർ എന്നാൽ മിണ്ടാതിരിക്കുവാനുള്ള സ്ഥാനമാണ്. എന്നെ അതിന് കിട്ടുകേല എന്നുപറഞ്ഞു. എല്ലാവരും നിർബന്ധിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല. അപ്പോൾ കുഞ്ഞാലിക്കുട്ടി ചോദിച്ചു: ജോർജ്ജേ ഞങ്ങടെ ചീഫ് വിപ്പ് സ്ഥാനം.. വാചകം പൂർത്തിയാക്കും മുൻപേ വേണ്ടെന്നുപറഞ്ഞു.

അപ്പോഴേയ്ക്കും കുഞ്ഞാലിക്കുട്ടിക്കൊരു ഫോൺ വന്നു. അതെടുത്തശേഷം എന്റടുക്കൽ വന്ന്, ജോർജ്ജേ ശിഹാബ് തങ്ങളാണ് എന്നുപറഞ്ഞുകൊണ്ട് ഫോൺ എനിക്ക് തന്നു.

തങ്ങളോട് എനിക്ക് വലിയ ബഹുമാനമാണ്. തങ്ങൾ പറഞ്ഞു, ജോർജ്ജേ ഞാനൊരു കാര്യം പറയാം. ഡെപ്യൂട്ടി സ്പീക്കർസ്ഥാനം വേണ്ടെങ്കിൽ എടുക്കണ്ട. പക്ഷേ, ലീഗിനാണ് ചീഫ് വിപ്പ് സ്ഥാനം. അത് ഞാൻ ജോർജ്ജിന് തരികയാണ്. ലീഗാണ് തരുന്നത്. അല്ലാതെ കേരളാ കോൺഗ്രസ് അല്ല. അതുകൊണ്ട് ജോർജ്ജേ തർക്കം വേണ്ട. ജോർജ്ജിനെ ഞാൻ ചീഫ് വിപ്പായി തീരുമാനിച്ചിരിക്കുന്നു എന്ന് ഒരടി കൂടി അടിച്ചു.

ഞാനാകെ വെള്ളത്തിലായി. ഏതായാലും സമ്മതിക്കുകേം ചെയ്തു. പിന്നീടാണ് രസം.

അതുകഴിഞ്ഞ് എല്ലാവരും സന്തോഷമായിട്ടുപിരിഞ്ഞു. രാവിലെ 6.30 ന് മാണി സാർ വിളിച്ചു. ചീഫ് വിപ്പിന്റെ കാര്യം പാർട്ടി കമ്മിറ്റി കൂടി തീരുമാനിക്കണമെന്നാണ് ഔസേപ്പച്ചൻ പറയുന്നതെന്നും, പത്തുമിനിറ്റ് മതിയല്ലോ മസ്‌ക്കറ്റ് ഹോട്ടലിൽ കൂടാമെന്നും പറഞ്ഞു. അതിൻപ്രകാരം ഞാൻ മസ്‌ക്കറ്റ് ഹോട്ടലിൽ ചെല്ലുമ്പോൾ കേരളാകോൺഗ്രസിന്റെ 9 എം.എൽ.എമാരുമുണ്ട്. അപ്പോൾ ഞാനും ഔസേപ്പച്ചനും മന്ത്രിമാരായി എന്നും ഇനി ഒരു ചീഫ് വിപ്പ് സ്ഥാനം ജോർജ്ജിന് അനുവദിച്ചിരിക്കുകയാണെന്നും മാണി സാർ പറഞ്ഞതും ഔസേപ്പച്ചൻ ചാടിയെഴുന്നേറ്റ് ഒറ്റ അടി- ആരുപറഞ്ഞു ജോർജ്ജാണെന്ന്. ആരാണ് അത് തീരുമാനിച്ചതെന്നും ഔസേപ്പച്ചൻ ചോദിച്ചു.

മാണിസാർ ചോദിച്ചു: അതെന്താ ഔസേപ്പച്ചാ അങ്ങനെ പറയുന്നത്. ഔസേപ്പച്ചൻ കൂടി ഉണ്ടായിരുന്നപ്പോഴല്ലേ ലീഗിന്റെ സീറ്റ് ജോർജ്ജിന് കൊടുത്തിരിക്കുന്നു എന്നുപറഞ്ഞത്. പിന്നെന്തിനാണ് ഇങ്ങനെ പറയുന്നത്. എന്നിട്ടും ഔസേപ്പച്ചൻ പറഞ്ഞു, നടക്കുകേല.

അപ്പോൾ ജോയ് എബ്രഹാം പറഞ്ഞു, ഔസേപ്പച്ചൻ പറയുന്നത് ശരിയല്ല എന്നും, ഔസേപ്പച്ചൻ കൂടി ഇരിക്കുമ്പോഴാണ് തീരുമാനിച്ചതെന്നും, പിന്നെന്താണ് ഇങ്ങനെ പറയുന്നത് എന്നും ചോദിച്ചു. അപ്പോഴേക്കും സാധ്യമല്ല എന്നുപറഞ്ഞുകൊണ്ട് കുരുവിളയും  മോൻസ് ജോസഫും ചാടിയെഴുന്നേറ്റു. തൊട്ടുപിറകെ ഉണ്ണിയാടനും എഴുന്നേറ്റു. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് ചീഫ് വിപ്പ് സ്ഥാനം ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷേ ഇപ്പോൾ നമ്മൾ ഒൻപതുപേരില്ലാതെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക എന്നുപറഞ്ഞാൽ, ന്യൂനപക്ഷ ഗവൺമെന്റിനുവേണ്ടിയാകും അത്. കേരളാ കോൺഗ്രസിന്റെ ആശയം നഷ്ടപ്പെടുത്തുന്ന  കാര്യമാണത്.

എങ്കിൽ പിന്നെ കൂടാം എന്നുപറഞ്ഞ് മാണിസാർ എഴുന്നേറ്റു. ഞങ്ങളും ഇറങ്ങി. സഭ കൂടാൻ ബെല്ലടിച്ച കൃത്യസമയത്ത് ചെന്നു.  നയപ്രഖ്യാപനം കഴിഞ്ഞ് ഞാൻ റൂമിലെത്തിയപ്പോൾ വീണ്ടും മാണിസാർ വിളിക്കുന്നു. ചെന്നപ്പോൾ മസ്‌ക്കറ്റ് ഹോട്ടലിൽ ഭയങ്കര വഴക്ക് നടക്കുകയാണ്. എല്ലാം കഴിഞ്ഞ് കുറച്ചുകഴിഞ്ഞിട്ടും ഈ നാലുപേർ ഒരിക്കലും ജോർജ്ജിനെ സമ്മതിക്കില്ല എന്നുപറഞ്ഞുകൊണ്ട് നിൽക്കുകയാണ്. അപ്പോൾ സി.എഫ്. തോമസ് സാർ മാണിസാറിനോട് ചോദിച്ചു: മാണി സാറേ... ഇങ്ങനെയാണോ തീരുമാനം. തങ്ങൾ ജോർജ്ജിന് ഫോണിൽ വിളിച്ചുകൊടുത്ത സ്ഥാനമാണെന്നു പറയുന്നത് ശരിയാണോ?  

മാണി സാർ നടന്ന കാര്യങ്ങൾ എല്ലാം അതുപോലെ തന്നെ പറഞ്ഞു. ഉടൻതന്നെ സി.എഫ്. തോമസ് സാർ പറഞ്ഞു, എങ്കിൽ തങ്ങൾ പറഞ്ഞതുപോലെ ജോർജ്ജ് തന്നെയാകട്ടെ എന്ന്. അപ്പോൾ നാലെണ്ണവും മിണ്ടാതിരുന്നു. അതോടെ പ്രശ്‌നം തീർന്നു.

നയപ്രഖ്യാപനം കഴിഞ്ഞ് ശനിയും ഞായറും സഭയ്ക്ക് അവധിയാണല്ലോ. സി.എഫും ഞങ്ങളുമൊക്കെ പിരിഞ്ഞു. ഞാൻ എം.എൽ.എ ക്വാർട്ടേഴ്‌സിൽ വന്നിട്ട് നേരെ സി.എഫിന്റെ മുറിയിലേക്ക് ചെന്നു. എന്താണ് സംഭവിച്ചതെന്നറിയണമല്ലോ. അപ്പോഴേയ്ക്കും പക്ഷേ സി.എഫ് ചങ്ങനാശ്ശേരിക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാനവിടുന്ന് സി.എഫിന്റെ അനുജൻ സാജനേയും വിളിച്ച് സി.എഫിന്റെ വീട്ടിൽ ചെന്നു. 'സാർ. മറ്റൊന്നും വിചാരിക്കരുത്. എന്താണ് സംഭവിച്ചത്'. എന്റെ ചോദ്യം കേട്ടിട്ട് അദ്ദേഹം ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു, എന്റെ പൊന്നുജോർജ്ജേ... ഇന്നലെ രാത്രിയിൽ അവർ നാലുപേരും കൂടി -ഉണ്ണിയാടനും കുരുവിളയും മോൻസനും പി.ജെയും എന്റെ മുറിയിൽ വന്നിരുന്നു.  എന്നിട്ട് പറഞ്ഞു സി.എഫ് സാറെ, നമുക്കൊരു ചീഫ് വിപ്പ് സ്ഥാനം കിട്ടിയിട്ടുണ്ടല്ലോ. അപ്പോൾ ഞാൻ കരുതി, അത് ഞാനാകണം എന്നുപറയാനായിരിക്കും അവർ വന്നെതെന്നാണ്. എന്നാൽ ഉണ്ണിയാടനെ ആക്കണമെന്നാണ് അവർ പറഞ്ഞത്. ആക്കട്ടെ എന്നുചോദിച്ചു. ആക്കിക്കോളാൻ ഞാൻ പറയുകയും ചെയ്തു. ഇന്ന് രാവിലെ മാണി സാറിനെ കണ്ടപ്പോഴാണ് ജോർജ്ജിന്റെ പേര് ഇങ്ങനെ വന്നതാണ് എന്നറിഞ്ഞത്. ജോർജ്ജിന്റെ കാര്യമേ അവരെന്നോട് മിണ്ടിയില്ല. അവർ യഥാർത്ഥത്തിൽ എന്നെ കബളിപ്പിക്കുകയായിരുന്നു. സത്യം മനസ്സിലാക്കിയപ്പോഴാണ് ജോർജ്ജിന്റെ പേര് ഞാൻ പറഞ്ഞത്.

അവിടെപ്പോലും എനിക്കിട്ട് പാര പണിതത് ജോസഫാണ്. എന്തൊരു സങ്കടമാണ്. അയാൾക്കുവേണ്ടി ജീവിക്കുകയായിരുന്നു ഞാൻ. അത്ര സുഹൃത്തുക്കളായിരുന്നു. ഞാനില്ലെങ്കിൽ അയാളില്ലാത്ത അവസ്ഥ. മാണിയും ജോസഫും തമ്മിൽ  സ്പ്ലിറ്റായപ്പോൾ ജോസഫിനൊപ്പം നിന്ന ഏകയാളാണ് ഞാൻ.

അതുകഴിഞ്ഞ് മറ്റൊരു സംഭവമുണ്ടായി. ഞാനും മാണി സാറുമായി വലിയ സ്‌നേഹത്തിലായിരുന്നു അന്ന്. ഒരു ദിവസം പുള്ളി എന്നെ കാണണമെന്നുപറഞ്ഞു. ഞാൻ ചെന്നു. ചെന്നപ്പോളൊരു ചോദ്യം, ജോർജ്ജേ നമുക്കൊന്ന് മുഖ്യമന്ത്രിയാകാനുള്ള അവസരം ഉണ്ടാക്കിയാലോ. ജോർജ്ജ് വിചാരിച്ചാലുണ്ടാകും. എന്നെ ഒന്ന് മുഖ്യനാക്കിയാൽ കുഴപ്പമുണ്ടോ?

ഞാൻ ചോദിച്ചു, മാണി സാറെ ഉമ്മൻചാണ്ടിയല്ലെ ഇപ്പോൾ മുഖ്യമന്ത്രി. നമ്മളെങ്ങനെ എതിർക്കും?

അപ്പോൾ പുള്ളി പറഞ്ഞു; പുള്ളി പാലാക്കാരനല്ലല്ലോ. പുതുപ്പള്ളിക്കാരനല്ലേ.

പുതുപ്പള്ളിയും പാലായും തമ്മിൽ എന്നാ വ്യത്യാസമാ സാറെ. അതുമല്ല ധാർമ്മികമായി അത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ, ങ്ങാ. ഞാനൊരു കത്തോലിക്കനല്ലേ ജോർജ്ജേ. മീനച്ചിൽകാരൻ. പോരാത്തതിന് നമ്മൾ രണ്ടും ഒരു താലൂക്കുകാരും എന്ന മറുപടിയാണുണ്ടായത്.

അത്രയും പറഞ്ഞപ്പോൾ, മാണി സാറിന്റെ ആഗ്രഹമല്ലേ, നോക്കിയാലോ എന്നു ഞാൻ മനസ്സിൽ കരുതി. കോടിയേരിയാണ് അന്ന് സി.പി.എം പാർട്ടി സെക്രട്ടറി. അതിനാൽ കോടിയേരിയേയും പിണറായിയേയും ചെന്നുകണ്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവർ പറഞ്ഞു വി.എസിനെ കണ്ടുസംസാരിക്കാൻ. പിറ്റേന്ന് രാവിലെ വി.എസിനെ ചെന്നുകണ്ട് വിശദമായി പറഞ്ഞപ്പോൾ, മാണിയോ.. താനെന്താടോ ഈ പറയുന്നത് എന്ന മറുചോദ്യമാണുണ്ടായത്.

ഞാൻ പറഞ്ഞു, ഇനി 6 മാസമല്ലേയുള്ളൂ. അതുകഴിയുമ്പോൾ ലോക്‌സഭാ ഇലക്ഷനാ. പിന്നെ, മുഖ്യമന്ത്രിയാകാൻ കൊതിച്ചിരിക്കുകയുമല്ലേ. സി.എം. ആകാൻ വി.എസിന് ആഗ്രഹമുണ്ടോ. യു.ഡി.എഫ് തകർന്നില്ലെങ്കിൽ നമുക്ക് മുഖ്യമന്ത്രിസ്ഥാനം കിട്ടുന്ന പ്രശ്‌നമില്ല. വീണ്ടും  ഉമ്മൻചാണ്ടിയുടെ സർക്കാരുണ്ടാകും. മാണിയെപ്പിടിച്ചാൽ ഇപ്പം ഇതു തകർക്കാം.

അത്രയുമൊക്കെ കേട്ടപ്പോൾ വി.എസ് ഒന്നയഞ്ഞു. അത് ശരിയാണല്ലോ. ഒന്നാലോചിക്കട്ടെ. പാർട്ടി സെക്രട്ടറിയേറ്റ് കൂടിയിട്ട് പറയാം എന്നുപറഞ്ഞു. ഉച്ചയ്ക്ക് 2 മണിയായപ്പോൾ പുള്ളി എന്നെ വിളിച്ച്, താൻ പറഞ്ഞതാടോ ശരി. ഞങ്ങൾ സമ്മതിക്കുന്നു എന്നുപറഞ്ഞു.

ഞാനുടനെ എ.കെ.ജി സെന്ററിൽ ചെന്നപ്പോൾ അവർ പറഞ്ഞു, ഏറ്റെന്ന്. നന്നായി എന്ന് ഞാൻ പറഞ്ഞപ്പോൾ വെളിയത്തെക്കൂടി ഒന്നു കാണണമെന്നും ജോർജ്ജ് പോയാൽ മതിയെന്നും പറഞ്ഞു.

അതിന്റടിസ്ഥാനത്തിൽ വെളിയത്തെ കാണാൻപോയി. മകളുടെ വീട്ടിൽ ചെടിക്ക് വെള്ളമൊഴിച്ചുകൊണ്ട് നിൽക്കുകയായിരുന്നു വെളിയം. എന്താടോ  വന്നത് എന്ന് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അതെങ്ങനെ ശരിയാകും. താനെന്താടോ ഈ പറയുന്നത് എന്നുചോദിച്ചു. ഞാൻ പറഞ്ഞു, കാര്യം നടക്കണമെങ്കിൽ ഗവൺമെന്റ് വീഴണം. അതിന് ഇതേ ഒരു മാർഗ്ഗമുള്ളൂ.

ഏതായാലും നാളെ ഞങ്ങളൊന്ന് കൂടട്ടെ എന്നുപറഞ്ഞതിൻ പ്രകാരം പിറ്റേന്ന് രാവിലെ 9 മണിക്ക് എന്നെ വിളിച്ച് എം.എൻ സ്മാരകത്തിലെത്താൻ നിർദ്ദേശിച്ചു. ഞാൻ ചെല്ലുമ്പോൾ ഞാൻ വെളിയത്തിന്റെകൂടെ കാനവും ഇസ്മയിലും പ്രകാശ്ബാബുവുമുണ്ട്. ഞാനിന്നലെ പറഞ്ഞകാര്യം ഒന്നുകൂടൊന്നു പറയാൻ പറഞ്ഞു, ഞാൻ അത് ഒന്നുകൂടി വിശദീകരിച്ചു. അതുകഴിഞ്ഞപ്പോൾ പത്തുമിനിട്ട് എന്നു പറഞ്ഞുകൊണ്ട് അവർ കൂടിയാലോചനയ്‌ക്കൊരുങ്ങി. ഈ സമയം ഞാൻ അടുത്ത ഹാളിലിരുന്നു. പത്തുമിനിട്ട് കഴിഞ്ഞപ്പോൾ എന്നെ വിളിച്ച്, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു എന്നുപറഞ്ഞു അതോടെ കെ.എം മാണി മുഖ്യമന്ത്രിയാകുമെന്ന് എനിക്കുറപ്പായി. ഞാനപ്പോൾ തന്നെ വീട്ടിൽ ചെന്ന് മാണിസാറിനോട് എല്ലാം പറഞ്ഞു. എന്നിട്ട് എ.കെ.ജി സെന്ററുമായും വെളിയം ബന്ധപ്പെട്ടു. തുടർന്ന് പിറ്റേന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് ലോ അക്കാദമി കോംപൗണ്ടിലുള്ള കോലിയക്കോട് കൃഷ്ണൻനായരുടെ വീട്ടിൽ കൂടാനും തീരുമാനിച്ചു.

മാണി സാറിനെ ചെന്നുകണ്ട് ഇക്കാര്യം പറഞ്ഞു, ഞാനവിടെ ചെന്ന് മാണി സാറുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹം ഇരിക്കുന്ന കസേരയുടെ പിറകുവശത്തെ ചാരിയിരിക്കുന്ന വാതിലിന് പിന്നിൽ എന്തോ അനങ്ങുന്നത് കണ്ടു. നോക്കിയപ്പോൾ അത് നാല് കണ്ണുകളാണെന്നും, സാറിന്റെ മകൻ ജോസ് കെ. മാണിയും ഭാര്യയുമാണ് ആ കണ്ണുകളുടെ ഉടമസ്ഥരെന്നും എനിക്ക് മനസ്സിലായി. അപ്പോഴേക്കും മാണി സാർ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ച്, ജോർജ്ജിനെപ്പോലെ ഇത്രയും സ്‌നേഹമായി പെരുമാറുന്ന ആരുണ്ട്, മറ്റതാണ്, മാറിച്ചതാണ് എന്നൊക്കെ പറഞ്ഞു.

എന്നിട്ട് ഞാനിറങ്ങിപ്പോരാൻ നേരത്ത് പുള്ളിയുടെ പി.എ(ഇപ്പോഴും പാലായിലുണ്ട്) സിബി എന്നോട് പറഞ്ഞു. ഇത് നടക്കുകേല സാറെ എന്ന്. എന്നോടു വലിയ ഇഷ്ടമുള്ളൊരു മനുഷ്യനായിരുന്നു.

നീയാണോ നിശ്ചയിക്കുന്നതെന്ന് ചോദിച്ചുകൊണ്ട് ഞാനിറങ്ങി.

രാവിലെ 9 മണിക്ക് തീരുമാനം ഡിക്ലയർ ചെയ്യാൻ കൂടുന്ന കമ്മിറ്റിയാണ്. 6 മണിയായപ്പോൾ സാർ എന്നെ വിളിച്ച്, ജോർജ്ജേ ഈ 9 മണി എന്നത് ഒന്നു മാറ്റിവയ്ക്കാമോ എന്നുചോദിച്ചു. പറ്റുകേലെന്നും മാറ്റിവച്ചാൽ പിന്നെ നടക്കുകേലെന്നും ഞാൻ പറഞ്ഞപ്പോൾ എന്നാ താനിവിടെ വരെ ഒന്നു വരാമോ എന്നു ചോദിച്ചു. മാണി സാർ കരഞ്ഞുകൊണ്ടാണ് അത് പറയുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാനുടനെ ഓടിപ്പിടിച്ച് ചെന്നു. സാറിന്റെ ഔദ്യോഗിക വസതിയിലാണ്.

അവിടെ ചെന്നപ്പോൾ രാത്രിയിലിട്ടിരുന്ന ജൂബ്ബയാണ് മാണിസാർ ധരിച്ചിരിക്കുന്നത്. അതാകെ നനഞ്ഞ് കുതിർന്നിരിക്കുന്നു. സാറാണെങ്കിൽ കരഞ്ഞുകൊണ്ടാണ് നിൽപ്പ്.

'എന്നാപറ്റി... സംഭവം പറ...' ഞാനാകെ ആകാംക്ഷയിലായി.

അപ്പോഴും ആ നാല് കണ്ണുകൾ സാറിന് പിറകിൽ ഞാൻ കണ്ടു.

'നടക്കുകേല ജോർജ്ജേ. എന്നെ മുഖ്യമന്ത്രിയാക്കാൻ എന്റെ വീട്ടുകാർ സമ്മതിക്കില്ല. മകനും മകളുമാണ് സമ്മതിക്കാത്തത്.'

അവരെന്തിനാണ് എതിർക്കുന്നതെന്ന് ഞാൻ ചോദിച്ചു. 'നടക്കുകേല ജോർജേ. നമ്മൾ ബുദ്ധിമുട്ടുന്നത് വെറുതെയാ. നീ എന്നോട് ക്ഷമിക്കൂ മോനെ.. നിന്നെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു.' കരഞ്ഞുകൊണ്ടാണ് സാർ അതൊക്കെ പറഞ്ഞത്.

'സാരമില്ല മാണി സാറെ... എങ്കിൽ നമുക്ക് മാറ്റിവയ്ക്കാം...' എന്നുപറഞ്ഞുകൊണ്ട് ഞാനപ്പോൾ തന്നെ പിണറായിയെ ഫോണിൽ വിളിച്ച് മാണി സാറിന്റെ കയ്യിൽ കൊടുത്തു.

'ഇന്ന് നടക്കുകേല.. നമുക്ക് പിന്നെ ചർച്ച ചെയ്യാം' എന്നുമാത്രം പറഞ്ഞിട്ട് ഫോൺ തിരികെ തന്നു.

ഇതൊക്കെ കഴിഞ്ഞ് ഞാനിറങ്ങി വന്നപ്പോൾ പി.എ നിൽപ്പുണ്ട്. 'ഇപ്പോളെങ്ങിനെ ഇരിക്കുന്നു' എന്ന് അവൻ എന്നോട് ചോദിച്ചു. ഞാനുടനെ അവന്റെ മുറിയിലേക്ക് ചെന്ന് 'എന്നതാ മോനേ സംഭവം' എന്ന് ചോദിച്ചു. സംഭവം അയാൾ പറഞ്ഞതിങ്ങനെയാണ്: 6 മാസം കഴിഞ്ഞാൽ പാർലമെന്റ് തെരഞ്ഞെടുപ്പാണ്. അതുകഴിയുമ്പോൾ ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് രാഹുൽഗാന്ധി ഉറപ്പുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഒരു കാരണവശാലും അച്ചായൻ മുഖ്യമന്ത്രിയാകണ്ട. വീട്ടിലിരുന്നാൽ മതി. അല്ലെങ്കിൽ എന്റെ ഭാവിപോകും എന്നുപറഞ്ഞ് ജോസ് കെ. മാണിയും പെൺപിളയും കൂട്ടവഴക്കായിരുന്നു.

അിെച്ചോ എന്ന് ഞാൻ ചോദിച്ചു. അത് ഞാൻ കണ്ടില്ല എന്നുപറഞ്ഞ സിബി ഇന്നലെ അദ്ദേഹം ഒട്ടും ഉറങ്ങിയിട്ടില്ല എന്നത് സത്യമാണ് എന്ന് കൂടി പറഞ്ഞു.

അങ്ങനെയാണ് മാണിസാറിന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. അതുകഴിഞ്ഞ് മന്ത്രിസ്ഥാനമെല്ലാം പോയി വീട്ടിലിരുപ്പായി. മകനും മരുമകളും വിജയിച്ചല്ലോ. പക്ഷേ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഹുലും ഒന്നുമല്ലാതായി.

ഇതൊക്കെക്കഴിഞ്ഞ് മരിക്കുന്നതിന് ഒരു കൊല്ലം മുമ്പ് ഒരു ദിവസം ഞാൻ വീട്ടിൽ നിൽക്കുമ്പോൾ മാണിസാറിന്റെ ഒരു ഫോൺ. എടുത്തപ്പോൾ 'ജോർജേ... എനിക്കൊന്നു കാണണം..' എന്ന് വിക്കി വിക്കി പറഞ്ഞു. ഒന്നു കുളിച്ചിട്ട് 9 മണിക്ക് വരാം എന്നുപറഞ്ഞപ്പോൾ 'അല്ല... ഇപ്പോൾ തന്നെ കാണണ'മെന്നായി. സംഗതി എന്തോ അത്യാവശ്യമാണെന്ന് മനസ്സിലായി. ഉടൻവരാം എന്നുപറഞ്ഞ് ഞാൻ തന്നെ കാറോടിച്ചു ചെന്നു. ചെല്ലുമ്പോൾ വാതിൽക്കൽ കുട്ടിയമ്മയേടത്തി നിൽപ്പുണ്ട്. ജോസും ഭാര്യയുമുണ്ട്.

ഞാനിറങ്ങി അടുത്തുചെന്നപ്പോൾ പാവം ഒറ്റ അലർച്ചയാണ്. പൊന്നുജോർജ്ജേ എനിക്കിതുവരെ ഒരു കട്ടൻ കാപ്പി പോലും തന്നില്ല എന്നുപറഞ്ഞുകൊണ്ട് വലിയ വായിൽ കരയുകയാണ്. സമയം അപ്പോൾ 6.45-7 ആകും. ഇത്രയും വലിയൊരു മനഷ്യന് ഇതുവരെ ഒരു കട്ടൻകാപ്പിപോലും കൊടുത്തില്ല എന്നുപറഞ്ഞാൽ....

എന്റെ കെട്ടും മട്ടും വിട്ടു.

'ഇവിടെ ഒരു.... ഇല്ലേ...?' എന്നുചോദിച്ചുകൊണ്ട് ഞാൻ കുറേ തന്തയ്ക്ക് വിളിച്ചു. അപ്പോഴേക്കും അടുക്കളക്കാരിയാണെന്ന് തോന്നുന്നു. കൈലിയും ജംബറും ധരിച്ച ഒരു സ്ത്രീ പെട്ടന്ന് ഒരു ഗ്ലാസ് കാപ്പിയുമായി വന്നു. ഇപ്പോഴാണോടീ വരുന്നത് എന്നുചോദിച്ചുകൊണ്ട് അവളെ ഞാൻ രണ്ടു നല്ല ചീത്ത വിളിച്ചു. 'അവർ പറയാതെ കൊടുക്കാൻ പറ്റുമോ' എന്നുള്ള അവളുടെ മറുപടിയിൽ നിന്ന് എനിക്കെല്ലാം മനസ്സിലായി.

'ഇതിൽ വിഷമുണ്ടോടീ' എന്ന് ചോദിച്ചു. 'ഇല്ല' എന്നുപറഞ്ഞപ്പോൾ  ഞാനതുവാങ്ങി സാറിന് കൊടുത്തതും പാവം അതു വാങ്ങി ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് പിന്നെയും നിന്ന് കരയുകയാണ്. ഇതു വലിയ പ്രശ്‌നമാണല്ലോ മാണി സാറേ. സ്വന്തം വീട്ടിൽ ഒരു കട്ടൻകാപ്പിപോലും കുടിക്കാൻ കിട്ടില്ല എന്നുപറഞ്ഞാൽ... എന്നുപറഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു: മാണി സാറിന് ഏറ്റവും ഇഷ്ടമുള്ള മകളാരാണ്. കോതമംഗലത്തുകെട്ടിച്ചുവിട്ട മകളാണ്. അവരിപ്പോൾ പനമ്പള്ളി നഗറിലാണ്. 'നാളെത്തന്നെ അങ്ങോട്ട് പോകാം' എന്ന് ഞാൻ പറഞ്ഞു. ഇവിടെ നിൽക്കാൻ പാടില്ല.

അങ്ങനെ അവിടെ നിന്നുപോയ മാണി സാറിന്റെ ഡെഡ് ബോഡിയാണ് പിന്നീട് ആ വീട്ടിലേക്ക് വന്നത്.

? ഭാര്യ കുട്ടിയമ്മയും കൂട്ടുനിന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല

നിവർത്തിയില്ലാതെ നിന്നതായിരിക്കാം. ജോസ് കെ. മാണി എന്ന ഒരു മകനും അഞ്ച് പെൺമക്കളുമാണ് മാണി സാറിന്. സാറിന് അധികമാരും അറിയാത്ത ഒരു വിചിത്രസ്വഭാവമുണ്ടായിരുന്നു. നടുക്ക് ഡ്രോയോടുകൂടിയ ഒരു വാർഡ്രോപ്പുണ്ടായിരുന്നു സാറിന്. അത് നിറയെ കുതിരപ്പവനായിരുന്നു. ലക്ഷങ്ങളെക്കാൾ കൂടുതലായി പുള്ളിക്കിഷ്ടം ആ അഞ്ച് പവനായിരുന്നു. കുളി കഴിഞ്ഞ് വന്നിട്ട് ഇതിന് മുന്നിൽ ചെന്ന് ലൈറ്റുമിട്ട് കുനിഞ്ഞുനിൽക്കും. അപ്പോൾ ആ സ്വർണ്ണത്തിന്റെ തിളക്കം മുഖത്തടിക്കും. അതാണ് തന്റെ ചെറുപ്പം നിലനിൽക്കാൻ കാരണം എന്നാണ് സാർ വിശ്വസിച്ചിരുന്നത്. ഒരു ദിവസം നോക്കിയപ്പോൾ അതിലൊന്നുപോലുമില്ല. അതേച്ചൊല്ലി വീട്ടിൽ വലിയ പ്രശ്‌നമായി. രാഷ്ട്രീയത്തിൽ പടവുകൾ കയറുക മാത്രം ചെയ്തിട്ടുള്ള മാണി സാറിന്റെ പടിയിറക്കത്തിന് തുടക്കം അവിടം മുതലായിരുന്നു എന്നു വേണമെങ്കിൽ പറയാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW