11:56am 01 July 2024
NEWS
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ പടർന്നുപിടിക്കുന്നു; അണുബാധ ഏറ്റാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം

16/06/2024  12:59 PM IST
nila
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ പടർന്നുപിടിക്കുന്നു; അണുബാധ ഏറ്റാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം
HIGHLIGHTS

മാംസം ഭക്ഷിക്കുന്ന സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് രോ​ഗകാരണം. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ  48 മണിക്കൂറിനുള്ളിൽ ആളുകൾ മരിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

അതീവ മാരകമായ ബാക്ടീരിയൽ രോ​ഗം ജപ്പാനിൽ പടർന്നുപിടിക്കുന്നെന്ന് റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന രോ​ഗമാണ് പർന്നു പിടിക്കുന്നത്. മാംസം ഭക്ഷിക്കുന്ന സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് രോ​ഗകാരണം. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ  48 മണിക്കൂറിനുള്ളിൽ ആളുകൾ മരിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിൻ്റെ കണക്കനുസരിച്ച്, ഈ വർഷം ജൂൺ 2 വരെ ജപ്പാനിൽ 977 എസ്ടിഎസ്എസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 941 കേസുകളേക്കാൾ കൂടുതലാണ്. 

സ്‌ട്രെപ്‌റ്റോകോക്കൽ ടോക്‌സിക് ഷോക്ക് സിൻഡ്രോം അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു ബാക്ടീരിയൽ അണുബാധയാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ആന്‌റിബയോട്ടിക് ചികിത്സ നൽകുകയാണ് പ്രതിവിധി. എസ്ടിഎസ്എസിന്‌റെ ഭാഗമായുണ്ടാകുന്ന രക്തസമ്മർദം കുറയുന്നതും അവയവ പരാജയവും ഭേദപ്പെടുത്തുന്നതിനാകും ചികിത്സ കേന്ദ്രീകരിക്കുന്നത്. ചികിത്സ നൽകിയാലും അണുബാധ ഉണ്ടായ 10 പേരിൽ മൂന്ന് പേർ മരണപ്പെടാൻ സാധ്യതയുണ്ട്. 

രോഗം പിടിപെട്ട് ആദ്യ 24-48 മണിക്കൂറിനുള്ളിൽ രക്തസമ്മർദം വളരെ താഴ്ന്ന നിലയിലേക്ക് എത്തും. ഇതോടെയാണ് രോഗം കൂടുതൽ ഗുരുതരമാകുന്നത്. തുടർന്ന് അവയവങ്ങളുടെ പരാജയം, ഹൃദയ നിരക്ക് കൂടുക, ദ്രുത ശ്വസനം എന്നിവ സംഭവിക്കുന്നു. വൃക്ക തകരാറിലായ ഒരാൾക്ക് മൂത്രം ഉണ്ടാക്കാൻ സാധിക്കില്ല. കരൾ ആണ് തകരാറിലായതെങ്കിൽ രക്തസ്രാവം ഉണ്ടാകാം. ഇതോടൊപ്പം ചർമവും കണ്ണുകളും മഞ്ഞ നിറത്തിലാകും. രോഗം നിയന്ത്രിക്കുന്നതിന് അണുബാധയുള്ള കോശങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യേണ്ട സങ്കീർണ അവസ്ഥ ഉണ്ടാകാം. 

സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയ മൂലമാണ് മിക്കയാളുകളിലും സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്‌ടിഎസ്എസ്) ഉണ്ടാകുന്നത്. സ്ട്രെപ്പ് എ എന്നറിയപ്പെടുന്ന സ്ട്രെപ്റ്റോക്കോക്കസ് – എ ബാക്ടീരിയ മൂലമുണ്ടാകുന്ന പനിയും തൊണ്ട വേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലാണ് ഇവ അധികവും വലിയ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഭൂരിഭാഗം സ്ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകൾക്ക് രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയും കൃത്യമായ ആരോഗ്യപരിചരണം ആവശ്യമായി വരുകയും ചെയ്യും. പരിചരണം ലഭ്യമായില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്കെത്തും.

കോവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പർക്കത്തിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ഈ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH